ഒരു പൂവിത്തെങ്കിലും വിതറുക

സഞ്ചാരിയായ ഒരാളുണ്ടായിരുന്നു. പോകുന്ന നാടുകളിലെല്ലാം പൂവിത്തുകള്‍ വിതറുന്നത്‌ കണ്ട്‌ ആരോ അയാളോട്‌ ചോദിച്ചു: “ഇനിയൊരിക്കലും തിരിച്ചുവരാത്ത സ്ഥലങ്ങളിലെല്ലാം നിങ്ങളെന്തിനാണ്‌ പൂച്ചെടികള്‍ നടുന്നത്‌?”

അദ്ദേഹം മറുപടി നല്‌കി: “ശരിയാണ്‌, ഞാന്‍ ഒരിക്കലും ഇവിടെ തിരിച്ചുവരാന്‍ സാധ്യതയില്ല. നമ്മുടെ പൂച്ചെടികള്‍ നമുക്ക്‌ വേണ്ടിയാണ്‌ എന്ന തെറ്റായ ചിന്ത നിങ്ങളില്‍ വരുന്നത്‌ നിങ്ങള്‍ സഞ്ചരിക്കാത്തതിനാലാണ്‌.. നാം ആസ്വദിച്ച്‌, ആനന്ദിച്ചു നടന്നുപോകുന്ന ഈ പൂക്കളും വൃക്ഷങ്ങളുമെല്ലാം നാം നട്ടുപിടിപ്പിച്ചതാണോ? ആരോ നനച്ചു വളര്‍ത്തിയതിനെ നാം ആസ്വദിക്കുന്നു. അതുകൊണ്ട്‌ പ്രപഞ്ചത്തിനും ഈ പ്രകൃതിക്കും വേണ്ടി ഒരു പൂവിത്തെങ്കിലും വിതറുക!”

എത്ര ഹൃദ്യമാണീ കഥ. ഒരു പൂവിത്തെങ്കിലും വിതറുമ്പോള്‍, ഒരു തയ്യെങ്കിലും വിടര്‍ത്തുമ്പോള്‍ എത്ര പേരിലേക്കാണ്‌ ആ നന്മ പടരുന്നത്‌!. വിത്തില്‍ നിന്ന്‌ മുളയും മുളയില്‍ നിന്ന്‌ തടിയും തടിയില്‍ നിന്ന്‌ ചില്ലയും ചില്ലയില്‍ ഇലയും മൊട്ടും പൂവും കായുമായി അത്‌ എത്ര വര്‍ഷങ്ങളില്‍ ഗുണം പരത്തും! നമ്മള്‍ മരണത്തിലേക്കൊടുങ്ങിയാലും നമ്മുടെ നന്മയായി, നന്മയുടെ ശിഷ്‌ടമായി അതങ്ങനെ തുടരും! മരണാനന്തരവും നമുക്ക്‌ പിന്നില്‍ പ്രതിഫലമായി, തീരാതെ തുടരുന്ന സല്‍കര്‍മമാണത്.

ചെടി വളര്‍ത്തുന്നതും വിത്ത്‌ വിതറുന്നതും തിരുനബി(സ) ഏറെ പ്രോത്സാഹിപ്പിച്ചു. ലോകം തീരുമെന്ന്‌ ഉറപ്പായാലും കൈയിലെ ചെറുമരം മണ്ണിന്‌ നല്‌കണമെന്നും സ്‌നേഹത്തിന്റെ മഹാദൂതന്‍ നമ്മോട്‌ പറഞ്ഞു. എത്ര ഉദാത്തമാണ്‌ ആ ഉപദേശങ്ങള്‍!“ജനങ്ങള്‍ക്കേറ്റവും ഗുണംചെയ്യുന്നവരാണ്‌ അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ടവര്‍ എന്നും പറഞ്ഞു. ഒരു തൈ, ഒരു തണല്‍ മരം, ഒരിറ്റു വെള്ളം, ഒരു കൈ സഹായം. വേണ്ട, ഒരു പുഞ്ചിരി പോലും ആ ഗുണത്തിലാണ്‌ ഉള്ളതെന്നും സ്‌നേഹറസൂല്‍((സ) പഠിപ്പിച്ചു. “സൃഷ്‌ടികള്‍ മുഴുവന്‍ അല്ലാഹുവിന്‍റെ കുടുംബമാണ്‌. ആ കുടുംബത്തില്‍ ഏറ്റവും ഉപകാരം ചെയ്യുന്നവരാരോ അവരത്രെ അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്നവര്‍.(ത്വബ്‌റാനി 10033). കൃഷി ചെയ്യുകയോ സസ്യം നടുകയോ ചെയ്‌തിട്ട്‌ അത്‌ പക്ഷിയോ മൃഗമോ മനുഷ്യനോ തിന്നാല്‍ നിലയ്‌ക്കാത്ത സല്‍കര്‍മമാണതെന്ന്‌ അവിടുന്ന്‌ പറഞ്ഞു. “തന്‍റെ ആവശ്യം കഴിഞ്ഞ്‌ മിച്ചമുള്ള വെള്ളം ആവശ്യക്കാര്‍ക്ക്‌ നല്‍കാത്തവരോട്‌ പരലോകത്ത്‌ അല്ലാഹു സംസാരിക്കില്ല. വെള്ളം തടഞ്ഞതു പോലെ അല്ലാഹുവിന്റെ ഔദാര്യവും തടയപ്പെടും”(ബുഖാരി, മുസ്‌ലിം).

സ്വന്തം പുരോഗതിക്കായി പൊരുതുന്നവരെയല്ല, അന്യരുടെ അന്നത്തിന്‌ ശ്രമിക്കുന്നവരെയാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പടയാളിയായി വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്‌. തള്ളപ്പക്ഷിയില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത കൊച്ചുകുരുവിയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞ കാരുണ്യത്തിന്റെ തിരുനബിയെ അറിയില്ലേ? ആരോരുമില്ലാതെ, ഒറ്റപ്പെട്ടു കഴിയുന്ന ഒരു വൃദ്ധയെ പരിചരിക്കാനോടിയെത്തിയ അബൂബക്കര്‍ സിദ്ദീഖ്‌(റ) എന്ന ഖലീഫയെ കേട്ടിട്ടില്ലേ? ഹജ്ജിനിടെ മിനായിലേക്കുള്ള യാത്രയില്‍ പട്ടിണിക്കൂരകള്‍ കണ്ടപ്പോള്‍ ഇവരൊന്നും പട്ടിണിമാറാതെ എന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ലെന്ന്‌ പറഞ്ഞ്‌ കരഞ്ഞ ഉമറുബ്‌നു ഖത്വാബിനെ(റ) കേട്ടിട്ടില്ലേ? പാവപ്പെട്ടവര്‍ക്കുള്ള ദാഹജലം തടഞ്ഞവരില്‍ നിന്ന്‌ പൊന്‍വില നല്‌കി ആ കിണര്‍ വാങ്ങി സാധുക്കള്‍ക്ക്‌ നല്‌കിയ ഖലീഫ ഉസ്‌മാനെ(റ) കേട്ടിട്ടില്ലേ? ഹൃദയഭാജനമായ ഫാത്തിമക്ക്‌ സമ്മാനിക്കാനുള്ള ഈത്തപ്പഴം, വിശന്ന്‌ കവിളൊട്ടിയ വൃദ്ധന്‌ നല്‌കിയ അലി(റ)യെ അറിയില്ലേ?

ഒരു കഥയുണ്ട്‌.. അമേരിക്കയിലെ ഒരു നഗരത്തില്‍ ദരിദ്രനായ ബാലന്‍ ജീവിച്ചിരുന്നു. വൈദ്യുതി കണ്ടുപിടിക്കാത്ത കാലം. ഇരുട്ടില്‍, കുണ്ടും കുഴിയുമുള്ള റോട്ടിലൂടെ പോകുന്നവര്‍ കുഴിയില്‍ വീണ്‌ അപകടത്തില്‍ പെടുന്നത്‌ അവന്‍ എന്നും കാണും. അവനൊരു കാര്യം ചെയ്‌തു. വീടിന്റെ മുന്നില്‍ ചെറിയൊരു വിളക്ക്‌ കത്തിച്ചുവെച്ചു. മറ്റെല്ലായിടത്തും ഇരുട്ടാണെങ്കിലും അവിടെ മാത്രം ഇത്തിരി വെളിച്ചം! യാത്രക്കാരെല്ലാം അവനെ അഭിനന്ദിച്ചു. പതുക്കെ മറ്റു വീട്ടുകാരെല്ലാം അതേപോലെ ചെയ്‌തു. അങ്ങനെ സൂര്യനസ്‌തമിച്ചാലും ആ നഗരത്തിലെ തെരുവീഥികള്‍ ചെറുവിളക്കുകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും പ്രകാശിച്ചു. ഈ നഗരമാണ്‌ `സഹോദരസ്‌നേഹം’ എന്നര്‍ഥമുള്ള ഫിലാഡല്‍ഫിയ; ലോകശ്രദ്ധയാകര്‍ഷിക്കുന്ന പട്ടണം!

നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി കരയുന്ന കണ്ണാവണം നമ്മുടേത്‌. സ്വയം ആസ്വദിച്ചതല്ല, അന്യരെ ആസ്വദിപ്പിച്ചതാണ്‌ `ബാക്കിയുള്ളത്‌ ആഇശാ’ എന്നല്ലേ തിരുനബി(സ) പറഞ്ഞത്‌.(തിര്‍മിദി)? ഇത്തിരിപ്പോന്ന വിത്ത്‌ എത്രയോ കതിരുകളായി വിടരുന്നതു പോലെ ധാനവും കതിരുകളേറെയുള്ള സദ്‌ഫലമായിത്തീരുമെന്നാണല്ലോ ഖുര്‍ആനിന്റെ സന്തോഷവാര്‍ത്ത. എത്ര ചെറുതാണെങ്കിലും മറ്റൊരാള്‍ക്കു വേണ്ടി നാം ചെയ്യുക. ഒരു പൂവിത്തുകൊണ്ടും ചെറുവിളക്കു കൊണ്ടും അന്യര്‍ക്ക്‌ തണലും തെളിച്ചവുമാവുക. മഴ പെയ്യുന്നുണ്ട്‌. ഒരു വിത്ത്‌ നട്ടാല്‍ മതി. ഫലങ്ങള്‍ പൊട്ടിമുളക്കും; നമുക്കും മറ്റുള്ളവര്‍ക്കും!

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

One Thought

  1. Abdul Gafoor says:

    Maasha Allah.. Allah Almighty Bless you…
    ഫീലിംഗ് ഇസ്‌ലാം . Heart Touching…..
    Jazakumullah Khairan..

One Thought

നിങ്ങളുടെ അഭിപ്രായങ്ങള്‍!

Hsq6bw


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam