ആരോഗ്യം പകരാറുണ്ടോ?

ഇല്ല.ആരോഗ്യം പകരാറില്ല. രോഗമാണ്‌ പകരാറുള്ളത്‌.. രോഗം പകരുന്നതുകൊണ്ട്‌ ദോഷങ്ങള്‍ മാത്രമേയുള്ളൂ. ആരോഗ്യമാണ്‌ പകരുന്നതെങ്കില്‍ അതെത്ര നല്ലതായിരുന്നു!

ആരോഗ്യം മാത്രമല്ല, നല്ല കാര്യങ്ങളൊക്കെ അങ്ങനെയാണ്‌.. അവ വേഗം വേരു പിടിക്കാറില്ല. ചീത്ത കാര്യങ്ങള്‍ എത്ര വേഗമാണ്‌ സമൂഹത്തിലാകെ പടര്‍ന്നുകയറുന്നത്‌? വ്യക്തിയെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും സംഘടനയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുള്ള നല്ല അഭിപ്രായങ്ങള്‍ എവിടെയുമെത്തില്ല. വിമര്‍ശനങ്ങളാകട്ടെ എളുപ്പത്തില്‍ വ്യാപിക്കുന്നു. മികച്ച നന്മകള്‍ ധാരാളമുണ്ടായിരിക്കെത്തന്നെ ചെറിയ പോരായ്‌മകള്‍ കണ്ടുപിടിച്ച്‌ പ്രചരിപ്പിക്കാനും വിമര്‍ശിക്കാനുമുള്ള ധൃതി സമൂഹത്തിലാകെ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുക മാത്രമേയുള്ളൂ. നല്ലതു കാണുന്ന കണ്ണുകള്‍ എത്രയോ മികച്ച സൗഭാഗ്യമാണ്‌.. സദ്‌ഗുണങ്ങളെ പ്രശംസിക്കാന്‍ മടിക്കുന്നവര്‍ ദുര്‍ഗുണങ്ങളെ പ്രചരിപ്പിക്കാന്‍ ഒരു മടിയും കാണിക്കാറില്ല. അവരോടാണ്‌ അല്ലാഹു പറഞ്ഞത്‌: വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നത്‌ നിങ്ങള്‍ ഒഴിവാക്കുക. മിക്ക ഊഹങ്ങളും കുറ്റമാവുന്നു. ചുഴിഞ്ഞന്വേഷിക്കുകയുമരുത്‌. ഒരാളും മറ്റൊരാളെക്കുറിച്ച്‌ പരദൂഷണം പറയരുത്‌… (അല്‍ഹുജുറാത്ത്‌ 12)

നാം ചുഴിഞ്ഞന്വേഷിക്കേണ്ടത്‌ നമ്മുടെ തന്നെ ജീവിതത്തെയാണ്‌.. കുറ്റവും കുറവും കണ്ടെത്തി പരിഹരിക്കേണ്ടതും സ്വന്തം ജീവിതത്തില്‍ തന്നെ. മറ്റുള്ളവരുടെ തെറ്റുകള്‍ക്കെല്ലാം മാപ്പു നില്‌കിയാലും സ്വന്തം തെറ്റുകള്‍ക്ക്‌ വേഗം മാപ്പുനല്‌കരുത്‌.. കടുത്ത വിമര്‍ശനങ്ങള്‍ വേണ്ടത്‌ അവനവനു തന്നെയാണ്‌.. തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: സ്വന്തം ന്യൂനതകള്‍ അന്വേഷിച്ചുനടന്നതിനാല്‍ മറ്റുള്ളവരുടെ ന്യൂനതകള്‍ കാണാതെ പോയവര്‍ക്ക്‌ മംഗളങ്ങള്‍! (ശുഅബുല്‍ ഈമാന്‍ 10563)

ഇബ്‌നു അബ്ബാസ്‌(((റ) ഉണര്‍ത്തുന്നു: “കൂട്ടുകാരന്റെ ന്യൂനതകള്‍ പറയണമെന്ന്‌ ആഗ്രഹം തോന്നുമ്പോള്‍ സ്വന്തം ന്യൂനതകളെക്കുറിച്ച്‌ ചിന്തിക്കുക”. (ഇബ്‌നു അബിദ്ദുന്‍യാ, -സുമ്‌ത്ത്‌ 178)

അംറുബ്‌നു ഉത്‌ബ(റ) പറയുന്നു: “അനാവശ്യ സംസാരം പറയുന്നതില്‍ നിന്ന്‌ നിന്റെ നാവിനെയും അത്‌ കേള്‍ക്കുന്നതില്‍ നിന്ന്‌ നിന്റെ കാതുകളെയും കാത്തുസൂക്ഷിക്കുക. കാരണം, നിഷിദ്ധ സംസാരം കേള്‍ക്കുന്നതും പറയുന്നതും തെറ്റാണ്‌..“. (സുമ്‌ത്ത്‌ 179)

അന്യരുടെ പോരായ്‌മകള്‍ തിരുത്തേണ്ടത്‌ എങ്ങനെയാണെന്ന്‌ തിരുനബി മാതൃക കാണിച്ചിട്ടുണ്ട്‌., സ്‌നേഹത്തോടെ, സ്വകാര്യമായി അയാളോടു തന്നെ അത്‌ പറയുന്നതാണ്‌ തിരുനബിയുടെ രീതി. ഒരാളെക്കുറിച്ച്‌ “അയാള്‍ വലിയ ഉറക്കക്കാരനാണ്‌. എന്ന്‌ പറഞ്ഞ സ്വഹാബിയെയും അതു കേട്ടിട്ടും തിരുത്താന്‍ ശ്രമിക്കാതിരുന്ന സ്വഹാബിയെയും തിരുനബി(സ) കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുകയുണ്ടായി. ഓരോരുത്തരുടെയും അഭിമാനത്തെ ആദരിച്ചുകൊണ്ടു മാത്രം സംസാരിക്കണമെന്നായിരുന്നു അവരോടുള്ള താക്കീത്‌... ഇനിയുമെത്രയോ പോരായ്‌മകള്‍ പരിഹരിക്കപ്പെടാനുള്ളവരാണ്‌ നമ്മളൊക്കെ. “എന്‍റെ പോരായ്‌മകള്‍ നീ എനിക്ക്‌ പരിഹരിച്ചു തരേണമേ” എന്ന്‌ ഓരോ നമസ്‌കാരത്തിലും സുജൂദുകള്‍ക്കിടയിലിരുന്ന്‌ നാം പ്രാര്‍ഥിക്കുന്നു. നമ്മുടെ പോരായ്‌മകള്‍ നമുക്കറിയില്ല. ഗുണങ്ങള്‍ മാത്രമേ നമ്മില്‍ നാം കണ്ടിട്ടുള്ളൂ. പോരായ്‌മകള്‍ അറിയുന്നവന്‍ അല്ലാഹുവാണ്‌...

നല്ലതു പറയാന്‍ മാത്രമേ സംസാരിക്കാവൂ എന്നു പോലും തിരുനബി താക്കീതുചെയ്‌തു. “അല്ലെങ്കില്‍ മിണ്ടാതിരിക്കുക” എന്നും പറഞ്ഞു (ബുഖാരി 6:36). ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ ഒരു വചനമുണ്ട്‌: “പെരുമ പറച്ചിലോ ഊറ്റ പ്രകടനമോ വന്നുപോകുമോ എന്നു പേടിച്ചാണ്‌ ഞാന്‍ അധിക സംസാരവും ഒഴിവാക്കുന്നത്‌. (ത്വബ്‌ഖാതുബ്‌നു സഅദ്‌ 5:368)

ഇമാം ഹസനുല്‍ ബസ്വരി പഠിപ്പിക്കുന്നു: “ബുദ്ധിശാലിയുടെ നാവ്‌ അയാളുടെ ഹൃദയത്തിലായിരിക്കും. സംസാരിക്കാനുദ്ദേശിക്കുമ്പോള്‍ ഹൃദയത്തോട്‌ അയാള്‍ സമ്മതം ചോദിക്കും. അനുവദിച്ചാല്‍ സംസാരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും. അവിവേകിയുടെ ഹൃദയം അയാളുടെ നാവിനു പിറകിലായിരിക്കും. ഹൃദയത്തിലേക്കു തിരിഞ്ഞുനോക്കുകയേയില്ല. നാവിലെന്തു വന്നുവോ അത്‌ വിളിച്ചുപറയും”. (കിതാബുസ്സുഹ്‌ദ്‌ 389)

തിരുനബി(സ)യുടെ ഒറ്റ വചനം മതി, വാക്കുകള്‍ക്കെല്ലാം നിയന്ത്രണം വരാന്‍: ആരുടെ സംസാരം അധികമായോ അയാളുടെ വീഴ്‌ചകളും അധികമാകും. വീഴ്‌ചകള്‍ അധികമായാല്‍ കുറ്റങ്ങള്‍ വര്‍ധിക്കും. കുറ്റങ്ങള്‍ പെരുകിയാല്‍ നരകാവകാശിയുമായിത്തീരും” (ത്വബ്‌റാനി -ഔസത്ത്‌ 73)

തെറ്റു ചെയ്‌തതിന്‍റെ പേരില്‍ ഒരാള്‍ മറ്റൊരാളെ പരിഹസിച്ചാല്‍, ആ തെറ്റ്‌ അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അല്ലാഹു അയാളെ മരിപ്പിക്കുകയില്ല എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌ (തിര്‍മിദി 2506). ഒരാളില്‍ പോരായ്‌മകള്‍ കണ്ടിട്ടും അതു പരസ്യപ്പെടുത്താതിരുന്നാല്‍ നമ്മുടെ പോരായ്‌മകള്‍ അല്ലാഹുവും മറച്ചുവെക്കുമെന്ന്‌ തിരുനബി(സ) സന്തോഷവാര്‍ത്തയറിയിച്ചു. സമൂഹത്തിന്‍റെ സുരക്ഷിതത്വത്തിനുള്ള മികച്ച മാര്‍ഗമാണ്‌ സ്‌നേഹത്തിന്‍റെ റസൂല്‍ പഠിപ്പിച്ചുതന്നത്‌...

വിമര്‍ശനങ്ങള്‍ പോലും സ്‌നേഹത്തോടെയുള്ള സദുപദേശങ്ങളാകണം. അല്ലെങ്കില്‍ അന്യന്‍റെ കുറ്റങ്ങള്‍ ഉറക്കെപ്പറയുമ്പോള്‍ നമ്മുടെ കുറ്റങ്ങള്‍ ഉള്ളില്‍ ചിരിക്കും. നമുക്കൊക്കെ കൂടുതല്‍ പരിചയമുള്ളത്‌ നമ്മെത്തന്നെയാണല്ലോ. പരിഹാരം വേണ്ടത്‌ സ്വന്തത്തില്‍ തന്നെയാണെന്ന്‌ നമുക്ക്‌ വേണ്ടുവോളമറിയാം. എങ്കില്‍ നമ്മുടെ ചൂണ്ടുവിരല്‍ സ്വന്തത്തിനു നേരെ തിരിയട്ടെ.

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

SYBv


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam