വിയോജിക്കുക, ആദരവോടെ

വിശ്വാസികളോട് അങ്ങേയറ്റത്തെ കാരുണ്യവും സത്യനിഷേധികളോട് കര്‍ക്കശമായ നിലപാടുള്ളവരാണ് സത്യവിശ്വാസികളെന്ന് ഖുര്‍ആന്‍(48 : 49 )പറയുന്നുണ്ട്. അല്ലാഹുവില്‍ യഥോചിതം വിശ്വസിക്കുകയും പ്രവാചക തിരുമേനി(സ)യെ പിന്‍പറ്റുകയും ഇസ്ലാമിന്റെ വിശ്വാസ-കര്‍മ മേഖലകളെ ജീവിതത്തില്‍ പൂര്‍ണ്ണാര്‍ഥത്തില്‍ സ്വീകരിക്കുകയും ചെയ്തവരാണല്ലോ സത്യവിശ്വാസികള്‍. ആ സത്യവിശ്വാസികളോട് ഏതൊരു വിശ്വാസിയും വെച്ചുപുലര്‍ത്തേണ്ട സഹിഷ്ണുതയും ആര്‍ദ്രതയും സ്നേഹവും ദയാവായ്പുമാണ് പ്രസ്തുത വചനത്തില്‍ അല്ലാഹു സൂചിപ്പിക്കുന്നത്. ലോകത്തുള്ള സര്‍വ്വ മനുഷ്യരും ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്ന് പറയുന്ന വിശുദ്ധ ഖുര്‍ആന്‍, പക്ഷെ, സത്യവിശ്വാസികളെപ്പറ്റി മാത്രമേ ‘ സഹോദരങ്ങള്‍ ‘ എന്ന് പറയുന്നുള്ളൂ. (49 :10 ). ഒരേ മാതാപിതാക്കളുടെ മക്കളാണെന്നതോടൊപ്പം ഒരേ ആദര്‍ശത്തിന്റെ വല്ലിയില്‍ കോര്‍ത്തിണക്കപ്പെട്ടവര്‍ കൂടിയാണ് മുഅമിനുകള്‍. അവര്‍ക്കിടയിലുണ്ടാവേണ്ട ആത്മസൗഹൃദവും കൃപാവാത്സല്യങ്ങളും വലുതാണ്‌.

സത്യവിശ്വാസം സ്വീകരിച്ചതുകൊണ്ട് മാത്രം മാനുഷികമായ ബലഹീനതകളില്‍ നിന്ന് ആരും മുക്തരായിക്കൊള്ളണമെന്നില്ല. സ്വാഭാവികമായ പെരുമാറ്റ ദൂഷ്യങ്ങളും പോരായ്മകളും ഏതൊരാള്‍ക്കും ഉണ്ടായെന്നുവരാം. വിശുദ്ധ ഖുര്‍ആനിന്റെ അനന്തരാവകാശികളായ സത്യവിശ്വാസികളില്‍ തന്നെ പുണ്യത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത തട്ടിലുള്ളവര്‍ ഉണ്ടെന്ന് അല്ലാഹു തന്നെ ഉണര്‍ത്തുന്നുണ്ട് (35 :32 ) പരമകാരുണികനായ അല്ലാഹുവിന് സര്‍വ മനുഷ്യരെയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായ കാരുണ്യമുണ്ട്‌. ആ ദിവ്യ കാരുണ്യത്തിന്‌ പ്രയോഗിച്ച റഹ്മത്ത് എന്ന പദം തന്നെയാണ്, വിശ്വാസികള്‍ തങ്ങളുടെ സഹോദരന്മാരോട് പുലര്‍ത്തേണ്ട സ്വഭാവരീതിക്ക് അല്ലാഹു പ്രയോഗിച്ചത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. റഹ്മത്തിന്റെ എല്ലാ അംശങ്ങളും നെഞ്ചില്‍ നിറച്ചവരാകണം സത്യവിശ്വാസികള്‍.കോപത്തിനും വൈരത്തിനും വിദ്വേഷത്തിനും അവര്‍ക്കിടയില്‍ സ്ഥാനമേയില്ല.

ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ കാലത്ത് അത്യന്തം അപകടകരമായ ഒരു പ്രവണത തലപൊക്കിയിരിക്കുന്നു. എല്ലാ അര്‍ഥത്തിലും സത്യവിശ്വാസികളായ വ്യക്തികളുടെ ന്യൂനതകളും പോരായ്മകളും നാലാള്‍ കേള്‍ക്കെ വിളിച്ചുപറയുകയും അവരെ ജനമധ്യത്തില്‍ ചെറുതാക്കി കാണിക്കുകയും ചെയ്യുന്ന ഗുരുതരമായ ദുസ്വഭാവം ചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും നിലനില്‍പിന്റെപ്പോലും അനിവാര്യതപോലെ ആവര്‍ത്തിക്കപ്പെടുന്നു. ഇസ്ലാമികമായ ശിക്ഷണങ്ങളോ സംസ്കാര ശീലങ്ങളോ ലഭിച്ചിട്ടില്ലാത്ത ചില പ്രഭാഷകര്‍ ദീനിനും സമൂഹത്തിനും വരുത്തുന്ന വിനാശം അങ്ങേയറ്റം വലുതായിരിക്കും.

എല്ലാം തികഞ്ഞവര്‍ നമുക്കിടയില്‍ ആരുമില്ല. പോരായ്മകളും ബലഹീനതകളും ഇനിയുമേറെ നീങ്ങേണ്ടതുള്ള കുറെ വ്യക്തികളുടെ കൂട്ടായ്മയാണ് ഏതൊരു ദഅവാ പ്രസ്ഥാനവും. ഇക്കാര്യം ഉള്‍കൊള്ളാതെ അവനവന്‍ ശീലിച്ചതും അറിഞ്ഞതും മാത്രമേ ശരിയായുള്ളുവെന്ന് വാദിക്കുന്നത് ആര്‍ക്കും നല്ലതല്ല. ദീനിയായ ഒരു വിഷയത്തില്‍ ഒരു പണ്ഡിതന്റെ അഭിപ്രായം മറ്റെല്ലാവരും സ്വീകരിച്ചുകൊള്ളണമെന്നില്ല. വിശേഷിച്ചും ഇജ് തിഹാദിയായ വിഷയങ്ങളില്‍ അഭിപ്രായ വൈവിധ്യം സ്വാഭാവികമാണ്. അതിനോട് അങ്ങേയറ്റത്തെ ബഹുമാനത്തോടെയും ആദരവോടെയും വിയോജിക്കാനാണ് സാധിക്കേണ്ടത്. വിയോജിപ്പില്‍പോലും മാന്യത പുലര്‍ത്താന്‍ വലിയ മനസ്സുള്ളവര്‍ക്കേ സാധിക്കു. അല്പന്മാര്‍ അഹന്തക്കടിപ്പെടും. അവര്‍ ഉണ്ടാക്കുന വിപത്തുകള്‍ ഗുരുതരമായിരിക്കും.

ചരിത്രം ഏറ്റവും നല്ല ഗുരുനാഥനാണ്. ഉസ്മാനുബ്നു അഫ്ഫാനി (റ)ന്റെ കര്‍മശാസ്ത്രപരമായ ഇജ് തിഹാദീ കാഴ്ചപ്പാടുകളും നയനിലപാടുകളും മുതലെടുത്ത്‌ തക്കം പാര്‍ത്തിരുന്ന ശത്രുക്കള്‍ അത് അദ്ദേഹത്തിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ ഉപയോഗപ്പെടുത്തിയത് ഓര്‍ക്കുക.ഉസ്മാനി(റ)ന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ ഗവേഷണഫലമാണ്. നിഗമനങ്ങള്‍ അദ്ദേഹത്തിന്റെ കണ്ടെത്തലാണ്. ഹജ്ജ് വേളയില്‍ മിനായില്‍ നമസ്കാരം പൂര്‍ണ്ണമായും നിവഹിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒന്നാം ഖലീഫ അബൂബക്കര്‍(റ)ന്റെ മേല്‍നോട്ടത്തില്‍ പ്രമുഖ സ്വഹാബിമാരായ ഖുര്‍ആന്‍ വിദഗ്തരുടെ സഹായത്തോടെ ക്രോഡീകരിച്ച മുസ്ഹഫില്‍ നിന്ന് തന്റെ നിര്‍ദേശപ്രകാരം പ്രമുഖ സ്വഹാബികള്‍ പകര്‍ത്തിയെഴുതിയ മുസ്വ് ഹഫുകളോട് യോജിക്കാത്ത മുസ്വ് ഹഫുകളും അദ്ദേഹം നശിപ്പിച്ചു. ഹകമുബ്നു അബില്‍ ആസിനെ നാടുകടത്തി നബി(സ) കൈക്കൊണ്ട നടപടിയുടെ കാലാവധി അവസാനിപ്പിച്ച്‌ അയാളെ മദീനയിലേക്ക് വീണ്ടും തിരിച്ചുകൊണ്ടുവന്നു. ഇങ്ങനെ ഭരണനിര്‍വഹണവും കര്‍മ ശാസ്ത്രപരവുമായ അദ്ദേഹത്തിന്റെ ചില നടപടികള്‍ക്കും അഭിപ്രായങ്ങള്‍ക്കു മെതിരില്‍ ജനങ്ങളെ ഇളക്കിവിട്ടു കലാപമുണ്ടാക്കാന്‍ മുസ്ലിംകളില്‍ നിന്ന് തന്നെ ഒരാളെ ജൂതന്മാര്‍ കണ്ടെത്തി; അബ്ദുല്ലാഹിബ്നു സബഅ. സ്വന്‍ആഇല്‍ നിന്നുള്ള ജൂതനായിരുന്ന അയാള്‍ ഉസ്മാനി(റ)ന്റെ കാലത്താണ് ഇസ്ലാം സ്വീകരിച്ചത്‌. എന്നാല്‍ മുസ്ലിം സമൂഹത്തെ വഴിതെറ്റിക്കാനായിരുന്നു ആ കപട വിശ്വാസിയുടെ ശ്രമങ്ങളഖിലവും. ഉസ്മാന്‍(റ)ന്നെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ അയാള്‍ വിജയിച്ചു.

കലാപകാരികള്‍ ഉസ്മാനി(റ)ന്റെ വീട് വളഞ്ഞു. ഗാഫിഖി ഇരുമ്പുദണ്ഡുകൊണ്ട് ഖലീഫയുടെ തലക്കടിച്ചു. മുസ്വ് ഹഫ് കാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചു. മുസ്വ് ഹഫിലേക്ക് രക്തം ചാലിട്ടൊഴുകി. ഖലീഫ ബോധരഹിതനായി. അദ്ദേഹത്തിന്റെ വയറ്റിലേക്ക് കുത്തിയിറക്കാന്‍ ഊരിപ്പിടിച്ച വാളുമായി വന്ന തജീബിയെ നേരിട്ട പത്നിയുടെ കൈകള്‍ അറ്റുതൂങ്ങി. തജീബി ഉസ്മാന്റെ നെഞ്ചില്‍ ആഞ്ഞുവെട്ടി. ഉസ്മാന്‍(റ) വധിക്കപ്പെട്ടു! അന്ത്യശ്വാസം വലിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ നെഞ്ചില്‍ അംറുബ്നുൽ ഹമഖ് ഒമ്പതുതവണവെട്ടി. വെട്ടുമ്പോള്‍ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു : “ഇതില്‍ മൂന്നുവെട്ടുകള്‍ അല്ലാഹുവിന് വേണ്ടി. ആറെണ്ണം എന്റെയുള്ളില്‍ ഇക്കാലം വരെ പുകഞ്ഞുകൊണ്ടിരുന്ന ഉസ്മാനോടുള്ള ശത്രുത തീര്‍ക്കാന്‍…”ഉമൈറുബ്നു ളാമിഅ ഉസ്മാന്റെ ജഡത്തില്‍ ചാടിവീണ് വാരിയെല്ലുകള്‍ നുറുക്കി…(താരീഖുത്വബ്രി 6 :3046 -3048 )

നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങളെയും വീക്ഷണങ്ങളെയും ഊതിപ്പെരുപ്പിച്ച് നടന്നവര്‍ എത്ര വലിയ ദുരന്തമാണ് സമൂഹത്തിന് വരുത്തിവെച്ചത് എന്നതിന് ഈ ചരിത്രം സാക്ഷിയാണ്. തിന്മ പ്രവര്‍ത്തിക്കുന്നവരെ പ്രതിരോധിക്കുന്നത് നന്മാകൊണ്ടാവണം. നന്മ മാത്രമേ ആത്യന്തികമായി വിജയിക്കു. നമ്മുടെ മാര്‍ഗം അതായിരിക്കട്ടെ.

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

2 Thoughts

  1. sajitha nasar;; says:

    alhamdulillahh..valare upakara pradhamay ezuthukal…rabbu thunakkatte..jazakallahu khair..

    • Muhammed fazil says:

      Assalamualykum..ningal shabab vaarikayil eyuthiyirunna abdul vadood aano? aanenkil ippo lekhanagal kaanaarillalloo… iniyum ezhuthumo ?

2 Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

jgYS12


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam