റമദാൻ നിലാവ്- 4) സ്നേഹമാകട്ടെ മറുപടി

പൂക്കളില്‍ നിന്ന് വേണ്ടുവോളം തേന്‍ നുകരുകയും അതേ പൂക്കളുടെ പരാഗണത്തില്‍ സഹായിക്കുകയും ചെയ്യുന്ന തേനീച്ചയെ ശ്രദ്ധിച്ചുനോക്കൂ. എത്ര ഉദാത്തമായൊരു മാതൃകയാണ് ആ കൊച്ചുജീവിയില്‍ നിന്ന് പഠിക്കാനുള്ളത് അല്ലേ? അങ്ങനെയാകേണ്ടവരാണു നമ്മളും. അംഗീകാരവും ആദരവും അഭിനന്ദനവും സ്നേഹവും നല്ല പെരുമാറ്റവും മറ്റുള്ളവരിൽ നിന്ന് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നപോലെ അവർക്കത് തിരിച്ചുനൽകുകയും ചെയ്യുമ്പോഴാണ് വ്യക്തിത്വം സുന്ദരമാകുന്നത്. ഒട്ടും പിശുക്കില്ലാതെ സ്നേഹം പകരുന്നവർക്ക് ഒട്ടും വിചാരിക്കാത്ത വിധം സ്നേഹം ലഭിക്കുക തന്നെചെയ്യും. തോളിൽ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്ക് മതിയാകും മറ്റൊരാളുടെ മനസ്സിൽ നമ്മളെന്നും സന്തോഷത്തോടെ ഓർമ്മിക്കപ്പെടാൻ. സ്നേഹത്തോടെയുള്ള ഒരു നറുപുഞ്ചിരികൊണ്ട് വാക്കുകളേക്കാൾ വലിയ ഇഷ്ടം കൈമാറാനാകും. ആദരവോടെയുള്ള സംസാരം കൊണ്ട് ആരെയും നമുക്ക് സ്വന്തമാക്കാം. സ്നേഹമാണ് ശത്രുവിന് നൽകാവുന്ന ഏറ്റവും മികച്ച മറുപടി. ആ മറുപടിയിൽ ഏതു കടുത്ത തോറ്റുപോവുക തന്നെചെയ്യും. വിശുദ്ധ ഖുർ ആൻ പറഞ്ഞുതരുന്ന മാർഗമാണിത്.

ആരെയും ഉൾക്കൊള്ളാനുള്ള മനസ്സ് പാകപ്പെടുത്തേണ്ട കാലമാണ് റമദാൻ. വിശന്നും ദാഹിച്ചും തളർന്നും സ്വയം ചെറുതായി,അന്യരെ മുഴുവൻ അനിയരായിക്കാണാനുള്ള പാഠവും പരിശീലനവുമാണിത്. പ്രവാചക ജീവിതത്തിൽ നിന്നുള്ള മഹത്തായ പാഠം അന്യരെ ഉൽക്കൊള്ളാനുള്ള മനസ്ഥിതിയാണ്. ശത്രുവായി നിന്ന് അക്രമിച്ചപ്പോഴും മിത്രമാകാനൊരുങ്ങി തിരിച്ചുവന്നപ്പോഴും ആ മഹാമനസ്സ് എല്ലാവരോടും പൊറുത്തു. തിരുനബിക്ക് സുധീരമായ പിന്തുണയായി കൂടെനിന്ന ഹംസ ബിൻ അബ്ദിൽ മുത്വലിബിനെ വിഷം നിറച്ച അമ്പുകൊണ്ട് കൊലപ്പെടുത്തിയ വഹ്ഷി എന്ന അടിമയോടും അങ്ങനെ ചെയ്യാൻ കൽ‌പ്പിച്ച ഹിന്ദിനോടും അതിന് പ്രേരണ നൽകിയ ഖാലിദ് ബിൻ വലീദിനോടും പ്രവാചകമനസ്സ് നിരുപാധികം ക്ഷമിച്ചു. പഴയ ഓർമകളെല്ലാം മായ്ച്ചുകളഞ്ഞ് ഹൃദയം നിറയെ അവരെ സ്നേഹിച്ചു. ശത്രുക്കൾക്കെതിരെ പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ട ശിഷ്യനോട് ‘ശപിക്കാനല്ല, കരുണകൊണ്ട് ശുശ്രൂഷിക്കാനാണ് ഞാൻ വന്നതെ’ന്ന് പറഞ്ഞൊഴിഞ്ഞ ആ വലിയ മനസ്സിനെ നാമെങ്ങനെ വ്യാഖ്യാനിക്കും. സഹനവും സ്നേഹവുമാണ് മൂർച്ഛയുള്ള ആയുധമെന്ന് നമ്മെ പഠിപ്പിക്കുകയായിരുന്നു പ്രവാചകൻ. ആദർശ ശത്രുവായിട്ടും “പ്രിയങ്കരനായ അച്ഛാ” എന്ന് പിതാവിനെ വിളിക്കുന്ന ഇബ്രാഹിം നബിയും അതേപാഠമാണല്ലോ പകർന്നുതരുന്നത്.

നല്ല ഗുണങ്ങൾ നമ്മുടെയുള്ളിൽ വേണ്ടുവോളമുണ്ട്. നമ്മൾ അവയെ ഉപയോഗിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. വായിക്കപ്പെടാത്ത പുസ്തകം കൊണ്ട് ഒരു കാര്യവുമില്ല. ലോകത്തെ ഇളക്കിമറിക്കാവുന്ന ആശയങ്ങൾ തന്നെ അതിനകത്തുണ്ടെങ്കിലും ഒന്നും സംഭവിക്കില്ല. ഉപയോഗിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെയുള്ളിലെ മൂല്യങ്ങളും ജീവനുള്ളതാകൂ. കരുണയും സ്നേഹവും അലിവും ദയയും വാത്സല്യവും ഇഷ്ടവും ആദരവുമടങ്ങുന്ന സൽഗുണങ്ങളെല്ലാം അന്യർക്കും അടുപ്പമുള്ളവർക്കും വീതിക്കപ്പെടേണ്ടതാണ്. നമ്മിൽ നിന്ന് അവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കൂടിയാണത്. പൊറുക്കാനും മറക്കാനും സാധിക്കുന്നവർക്കേ സന്തോഷത്തോടെ ജീവിക്കാൻ കഴിയൂ.

സുഹൃത്തായോ ഇണയായോ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നയാളെ എങ്ങനെയാണ് നാം സ്വീകരിക്കേണ്ടത്? അയാളിലെ എല്ലാ പോരായ്മകളോടെയും സ്വീകരിച്ചുനോക്കൂ. തെറ്റുകൾ പലതും വന്നേക്കാവുന്ന വ്യക്തിയെന്ന നിലയിൽ അയാളെ കണ്ടുനോക്കൂ. എന്തും ക്ഷമിക്കാനും എത്രയും മറക്കാനും അപ്പോൾ നമുക്ക് കഴിയും. കൂടുതൽ ക്ഷമിക്കാൻ കഴിയുന്നവർക്ക് കൂടുതൽ സൌഹൃദങ്ങൾ ലഭിക്കുന്നത് അതുകൊണ്ടായിരിക്കാം.

ലോകപ്രശസ്ത ചിന്തകൻ സോക്രട്ടീസിനോട് ഏറ്റവും ക്രൂരമായിരുന്നു ഭാര്യയുടെ പെരുമാറ്റം. മരണത്തിന്റെ തലേനാൾ മാപ്പുചോദിച്ച ഭാര്യയോട് അദ്ദെഹം പറഞ്ഞവാക്കുകൾ നോക്കൂ; “പ്രിയപ്പെട്ടവളേ,നീ എനിക്ക് നൽകിയ സങ്കടങ്ങളും എന്നോടുകാണിച്ച ദ്രോഹവും ഞാൻ അപ്പോൾ തന്നെ പൊറുത്തുകഴിഞ്ഞിരുന്നു. എനിക്ക് നിന്നോട് സ്നേഹമല്ലാതെ മറ്റൊന്നുമില്ല. നമുക്കിടയിൽ ക്ഷമ ചോദിക്കലോ നൽകലോ വേണ്ട..”

മറക്കാനും പൊറുക്കാനും മനുഷ്യർക്കേ കഴിയൂ. മൃഗങ്ങൾക്ക് ആ ഗുണമില്ല. മൃഗങ്ങളോടു പോലും പൊറുക്കേണ്ടവരാണു നമ്മൾ. തിരുനബിയുടെ പ്രസിദ്ധമായ ഒമ്പത് വസിയ്യത്തുകളില്‍ മൂന്നെണ്ണം ഇങ്ങനെ; “അക്രമിച്ചവർക്ക് മാപ്പ് നൽകുക. പിണങ്ങിനിൽക്കുന്നവരോട് ബന്ധം ചേർക്കുക. എതിരാളികളെയും സഹായിക്കുക”. വാക്കുകൊണ്ട് വിഷമിപ്പിച്ചവർക്കും എതിർപ്പുകൊണ്ട് നോവിച്ചവർക്കും കരയിച്ചവർക്കുമെല്ലാം ഹൃദയം നിറയെ മാപ്പുകൊടുക്കാം, ഇനിയവരെയും നമുക്ക് സ്നേഹിക്കാം.

മനുഷ്യരോട് പൊറുക്കാതെ ദൈവത്തോട് പൊറുക്കാൻ തേടുന്നതിലെന്തർത്ഥം,അല്ലേ..?

അബ്ദുല്‍ വദൂദ് 

പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

WHJXg


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam