ആര്‍ക്കും നല്‍കാവുന്ന ഒരു സമ്മാനം

അപൂര്‍വ്വമായൊരു സമ്മാനം ഭര്‍ത്താവിന്‌ നല്‌കിയ ഭാര്യയുടെ കഥയുണ്ട്. കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുന്നയാളായിരുന്നു ആ ഭര്‍ത്താവ്.  എല്ലാ ദുസ്സ്വഭാവങ്ങളും അയാള്‍ക്കുണ്ട്. പ്രിയതമക്ക്‌ പ്രിയങ്കരമായതൊന്നും അയാളില്‍ നിന്ന്‌ ലഭിക്കാറില്ല. സങ്കടം മാത്രമാണ്‌ ലഭിക്കുന്നതെങ്കിലും അവളുടെ മനസ്സിലെ സ്‌നേഹം മാഞ്ഞില്ല. ഭര്‍ത്താവിന്‍റെ ജന്മദിനം വരാനിരിക്കുന്നു. വിശിഷ്‌ടമായ ഒരു സമ്മാനം പ്രിയതമന്‌ നല്‌കാനായിരുന്നു അവളുടെ തീരുമാനം. ധാരാളം ദുസ്സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തില്‍ കണ്ട നല്ല ഗുണങ്ങളെ അവളോര്‍ത്തു. ജന്മദിനമെത്താന്‍ ഒരു മാസം ഇനിയുമുണ്ട്. ഓരോ ദിവസവും ഭര്‍ത്താവിന്‍റെ ഓരോ നല്ല ഗുണം പേപ്പറിലെഴുതി ഒരു ചില്ലുഭരണിയിലിട്ടു. മാസം പൂര്‍ത്തിയായപ്പോള്‍ ഭരണിയില്‍ മുപ്പത്‌ പേപ്പറുകള്‍. നിറഞ്ഞ പുഞ്ചിരിയോടെ തിളങ്ങുന്ന മുഖത്തോടെ പ്രിയതമന്‌ ആ ഹൃദയസമ്മാനം അവള്‍ നല്‌കി.

അപൂര്‍വ്വമായ സമ്മാനപ്പൊതി ആശ്ചര്യത്തോടെ തുറന്ന അയാള്‍ ഓരോ കടലാസുകഷ്‌ണവും വായിച്ചു. എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ആ ഭര്‍ത്താവിന്. തിന്മ വേണ്ടുവോളം ഉണ്ടായിട്ടും തന്നിലെ നന്മകളെ കാണാന്‍ ശ്രമിച്ച ആ പ്രിയങ്കരിയോടുള്ള പ്രണയവും വാത്സല്യവുമായിരുന്നു ആ മനസ്സില്‍ കവിഞ്ഞത്. തന്‍റെ ദുസ്സ്വഭാവങ്ങളോരോന്നും അയാളുടെ ഹൃദയത്തെ വേദനിപ്പിച്ചു. പുതിയൊരു വ്യക്തിയാകാനുള്ള തീരുമാനത്തിലേക്കാണ്‌ ആ സമ്മാനപ്പൊതി അയാളെ കൊണ്ടെത്തിച്ചത്. സന്തോഷനിര്‍ഭരമായ പുത്തന്‍ ജീവിതം അവള്‍ക്കും കിട്ടി.

രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളും എങ്ങനെയാണ്‌ ഇഴപിരിയാത്ത ഹൃദയബന്ധങ്ങളാവുന്നത്‌ എന്നതിന്‌ നല്ലൊരു പാഠമാണ്‌ ഈ ഭാര്യ കണ്ടെത്തിയ സമ്മാനം. കുറേ ബന്ധങ്ങളുടെ നടുവിലാണ്‌ നമ്മുടെയൊക്കെ ജീവിതം. നമ്മോട്‌ ബന്ധമുള്ള ഓരോ വ്യക്തിയും ഗുണങ്ങളും പോരായ്‌മകളുമുള്ളവരാണ്‌... ആ പോരായ്‌മകളോടെയാണ്‌ നാമവരെ ജീവിതത്തിലേക്ക്‌ സ്വീകരിക്കുന്നത്‌. പോരായ്‌മകള്‍ വേണ്ടുവോളമുള്ള നമ്മെ മറ്റുള്ളവരും സ്വീകരിക്കുന്നു. കൂടുതല്‍ ശരിയായ ജീവിതത്തിലേക്ക്‌ വഴികാണിക്കാനുള്ള ശ്രമങ്ങള്‍ ഓരോരുത്തരുടെയും ചുമതലയാണ്. ഇണകള്‍ക്കും സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ മാതൃകയാക്കാവുന്ന മികച്ച രീതിയാണ്‌ മുകളിലെ കഥയിലെ ഭാര്യയുടേത്‌...

ഉച്ചത്തിലുള്ള ഉപദേശങ്ങളേക്കാള്‍ ഫലപ്രദമാകുന്നത്‌ നിശബ്‌ദമായ ഇത്തരം പ്രവര്‍ത്തനങ്ങളായിരിക്കും. അഥവാ, ഇതാണ്‌ യഥാര്‍ത്ഥത്തില്‍ ഉപദേശത്തിന്‍റെ രീതിയാകേണ്ടത്‌.തിരുനബി(സ)യുടെ മാതൃക അങ്ങനെയാണ്‌... തിരുനബിയോട്‌ വാക്കുപാലിക്കാത്ത ഒരാളെയും അതിന്‍റെ പേരില്‍ കുറ്റപ്പെടുത്തിയിരുന്നില്ല. നിരവധി വര്‍ഷങ്ങള്‍ കൂടെ സഹവസിച്ച അനസി(റ)നോട്‌ ഒരിക്കല്‍ പോലും പരിഭവിച്ചില്ല. നിര്‍ദേശിച്ച പ്രകാരം ചെയ്‌തില്ലെങ്കില്‍ അക്കാരണത്താല്‍ മുഖം കനപ്പിച്ചില്ല. പക്ഷേ, ആ നിശബ്‌ദതയായിരുന്നു അവിടുത്തെ ഏറ്റവും വലിയ താക്കീത്‌... ഒരു കൊച്ചു കുഞ്ഞിന്‍റെ നന്മ പോലും എടുത്തുപറഞ്ഞ്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. മുന്‍കോപം കൊണ്ട്‌ ആര്‌ എന്തു ചെയ്‌താലും അസാധാരണ ക്ഷമയോടെ അതിനെ നേരിടും.

ഖലീഫ ഉമറി(റ)ന്‍റെ പ്രശസ്‌തമായൊരു ഉപദേശമുണ്ട്‌:; “നിങ്ങളിലൊരാള്‍ക്ക്‌ തെറ്റു പറ്റിയാല്‍ അയാളെ ആ തെറ്റില്‍ നിന്നും പിടിച്ചെഴുന്നേല്‌പിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ്‌ ശ്രദ്ധിക്കേണ്ടത്‌... ചെയ്‌ത തെറ്റിന്‍റെ പേരില്‍ അയാളില്‍ പശ്ചാത്താപ വികാരം ഉണരാനും അല്ലാഹു അയാള്‍ക്ക്‌ പൊറുത്തുകൊടുക്കാനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക.” (ശുഅബുല്‍ ഈമാന്‍ 6690)

നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ ഡെയ്‌ല്‍ കാര്‍ഗിനി എന്ന പ്രശസ്‌ത മനശ്ശാസ്‌ത്രജ്ഞന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്‌:

  • ആരോട്‌ നിങ്ങള്‍ ഇടപെടുന്നുവോ ആ വ്യക്തിയുടെ നന്മയില്‍ ആത്മാര്‍ഥമായി വിശ്വസിക്കുക.
  • പുഞ്ചിരിയുള്ള മുഖമുണ്ടാവുക. നമ്മുടെ പുഞ്ചിരിയും പ്രസന്നതയും കൃത്രിമമല്ലെന്ന്‌ ഉറപ്പാക്കുക.
  • എല്ലാവരുടെയും പേര്‌ ഓര്‍മിക്കുക. ഏതൊരാളും ഏറ്റവും ഇഷ്‌ടപ്പെടുന്നത്‌ സ്വന്തം പേരാണ്‌.
  • പറയുന്നതിലേറെ കേള്‍ക്കുക. മറ്റുള്ളവരെ അവരുടെ കാര്യങ്ങള്‍ പറയാന്‍ പ്രോത്സാഹിപ്പിക്കുക. തങ്ങളെ ശ്രദ്ധിക്കുന്ന കാതുകള്‍ എല്ലാവരും ഇഷ്‌ടപ്പെടുന്നു.
  • ആരും നിസ്സാരന്മാരല്ല എന്ന്‌ മനസ്സിലുറപ്പിക്കുക.

“ഇനി നിങ്ങള്‍ക്ക്‌ അവരോട്‌ വെറുപ്പ്‌ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ അനിഷ്‌ടമുള്ളതിലും അല്ലാഹു നിരവധി നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടാകാം” (4:19) എന്ന ഖുര്‍ആന്‍ വചനം ഇവ്വിഷയത്തില്‍ ഏറ്റവും മികച്ച മാര്‍ഗനിര്‍ദേശമാണ്‌.ഇണകള്‍ക്കായി പറഞ്ഞതെങ്കിലും സകല ബന്ധങ്ങളിലും ഈ സാരോപദേശം പ്രസക്തമാണ്‌.. റോസാച്ചെടിയിലെ മുള്ളുകളെ നോക്കി മുഖം കനപ്പിക്കാനും അതിന്നു മുകളിലെ പൂവിനെ കണ്ട്‌ മുഖം തുടിക്കാനും കഴിയുന്ന പോലെ ഓരോ ബന്ധത്തിലും നമുക്ക്‌ സാധിക്കും. സ്വന്തത്തെ നന്നാക്കേണ്ട ബാധ്യതയോളം വേറെയാരെ നന്നാക്കാനും നമുക്ക്‌ ബാധ്യതയില്ല.

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

sQgE


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam