എല്ലാ ദിനവും പ്രണയദിനം!

“അങ്ങയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദർഭമേതായിരുന്നു..? ”
ഭാര്യ ഭർത്താവിനോട് ചോദിച്ചു.
“ആ സന്ദർഭം ഇനിയും വന്നു ചേർന്നിട്ടില്ല”
ആഗ്രഹിച്ച ഉത്തരം ലഭിക്കാത്തതിന്‍റെ ആശങ്കയോടെ അവൾ വീണ്ടും ചോദിച്ചു;
“ഇല്ലെന്നോ ? ഏതാണ് ആ സന്ദർഭം..?”
“നമ്മുടെ വീട്ടിലേക്ക് സലാം പറഞ്ഞ് ഞാൻ വരുമ്പോൾ പുഞ്ചിരിയോടെ സലാം മടക്കി
നീ എന്നെ സ്വീകരിച്ചിരുത്തുന്ന സന്ദർഭമാണത്.പക്ഷേ അത് നമ്മുടെ ഈ വീട്ടിലല്ല,
സ്വർഗത്തിൽ നമുക്ക് കിട്ടുന്ന വീട്ടിൽ”.

വ്യക്തി ബന്ധങ്ങളും രക്ത ബന്ധങ്ങളും കൊണ്ട് ചേർത്തുകെട്ടിയ ജീവിതമാണ് നമ്മുടേത്. രക്ത ബന്ധം ജന്മനാ ലഭിക്കുമ്പോൾ വ്യക്തി ബന്ധം പിന്നീട് നമ്മൾ നേടിയെടുക്കുന്നു. എന്നാൽ രക്ത ബന്ധത്തേക്കാളും വ്യക്തി ബന്ധത്തേക്കാളും ഹൃദ്യമായൊരാത്മ ബന്ധമുണ്ട് നമ്മുടെ ജീവിതത്തിൽ. തീർച്ചയായും അത് ഇണയാണ്. ഇണക്കവും ഇഷ്ടവും കൊണ്ട് ജീവിതയാത്രയിൽ കൂട്ടുചേരുന്നയാൾ.

‘ഇണകൾ’എന്നാണ് ഖുർ ആന്‍റെ പ്രയോഗം. ഭാര്യ- അർഥമുള്ള നല്ല പദങ്ങൾ അറബിയിൽ വേണ്ടുവോളമുണ്ടായിട്ടും ‘ഇണകൾ’എന്നാണ് അല്ലാഹു നൽകുന്ന പേര്. “കൂടുച്ചേർന്ന് ഒന്നായത്” എന്നും അതിന് അര്‍ത്ഥമുണ്ട്. പലതരം ഭക്ഷണം വായിലിട്ട് ചവച്ചാൽ ഒന്നിച്ചലിയുന്നതുപോലെ, പല സ്വഭാവവും ശീലങ്ങളും രീതികളുമുള്ള രണ്ടുപേർ അലിഞ്ഞൊന്നാവുന്ന സൌന്ദര്യമാണല്ലൊ വിവാഹം. രക്ത ബന്ധത്തേക്കാളും വ്യക്തിബന്ധത്തേക്കാളും അഴകും അടുപ്പവുമുള്ള സ്നേഹസൌഹൃദത്തിലേക്കാണ് ആ രണ്ടുപേർ കൂട്ടുചേരുന്നത്.

ഹൃദയങ്ങൾ ഇഴുകുന്നതാണ് പ്രണയം. മൂന്നാമതൊരാൾക്ക് വിശദീകരിച്ചുകൊടുക്കാനാവാത്ത എന്തോ ഒന്നാണത്. വാക്കുകളാൽ പകർത്താനാവാത്ത അനുഭൂതിയാണത്. പെയ്തു തീരാത്ത പുതുമഴയായും പൂതി മാറാത്ത നറുവസന്തമായും ഹൃദയഭിത്തിയിൽ പതിഞ്ഞുകിടക്കുന്ന സുഖമുള്ള സാന്ത്വനമാണ് പ്രണയം. പകരുമ്പോഴും നുകരുമ്പോഴും മനസ്സിന്റെ ആഴങ്ങളിലനുഭവിക്കുന്ന ആനന്ദത്തിന്റെ പേരാണത്. ഓരോ വാക്കിലും നോക്കിലും പുഞ്ചിരിയിലും രണ്ടാൾക്ക് മാത്രമറിയുന്ന അര്‍ത്ഥങ്ങൾ ഒളിച്ചുവെക്കുന്ന ചങ്ങാത്തമാണത്. എത്ര കേട്ടാലും എത്ര കണ്ടാലും കൊതി തീരാത്ത കുളിർമയാണത്. മനസ്സിന്‍റെ തന്ത്രികളിൽ പുതിയ ഈണങ്ങളായ് വിടരുന്ന അപൂർവമായ സംഗീതമാണത്.

ദൈവം തീ നൽകി;
മനുഷ്യൻ അഗ്നിശമന യന്ത്രം കണ്ടുപിടിച്ചു.
ദൈവം പ്രണയം നൽകി;
മനുഷ്യൻ വിവാഹം കണ്ടുപിടിച്ചു.

എന്നൊരു പഴമൊഴിയുണ്ട്.വിവാഹത്തോടെ തീരുന്നതാണ് പ്രണയമെങ്കിൽ ഈ പഴമൊഴിയിൽ സത്യമുണ്ട്. പ്രണയാനുഭവങ്ങൾ മുഴുവൻ തളിരിടേണ്ടത് വിവാഹം മുതലാണെന്ന ഇസ്ലാമിന്‍റെ കാഴ്ചപ്പാട് ഈ പഴമൊഴിയെ വെറും ‘പാഴ്മൊഴി‘യാക്കുന്നു. സ്വന്തം ഇണയെ പ്രണയിക്കുന്നവർ ഏറ്റവും മികച്ച ഭാഗ്യവാന്മാരും സന്തോഷമുള്ളവരുമായിരിക്കും. ഇണയെ മാത്രം പ്രണയിക്കാനാവത്തവർ അസന്തുഷ്ടരും അസ്വസ്ഥരുമായിരിക്കും.

ഹൃദയങ്ങൾ കോർത്തിണങ്ങലാണ് ഇണകൾക്കിടയിൽ പ്രധാനം. അതിന്‍റെ മാർഗവും മാനദണ്ഡവും പ്രണയമാണ്.സമ്പത്തോ സൌന്ദര്യമോ മാനദണ്ഡമാകുമ്പോൾ ഇണക്കവും പ്രണയവുമാണ് നഷ്ടമാകുന്നത്. തറവാട്ടു മഹിമയോ സൌന്ദര്യമോ പണമോ ഇണയ്ക്ക് പ്രധാന മാനദണ്ഡമാക്കരുതെന്ന് തിരുനബി[സ] നിർദേശിച്ചിട്ടുണ്ട്. എന്തായിരിക്കും അതിന്റെ കാരണം..? സൌന്ദര്യം പരിഗണിച്ചാണ് ഒരാൾ ഇണയെ സ്വന്തമാക്കുന്നതെന്നു കരുതുക.എങ്കിൽ അതോടെ തീരുമോ സൌന്ദര്യമുള്ളവരോടുള്ള അയാളുടെ ഇഷ്ടം? ഇല്ലെന്നു മാത്രമല്ല,വർദ്ധിക്കുകയേ ഉള്ളൂ.പണവും പെരുമയും അങ്ങനെത്തന്നെ.

‘വസ്ത്രങ്ങൾ’ എന്നാണ് ഖുർ ആൻ ഇണകൾക്ക് ഉപമ പറഞ്ഞത് [2;187], എത്ര മനോഹരമായ ഉപമ! നമ്മുടെ കാലത്ത് കൂടുതൽ പ്രസക്തമായ സന്ദേശം കൂടിയല്ലേ ഇത്. നമ്മുടെ രഹസ്യങ്ങൾ മറയ്ക്കുന്ന വസ്ത്രത്തിനു മുന്നിൽ ഒളിച്ചു വെക്കാൻ മറ്റു രഹസ്യങ്ങളില്ലല്ലോ. എങ്കിൽ,ഇണയുടെ അടുത്ത് മൊബൈൽ ഫോൺ മറന്നുവെച്ചാൽ അസ്വസ്ഥതയില്ലാത്ത എത്ര ഭര്‍ത്താക്കന്മാരുണ്ട്,ഭാര്യമാരുണ്ട്..?

ഇണകൾക്കിടയിൽ പ്രണയമുണ്ടാവുന്നില്ലെന്നതാണ് പുതിയ കാലത്തെ സങ്കടം. സ്ത്രീക്കും പുരുഷനുമിടയിൽ വിടർന്നുല്ലസിക്കേണ്ട പ്രണയബന്ധം ‘വിവാഹം’ എന്ന കരാർ വരുന്നതോടെ തകർന്നുപോകുന്നതെന്തു കൊണ്ടാണ്..? അതിന്‍റെ വലിയ കാരണം ഭക്തിയുടെ നഷ്ടമാണ്. അല്ലാഹുവിന്‍റെ സ്നേഹത്തണലിൽ ഭക്തിയോടെ ഇണങ്ങുന്നവർക്കിടയിൽ പ്രണയം നിക്ഷേപിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ [ഖുര്‍ആന്‍ 30;21]? അഥവാ അല്ലാഹുവിങ്കൽ നിന്നുള്ള ‘ബര്‍ക്കത്താ’ണത്. കണ്ണിനാസ്വദിക്കാനും ഖൽബിൽ കൊണ്ടുനടക്കാനും അവൾ മാത്രമാവുമ്പോൾ, കള്ളനോട്ടങ്ങളിൽ നിന്ന് കണ്ണിനെ തടയുന്നത് അവളെക്കുറിച്ച ഓർമയാകുമ്പോൾ, സ്വപ്നങ്ങളുടെ പങ്കുകാരിയായും, പ്രാർഥനയിലെ ഓർമയായും അവൾ മാത്രം ഉള്ളിൽ നിറയുമ്പോൾ ആ ‘ബര്‍ക്കത്ത്’ നമ്മോടൊപ്പമായിരിക്കും.

വേറെ ആരിൽനിന്നും ലഭിക്കാത്ത കൺകുളിർമ ഇണയിൽ നിന്നു ലഭിക്കണേ എന്ന് പ്രാർഥിക്കുവാൻ അല്ലാഹു നിർദേശിച്ചിട്ടുണ്ടല്ലോ [ഖുര്‍ആന്‍ 25;74]. ലോകത്തൊരാളോടും തോന്നാത്ത പ്രണയം കൂടിയല്ലേ അത്. ഇണയെ പ്രണയിക്കുമ്പോൾ, ഇണ മാത്രം പ്രണയിനിയാകുമ്പോൾ ഓരോ ദിനവും പ്രണയദിനമായിത്തീരും, തീർച്ച!

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

2 Thoughts

  1. sahad says:

    veendum ethupole pradanpettathaya karyangal pradeekshikkunnu nannayittund

  2. MEHABOOB says:

    Dear

    Very good youseful this site for who is looking more lern about islam,

    jazakumullah khair.

2 Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

sVhBqY


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam