`ഞാന്‍ നിനക്കുവേണ്ടി ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നു…’


ബന്ധങ്ങള്‍ ജീവിതത്തിന്‍റെ സൗന്ദര്യമാണ്. ആത്മാവിനോട്‌ ചേര്‍ന്ന്‌ നില്‌ക്കുന്ന സൗഹൃദങ്ങള്‍ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുമ്പോള്‍ അത്‌, സ്വച്ഛന്ദമായ ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്നു. ഒരിക്കലും തമ്മില്‍ പിരിയരുതെന്ന്‌ ആഗ്രഹിക്കുന്നവരും വിധിയുടെ രണ്ടു വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ഹൃദയത്തോട്‌ ചേര്‍ന്നുനില്‌ക്കുന്നതായിരുന്നാലും ഏതൊരു ബന്ധത്തിന്‍റെയും അനിവാര്യമായ പര്യവസാനമാണ്‌ വേര്‍പാട്‌. വേര്‍പാടിന്‍റെ വിണ്ടുകീറുന്ന വേദനയില്‍ വിഷമിക്കുമ്പോഴും ഒരു കാര്യം മാത്രമേ നമുക്ക്‌ ആശ്വാസമായി അനുഭവിക്കാനാവൂ; അതാണ്‌ പ്രാര്‍ത്ഥന.

കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളേക്കാളും പുളകംകൊള്ളിക്കുന്ന സംസാരങ്ങളേക്കാളും നല്‌കാനാവുന്ന ഏറ്റവും വലിയ ദാനമാണ്‌ മറ്റൊരാള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന. നമ്മള്‍ അറിയുന്ന, സ്‌നേഹിക്കുന്ന ഒരാള്‍. അയാള്‍ നമ്മളുടെ അരികത്തില്ല. എന്നിട്ടും അയാളുടെ നന്മയ്‌ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുക എന്നത്‌ ഏറ്റവും വലിയ ഹൃദയ വിശാലതയുടെയും സ്നേഹത്തിന്‍റെയും ഉദാഹരണമാണ്‌.. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥനയ്‌ക്കൊപ്പം മലക്കുകള്‍ `ആമീന്‍’ പറയുമെന്ന്‌ ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ പറയുന്നുണ്ട്‌. ഉംറ ചെയ്യാനായി മക്കയിലേക്ക്‌ പുറപ്പെടുന്ന ഉമറി(റ)നോട്‌ `താങ്കളുടെ പ്രാര്‍ഥനയില്‍ എന്നെ മറക്കരുതേ’ എന്ന്‌ പ്രവാചകന്‍ (സ) ഉപദേശിക്കുന്നുണ്ട്‌...

നമ്മുടെ നിര്‍ദേശമോ വസ്വിയ്യത്തോ ഇല്ലാതെയും നമുക്കുവേണ്ടി മറ്റൊരാള്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണത്‌. നമ്മില്‍ നിന്ന്‌ എത്രയോ ദൂരം അകലെ കഴിയുമ്പോഴും അയാള്‍ നമ്മെ ഓര്‍ക്കുന്നു. നമ്മുടെ നന്മയും പാപമോചനവും ആഗ്രഹിക്കുന്നു.

`എനിക്ക്‌ വേണ്ടി പ്രാര്‍ഥിക്കണേ’ എന്ന വചനം ഔപചാരികമായ ഒരഭ്യര്‍ഥനപോലെ, കളിവാക്കുപോലെ പലപ്പോഴും അര്‍ത്ഥലോപം സംഭവിക്കാറുണ്ട്‌.. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അതിന്‍റെ ഗൗരവം മനസ്സിലാകാതെ പോവുകയും ചെയ്യുന്നു. പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള്ള ഒരാളുടെ വസ്വിയ്യത്ത്‌ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കേണ്ട ഒരു ബാധ്യതയാണ്‌, കാരണം അല്ലാഹുവിനോട്‌ പറയാന്‍ ഏല്‌പിച്ചതാണ്‌ ആ കാര്യം.

സ്വന്തം നന്മയ്‌ക്കും വിജയത്തിനും വേണ്ടിയുള്ള ഒരാളുടെ പ്രാര്‍ത്ഥനയെക്കാള്‍ അല്ലാഹുവിനിഷ്‌ടം മറ്റുള്ളവര്‍ക്കുവേണ്ടി കൂടി പ്രാര്‍ഥിക്കുന്നവരെയാണ്. `അല്ലാഹുവേ, എനിക്കും നബി(സ)ക്കും നീ നന്മ വരുത്തേണമേ’ എന്ന്‌ പ്രാര്‍ഥിച്ച ഒരാളെപ്പോലും നബി(സ) വിലക്കുകയുണ്ടായി. നമുക്ക്‌ നന്മയും ഐശ്വര്യവും നല്‌കാന്‍ അല്ലാഹുവിനില്ലാത്ത പിശുക്ക്‌ അത്‌ ചോദിക്കുമ്പോള്‍ നമുക്കെന്തിനാണ്‌? തമ്മില്‍ കാണാതെ അകലങ്ങളില്‍ കഴിയുമ്പോഴും പരസ്‌പരമുള്ള പ്രാര്‍ത്ഥനയിലൂടെ മാനസികമായ ഐക്യത്തിലേക്ക്‌ എത്താനാവുമെന്ന്‌ അനുഭവങ്ങള്‍ തെളിയിക്കുന്നു. ഒരാള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അയാളുടെ മുഖം നമ്മുടെ മനസ്സില്‍ മിന്നിമറിയുന്നു, തമ്മിലകന്നിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാലും.

മരണമാണല്ലോ ഏറ്റവും വലിയ വേര്‍പാട്‌.!!!!. അല്ലാഹുവിലേക്കെത്തിക്കഴിഞ്ഞ ഒരാള്‍ക്കുവേണ്ടി അല്ലാഹുവിനോട്‌ തന്നെ പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്‍റെ സ്വീകാര്യതയും ഫലപ്രാപ്‌തിയും വര്‍ധിക്കുന്നു. നമ്മള്‍ കാണുകപോലും ചെയ്‌തിട്ടില്ലാത്ത, മുന്‍കാലക്കാര്‍ക്കുവേണ്ടിയും പൂര്‍വപിതാക്കള്‍ക്കുവേണ്ടിയും ദുആ ചെയ്യുമ്പോള്‍ നമ്മെ കാലാതീതമായി ഒന്നിപ്പിക്കുന്ന വിശ്വാസത്തിന്‌ തിളക്കമേറുന്നു.
`ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും, വിശ്വാസികളായിക്കൊണ്ട്‌ കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരന്മാര്‍ക്കും നീ പാപങ്ങള്‍ പൊറുത്ത്‌ തരേണമേ. വിശ്വാസികളെക്കുറിച്ച്‌ ഞങ്ങളുടെ ഹൃദയത്തില്‍ മോശമായ യാതൊരു വിചാരവും നീ ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നീ അതീവ കൃപാലുവും കരുണാമയനുമാണ്‌’ എന്ന്‌ പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു കല്‌പിക്കുന്നു.

സാമ്പത്തികച്ചെലവുകളേതുമില്ലാതെ മറ്റൊരാള്‍ക്ക്‌ വേണ്ടി ചെയ്യാന്‍ സാധിക്കുന്നതാണെങ്കിലും മിക്കയാളുകളും പ്രാര്‍ത്ഥനയില്‍ വലിയ പിശുക്കാണ്‌ കാണിക്കുന്നത്. പണച്ചെലവുള്ള സമ്മാനങ്ങള്‍ നല്‌കുമ്പോള്‍, ലഭിക്കുന്നവര്‍ക്ക്‌ വലിയ ആനന്ദമുണ്ടാവുമെങ്കിലും സ്വകാര്യതയില്‍ അല്ലാഹുവിനോടുള്ള അടക്കിപ്പിടിച്ച അര്‍ത്ഥനകള്‍ക്കിടയില്‍ അരികിലില്ലാത്തവരുടെ ജീവിതനന്മയ്‌ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയോളം ഒരു സമ്മാനവും വരില്ല, തീര്‍ച്ച!

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

mGOc


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam