ജീവന്‍റെ ജീവനാം സ്‌നേഹറസൂല്‍

ഉഹ്‌ദ്‌ യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിംകള്‍ മടങ്ങുകയാണ്‌.. അതാ, അവരെ കാത്ത്‌ വഴിവക്കില്‍ ഒരു  സ്‌ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്‌.. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?

വളരെ ദുഖകരമായ വാര്‍ത്തയാണ്‌ അവള്‍ കേള്‍ക്കാനിരിക്കുന്നത്‌.. ഉറ്റവരായ മൂന്നുപേരും രക്തസാക്ഷികളായിരിക്കുന്നു. ഈ കനത്ത സങ്കടം സഹിക്കാന്‍ അവള്‍ക്ക്‌ കഴിയുമോ? ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? -യോദ്ധാക്കള്‍ ആലോചിച്ചു.

മൂന്നുപേരും നഷ്‌ടപ്പെട്ട വിവരം ഒന്നിച്ച്‌ അറിയേണ്ട. ഓരോന്നായി അറിയിക്കാം. “സഹോദരീ, നിങ്ങളുടെ ഭര്‍ത്താവ്‌ രക്തസാക്ഷിയായിരിക്കുന്നു.”

പ്രിയങ്കരനായ പ്രിയതമന്‍ നഷ്‌ടപ്പെട്ടെന്നോ! അവളൊന്ന്‌ ഞെട്ടി. ദുഖം താങ്ങിനിര്‍ത്തി അവള്‍ ചോദിച്ചു: “നമ്മുടെ നബിയുടെ സ്ഥിതി എന്ത്‌? അദ്ദേഹത്തിന്‌ വല്ലതും സംഭവിച്ചിട്ടുണ്ടോ?”

“സഹോദരീ, നിങ്ങളുടെ ബാപ്പയും രക്തസാക്ഷിയായിരിക്കുന്നു.” സ്‌നേഹവത്സലനായ പിതാവും നഷ്‌ടപ്പെട്ടുവോ! നെഞ്ച്‌ പിളരുന്നതുപോലെ അവള്‍ക്ക്‌ തോന്നി. “നബിക്ക്‌ ഒന്നും പറ്റിയില്ലല്ലോ” -അവള്‍ ചോദിച്ചു.

“പെങ്ങളേ, നിങ്ങളുടെ സഹോദരനും വധിക്കപ്പെട്ടിരിക്കുന്നു.”

“ഞാന്‍ ചോദിച്ചതിന്‌ നിങ്ങള്‍ മറുപടി പറഞ്ഞില്ലല്ലോ. എന്റെ നബിയുടെ സ്ഥിതിയെന്ത്‌? അദ്ദേഹം സുരക്ഷിതനല്ലേ?”

സോദരീ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ നബി സുരക്ഷിതനാണ്‌.. സുഖത്തോടെയിരിക്കുന്നു. അദ്ദേഹത്തിന്‌ യാതൊന്നും സംഭവിച്ചിട്ടില്ല.

“ഇല്ല. അദ്ദേഹത്തെ കണ്ടാലേ എനിക്ക്‌ സമാധാനമാകൂ. എനിക്ക്‌ അദ്ദേഹത്തെ കാണിച്ചുതരുമോ?”

അവര്‍ തിരുനബിയെ അവള്‍ക്ക്‌ കാണിച്ചുകൊടുത്തു. നബിയെ അവള്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഉറ്റവര്‍ നഷ്‌ടപ്പെട്ടതിന്‍റെ സങ്കടംകൊണ്ട്‌ തുളുമ്പുന്ന കണ്ണുകളോടെയും തിരുനബിയെ തിരിച്ചുകിട്ടിയതിലുള്ള കണ്‍കുളിര്‍മയോടെയും അവള്‍ പറഞ്ഞു: “ഇല്ല റസൂലേ, ഇല്ല. അങ്ങ്‌ സുരക്ഷിതനാണെങ്കില്‍ ഇവള്‍ക്ക്‌ യാതൊന്നും പ്രശ്‌നമല്ല. എല്ലാ ദുരന്തവും നിസ്സാരമാണ് (ഇബ്‌നുഹിശാം, അസ്സീറത്തുന്നബവിയ്യ 3:105)

***

തിരുനബി(സ) മക്കയില്‍ നിന്ന്‌ പലായനംചെയ്‌ത്‌ മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാര്‍ക്ക്‌ ആനന്ദത്തിന്‌ അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ്‌ കൈവന്നത്‌. നബിക്ക്‌ സമ്മാനങ്ങള്‍ നല്‌കാനും സല്‍ക്കരിക്കാനും സൗകര്യങ്ങളൊരുക്കാനും അവര്‍ മത്സരിച്ചു. പലരും പല വിധത്തിലുള്ള സമ്മാനങ്ങളുമായി നബിക്കരികിലെത്തി.

പാവം ഉമ്മുസുലൈം. നബിക്കൊരു സമ്മാനം നല്‌കണമെന്ന്‌ അതിയായ ആഗ്രഹമുണ്ട്‌.. പക്ഷേ, നല്‌കാനൊന്നുമില്ല. അവള്‍ ഒറ്റക്കിരുന്ന്‌ ആലോചിച്ചു. സങ്കടപ്പെട്ടു. അവസാനം ഒരു മാര്‍ഗം കണ്ടെത്തി; കൊള്ളാം. അതുതന്നെ ചെയ്യാം!

ഒട്ടും വൈകിയില്ല. അവള്‍ നബിക്കരികിലേക്ക്‌ പുറപ്പെട്ടു. പത്തു വയസ്സുകാരന്‍ പുത്രനെയും കൂടെക്കൂട്ടി.

“പ്രവാചകരേ, അങ്ങേക്ക്‌ പലരും പല ഉപഹാരങ്ങളും തരുന്നുണ്ടല്ലോ. എനിക്കുമുണ്ട്‌ അതിയായ മോഹം. പക്ഷേ, എന്‍റെയടുത്ത്‌ യാതൊന്നുമില്ല. ഇവനെന്‍റെ പൊന്നുമോന്‍ അനസ്‌., എന്‍റെ സമ്പാദ്യം. എന്‍റെ ജീവന്‍റെ ജീവന്‍!, ഇവനെ അങ്ങ്‌ സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നില്‍ക്കട്ടെ. വേണ്ടെന്നു പറയരുത്‌.. തീര്‍ച്ചയായും സ്വീകരിക്കണം. ഇവനു വേണ്ടി പ്രാര്‍ഥിക്കണേ റസൂലേ.”

തിരുനബി ആ സമ്മാനം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവനു വേണ്ടി പ്രാര്‍ഥിച്ചു. ആ ദിവസം മുതല്‍ തിരുനബിയുടെ ജീവിതാന്ത്യം വരെ അവന്‍ കൂടെ നിന്നു. വിഖ്യാത പണ്ഡിതനായി, തലമുറകള്‍ക്ക്‌ തിരുചര്യ പഠിപ്പിച്ച ഗുരുനാഥനായി; അനസ്‌ബ്‌നു മാലിക്‌(റ). (അല്‍ഇസ്വാബ 4:442)

***
പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ച സച്ചരിതരുടെ ഓര്‍മകളാണിത്‌.. തിരുദൂതരോടുള്ള തീവ്രാനുരാഗം അവരെ എന്തിനും സന്നദ്ധമാക്കിയിരുന്നു. അവര്‍ക്ക്‌ അദ്ദേഹം ജീവനെക്കാള്‍ ജീവനായിത്തീര്‍ന്നു. പ്രിയപ്പെട്ടവയെല്ലാം ആ പ്രിയപ്പെട്ടവനുവേണ്ടി അവര്‍ ത്യജിച്ചു. റസൂലിന്റെ വാക്കുകളും തീര്‍പ്പുകളും സന്ദേഹങ്ങളില്ലാതെ അവര്‍ സ്വീകരിച്ചു. സത്യവിശ്വാസത്തിന്റെ സമ്പൂര്‍ണതയ്‌ക്ക്‌ അങ്ങനെ വേണമെന്ന്‌ ഖുര്‍ആന്‍ (4:65) ഉണര്‍ത്തുകയും ചെയ്‌തു. അല്ലാഹു ഉദ്ദേശിക്കുന്നതേ അദ്ദേഹം മൊഴിയൂവെന്നും (53:3,4) അവര്‍ ഉള്‍ക്കൊണ്ടു. അതിനു വിപരീതം പ്രവര്‍ത്തിക്കുന്നതിന്റെ അപകടം അവര്‍ തിരിച്ചറിഞ്ഞു (24:63). ഞാന്‍ കൊണ്ടുവന്നതെന്തും നിങ്ങളുടെ ഇഷ്‌ടമാകുന്നതുവരെ നിങ്ങള്‍ സത്യവിശ്വാസികളാവുകയില്ലെന്നും അല്ലാഹുവോടും റസൂലിനോടുമുള്ള ഇഷ്‌ടം മറ്റേതിനെക്കാളും പ്രിയങ്കരമാവുന്നവര്‍ക്കേ സത്യവിശ്വാസത്തിന്റെ മധുരാനുഭവം അറിയൂ എന്നും അവിടുന്ന്‌ പറഞ്ഞു. ആ മധുരാനുഭവം അറിയേണ്ടവരാണ്‌ നമ്മളും. നമ്മുടെ ഹൃദയത്തിന്‍റെ സൗന്ദര്യമാകട്ടെ ആ റസൂല്‍!. കരളിന്റെ കുളിരായി അവിടുത്തെ വചനങ്ങള്‍ നമ്മില്‍ പുലരട്ടെ. ആ സന്ദേശങ്ങള്‍ നമ്മുടെ വഴിയില്‍ പടരട്ടെ. സ്‌നേഹറസൂല്‍ നമ്മുടെ മുന്നില്‍ വെളിച്ചമാണ്‌.. ഇരുട്ടുകളെയെല്ലാം തകര്‍ത്ത്‌ ആ വെളിച്ചത്തിനു പിറകില്‍ തന്നെ തുടരുക!

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

One Thought

  1. […] യാത്രചൊ ല്ലി ഹിജ്റ പോകേണ്ടി വന്ന മുഹമ്മദ്‌ നബി, കടുത്ത യാതനകളും യുദ്ധങ്ങളും […]

One Thought

നിങ്ങളുടെ അഭിപ്രായങ്ങള്‍!

URKilV


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam