ഒടുക്കത്തെ യാത്രയ്ക്ക് ഒരുങ്ങിയോ?

നിശ്ചയിക്കപ്പെട്ട നിശ്ചലതയാണ് മരണം.എല്ലാ സുഖാനുഭവങ്ങളെയും അവസാനിപ്പിക്കുന്ന സത്യം. എല്ലാ ബന്ധങ്ങളെയും അറുത്തു മുറിക്കുന്ന യാഥാര്‍ത്ഥ്യം.എല്ലാ കര്‍മങ്ങള്‍ക്കും അന്ത്യമായെത്തുന്ന വിധി. ചെറുപുരയിലും രാജകൊട്ടാരത്തിലും സമയബോധമോ ക്ഷണമോ ഇല്ലാതെ വന്നുകയറുന്ന അശാന്തി പകരുന്ന അതിഥി. അഹങ്കാരങ്ങളും പൊങ്ങച്ചങ്ങളും അര്‍ത്ഥശൂന്യമാണെന്നു ബോധ്യപ്പെടുത്തുന്ന ഗുണപാഠം.ജീവിതത്തിന്റെ നിസ്സാരത മനുഷ്യരെ പഠിപ്പിക്കുന്ന ഗുരുനാഥന്‍. ഏതു കഠിനഹൃദയന്റെയും കണ്ണ് നിറയുന്ന യാത്രയാക്കല്‍.ആരും ഇഷ്ടപ്പെടാത്ത വിടവാങ്ങല്‍. ആരും അനുഭവിക്കുന്ന അന്ത്യനിമിഷം. എത്ര സുരക്ഷിതമായ സങ്കേതത്തിലും നിഷ്പ്രയാസം കടന്നെത്തുന്ന,കനിവില്ലാത്ത വിളിയാളം.പ്രായബോധമോ സമയബോധമോ സന്ദര്‍ഭചിന്തയോ ഇല്ലാതെ ആരെയും ഏതു നിമിഷവും കൂട്ടിക്കൊണ്ടുപോകുന്ന അവസാനത്തെ കൂട്ടുകാരന്‍.എത്രനിറഞ്ഞ കണ്ണീരിനുമുന്നിലും ദൗത്യം നിര്‍വഹിക്കാതെ മടങ്ങിപ്പോകാത്ത അനുഭവസത്യം.

ഉമറി(റ)നോട് ഒരിക്കല്‍ നബിതിരുമേനി(സ) പറഞ്ഞു :” കഫാ ബില്‍ മൗത്തി വാഇദ്വന്‍ യാ ഉമര്‍ ” (ഉമറേ ഉപദേശകനായി മരണം തന്നെ മതി ) ഉമര്‍(റ) നബിയുടെ ഈ വാക്ക് തന്റെ മോതിരത്തില്‍ കൊത്തിവെച്ചിരുന്നുവെന്ന്‌ ചരിത്ര പുസ്തകങ്ങളില്‍ കാണാം. മരണത്തെക്കുറിച്ചുള്ള ചിന്തയും അതിന്നായുള്ള തയ്യാറെടുപ്പും ഈമാനിന്റെ ഭാഗമാണ്. പ്രിയമുള്ളവരുടെ മരണത്തെ ഓര്‍ത്ത് സങ്കടപ്പെടുന്നതുപോലെ സ്വന്തം മരണത്തെ ഓര്‍ത്തു പലരും ആധിപ്പെടാറില്ല.ആരും അത് ഇഷ്ടപ്പെടുന്നില്ല.മരണത്തിന്റെ യാഥാര്‍ത്യത്തെ ശരിയായ വിധത്തില്‍ ഓര്‍ക്കുന്നവര്‍ തീര്‍ച്ചയായും തിന്മകളിലേക്ക് പോകാതെ സ്വന്തത്തെ കാത്തുവെക്കും. മരണനിമിഷത്തിനായി ഒരുങ്ങും.കര്‍മങ്ങള്‍ കൊണ്ട് ജീവിതത്തെ ധന്യമാക്കും.’ഞാന്‍ മരിച്ചാല്‍ മക്കളെന്താകും,കുടുംബമെന്താകും!’ എന്നൊക്കെയാണ് നമ്മള്‍ ചിന്തിക്കാറുള്ളത്. ‘ഞാന്‍ മരിച്ചാല്‍ ഞാനെന്താകും’ എന്ന് ചിന്തിക്കുമ്പോള്‍ മുതല്‍ ജീവിതം നന്നായിത്തീരും. സമയത്തെക്കുറിച്ച് ആകുലതയും അതുപയോഗപ്പെടുത്തുന്നതിനുള്ള ശ്രദ്ധയും അത്തരക്കാര്‍ക്കേ ഉണ്ടാകൂ.ചെറിയ നിമിഷം പോലും നഷ്ടപ്പെടുത്താതെ മരണാനന്തര ജീവിതത്തിലേക്ക് ഉപയോഗപ്രദമാക്കാന്‍ ജാഗ്രത കാണിക്കുന്നതും അവര്‍ മാത്രം. ‘വല്‍ തന്‍ദ്വുര്‍ നാഫ്സുമ്മാ ഖദ്ദമത് ലി ഗദിന്‍’- നാളേക്ക് വേണ്ടി എന്താണ് കരുതിവെച്ചതെന്നു ഓരോ ആത്മാവും ആലോചിക്കട്ടെ- എന്ന ഖുര്‍ആന്‍ വചനം അവരെ കര്‍മങ്ങളിലേക്ക് നയിക്കുന്നു.ദുന്‍യാവിലെ ജീവിതംകൊണ്ട് ആഖിറത്തില്‍ പരാജയപ്പെടരുതെന്നും വിജയമാണ് അതുകൊണ്ടുണ്ടാവേണ്ടതെന്നുമുള്ള ബോധം തിന്മകളില്‍ നിന്നൊഴിയാന്‍ അവരെ പ്രാപ്തരാകുന്നു.ഇത്തരക്കാരെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിങ്ങനെ : ‘ അല്ലദീന യളുന്നൂന അന്നഹുമ്മുലാഖു റബ്ബിഹിം വഅന്നഹും ഇലൈഹി റാജിഊന്‍ ‘ അവസാനം തങ്ങളുടെ നാഥനെ കാണുമെന്നും അവനിലേക്ക്‌ തന്നെ മടങ്ങി ചെല്ലേണ്ടതുണ്ടെന്നും കരുതുന്നവരാണവര്‍.

ദുന്‍യാവിലെ ജീവിതം ഇന്നോ നാളെയോ തീരുമെന്നുറപ്പാണ്.എണ്ണപ്പെട്ട നിമിഷങ്ങളാണ് ആകെയുള്ളത്. ഒരു ഹദീസില്‍ പറഞ്ഞതുപോലെ,ജീവിതം മുഴുവനും ഇബാദത്ത് ചെയ്താലും,അല്ലാഹു നല്‍കിയ കാഴ്ച എന്ന അനുഗ്രഹത്തിന് പോലും അതുപകരമാവില്ല. അല്ലാഹു നല്‍കിയ സമയം,ആരോഗ്യം,പണം,അറിവ് എല്ലാം അവന്റെ മാര്‍ഗത്തില്‍ എത്രത്തോളം ചെലവഴിക്കാന്‍ നമുക്കാവുമോ അത്രയുമാണ് നമ്മുടെ വിജയം.”പരിധി ലംഘിക്കുകയും ഐഹിക ജീവിതത്തിനു പ്രാമുഖ്യ കല്പിക്കുകയും ചെയ്തവരുടെ സങ്കേതം നരകമായിരിക്കും.” (അന്നാസിആത്ത് 37 -39 )

ചാലിട്ടൊഴുകുന്ന മഴവെള്ളത്തിലെ ചവറുകള്‍ പോലെ മുസ്‌ലിംകള്‍ ആയിത്തീരുന്ന അവസ്ഥയെക്കുറിച്ച് നബി(സ) പ്രവചിക്കുന്നുണ്ട്. വഹ്ന് പിടികൂടിയതാണ് കാരണം എന്ന് പറഞ്ഞപ്പോള്‍ സ്വഹാബികള്‍ അതെന്താണെന്ന് ചോദിച്ചു. ‘ഇഹലോകത്തോടുള്ള അമിത സ്നേഹവും മരണത്തോടുള്ള വെറുപ്പും’ എന്നായിരുന്നു തിരുനബി(സ)യുടെ മറുപടി. മരണത്തെക്കുറിച്ചുള്ള ഭയം എന്നല്ല വെറുപ്പ്‌ എന്നാണ് തിരുനബി(സ) പറയുന്നത്. ഭൗതികബന്ധങ്ങളെ ഒഴിവാക്കാനുള്ള മടി.എല്ലാം അവസാനിപ്പിച്ചു മടങ്ങാനുള്ള അനിഷ്ടം. സുഖാസ്വാദനങ്ങളില്‍ നിന്ന് തിരിച്ചുപോകാനുള്ള ആഗ്രഹമില്ലായ്മ.ഇതൊക്കെയാണ് മരണത്തെ വെറുക്കാനുള്ള കാരണങ്ങള്‍.

വെറുപ്പാണെങ്കിലും മരണത്തെ സ്വീകരിച്ചേ പറ്റൂ.ആ കൂട്ടുകാരനോടൊപ്പം യാത്ര ചെയ്തേ പറ്റൂ.എല്ലാമൊഴിച്ചു നിര്‍ത്തി,എത്ര പ്രിയമുള്ളവരെയും കൂടെക്കൂട്ടാതെയുള്ള ആ യാത്രയ്ക്ക് എത്ര പെട്ടെന്ന്‍ ഒരുങ്ങുന്നുണ്ടോ അത്രയും സുഖമായിരിക്കും അതിനുശേഷമുള്ള ജീവിതം. അങ്ങനെയുള്ളവര്‍ക്ക് മരണം സുഖങ്ങളുടെ അവസാനമല്ല,ആരംഭമായിരിക്കും.

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

One Thought

  1. […] ലക്ഷണമാണിത്. അങ്ങനെ നോക്കുമ്പോള്‍ മരണം വിശ്വാസിയുടെ കണ്ണുകളില്‍ […]

One Thought

നിങ്ങളുടെ അഭിപ്രായങ്ങള്‍!

RTDV


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam