ഭക്തി വിതറിയ വ്യക്തിത്വം

ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യമായ വ്യക്തിത്വമാണ്‌ ഉമറി(റ)ന്‍റെത്‌.. എത്ര പറഞ്ഞാലും അണയാത്ത ആവേശത്തിന്റെ പേരാണത്‌.. പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന ധീര ചരിത്രമാണത്‌.. ആഴമേറിയ ഭക്തിയും അപൂര്‍വമായ കര്‍മജീവിതവും കൊണ്ട്‌ നമ്മെയെന്നും പ്രചോദിപ്പിക്കുന്ന ഉന്നത ജീവിതമാണ്‌ അദ്ദേഹത്തിന്‍റെത്‌.. വാക്കും നിരീക്ഷണവുമെല്ലാം ദര്‍ശനങ്ങളായിത്തീര്‍ന്ന ഉമറിന്റെ ചരിത്രം സര്‍വകാലത്തേക്കും നിറവെളിച്ചം പൊഴിക്കുന്നു. പരലോക വിശ്വാസമാണ്‌ ആ ജീവിതത്തെ എന്നും അസ്വസ്ഥമാക്കിയതും ആവേശഭരിതമാക്കിയതും. അകവും പുറവും കഴുകിത്തുടച്ച്‌ പ്രതിഫല ജീവിതത്തെ കാത്തിരിക്കാന്‍ സദാ സന്നദ്ധനായിരുന്നു അദ്ദേഹം. പരലോകത്തെ കുറിച്ച ആശയും ആധിയും ആ കണ്ണുകളെ നനച്ചുകൊണ്ടേയിരുന്നു. സുഖാനന്ദങ്ങളെ മുഴുവന്‍ പുറംകാലുകൊണ്ട്‌ തട്ടിമാറ്റി, വാഗ്‌ദത്ത ലോകത്തെ ഹൃദയത്തിലേറ്റുവാങ്ങാന്‍ ആ മഹാജീവിതത്തിന്‌ സാധിച്ചു. ഭൗതിക കൗതുകങ്ങളെ മുഴുവന്‍ നിസ്സാരമായിക്കണ്ട്‌ അഭൗതിക പ്രതീക്ഷയില്‍ ആ മനസ്സ്‌ ആനന്ദിച്ചുകൊണ്ടേയിരുന്നു.

കൂട്ടുകാരനായ അബൂമുസല്‍ അശ്‌അരിയോട്‌ ഉമര്‍(റ) ഒരിക്കല്‍ ചോദിച്ചു: “പ്രവാചകനോടൊത്തുള്ള നമ്മുടെ ഇസ്‌ലാമിക ജീവിതവും ഹിജ്‌റയും യുദ്ധവും കര്‍മവുമെല്ലാം നമുക്ക്‌ പ്രതിഫലാര്‍ഹമായിത്തീരുകയും, അങ്ങനെ നാം പരലോകത്ത്‌ രക്ഷപ്പെടുകയും ചെയ്യില്ലേ?”. “ഉമറേ, നാം സമരം ചെയ്‌തു. നമസ്‌കരിച്ചു. നോമ്പനുഷ്‌ഠിച്ചു. ധാരാളം നന്മ പ്രവര്‍ത്തിച്ചു. നമ്മിലൂടെ നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചു. അതിനെല്ലാം നമ്മള്‍ പ്രതിഫലം പ്രതീക്ഷിക്കുന്നു”. ഇതുകേട്ട്‌ ഉമര്‍ പൊട്ടിക്കരഞ്ഞു. കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങിക്കൊണ്ടിങ്ങനെ പറഞ്ഞു: “ഉമറിന്റെ ആത്മാവ്‌ ആരുടെ കൈയിലാണോ അവന്‍ തന്നെയാണ്‌ സത്യം. അവയ്‌ക്കെല്ലാം പ്രതിഫലം ലഭിക്കുകയും അങ്ങനെ നേട്ട കോട്ടങ്ങളില്ലാതെ രക്ഷപ്പെടുകയും ചെയ്‌താല്‍ മതിയായിരുന്നുവെന്നാണ്‌ എന്‍റെ ആഗ്രഹം”.

മറ്റൊരിക്കല്‍ ഖലീഫാ ഉമറി(റ)ന്റെ വീട്ടിലെത്തിയ ഹഫ്‌സ്വുബ്‌നു അബില്‍ ആസ്വ്‌, അവിടെക്കണ്ട പരുക്കന്‍ റൊട്ടി കഴിക്കാതെ മാറിനിന്നു. അദ്ദേഹത്തോടുള്ള ഉമറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: “അല്ലാഹുവാണ്‌ സത്യം. എന്റെ നന്മകള്‍ കുറയുമെന്ന ഭയമില്ലായിരുന്നെങ്കില്‍ നിങ്ങളെപ്പോലെ ഞാനും സുഖജീവിതം നയിക്കുമായിരുന്നു.

ഞാനാഗ്രഹിച്ചാല്‍ നിങ്ങളെക്കാള്‍ ധന്യജീവിതത്തിന്‌ സാധിക്കും. പക്ഷേ, മുലപ്പാല്‍ പകരുന്ന ഉമ്മമാര്‍ പേടിച്ചു വിറച്ച്‌ കുട്ടികളെ ശ്രദ്ധിക്കാതിരിക്കുകയും ഗര്‍ഭിണികള്‍ ഭയം കാരണം പ്രസവിച്ചുപോവുകയും ചെയ്യുന്ന ഭയങ്കര ദിവസത്തേക്ക്‌ ഞാന്‍ അതെല്ലാം മാറ്റിവെച്ചിരിക്കുകയാണ്‌.. തീര്‍ച്ചയായും ഞാന്‍ എന്‍റെ ഉത്തമ വിഭവങ്ങള്‍ മാറ്റിനിര്‍ത്തുകയാണ്‌:. “നിങ്ങളുടെ സുഖങ്ങളെല്ലാം ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളെടുക്കുകയും ആസ്വദിക്കുകയും ചെയ്‌തിരിക്കുന്നു”വെന്ന്‌ അല്ലാഹു ചിലരെക്കുറിച്ച്‌ പറഞ്ഞിട്ടില്ലേ?

“നിങ്ങളെ നാം വെറുതെ സൃഷ്‌ടിച്ചതാണെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നമ്മുടെ അടുത്തേക്ക്‌ നിങ്ങള്‍ മടങ്ങുകയില്ലെന്നും?” എന്ന ഖുര്‍ആന്‍ വചനം ഉമറിന്‍റെ നാവില്‍ പച്ചപിടിച്ചു കിടന്നു. അല്‌പം മാത്രം ഉറങ്ങി. അത്യാവശ്യമുള്ളപ്പോള്‍ മാത്രം വിശ്രമിച്ചു. രാത്രിയുടെ ആദ്യഭാഗം ജനസേവനത്തിനും അന്ത്യയാമങ്ങള്‍ പ്രാര്‍ഥനയ്‌ക്കുമായി നീക്കിവെച്ചു. സുന്ദരമായി ഖുര്‍ആന്‍ പാരായണം ചെയ്യാറുള്ള അബൂമുസല്‍ അശ്‌അരിയെ വിളിച്ചു വരുത്തി ഓതിക്കേള്‍ക്കും. സ്വര്‍ഗ-നരകങ്ങളെക്കുറിച്ചുള്ള വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണുനിറയെ കണ്ണീര്‍ തുളുമ്പും. മദീനയിലെ തെരുവുകളിലും ഊടുവഴികളിലും കാണുന്ന കുഞ്ഞുങ്ങളോടെല്ലാം അവരുടെ ഖലീഫ പറയുന്നതിങ്ങനെ: “പാപം ചെയ്യാത്ത കുഞ്ഞേ, ഈ പാപിക്കു വേണ്ടി പ്രാര്‍ഥിക്കുമോ?”

നമസ്‌കാരത്തിലെ അണികള്‍ ശരിപ്പെടുത്താന്‍ പ്രത്യേക ജോലിക്കാരെ നിയോഗിച്ചിരുന്ന അദ്ദേഹം തിരുനബി(സ)യുടെ ഓരോ ഉപദേശത്തെയും വലിയ പരിഗണനയോടെയാണ്‌ സ്വീകരിച്ചത്‌.. ധാരാളമായി ചിരിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. ഭക്തി കുറയ്‌ക്കുകയും ഗൗരവം നഷ്‌ടപ്പെടുത്തുകയും ചെയ്യുമെന്നാണ്‌ കാരണം പറഞ്ഞത്‌.. “തടിയും വയറും വര്‍ധിക്കുന്നത്‌ സൂക്ഷിക്കുക. നമസ്‌കരിക്കാന്‍ വിഷമവും ശരീരത്തിന്‌ പ്രയാസവും ആമാശയത്തിന്‌ രോഗവും വരും. ആരോഗ്യം വര്‍ധിപ്പിക്കുക. സത്യവിശ്വാസികള്‍ക്ക്‌ അതാണാവശ്യം” എന്നും ഉപദേശിച്ചു.

സുഹൃത്ത്‌ അസ്‌ലമിന്റെ തമാശകളെ ആസ്വദിക്കുന്നത്‌ ഉമറി(റ)ന്‌ വലിയ ഇഷ്‌ടമായിരുന്നു.

അലി(റ)പറഞ്ഞു: “ഉമറിനെപ്പോലെ പ്രിയങ്കരനായി ഭൂമിക്കു മുകളില്‍ എനിക്കാരുമില്ല. അദ്ദേഹത്തെക്കാള്‍ ധീരനായ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അത്രയും വിജ്ഞാനമുള്ള വേറൊരാളില്ല. നല്ലവരെ ഓര്‍ക്കുന്നത്‌ ഉമറില്‍ നിന്ന്‌ തുടങ്ങിക്കോളൂ.” അസത്യത്തെ സ്‌നേഹിക്കാന്‍ ഉമറിന്‌ കഴിയില്ല. അദ്ദേഹത്തേക്കാള്‍ ശ്രേഷ്‌ഠനായൊരു മനുഷ്യന്‍റെ മേല്‍ സൂര്യനുദിച്ചിട്ടില്ല. ഉമറിന്റെ മനസ്സിലൂടെയും നാവിലൂടെയും സത്യം പുറത്തുവരുന്നു.” (അശൈക്കാന്‍ – താഹാ ഹുസൈന്‍))

അനസുബ്‌നു മാലിക്‌(റ)ന്‍റെ ഒരു വചനംകൊണ്ട്‌ അവസാനിപ്പിക്കാം: “മുന്‍ഗാമികള്‍ തങ്ങളുടെ മക്കളെ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നത്‌ പോലെ അബൂബക്കറിനെയും ഉമറിനെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ചിരുന്നു.”

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

AYbcr


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam