പ്രിയമകനേ, സ്‌നേഹപൂര്‍വ്വം

ഇസ്‌ലാമിക ലോകത്തെ പ്രതിഭാവിസ്‌മയമായ അലിയ്യുബ്‌നു അബീത്വാലിബ്‌((റ), പുത്രന്‍ ഹസന്‍((റ)വിനെഴുതിയ കത്ത്‌, എക്കാലത്തെയും കൗമാരയൗവനങ്ങള്‍ക്കുള്ള താക്കീതും ഓര്‍മപ്പെടുത്തലുമാണ്‌:.

“പ്രിയമകനേ! കാലത്തിന്‍റെ കറക്കം, ദുനിയാവിന്‍റെ വഞ്ചന, അടുത്തെത്തിക്കൊണ്ടിരിക്കുന്ന പരലോകം ഇവ എന്നെ സകലചിന്തകളില്‍ നിന്നും മുക്തനാക്കിയിരിക്കുന്നു. പരലോകത്ത്‌ പരാജയപ്പെടുമോ എന്ന പേടി എന്നെ അസ്വസ്ഥനാക്കുന്നു. അതിനാല്‍, പരലോകം വിജയപ്രദമാക്കാനുള്ള ചിന്തയില്‍ മുഴുകിയിരിക്കുകയാണ്‌ ഞാനിപ്പോള്‍. നിനക്കായുള്ള എന്‍റെ ഈ അന്തിമവസ്വിയത്ത്‌ നീ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന്‌ ഞാനാശിക്കുന്നു. മോനേ, നീയെന്‍റെ ജീവനാണ്‌!, ആത്മാവാണ്‌!. നിനക്ക്‌ സംഭവിക്കുന്ന ഏത്‌ ആപത്തും നിന്നെ ബാധിക്കുന്നതിന്റെ മുമ്പ്‌ ഈ പിതാവിനെയാണ്‌ പിടികൂടുക.

മകനേ ഞാന്‍ നിന്നോട്‌ വസ്വിയത്ത്‌ ചെയ്യുന്നു, നീ അല്ലാഹുവിനെ ഭയപ്പെടുക. അവന്‍റെ ആജ്ഞ അനുസരിക്കുക. അവന്‍റെ ഖുര്‍ആന്‍ മുറുകെപിടിക്കുക. അതിനെക്കാള്‍ ശക്തമായ ഒരു പിടിവള്ളിയുമില്ല. പ്രിയമകനേ, മനസ്സിനെ സദുപദേശത്താല്‍ സജീവമാക്കുക. കഠിനാധ്വാനം ചെയ്യുക. ഈമാന്‍ ബലപ്പെടുത്തുക. വിജ്ഞാനം കൊണ്ട്‌ മനസ്സിനെ അലങ്കരിക്കുക. മരണചിന്തയാല്‍ അതിനെ കീഴ്‌പ്പെടുത്തുക. സംഭവിക്കാനിരിക്കുന്ന പ്രയാസങ്ങളെ മുന്നില്‍ കാണുക. കാലത്തിന്‍റെ കറക്കത്തില്‍ നശിച്ചുപോയവരെ പരിചയപ്പെടുക. അവരുടെ വാസകേന്ദ്രങ്ങള്‍ കണ്ട്‌ അവരുപേക്ഷിച്ച മണി മന്ദിരങ്ങളുടെ അവശിഷ്‌ടങ്ങള്‍ കാണുക. എന്നിട്ട്‌ മനസ്സിനോടിങ്ങനെ ചോദിക്കൂ: അവരെന്താണ്‌ ചെയ്‌തത്‌? എങ്ങോട്ടാണ്‌ അവര്‍ പോയത്‌? എവിടെയാണ്‌ സ്ഥിരതാമസമാക്കിയത്‌? ഇനിയുമവര്‍ മടങ്ങുമോ? വാസയോഗ്യമായതെല്ലാം നശിച്ചുപോയതായി നിനക്കപ്പോള്‍ മനസ്സിലാകും. നീയും ഒരു ദിവസം അങ്ങനെയായിത്തീരും. അതിനാല്‍ വിജയത്തിലെത്താന്‍ നിന്‍റെ സ്വഭാവം സംസ്‌കരിക്കുക. ദുനിയാവിന്‌ പകരമായി ആഖിറത്തിനെ വില്‍ക്കാതിരിക്കുക.

മകനേ, നീ നന്മയുടെ പ്രബോധകനാവുക. എങ്കില്‍ നീയും സച്ചരിതരുടെ പിന്‍ഗാമിയാകും. തിന്മയെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുക. തിന്മയുടെ അരികിലേക്ക്‌ പോലും നീ പോകരുത്‌.. അല്ലാഹുവിന്‍റെ മാര്‍ഗത്തെ ആക്ഷേപിക്കുന്നവരെ നീ ഭയപ്പെടാതിരിക്കുക. സത്യമാര്‍ഗത്തില്‍ വിഷമങ്ങള്‍ സഹിക്കാന്‍ സന്നദ്ധനാകുക. ആ ക്ഷീണവും വിയര്‍പ്പും നിനക്ക്‌ ശക്തിപകരും. ആര്‍ക്കും പിന്നീട്‌ നിന്നെ അതിജയിക്കാനാവില്ല. നിന്നെക്കുറിച്ച്‌ ഞാന്‍ സന്തുഷ്‌ടനാവണമെങ്കില്‍ നീ അല്ലാഹുവിനെ ഭയപ്പെടുക. അവന്‍റെ ആജ്ഞകളെല്ലാം അനുസരിക്കുക. നല്ലവരോടൊപ്പം സഞ്ചരിക്കുക.

പ്രിയമകനേ, ആരുടെ കയ്യിലാണോ മരണം, അവന്റെ കയ്യില്‍ തന്നെയാണ്‌ ജീവിതവുമെന്നും നന്നായി മനസ്സിലാക്കുക. ജീവന്‍ നല്‍കുന്നവന്‍ തന്നെയാണ്‌ അത്‌ ഒടുക്കുന്നവനും. പ്രയാസങ്ങള്‍ തരുന്നവന്‍ തന്നെയാണ്‌ അതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നവനും. അതിനാല്‍ മരണവും ജീവിതവും അവന്‌ സമര്‍പ്പിക്കുക. പ്രപഞ്ചത്തിന്‍റെ ചലനങ്ങളെല്ലാം അല്ലാഹുവിന്‌ വിധേയമാണെന്ന്‌ ഉറച്ചുവിശ്വസിക്കുക. നിനക്കറിയാത്തതിനെ നിഷേധിക്കരുത്‌ . നിന്‍റെ ബുദ്ധിയുടെ പോരായ്‌മയെ ഏറ്റവും നന്നായി തിരിച്ചറിയേണ്ടത്‌ നീയാണ്‌.. ഒന്നുമറിയാത്തവനായാണ്‌ നീ വന്നത്‌.. പിന്നെ നീ വിജ്ഞാനം നേടി. ഇനിയും എന്തെല്ലാം അറിയേണ്ടവനാണു നീ!

പ്രിയമകനേ, അല്ലാഹുവിനെക്കുറിച്ച്‌ തിരുനബി(സ) പഠിപ്പിച്ച പോലെ വേറെയാരും പഠിപ്പിച്ചിട്ടില്ല. അതിനാല്‍ അവിടുത്തെ മാര്‍ഗദര്‍ശനങ്ങളെല്ലാം നീ അറിയുക. ആ വഴിയില്‍ നീയും നടക്കുക. എങ്കില്‍ പരലോകവിജയം നിനക്കുള്ളതാണ്‌. തീര്‍ച്ചയായും മരണം വരാനുണ്ട്‌. ഉണങ്ങിവരണ്ട ഭൂമിയില്‍ നിന്ന്‌ ഹരിതാഭയാര്‍ന്ന ലോകത്തേക്ക്‌ യാത്ര തിരിച്ചവരാണ്‌ മനുഷ്യര്‍., വഴിമധ്യേയുള്ള വിഷമങ്ങള്‍ സഹിക്കേണ്ടവര്‍., പട്ടിണിയും ദാഹവും അനുഭവിക്കേണ്ടവര്‍., വേര്‍പാട്‌ അനുഭവിക്കേണ്ടവര്‍., ഉറ്റവരെ നഷ്‌ടപ്പെടേണ്ടവര്‍.. യഥാര്‍ഥ ജ്ഞാനികള്‍ ഒന്നിലും തകരില്ല. വിഷമങ്ങളെല്ലാം പാഠങ്ങളായി സ്വീകരിക്കുന്നവര്‍., ചെലവഴിക്കുന്നതില്‍ നിന്ന്‌ മുഖം തിരിക്കാത്തവര്‍., ഓരോ കാല്‍വെപ്പും പ്രതീക്ഷയോടെയാക്കുന്നവര്‍.. എന്നാല്‍ ദുനിയാവിനോട്‌ ഒട്ടിപ്പിടിച്ചവര്‍ക്ക്‌ വേര്‍പാട്‌ അസഹ്യമായിരിക്കും. ഓരോ അനുഭവവും അവര്‍ക്ക്‌ ഭയമാണ്‌.. കണ്ണീരു താങ്ങാനാവാത്തവര്‍. ഭയത്താല്‍ അവര്‍ അട്ടഹസിച്ചുപോകും. ദുന്‍യാവിനെ വലുതായി കാണുന്നവര്‍ക്ക്‌ സങ്കടങ്ങളെല്ലാം വലുതായിരിക്കും.

പ്രിയമകനേ, നിനക്ക്‌ മുമ്പില്‍ ഭയങ്കരമായ ഒരു കിടങ്ങുണ്ട്‌.. ആരോഗ്യവാനായ മനുഷ്യന്‍ അത്‌ വേഗം തരണം ചെയ്യുന്നു. ക്ഷീണിതനായ മനുഷ്യന്‍റെ കാലുകള്‍ കുടുങ്ങിപ്പോകുന്നു. നിനക്ക്‌ ഈ കിടങ്ങ്‌ തരണം ചെയ്യേണ്ടതുണ്ട്‌.. അപ്പുറത്ത്‌ നരകമോ സ്വര്‍ഗമോ ആണ്‌.. മരണത്തിനു ശേഷം ദുഖിക്കാതിരിക്കാന്‍ നല്ല സങ്കേതം ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുക. മോനേ, നീ ദുനിയാവിനു വേണ്ടിയല്ല, ആഖിറത്തിനു വേണ്ടി സൃഷ്‌ടിക്കപ്പെട്ടവനാണ്‌.. നീ ഇപ്പോഴുള്ളത്‌ അസ്ഥിരമായ ലോകത്താണ്‌. പരലോക വിജയത്തിന്‌ തയ്യാറാവാനുള്ള സ്ഥലമാണിത്‌.. ഇത്‌ മാത്രമാണ്‌ നിനക്കുള്ള അവസരം. മരണം നിന്‍റെ തൊട്ടു പിറകിലുണ്ട്‌.. എത്ര ഓടിയാലും നിനക്ക്‌ രക്ഷപ്പെടാനാവില്ല. ഒരുനാള്‍ മരണം നിന്നെ വാരിയെടുക്കുക തന്നെ ചെയ്യും. അതിനാല്‍ ശ്രദ്ധയോടെ ജീവിക്കുക. പശ്ചാത്തപിക്കാനുള്ള ഒരവസരം പോലും നീ കൈവെടിയരുത്‌..

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

J7y6j


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam