റമദാൻ നിലാവ്-20) കരയുന്നവരെ തേടിയിറങ്ങാം..

മദീനായുടെ ഏതോ കുഗ്രാമത്തിൽ സഹായിക്കാന്‍ ആരുമില്ലാതെ കഷ്‌ടപ്പെടുന്ന ഒരു വൃദ്ധയെക്കുറിച്ച്‌ ഉമർ ഖതാബ് അറിഞ്ഞു. പ്രഭാതത്തിനും മുമ്പ്‌ അദ്ദേഹം ആ വൃദ്ധയെ സഹായിക്കാനെത്തി. പക്ഷേ, അതിനും മുമ്പേ മറ്റാരോ വന്ന്‌ അവിടെ വേണ്ടതെല്ലാം ചെയ്‌തുപോയിട്ടുണ്ട്‌! പിറ്റേ ദിവസം അതിലേറെ നേരത്തെ ഉമറെത്തി. അപ്പോഴും തലേദിവസത്തെ കാഴ്‌ച തന്നെയായിരുന്നു അവിടെ! മൂന്നാമത്തെ ദിവസം, അയാൾ ആരെന്നു കണ്ടെത്താൻ ഏറെ നേരത്തെ ഉമര്‍ ആ വീട്ടിലെത്തി. ഇരുട്ട്‌ മായുന്നതിനും വളരെ മുമ്പ്‌ ഒരാള്‍ നടന്നുവരുന്നു! ആളെ വ്യക്തമാകുന്നില്ല. തൊട്ടടുത്തെത്തിയപ്പോള്‍ ഉമര്‍ അയാളെ കടന്നുപിടിച്ചു. അപ്പോഴാണ്‌ ആളെ തിരിച്ചറിയുന്നത്‌; പ്രിയങ്കരനായ അബൂബകര്‍!! ആളെ വ്യക്തമായപ്പോള്‍ ഉമര്‍ പറഞ്ഞതിങ്ങനെ: “അബൂബകര്‍, എനിക്കറിയാമായിരുന്നു, താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ ഈ വിഷയത്തില്‍ തോല്‍പിക്കാനാവില്ലെന്ന്‌.”-അബൂബകർ സ്വിദ്ദീഖ് അന്ന് ആ രാജ്യത്തിന്‍റെ ഭരണാധികാരിയായിരുന്നു..!

ആദർശവും വിശ്വാസവും സ്വകാര്യജീവിതത്തിന്‍റെ സന്തോഷം മാത്രമല്ല. സാമൂഹികജീവിതത്തിന്‍റെ ഉള്ളറകളിലേക്കു കൂടി നമ്മെയെത്തിക്കുന്നതാകണം അത്. നമ്മളൊന്ന് ചെന്നെങ്കിലെന്ന് കൊതിച്ചിരിക്കുന്ന അനേകം മനുഷ്യർ നമ്മുടെയൊക്കെ ചുറ്റുമുണ്ട്. രോഗികളാണ് ഏറെയും.. ദാരിദ്ര്യം കൊണ്ട് വലയുന്നവർ, വാർധക്യം കൊണ്ട് ഒറ്റപ്പെടുന്നവർ.. അങ്ങനെയെത്രയോ പേർ.. നമ്മൾ വല്ലതും നൽകണമെന്നല്ല അവരുടെ ആഗ്രഹം. ഒന്നു ചെന്നു കണ്ടാൽ മതി. നമ്മുടെ സാന്നിധ്യം തന്നെ അവർക്ക് വേദനകൾക്കൊരു മരുന്നായിത്തീരും.

ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ്‌ നമ്മുടെ ഹൃദയത്തില്‍ കൊച്ചുകൊച്ചു വെളിച്ചങ്ങള്‍ പ്രകാശം പരത്തുന്നത്‌. ജീവിതത്തില്‍ എന്തൊക്കെയോ നഷ്‌ടപ്പെട്ടുവെന്ന്‌ കരുതുന്നവരാണ്‌ നമ്മള്‍. കൊതിച്ച പലതും കൈവരാതെ പോയല്ലോ, ആശിച്ച പലതും കൈവിട്ടുപോയല്ലോ എന്ന്‌ വിലപിക്കുന്നവര്‍. ഇതാ, ഇവരെയൊക്കെയൊന്ന്‌ പോയ്‌ക്കണ്ടുനോക്കൂ. അപ്പോഴറിയാം നമുക്ക്‌ നഷ്‌ടപ്പെട്ടതൊന്നും നഷ്‌ടങ്ങളായിരുന്നില്ല എന്ന്‌!.

ഈ ജീവിതം അത്ര വലിയ പ്രതിഭാസമൊന്നുമല്ല. ഒരു ചെറിയ ശ്വാസവേള മാത്രമാണ്‌. ജനനത്തിന്‍റെയും മരണത്തിന്‍റെയും ഇടയിലെ എണ്ണിയെടുക്കാവുന്ന ഏതാനും ശ്വാസങ്ങള്‍! അതിന്നിടയ്‌ക്ക്‌ കുറച്ച്‌ സന്തോഷങ്ങള്‍, കുറെ ദു:ഖങ്ങള്‍, നേട്ടങ്ങള്‍, നഷ്‌ടങ്ങള്‍, ബന്ധങ്ങള്‍.. അതൊക്കെ അനുഭവിച്ച്‌ തീരുമ്പോഴേക്ക്‌ ജീവിതവും തീരുന്നു. ബാല്യകൗമാരയൗവന സുഖങ്ങള്‍ക്കൊടുവില്‍ വാര്‍ധക്യവും രോഗവും…! കൈക്കുമ്പിളില്‍ നിന്ന്‌ അറിയാതെ തുള്ളിപ്പോവുന്ന മഴവെള്ളം പോലെയാണ്‌ ജീവിതം. സുഖങ്ങളേക്കാൾ സങ്കടങ്ങളാണ് ജീവിതത്തിന്‍റെ സത്യം. സന്തോഷങ്ങൾ വല്ലപ്പോഴുമൊന്ന് എത്തിനോക്കുമെന്ന് മാത്രം. ഓർമയിലെങ്കിലും ദുഖം എന്നും കൂടെത്തന്നെയുണ്ടാകും. നമ്മുടെ ദുഖത്തേക്കാൾ മറ്റുള്ളവരുടെ ദുഖങ്ങളാവട്ടെ നമ്മെ കരയിപ്പിക്കുന്നത്. നോക്കൂ,പ്രതിഫലലോകത്ത് നമ്മുടെ ദുഖങ്ങളുടെ പേരിൽ നമ്മൾ ചോദ്യം ചെയ്യപ്പെടില്ല. എന്നാൽ ചുറ്റുമുള്ളവരുടെ ദുഖത്തിന്‍റെ പേരിൽ ചോദ്യങ്ങളുണ്ടാകുമെന്ന് ഖുർ ആൻ താക്കീത് തരുന്നുണ്ട്.

സിറിയയിലെ പ്രമുഖ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്ന ഡോ. മുസ്‌തഫസ്സിബാഈ പറയുന്നു: “നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ജയില്‍ സന്ദര്‍ശിക്കുക. അല്ലാഹു താങ്കള്‍ക്കേകിയ സ്വാതന്ത്ര്യത്തിന്‍റെ മൂല്യമറിയാം. ആയുസ്സിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക; അല്ലാഹു നല്‍കിയ നീതിയുടെ വിലയറിയാം. മാസത്തിലൊരിക്കല്‍ ഒരു ആശുപത്രി സന്ദര്‍ശിക്കുക. അല്ലാഹു അരുളിയ ആരോഗ്യത്തിന്‍റെ അനുഗ്രഹമറിയാം. ആഴ്‌ചയിലൊരിക്കല്‍ പൂന്തോപ്പില്‍ പോവുക. അല്ലാഹു താങ്കള്‍ക്കൊരുക്കിയ പ്രകൃതിഭംഗി കാണാം. ദിവസത്തിലൊരുവട്ടം ലൈബ്രറിയില്‍ പോവുക. അല്ലാഹു നല്‍കിയ ചിന്താശക്തിയറിയാം. ഓരോ നിമിഷവും ആ അല്ലാഹുവോട്‌ ബന്ധപ്പെടുക. അവന്‍ താങ്കള്‍ക്ക്‌ നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍ ബോധ്യമാകും.”

സങ്കടപ്പെടുന്നവരെ കാണാനിറങ്ങുമ്പോൾ നമുക്ക് അല്ലാഹുവെപ്പറ്റിയുള്ള ബോധ്യം വര്‍ധിക്കുന്നു. അവനേകിയ അനുഗ്രഹങ്ങളെ വലുതായി കാണാന്‍ കഴിയുന്നു. ലഭ്യമായ ജീവിതസുഖങ്ങള്‍ തന്നെ മികച്ചതാണെന്ന്‌ ബോധ്യമാകുന്നു. പരാതിയും പരിഭവവുമില്ലാത്ത ജീവിതം കൈവരുന്നു. വേദനകൊണ്ട്‌ പുളയുന്നവരുടെ മുറിവില്‍ സ്‌നേഹത്തിന്‍റെ സാന്ത്വനം നല്‍കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനസ്സുഖത്തേക്കാള്‍ ആത്മീയ സുഖം അനുഭവിക്കാന്‍ നമുക്ക്‌ കഴിയും. വേദനയുള്ളവരെ തേടിയിറങ്ങേണ്ട കാലമാണ് റമദാൻ!

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

One Thought

  1. Femi says:

    Jazakkallah khair for the reminder….

One Thought

നിങ്ങളുടെ അഭിപ്രായങ്ങള്‍!

s1Pox


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam