റമദാൻ നിലാവ്- 5) മറ്റൊരു ജീവിതം സാദ്ധ്യമല്ലേ?

നമ്മുടെ കയ്യിലുള്ള വസ്തു മറ്റൊരാൾക്ക് സ്വന്തമാക്കാൻ രണ്ടു മാർഗമുണ്ട്. ഒന്നുകിൽ തട്ടിപ്പറിച്ചെടുക്കാം. അല്ലെങ്കിലൊന്ന് ഇക്കിളിപ്പെടുത്തിയാൽ മതി. കയ്യിലുള്ള വസ്തു താനേ താഴെ വീഴും. ഇതുപോലെയാണ് നമ്മിൽ നിന്ന് പലരും പലതും തട്ടിയെടുക്കുന്നത്. ഒട്ടും വേദനിപ്പിക്കാതെ,രസം പകർന്നും ചിരിപ്പിച്ചുമൊക്കെ വിലയേറിയ എന്തൊക്കെയാണ് അവർ നഷ്ടപ്പെടുത്തുന്നത്!

വസ്ത്രാലയങ്ങളിൽ നാട്ടിവെച്ചിരിക്കുന്ന മനുഷ്യ രൂപങ്ങളെ കണ്ടിട്ടില്ലേ? ഓരോ ദിവസവും പുത്തൻ‌വസ്ത്രങ്ങളണിഞ്ഞു നിൽക്കുന്ന ആ രൂപങ്ങൾക്ക് സ്വന്തമായ തീരുമാനങ്ങളോ വ്യക്തിത്വമോ ഇല്ല. ആർക്കുമെന്തും അണിയിക്കാൻ പാകത്തിൽ നിന്നു കൊടുക്കുന്ന ആ പാവകളെപ്പോലെയാകേണ്ടവരാണോ നമ്മൾ? ബുദ്ധിയും വിവേകവും തിരിച്ചറിവുമുള്ള മനുഷ്യർ അങ്ങനെ ആർക്കുമുന്നിലും തലനീട്ടിക്കൊടുക്കില്ല.പക്ഷേ, അറിവും ബുദ്ധിയുമൊക്കെ വേണ്ടുവോളമുണ്ടായിട്ടും പരസ്യങ്ങളുടെ പൊയ്മുഖമണിഞ്ഞ കമ്പോളക്കള്ളൻ‌മാരുടെ മുന്നിൽ എത്ര വേഗമാണ് നമ്മളൊക്കെ തോറ്റുപോകുന്നത്!

ആർത്തിയുടെയും ദുരാഗ്രഹങ്ങളുടെയും അമ്പുകളെ പ്രതിരോധിക്കാനുള്ള കനമുള്ള പരിചയാണ് നോമ്പ്. ജീവൽ‌പ്രധാനമായ വെള്ളവും ഭക്ഷണവും പോലും ഉപേക്ഷിച്ച് ആത്മനിയന്ത്രണത്തിന്റെയും പ്രതിരോധത്തിന്റെയും വലിയ പാഠങ്ങൾ പഠിച്ചെടുക്കുന്നതിലൂടെ, മനസിനെയും മോഹങ്ങളെയും നിരന്തരം വലയിലാക്കുന്ന കമ്പോളത്തിന്റെ കുതന്ത്രങ്ങളെക്കൂടി നിലയ്ക്കുനിർത്താനാണ് നാം പഠിക്കേണ്ടത്. ആർക്കും എന്തും ഒട്ടിച്ചുവെയ്ക്കാവുന്ന പരസ്യപ്പലകപോലെ നമ്മുടെ ജീവിതത്തെ തട്ടിയെടുക്കുന്നതാരെന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടിയിരിക്കുന്നു. പണവും സമയവും വ്യക്തിത്വവും ആലോചനാശേഷിയും നാം പോലും വിചാരിക്കാത്തവിധം കട്ടെടുക്കുന്ന കള്ളന്മാരെ എത്ര സുന്ദരമായാണ് നമ്മൾ തന്നെ സംരക്ഷിച്ചു പോറ്റുന്നതെന്ന് ചിന്തിച്ചു നോക്കൂ. വിലകൊടുത്ത് വാങ്ങി നമ്മൾ തന്നെ അവയെ സൂക്ഷിച്ചുവെക്കുന്നു. പരസ്യങ്ങൾ വലിച്ചടുപ്പിക്കുന്നിടത്തേക്കെല്ലാം യാന്ത്രികമായി ഒഴുകിനീങ്ങുന്ന നമ്മെയാണ് റമദാൻ തടഞ്ഞുവെക്കുന്നത്. ആർത്തിയുടെ ആഢംബര വഴികളിൽ നിന്ന് ഭക്തിയുടെ സൂക്ഷ്മ വഴികളിലേക്ക് നോമ്പിലൂടെ ചെന്നെത്താം. ഭക്ഷണമാണ് ഇന്നേറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്നത്. ‘വീട്ടിൽ ഭക്ഷണം പുറത്ത് വിശ്രമം’ എന്ന പഴയ രീതിക്കുപകരം,‘പുറത്ത് ഭക്ഷണം വീട്ടിൽ വിശ്രമം’എന്ന അവസ്ഥയിലാണു കാര്യങ്ങൾ. വീടും വസ്ത്രവും സൌഹൃദവും സമയവിനിയോഗവും തൊട്ട്,എപ്പോൾ ഉണരണം എപ്പോൾ ഉറങ്ങണമെന്ന് വരെ തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് ടിവിയും ഇന്റർനെറ്റുമടക്കമുള്ള മായാവലയങ്ങൾ നമ്മെ അടിമപ്പെടുത്തുന്നത്. അവയെല്ലാം സമ്മാനിക്കുന്നതാകട്ടെ കൂടുതൽ അസ്വസ്ഥതകൾ മാത്രം. സ്വന്തം ജീവിതത്തെക്കുറിച്ച് മതിപ്പ് കുറഞ്ഞ്, അന്യരുടെ ജീവിതത്തിൽ അസൂയപ്പെട്ട് സന്തോഷമില്ലാത്തൊരു ജീവിതം സ്വയം തെരഞ്ഞെടുക്കുകയല്ലേ നമ്മൾ?

തിരുനബിയുടെ ജീവിതം നോക്കൂ. അന്നാട്ടിൽ എറ്റവും കടുത്ത ദാരിദ്ര്യമനുഭവിച്ച വീടായിരുന്നു നബിയുടേത്. ആഴ്ചകളോളം വേവിക്കാനൊന്നുമില്ലാതെ ആശങ്കയിലായ ജീവിതം! പക്ഷേ,ഏറ്റവും സന്തോഷഭരിതമായി ജീവിക്കാനും അതിലേറെ സുഖാനന്ദത്തോടെ കിടന്നുറങ്ങാനും തിരുനബിക്കും കുടുംബത്തിനും സാധിച്ചില്ലേ ?. അതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. തീരുനബി പഠിപ്പിച്ച ഈ പ്രാർഥന അതിനു മറുപടിനൽകുന്നു; “അല്ലാഹുവേ, ഹൃദയത്തിൽ വേരൂന്നിയതും ശക്തവും സത്യസന്ധവുമായ സത്യവിശ്വാസം എനിക്കു നൽകേണമേ. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നിന്റെ തീരുമാനമാണെന്നു മനസ്സിലുൾക്കൊള്ളാനും നീ നൽകിയതെല്ലാം സന്തോഷത്തോടെ സ്വീകരിക്കാനും സാധിക്കുന്നത്ര ആ സത്യവിശ്വാസം എന്നിൽ നിറയേണമേ നാഥാ..”

اللَّهُمَّ إِنِّي أَسْأَلُكَ إِيمَانَاً يُبَاشِرُ قَلْبِي، وَيَقِيِنَاً صَادِقَاً حَتَّى أَعْلَمَ أَنَّهُ لاَ يُصِيِبُنِي إِلاَّ مَا كَتَبْتَ لِي، وَرَضِّنِي بِمَا قَسَمْتَ لِي

ഈ പ്രാർഥന ശീലമാക്കി നോക്കൂ,ആ സന്തോഷം നമുക്കും ആസ്വദിക്കാം.

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!

21st May 10. Posted in അബ്ദുല്‍ വദൂദ്, റമദാന്‍, റമദാൻ നിലാവ്.

View or Post Comments.