ഈമാന്‍ ഒഴുക്കിനെതിരെയാണ്

ഒഴുകി നീങ്ങുന്ന വെള്ളത്തിലേക്ക്‌ ശവത്തെ എറിഞ്ഞാല്‍ അത് മനോഹരമായി നീന്തിനീങ്ങും. ഒഴുക്കിലൊഴുകാന്‍ ശവത്തെക്കൊണ്ടും സാധിക്കും. ഒഴുക്കിനെതിരെ നീന്താന്‍ ജീവന്‍ വേണം. കൂലം കുത്തിയൊഴുകുന്ന കാലപ്രവാഹത്തിലൂടെ അലസവും അലക്ഷ്യവുമായി നീങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ തിരിച്ചൊഴുകാന്‍ വലിയ പ്രയാസങ്ങളുണ്ട്. പൂത്തുനില്‍ക്കുന്ന പാപങ്ങളിലൂടെ പലരും ഒഴുകി നീങ്ങുന്നു. ഒട്ടും പ്രയാസമില്ലാത്ത പ്രവര്‍ത്തനം. എന്നാല്‍ തിന്മകളുടെ തീരാത്തിരകള്‍ക്കെതിരെ നീന്താന്‍ സത്യവിശ്വാസിക്ക്‌ കഴിയും. കാരണം, അവന്‍റെ ഉള്ളില്‍ അതിനുള്ള ഊക്കും ഊര്‍ജ്ജവും പകരുന്ന ഒരു ജീവനുണ്ട്. ആ ജീവന്‍റെ പേരാണ് ഈമാന്‍... തിന്മകള്‍ സമ്മതിക്കാത്ത ആവേശത്തിന്‍റെ പേരാണത്. കരിയില പാറിപ്പോവാന്‍ ഇളംകാറ്റ് മതി. കൊടുംകാറ്റടിച്ചാലും പാറിപ്പോവാത്ത പച്ചിലകളുണ്ട്. ഉറച്ച വേരും കാണ്ഡവുമുള്ള പച്ചിലകള്‍.. ഭക്തിയുടെയും വിശ്വാസത്തിന്‍റെയും വേരിലും കാണ്ഡത്തിലും തളിര്‍ത്തുവന്ന സത്യവിശ്വാസി ഏതു പേരമാരിയിലും കുതിരാതെ എത്ര കൊടുങ്കാറ്റിലും കെട്ടുപോകാതെ നിലയുറപ്പിക്കും.

കേടുകൂടാതെ ഈമാന്‍ സംരക്ഷിക്കാന്‍ അതീവ ദുഷ്കരമാണ് നമ്മുടെ കാലത്ത്. ശക്തി ക്ഷയിച്ചു, നിര്‍ജീവമായിത്തീര്‍ന്ന ഈമാന്‍ ആണ് പലര്‍ക്കും സ്വന്തമായുള്ളത്. ജീവിതവഴികളെയോ കര്‍മമണ്ഡലങ്ങളെയോ സ്വാധീനിക്കാത്ത കേവലം ധാരണകള്‍ മാത്രമാണ് ഈമാന്‍ എന്ന പേരില്‍ ഉള്ളില്‍ സൂക്ഷിക്കുന്നത്. ആവേശകരമായ സാന്നിധ്യമോ ആശ്വാസമാകുന്ന അനുഭവമോ അല്ല. അതിനാല്‍ ജീവിത യാഥാര്‍ത്യങ്ങള്‍ക്ക് മുന്നില്‍ വാടിപ്പോകുന്നു. കാരണം ഈമാന്‍ തളര്‍ന്നുറങ്ങുകയാണ്. ജീവസ്സുറ്റ ഈമാന്‍ അനുഭവിക്കുന്നവര്‍ ഒന്നിന് മുന്നിലും തോറ്റുപോകില്ല. ആര്‍ക്കു മുന്നിലും അടിയറവില്ലാത്ത ആത്മവീര്യമാണ്, ഈമാന്‍ അത്തരക്കാര്‍ക്കു പകര്‍ന്നു നല്‍കുന്നത്. സമ്പൂര്‍ണ്ണ ശോഭയോടെ സത്യവിശ്വാസത്തെ അനുഭവിക്കുന്ന ഈ അവസ്ഥയാണ് അല്ലാഹു ആവശ്യപ്പെടുന്നത്. കരുത്തും കൈമുതലുമായി കൂടെ കരുതുന്ന ഈമാന്‍, എത്രയും നിര്‍ഭയമായി ജീവിക്കാന്‍ കെല്‍പ്പു നല്‍കുന്ന ഈമാന്‍., കാല്‍വഴികളില്‍ കെടാവിളക്കായി നിറഞ്ഞുകത്തുന്ന ഈമാന്‍!.

ജീവിതത്തെ മലിനമുക്തമാക്കുന്ന ആന്തരികശുചിത്വത്തെ സംബന്ധിച്ച് ഇമാം ഗസ്സാലി പറയുന്നു : ” ശുചിത്വത്തിന് നാല് തട്ടുകളുണ്ട്. ഒന്ന്‍, ബാഹ്യശരീരം അഴുക്കില്‍ നിന്ന് ശുദ്ധമാവുക. രണ്ട്, അവയവങ്ങള്‍ പാപങ്ങളില്‍ നിന്നും ശുദ്ധമാവുക. മൂന്ന്‍, മനസ്സ് ദുസ്വഭാവങ്ങളില്‍ നിന്ന് ശുദ്ധമാവുക. നാല്, രഹസ്യ ജീവിതം അല്ലാഹു അല്ലാത്തവരില്‍ നിന്ന് ശുദ്ധമാവുക. അവസാനം പറഞ്ഞത് പ്രവാചകന്മാരുടെയും സ്വിദ്ദീഖീങ്ങളുടെയും
പദവി. താഴത്തെ പടി കടന്നാലേ മുകളിലത്തെ പടിയിലെത്തുകയുള്ളൂ. രഹസ്യ ജീവിതത്തിന്‍റെ ശുചിത്വത്തിന് മുന്‍പ് മനസ്സിന്‍റെ ശുചിത്വം വേണം. മാനസിക ശുചിത്വത്തിന് ബാഹ്യാവയവങ്ങള്‍ പാപങ്ങളില്‍ നിന്നു ശുദ്ധമായിരിക്കണം. ലക്ഷ്യം വലുതാകുമ്പോള്‍ അതിലേക്കുള്ള മാര്‍ഗം പ്രയാസമുള്ളതായിരിക്കും. അതിനാലത് എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യമല്ല. ശുചിത്വമെന്നാല്‍ ബാഹ്യശുചിത്വം മാത്രമാണെന്ന് ചിലര്‍ ധരിക്കും.
അതാകട്ടെ, വെറും പുറന്തോട് മാത്രമാണ്. പ്രധാന ഭാഗം അകത്താണ്. അതവര്‍ക്ക് കാര്യമല്ല. സമയം മുഴുവന്‍ ബാഹ്യാവയവങ്ങള്‍ വൃത്തിയാക്കുന്ന തിലാണവന്‍റെ ശ്രദ്ധ! എന്നാല്‍ മുന്‍ഗാമികള്‍ മനസ്സിന്‍റെ ശുചിത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. ഉമര്‍((റ) ക്രിസ്ത്യാനികളുടെ പാത്രത്തില്‍ വുദു ചെയ്തിട്ടുണ്ട്. മുന്‍ഗാമികള്‍ പള്ളിയില്‍ വെറും തറയില്‍ നമസ്കരിച്ചിട്ടുണ്ട്. അവര്‍ പ്രധാനമായും ആന്തരിക ശുദ്ധിയിലാണ് ശ്രദ്ധിച്ചത്. പിന്നീട് ഒരു കൂട്ടര്‍ വന്നു, അവര്‍ ശരീരഭാഗങ്ങള്‍ അലങ്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. മണവാട്ടിക്ക് കേശാലങ്കാരം നല്‍കുന്നത് പോലെയാണ്…” (ഇഹ് യാ ഉലുമിദ്ദീന്‍, പേജ് 35 )

ഉള്ളിന്‍റെയുള്ളില്‍ നിന്ന് തുടങ്ങുന്ന സംസ്ക്കരണമാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അത്തരമൊരു സംസ്ക്കരണം കൈവരുത്തുന്നത് ഈമാനാണ്. ഈമാനിന്‍റെ വജ്രശോഭ കൈവരിച്ച ഹൃദയം നന്മയോട്‌ അടുക്കുകയും തിന്മകളോട് അകലുകയും തിന്മകളോട് സമരത്തിലേര്‍പ്പെടുകയും ചെയ്യുന്നു.

ദ്രവിച്ചുപോവുന്നതാണ് ഈമാന്‍ എന്ന് ത്വബ്റാനി ഉദ്ധരിക്കുന്ന ഹദീസില്‍ തിരുനബി താക്കീത് നല്‍കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട വസ്ത്രം നുരുമ്പി നശിക്കുന്നതുപോലെ ഈമാനിന്‍റെ ശോഭ നഷ്ടപ്പെടാമെന്നും അവിടുന്ന്‍ മുന്നറിയിപ്പ് നല്‍കി. അവയവങ്ങളെയോ ചിന്തകളെയോ യാതൊരു നിലയ്ക്കും
സ്വാധീനിക്കാത്ത വിധം ഈമാനെ തിരസ്കരിക്കുമ്പോള്‍, പതുക്കെ അത് ശോഭ മങ്ങും. തൊലിയടര്‍ന്ന്‍ ഉപയോഗശൂന്യമാകും. കാലങ്ങള്‍ക്ക് ശേഷം നോക്കുമ്പോള്‍ അങ്ങനെയൊരു സാന്നിധ്യം ശൂന്യമായിട്ടുണ്ടാവും. ഇതാണ് റസൂലിന്‍റെ താക്കീത്. സ്വഫ് യാനുബ്നു അബ്ദില്ല(റ) നബി(സ)യോട് ഒരുപദേശം ചോദിച്ചു. റസൂല്‍ നല്‍കിയത് ഇത്രമാത്രം. “നീ പറയുക,ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. പിന്നെ നേരെ ചൊവ്വേ കഴിയുകയും ചെയ്യുക.” മുസ്ലിം ഉദ്ധരിച്ച ഈ ഹദീസ് ഈമാനിനെ സംബന്ധിച്ചുള്ള വിശകലനം ഉള്‍കൊള്ളുന്നുണ്ട്; രണ്ടുവാക്കിലൊതുങ്ങുന്നുവെങ്കിലും! ഇസ്തിഖാമത്തോടെയുള്ള ജീവിതം ഈമാനിന്‍റെ ഫലങ്ങളില്‍ പ്രധാനമാണ്. കള്ളങ്ങളില്ലാത്ത ജീവിതമാണ് ഇസ്തിഖാമത്ത്. വളവുതിരിവുകളില്ലാത്ത കര്‍മവഴി. വക്രതയും വളച്ചുകെട്ടുമില്ലാത്ത ഈമാനും ജീവിതവും നമുക്കിന്നു കാണാനുണ്ടോ?പ്രയാസമാണ്. ജീവിതം ഒരു വഴിക്കും ഈമാന്‍ മറ്റൊരു വഴിക്കുമാണ് സഞ്ചാരം. സംസാരത്തെയോ കര്‍മങ്ങളെയോ സ്വാധീനിക്കാത്ത വിധം ഈമാന്‍ ദ്രവിച്ചുപോയിരിക്കുന്നു. ആരാധനകളെ ഭക്തിയുടെ തെളിവായി പലരും ധരിച്ചിരിക്കുന്നു. സത്യത്തില്‍ അത് ശരിയാണോ? ഭക്തിയുടെ അടയാളമെന്നതിലുപരി, ഭക്തിയിലേക്കുള്ള മാര്‍ഗമല്ലേ ആരാധനകള്‍!.

നമ്മുടെ ഈമാന്‍ അനുഭൂതിയാവണം. “ഞാന്‍ കൊണ്ടുവന്നത് നിങ്ങളുടെ മനസ്സിന്‍റെ ഇഷ്ടമാകുന്നതുവരെ നിങ്ങളാരും വിശ്വാസികളാവുകയില്ല.” എന്ന്‍ നബി(സ)യുടെ ഒരു വചനമുണ്ട്. ” അല്ലാഹുവും അവന്‍റെ ദൂതരും മറ്റെല്ലാറ്റിനുമുപരി ഏറ്റവും ഇഷ്ടമാകുന്നതാണ് ഈമാനിന്‍റെ മധുരാനുഭവം” എന്നും അവിടുന്ന് പറയുന്നു. ദീന്‍ നമ്മുടെ മനസിന്‍റെ ഇഷ്ടമാകട്ടെ, അല്ലാഹുവും തിരുദൂതരും നമ്മുടെ ഏറ്റവും വലിയ സ്നേഹഭാജനങ്ങളാകട്ടെ! അങ്ങനെയാകുമ്പോള്‍ കൈവരുന്ന ഹൃദയസ്ഥിരതയും മനോധൈര്യവും വലുതാണ്.

കേടുവരുന്ന ഈമാനിനെ ആദിമ വിശുദ്ധിയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ്‌ ആരാധനകള്‍.. നിര്‍ദയമായ ആത്മവിചാരണയിലൂടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള അസുലഭവേളകള്‍.. പ്രിയപ്പെട്ടതെല്ലാം ത്യജിച്ചും ശരീരത്തെ മെരുക്കിയും മോഹങ്ങളെ വിലങ്ങണിയിച്ചും ജീവജലത്തോടുപോലും മുഖം തിരിച്ചും ശരീരത്തെ ഇണക്കി ആത്മാവിനെ പ്രകാശവത്താക്കിയ ഒരുമാസമാണ് വിടപറയുന്നത്. വാക്കുകളില്‍നിന്നും പ്രവര്‍ത്തികളില്‍ നിന്നും മാലിന്യം നീക്കിയ നോമ്പുകാലം ജീവിതത്തിലേക്കാകെ പരന്നൊഴുകട്ടെ.

18th May 12. Posted in അബ്ദുല്‍ വദൂദ്, സംസ്ക്കരണം.

View or Post Comments.