ഉമ്മയും ഉപ്പയും സ്‌നേഹ സൗഭഗമായ ഒരു കൂട്ടുകെട്ട്‌

വൈക്കം മുഹമ്മദ്‌ ബഷീറിനോട്‌, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌:

“എന്‍റെ മകന്‍ അനീസ്‌ കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച്‌ ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത്‌ ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ്‌ മരിച്ചെന്നു തന്നെയായിരുന്നു ഞാന്‍ കരുതിയത്‌.. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്‌ക്ക്‌, ഒരു കല്ലില്‍ തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത്‌ അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട്‌ പുളകിതനായി. ആ നിമിഷമാണ്‌ എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്‌.” (`യാ ഇലാഹി’ എന്ന ഗ്രന്ഥത്തില്‍നിന്ന്‌).

ദേശീയവും അന്തര്‍ദേശീയവുമായ അനേകം അവാര്‍ഡുകള്‍ നേടി വിശ്വവിഖ്യാതനായ ബഷീറിന്‌ ആ അംഗീകാരങ്ങളോ സ്വീകരണങ്ങളോ ഒന്നുമല്ല, സ്വന്തം പുത്രന്‍റെ ശ്വാസമടങ്ങി എന്നു വിചാരിച്ചിരിക്കെ കേട്ട ഒരു കുഞ്ഞു തേങ്ങലാണ്‌ ആനന്ദകരമായ ജീവിതാനുഭവമായി ഹൃദയത്തില്‍ സൂക്ഷിക്കുവാനുള്ളത്‌..

ഉമ്മയും ഉപ്പയും ജീവിതത്തിന്റെ സൗഭാഗ്യമാണ്‌.. ആ സ്‌നേഹസൗഭഗമായ കൂട്ടുകെട്ട്‌ മനസ്സിനുണ്ടാക്കുന്ന ആനന്ദാനുഭൂതി മറ്റ്‌ ഏതിനേക്കാളും ഹൃദ്യമാണ്‌.. അവരുടെ സാനിധ്യത്തില്‍ നാമനുഭവിക്കുന്ന മനസ്സുഖം മറ്റൊരിടത്തുനിന്നും ലഭ്യമാകാതെ വരുന്നത്‌ അതുകൊണ്ടാണ്‌..

അഭൗതിക തലത്തില്‍ ഏറ്റവും വലിയ ബന്ധം അല്ലാഹുവിനോടുള്ളതാണെങ്കില്‍, ഭൗതിക തലത്തിലാവുമ്പോള്‍ അത്‌ മാതാപിതാക്കളോടാണ്‌.. ഖുര്‍ആനില്‍, സ്രഷ്‌ടാവിനുള്ള ആരാധനയെക്കുറിച്ച്‌ പറഞ്ഞതിനു ശേഷം മാതാപിതാക്കളോടുള്ള കടപ്പാടിനെ സംബന്ധിച്ച്‌ ഉല്‍ബോധിപ്പിക്കുന്നത്‌ അതിന്നു തെളിവാണ്‌..

വേദനയുടെ നീര്‍ച്ചുഴികളിലൂടെ പത്തുമാസത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്‍റെ മലമൂത്രങ്ങളോടൊപ്പവും സ്‌നേഹപൂര്‍വമായ കൂട്ടിനിരിക്കല്‍, ഒരു ചെറിയനിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍., പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്‍റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബലമനസ്സ്‌.! ആ മനസ്സിന്‌ പകരംവെക്കാന്‍ വേറെയെന്തുണ്ട്‌? ഇതിനൊക്കെ പകരം നല്‌കാന്‍ എത്ര ഉന്നതനായ മകന്‍ വിചാരിച്ചാല്‍ പോലും സാധിക്കില്ല. “നാഥാ, അവര്‍ കുഞ്ഞുനാളില്‍ എന്നോട്‌ കാരുണ്യം കാണിച്ചപോലെ അവര്‍ക്കു നീയും കാരുണ്യം നല്‌കേണമേ” എന്ന പ്രാര്‍ഥനയ്‌ക്ക്‌ പ്രസക്തിയുണ്ടാകുന്നത്‌ അപ്പോഴാണ്‌. `കാരുണ്യത്തിന്‍റെ ചിറക്‌ നീ അവര്‍ക്ക്‌ താഴ്‌ത്തിക്കൊടുക്കുക’ എന്ന അല്ലാഹുവിന്‍റെ കല്‌പനയുടെ അര്‍ത്ഥം വൃദ്ധരാകുംതോറും കൂടുതലായി മനസ്സിലാകുന്നുവെന്ന്‌ ചിലര്‍ പറയാറുണ്ട്‌..

മോണ കാട്ടി ചിരിക്കുവാനും കൈകളുയര്‍ത്തി കരയുവാനും മാത്രം കഴിയുന്ന ഒരു പ്രായത്തില്‍ നമ്മെ സംരക്ഷിച്ചവരും വളര്‍ത്തിയുണ്ടാക്കിയവരുമാണ്‌ മാതാവും പിതാവും. ആ കടപ്പാടും ആത്മബന്ധവും എത്ര വലുതാണ്‌!? മൂന്നുവട്ടം ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോഴും ഏറ്റവും നല്ല സഹവാസത്തിന്‌ അര്‍ഹതയുള്ളത്‌ ഉമ്മയാണെന്ന്‌ പ്രവാചകന്‍((സ) പറഞ്ഞത്‌ സത്യമായ ഒരു തത്ത്വമാണെന്ന്‌ നമുക്കിന്ന്‌ മനസ്സിലാവുന്നുണ്ട്‌.. എത്രവലിയ അക്രമം ചെയ്‌തവനായാലും ആരൊക്കെ നമ്മെ തള്ളിപ്പറഞ്ഞാലും ഉപേക്ഷിച്ചാലും സ്‌നേഹത്തിന്റെ തഴമ്പു പൊടിഞ്ഞ ആ കൈകള്‍ നമ്മെ സ്വീകരിക്കും. നമ്മെ കെട്ടിപ്പിടിച്ച്‌ കരയും. അതാണ്‌ ഉമ്മ!

ഭാര്യയെയും മകനെയും അല്ലാഹുവിന്റെ കല്‌പനപ്രകാരം മക്കയിലിട്ടേച്ചുപോയ ഇബ്‌റാഹീം(അ) നബിയെ നാം ധാരാളമായി ഓര്‍ക്കുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അവരോട്‌ വിടചോദിക്കുന്ന ഇബ്‌റാഹീം നബിയെക്കുറിച്ച്‌ നാം ഒരുപാട്‌ കേട്ടിട്ടുണ്ട്‌. കുഞ്ഞിന്‍റെ കരച്ചിലടക്കാന്‍ കല്ലും മുള്ളും നിറഞ്ഞ സ്വഫാ-മര്‍വാ കുന്നുകളിലൂടെ വെള്ളംതേടി ഓടിയ ഹാജറ എന്ന പാവം മാതാവിനെയും നാം മറക്കാതിരിക്കുക.

കല്ലെറിയുമ്പോഴും മധുരമാമ്പഴം പകരം തരുന്ന മാവ്‌പോലെ, അകം നിറയെ സ്‌നേഹത്തിന്‍റെ പൂന്തോപ്പുകള്‍ പുഷ്‌പിച്ചു നില്‍ക്കുന്ന ആ രണ്ടു വ്യക്തികള്‍ ഏതൊരാളുടെയും കണ്‍കുളിര്‍പ്പിക്കുന്നതാണ്‌.. മറ്റാരെയൊക്കെ കൂട്ടിനുകിട്ടിയിട്ടുണ്ടാവാമെങ്കിലും, ശരിയായ അര്‍ഥത്തില്‍, സ്‌നേഹിച്ച ഉമ്മയോ ഉപ്പയോ മരിച്ചുപോകുമ്പോള്‍ താങ്ങാനാവാത്ത അനാഥത്വമനുഭവിക്കുന്നത്‌ അതുകൊണ്ടാണ്‌.. സൂറത്തു ലുഖ്‌മാനിലെ ആ പിതാവിന്‍റെ കല്‌പനകള്‍ തലമുറകളില്‍നിന്ന്‌ തലമുറകളിലേക്ക്‌ പരന്നൊഴുകേണ്ടതാണ്‌.. “ഉമ്മ ഇപ്പോള്‍ എന്‍റെ കൂടെയാണ്‌ താമസം” എന്നു പറഞ്ഞ ഒരാളോട്‌, `ഞാനിപ്പോള്‍ ഉമ്മയോടൊപ്പമാണ്‌ താമസം’ എന്നാണ്‌ പറയേണ്ടതെന്ന്‌ ഉപദേശിച്ചതായി കെ പി മുഹമ്മദ്‌ മൗലവിയുടെ ചരിത്രത്തിലുണ്ട്‌..

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതും ശുശ്രൂഷിക്കുന്നതുമാണ്‌ പോര്‍ക്കളത്തിലെ പോരാട്ടത്തെക്കാളും വലിയതെന്ന്‌ പ്രവാചകന്‍((സ), യുദ്ധത്തിനു പോകാന്‍ കൂടെയിറങ്ങിയ ശിഷ്യനെ ഉപദേശിക്കുന്നു (ബുഖാരി 52:248). മഞ്ഞയും മഞ്ഞളും പോലെ ഒട്ടിച്ചേര്‍ന്ന ദാമ്പത്യബന്ധത്തിന്‍റെ സദ്‌ഫലങ്ങളാണ്‌ സന്താനങ്ങള്‍.. പൂവും ശലഭവും പോലെ മക്കളും മാതാപിതാക്കളും അന്യോന്യം ആനന്ദം പകരുമ്പോള്‍ കുടുംബാന്തരീക്ഷം ഇമ്പമുള്ളതായിത്തീരുന്നു.

നമുക്ക്‌ ജന്മം നല്‌കിയവര്‍, നമുക്ക്‌ പേരിട്ടവര്‍, നമ്മെ പോറ്റി വളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്‌തരാകുന്നതിലും നമ്മെക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, കരാറുകളില്ലാതെ നമ്മോട്‌ ബന്ധം പുലര്‍ത്തിയവര്‍. അവരാണ്‌ ഉമ്മയും ഉപ്പയും. അവരുടെ തണലും തലോടലും ലഭ്യമാക്കാതെയുള്ള ജീവിതം ഏതൊരാള്‍ക്കും ദുസ്സഹമായിരിക്കും. മാതാപിതാക്കളുടെ തൃപ്‌തിയിലാണ്‌ അല്ലാഹുവിന്‍റെ തൃപ്‌തിയെന്നും അവരുടെ കോപത്തിലാണ്‌ അല്ലാഹുവിന്‍റെ കോപമെന്നും പ്രവാചകന്‍((സ) പറഞ്ഞു.

മാതാപിതാക്കളോടുള്ള ബന്ധവും കടപ്പാടും അവരുടെ മരണാനന്തരവും തുടരണമെന്ന്‌ അദ്ദേഹം പറയുകയുണ്ടായി. ഒരിക്കല്‍ ബനൂസലമക്കാരനായ ഒരാള്‍, മാതാപിതാക്കളുടെ മരണശേഷവും അവര്‍ക്ക്‌ പുണ്യം ചെയ്യേണ്ട വല്ല ബാധ്യതയും തന്‍റെ മേലുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ റസൂല്‍ പറഞ്ഞു: “അതെ, അവര്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുക. അവരുടെ പാപമോചനത്തിനു വേണ്ടി അര്‍ഥിക്കുക. അവരുടെ കരാറുകള്‍ പൂര്‍ത്തിയാക്കുക. അവര്‍ നിലനിര്‍ത്തിയിരുന്ന കുടുംബബന്ധങ്ങള്‍ തുടരുക. അവരുടെ സുഹൃത്തുക്കളെ ആദരിക്കുകയും ചെയ്യുക”. (അബൂദാവൂദ്‌)റിയാദുസ്സ്വാലിഹീന്‍ 1:343).

അബൂതുഫൈലി(റ) പറഞ്ഞ ഒരു സംഭവമുണ്ട്‌. ഒരിക്കല്‍, നബി(സ) ജിഇറാനയില്‍ മാംസം വിതരണം ചെയ്‌തുകൊണ്ടിരിക്കെ ഒരു സ്‌ത്രീ അവിടെ വന്നു. അവര്‍ തിരുമേനിയുടെ അടുത്ത്‌ ചെന്നു. അപ്പോള്‍, നബി(സ) തന്‍റെ ഉത്തരീയം എടുത്ത്‌ അവര്‍ക്ക്‌ വിരിച്ചുകൊടുത്തു. അവരതിലിരിക്കുകയും ചെയ്‌തു. ഇതു കണ്ടപ്പോള്‍ തുഫൈലി, അതാരാണെന്ന്‌ ചോദിച്ചു. ആളുകള്‍ പറഞ്ഞു: “ഇത്‌ നബിയെ മുലയൂട്ടിയ സ്‌ത്രീയാണ്‌.”). നോക്കൂ, മനുഷ്യരില്‍ ഏറ്റവും മഹാനായ പ്രവാചകന്‍()(സ), കുഞ്ഞായിരുന്നപ്പോള്‍ തനിക്ക്‌ മുലപ്പാല്‍ തന്നതിന്‍റെ പേരില്‍ ആ സ്‌ത്രീക്ക്‌ നല്‌കിയ ആദരം!

ലോകപ്രശസ്‌തയായ പത്രപ്രവര്‍ത്തക അനിതാ പ്രതാപിന്‍റെ `Island of Blood’എന്ന ആത്മകഥ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.

“പ്രശസ്‌തങ്ങളായ അനേകം അംഗീകാരങ്ങള്‍ എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. എന്നെ പ്രശസ്‌തയാക്കിയ ഒട്ടേറെ റിപ്പോര്‍ട്ടുകളും എന്‍റെതായി വന്നിട്ടുണ്ട്‌.). പക്ഷേ, എന്‍റെ ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ അനുഭവമേതാണെന്ന്‌ ചോദിച്ചാല്‍ ഞാന്‍ പറയുക അവയൊന്നുമായിരിക്കില്ല. മറിച്ച്‌, ഏതൊരു അമ്മയെയും പോലെ എന്‍റെ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച നിമിഷമെന്നായിരിക്കും”.

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

eoeM65


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam