പുഞ്ചിരി വിരിയട്ടെ!

പ്രസന്നത വ്യക്തിത്വത്തിന്‍റെ സൗന്ദര്യമാണ്‌.. നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ. ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ്‌ മനുഷ്യസ്‌നേഹത്തിന്‍റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ. അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ. അതിനാല്‍ തന്നെയാണ്‌ തിരുനബി(സ) പുഞ്ചിരിയെ മുസ്‌ലിമിന്‍റെ അടയാളമാക്കിയത്‌.. ‘ഖൽബുൻ സലീമു’മായി അല്ലാഹുവിങ്കലേക്ക് മടങ്ങിയെത്തുന്നവരിൽ ഉൾപ്പെടാൻ ഇബ്രാഹീം നബി [അ] പ്രാർഥിക്കുന്നുണ്ടല്ലോ [26;89]. മനസ്സിന്റെ ശുദ്ധതയും ശാന്തതയും മുവഹ്‌ഹിദിന്‍റെ ചിഹ്നങ്ങളാണ്‌..

പുഞ്ചിരിയുടെ മനശ്ശാസ്‌ത്രം പലരും തിരിച്ചറിയാതെ പോകുന്നുണ്ടോ? തെളിഞ്ഞ ഒരു ചെറുപുഞ്ചിരി കൊണ്ട്‌ സാധിക്കുന്ന വിപ്ലവം തിരുനബി(സ) എല്ലാ അര്‍ഥത്തിലും മനസ്സിലാക്കിയിരുന്നു. വ്യഭിചരിക്കാന്‍ അനുമതി ചോദിച്ചുവന്ന സ്വഹാബിയെ പുഞ്ചിരിച്ചുകൊണ്ടാണ്‌ റസൂല്‍ സ്വീകരിച്ചത്‌., മാത്രമല്ല, കെട്ടിപ്പിടിച്ച്‌ ചേര്‍ത്തിരുത്തുകയും ചെയ്‌തു. ശേഷം പതിഞ്ഞ സ്വരത്തില്‍ ഉപദേശം പകര്‍ന്നു. എത്ര വലിയ മാറ്റമാണ്‌ അയാള്‍ക്കുണ്ടായത്‌!? നബിയുടെ അടുത്തേക്ക്‌ വരുമ്പോള്‍ ഏറ്റവും ഇഷ്‌ടമായിരുന്ന വ്യഭിചാരം, തിരിച്ചുപോകുമ്പോള്‍ കടുത്ത വെറുപ്പുള്ളതായി മാറിയെന്ന്‌ അയാള്‍ പറയുന്നുണ്ട്‌.. കോപത്തോടും ശാസനയോടുമാണ്‌ അയാളെ റസൂല്‍ തിരുമേനി(സ) സ്വീകരിച്ചിരുന്നതെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നില്ലേ?
ഇത്തരത്തില്‍ എത്രയെത്ര സുന്ദരചിത്രങ്ങളുണ്ട്‌ ആ തിരുജീവിതത്തില്‍!?

അല്‌പന്മാരുടെ അടയാളമാണ്‌ അഹങ്കാരം. എന്തോ ചിലത്‌ നേടിയതിന്‍റെ പേരില്‍ എല്ലാവരില്‍ നിന്നും ഉയര്‍ന്ന്‌ നില്‍ക്കണമെന്നുള്ള മോഹം അത്തരക്കാര്‍ക്കാണ്‌ ഉണ്ടാവുക. മറ്റുള്ളവരെക്കാള്‍ മികച്ച സ്ഥാനവും ജ്ഞാനവും പണവും കൈവന്നാലും തെളിമയാര്‍ന്നൊരു മനസ്സും ഉന്നത ചിന്തകളുള്ള ഹൃദയവും കൈമുതലുണ്ടായാല്‍ അവര്‍ക്ക്‌ വിനയമേ തോന്നൂ. കൂടുതല്‍ മാമ്പഴം തൂങ്ങിയ മരച്ചില്ല ഏറ്റവും താഴ്‌ന്നു നില്‌ക്കുന്നതുപോലെ, വിവേകികളായ വിജ്ഞര്‍ വിനീതരാവും, ചെറുതാകും.

അഹങ്കാരത്തിന്‍റെ കണികയെങ്കിലും മനസ്സിലുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്ന്‌ തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌. (മുസ്‌ലിം 2:277) ‘മിസ്‌ഖാലു ദര്‍റത്തിന്‍’ എന്നാണ്‌ ആ അളവിന്‌ റസൂല്‍ പ്രയോഗിച്ചത്‌.. `ചെറിയ ഉറുമ്പിന്‍റെ കാലിന്‍റെ ഒരു കഷ്‌ണം’ അല്ലെങ്കില്‍ `വെയിലത്ത്‌ തിളച്ചുപൊന്തുന്ന ധൂളി’ എന്നെല്ലാമാണ്‌ മിസ്‌ഖാലു ദര്‍റത്തിന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ അര്‍ഥം നല്‌കിയിരിക്കുന്നത്‌.. അഥവാ, അത്ര ചെറിയൊരംശമാണ്‌ ഒരാളില്‍ അഹങ്കാരമുള്ളതെങ്കില്‍ അയാള്‍ക്ക്‌ സ്വര്‍ഗമില്ല. അല്ലാഹുവിന്‍റെ വിനീതദാസന്മാരുടെ വാസകേന്ദ്രമാണ്‌ സ്വര്‍ഗം. അഹങ്കാരമോ ലോക മാന്യതയോ വന്നുപോകാതിരിക്കാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാനും റസൂല്‍(സ) പഠിപ്പിക്കുന്നുണ്ട്‌. . അത്രമേല്‍ ഗുരുതരമാണ്‌ കിബ്‌റിന്റെ പരിണാമം!

മുഖം മനസ്സിന്‍റെ കണ്ണാടിയാണ്‌.. പുഞ്ചിരി തൂകുന്ന അധരങ്ങള്‍ ആരിലും ആകര്‍ഷണവും സൗന്ദര്യവും വര്‍ധിപ്പിക്കും. “ഒരു നന്മയും നീ നിസ്സാരമായി കാണരുത്‌., നിന്‍റെ സഹോദരനെ പുഞ്ചിരിതൂകിയ മുഖത്തോടെ അഭിമുഖീകരിക്കുന്നതു പോലും”-തിരുനബിയുടെ ഉപദേശം (റിയാദുസ്സ്വാലിഹീന്‍ 1:121). തിര്‍മിദി ഉദ്ധരിച്ച ഹദീസില്‍ അവിടുന്ന്‌ ഇപ്രകാരം പറഞ്ഞു: “താങ്കളുടെ സഹോദരന്‍റെ മുഖത്തു നോക്കിയുള്ള പുഞ്ചിരി ഒരു ധര്‍മമാണ്‌. (ഫിഖ്‌ഹുസുന്ന 3:98). ലുഖ്‌മാനുല്‍ഹഖീമിന്‍റെ(അ) വസ്വിയത്തുകളില്‍ പ്രധാനപ്പെട്ട ഒന്ന്‌:: “നീ അഹങ്കാരത്തോടെ മനുഷ്യരുടെ നേര്‍ക്ക്‌ കവിള്‍ തിരിക്കരുത്‌.., ഭൂമിയിലൂടെ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌.. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്‌ടപ്പെടുകയില്ല”.(വി.ഖു. 31:18) നടത്തത്തില്‍ മിതത്വവും ശബ്‌ദത്തില്‍ ഒതുക്കവും വേണമെന്ന്‌ തുടര്‍ന്ന്‌ പറയുന്നു.

സൂറതുല്‍ ഫുര്‍ഖാനില്‍ ഇബാദുര്‍റഹ്‌മാ##ന്റെ ഒന്നാമത്തെ വിശേഷണം “ഭൂമിയിലൂടെ വിനയപൂര്‍വം നടന്നുപോകുന്നവര്‍” (സൂക്തം 63) എന്നാണ്‌. അഥവാ, ഇസ്‌ലാമിക വ്യക്തിത്വത്തിന്‍റെ ആദ്യഗുണമാണ്‌ വിനയം. വിനയവും എളിമയും ഒന്നും നഷ്‌ടെപ്പടുത്തുന്നില്ല; എന്നാല്‍ അതിലൂടെ മഹത്വം വര്‍ധിക്കുന്നു. ഒരാള്‍ സ്വയം ചെറുതാകുമ്പോള്‍ അല്ലാഹു അയാളെ വലുതാക്കും. സ്വയം വലുതാകുമ്പോള്‍ അല്ലാഹു അയാളെ ചെറുതാക്കിക്കളയും. മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവര്‍ക്കാണ്‌ മുഖത്ത്‌ പുഞ്ചിരിവരുക. തനിക്ക്‌ ഉള്ളതുപോലെ അന്യനും വ്യക്തിത്വവും മഹത്വവും ഉണ്ടെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ അഹങ്കാരത്തില്‍ നിന്നും അഹംഭാവത്തില്‍നിന്നും നാം രക്ഷപ്പെടുന്നത്‌..

മുന്‍വിചാരങ്ങളുടെ മാറാലയില്‍ നിന്നും ദുര്‍വിചാരങ്ങളുടെ ദൂഷ്യങ്ങളില്‍നിന്നും പൊങ്ങച്ചത്തിന്‍റെ പതിരുകളില്‍നിന്നും മുക്തമായി, ഏത്‌ ആള്‍ക്കൂട്ടത്തിലും ഏറ്റവും ചെറിയവനായി നിന്ന്‌ താഴ്‌മയുടെയും സാധാരണത്വത്തിന്‍റെയും വഴി സ്വീകരിച്ച്‌ മഹത്വത്തിന്റെ യഥാര്‍ഥ അവകാശികളായി തീരേണ്ടവരാണ്‌ നാം. മുഖത്ത്‌ വിരിയുന്ന ഒരു പുഞ്ചിരി അതിനുള്ള വഴി കാണിച്ചു തരുന്നു. ഇംഗ്ലീഷിലെ ഒരു പഴമൊഴി: A smile costs nothing, but it creats much (ചെലവേതുമില്ല ഒരു പുഞ്ചിരിക്ക്‌; എത്ര ഉന്നതമാണ്‌ അതിന്റെ സ്വാധീനം!)

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

55JE


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam