അക്രമത്തെ സൂക്ഷിക്കുക; പിശുക്കിനെയും

ജാബിറി(റ)ല്‍ നിന്ന്‍ നിവേദനം. റസൂലുല്ലാഹി(സ) പറഞ്ഞു: “അക്രമത്തെ നീ സൂക്ഷിക്കുക.തീര്‍ച്ചയായും അക്രമം അന്ത്യനാളിലെ ഇരുളുകളാകുന്നു. പിശുക്കിനെയും നിങ്ങള്‍ സൂക്ഷിക്കുക.തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് മുന്‍പുള്ളവരെ നാശത്തില്‍ അകപ്പെടുതിയ്ടുണ്ട്.”(മുസ്‌ലിം 32:6248)

രണ്ടു കാര്യങ്ങളിലൂടെ വന്നുചേര്‍ന്നേക്കാവുന്ന അപകടകരമായ അവസ്ഥയെ സൂചിപ്പിക്കുന്നതാണ് മുകളിലുദ്ധരിച്ച തിരുവചനം. ഒന്ന്‍ അക്രമവും മറ്റൊന്ന്‍ പിശുക്കുമാകുന്നു. അക്രമത്തെ പൂര്‍ണമായും വെടിയണമെന്നാണ് ഇസ്‌ലാം കല്പിക്കുന്നത്. അത് ഏതുവിധമായാലും (ശാരീരികവും മാനസികവും വൈയക്തികവും സാമൂഹികവും ബാഹ്യവും ആന്തരികവും സാമ്പത്തികവും സാമുദായികവും) അതൊരിക്കലും അംഗീകരിക്കാവുന്നതോ അനുവദിക്കാവുന്നതോ അല്ല. അതൊരു വിശ്വാസിയോടയാലും അവിശ്വാസിയോടായാലും അധര്‍മകാരിയോടായാലും അനുവദിക്കപ്പെടുന്നില്ല. ശത്രു പാളയത്തിലായാല്‍ അതിനംഗീകാരമില്ല.

ഖുദ്സിയായ ഒരു ഹദീസിന്‍റെ ആദ്യഭാഗം ഇപ്രകാരമാകുന്നു. അല്ലാഹു പറയുന്നു: “എന്‍റെ അടിമകളേ, അക്രമം എന്‍റെ മേല്‍ നിഷിദ്ധമായി കണക്കാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും ഞാനതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമിക്കരുത്” (മുസ്‌ലിം 32:6247). ഇബ്‌നുഉമറി(റ)ല്‍ നിന്നുള്ള മറ്റൊരു നിവേദനം ഇപ്രകാരമാകുന്നു.റസൂലുല്ലാഹി(സ) പറഞ്ഞു: “അക്രമം അന്ത്യനാളുകളിലെ ഇരുളുകളാകുന്നു.” (മുസ്‌ലിം 32:6249). ഈ ഇരുളുകള്‍ കൊണ്ടുദ്ദേശിക്കപ്പെടുന്നത് അന്ത്യനാളിലെ പ്രയാസങ്ങളും കഷ്ടതകളുമാകുന്നു.

അല്ലാഹു പറയുന്നു: ” ഞാന്‍ അടിമകളോട് അതിക്രമം കാണിക്കുന്നവനല്ല” (സൂറത്ത് ഖാഫ് 29).
“നിന്‍റെ നാഥന്‍ അടിമകളോട് അതിക്രമം പ്രവര്‍ത്തിക്കുന്നവനല്ല” (സൂറത്ത്‌ ഫുസ്സ്വിലത്ത് 46). ഈ പ്രപഞ്ചത്തെ അല്ലാഹു കുറ്റമറ്റ വിധം സംവിധാനിച്ചിരിക്കുന്നു. നീതിയും ക്രമവും അതില്‍ നിറഞ്ഞു  നില്‍ക്കുന്നു. ഇതെവിടെയും നമുക്ക് ദര്‍ശിക്കാം. ഏതൊരു വസ്തുവിന്‍റെയും നിലനില്പിന്നാധാരമായ ഈ സംവിധാനത്തെ അറിഞ്ഞംഗീകരിക്കേണ്ടവനാണ് മനുഷ്യന്‍.. അതിനെ ആദരിക്കേണ്ടവനും കാത്തുസൂക്ഷിക്കേണ്ടവനുമാണവന്‍... ഈ ക്രമവും സംവിധാനവും തന്‍റെ ജീവിതത്തില്‍ നീതിപൂര്‍വകമായി കാത്തുസൂക്ഷിക്കാതെ വരുമ്പോഴാണ് അവന്‍റെ കര്‍മധര്‍മങ്ങള്‍ അധര്‍മവും അനീതിയും അതിക്രമവുമായി പരിണമിക്കുന്നത്. പ്രകാശമാനമായിത്തീരേണ്ടിയിരുന്ന ജീവിതം അതോടെ ഇരുള്‍മുറ്റി കറുത്തിരുണ്ടതായിത്തീരുന്നു.

ക്രമം തെറ്റിയ ജീവിതം ഇരുള്‍ നിറഞ്ഞതാണ്. അതിന്‍റെ അന്ത്യം (പാരത്രിക ജീവിതം) സകല കഷ്ടതകളാലും കൂരിരുള്‍ മുറ്റിയതായിരിക്കും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

തുടര്‍ന്ന്‍ പ്രവാചകന്‍ പറയുന്നത് പിശുക്കിനെ സൂക്ഷിക്കണമെന്നാണ്. കാരണം അതുവഴി മുന്‍പുള്ളവര്‍ നാശത്തി ന്നിരയായിട്ടുണ്ട്. പിശുക്ക് രക്തചൊരിച്ചിലുകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. നന്മയുടെ വഴിയില്‍ നിന്നുമാറി തിന്മയുടെ മാര്‍ഗത്തിലൂടെ ചരിക്കാന്‍ അതിടയാക്കിയിട്ടുണ്ട്. ഒട്ടേറെ സ്വഭാവ വയ്കൃത്യങ്ങള്‍ അതുവഴി വന്നുചേര്‍ന്നിട്ടുണ്ട്. മനുഷ്യന്‍ സദ്‌വഴിയില്‍ ചിലവഴിക്കേണ്ടിയിരുന്ന പലതും പിശുക്കിനാല്‍ ദുര്‍വഴിയില്‍ ചെലവിടേണ്ടിവന്നിട്ടുണ്ട്. ധര്‍മാധര്‍മങ്ങളെ തിരിച്ചറിയാനുള്ള വിവേകം അത് നഷ്ടപ്പെടുത്തിയിട്ടുണ്ട്. എങ്കില്‍ പ്രവാചക വചനം എത്ര സത്യമാണ് ! അല്ലാഹു പറയുന്നു: “അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ നല്‍കിയതില്‍ പിശുക്ക് കാണിക്കുന്നവര്‍ തങ്ങള്‍ക്ക് അത് ഗുണകരമാനെന്നവര്‍ കരുതേണ്ടതില്ല. അതവര്‍ക്ക് നാശമാകുന്നു.”(ആലുഇമ്രാന്‍ :180 ) “പിശുക്കില്‍ നിന്നും സ്വത്വത്തെ കാത്തുസൂക്ഷിച്ചവരാരോ അവരാകുന്നു വിജയികള്‍ (അല്‍ഹശ്ര്‍ :9 ).

മൂന്നു കാര്യങ്ങള്‍ അപകടകരമാണെന്നെണ്ണിയ പ്രവാചകന്‍ അതില്‍ ഒന്നമതായെണ്ണുന്നത് പിശുക്കിനെയാണ് (ത്വബ്റാനി). ഒരു മനുഷ്യനെ നശിപ്പിക്കുന്നതില്‍ വലിയ സ്ഥാനം പിശുക്കിനാണെന്നാണ് പ്രവാചക ഭാഷ്യം (ബുഖാരി). അതിനാലാകാം പ്രവാചകന്‍ “അല്ലാഹുവേ , പിശുക്കില്‍നിന്നും ഞാന്‍ നിന്നോട് രക്ഷചോദിക്കുന്നു” എന്നുരുവിട്ടിരുന്നത് (ബുഖാരി 60:230). നാശകരങ്ങളായ സകലതില്‍ നിന്നും അല്ലാഹു നമുക്ക് രക്ഷ നല്‍കുമാറാകട്ടെ.

സഈദ് ഫാറൂഖി

22nd May 12. Posted in സഈദ് ഫാറൂഖി, സംസ്ക്കരണം, സ്വഭാവ ഗുണങ്ങള്‍.

View or Post Comments.