അല്ലാഹു സംസാരിക്കാത്ത മൂന്നാളുകള്‍

അബൂഹുറയ്റ(റ)ല്‍ നിന്ന്‍ നിവേദനം. റസൂലുല്ലാഹി(സ) പറഞ്ഞു: “മൂന്നാളുകള്‍. അന്ത്യനാളില്‍ അല്ലാഹു അവരുമായി സംസാരിക്കുകയില്ല, അവരെ നോക്കുകയില്ല, അവരെ ശുദ്ധീകരിക്കുകയില്ല. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടായിരിക്കും. ഒരാള്‍ മരുഭൂമിയില്‍ മിച്ചം വരുന്ന ജലവുമായി നില്‍ക്കുന്നു.വഴിയാത്രികനെ അതില്‍ നിന്നും തടയുന്നു. മറ്റൊരാള്‍ ഒരാള്‍ക്ക് വസ്തു വില്പന നടത്തുന്നു.താന്‍ ഇത്രയിത്ര വില നല്കിയാണിത് വാങ്ങിയതെന്ന്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്യുന്നു.അയാള്‍ ആ വിലക്കല്ല അത് വാങ്ങിയിരിക്കുന്നത്! മറ്റൊരാള്‍ നേതാവിന് ബൈഅത്ത് ചെയ്തു.ഭൗതിക താല്പര്യത്തിന്‍റെ പേരിലാണ് ബൈഅത്ത് ചെയ്തത്. അതില്‍ നിന്നെന്തെങ്കിലും ലഭിക്കുമ്പോള്‍ അയാള്‍ ആ ബൈഅത്ത് നിറവേറ്റുന്നു. ഭൗതികനേട്ടം ലഭിക്കാതെ വരുമ്പോള്‍ പിന്തുണ പൂര്‍ണ്ണമാക്കുന്നില്ല” (ബുഖാരി 94:7298).

മൂന്നാളുകളുടെ വിവിധ ചെയ്തികളെയാണ് ഉപരിസൂചിത തിരുവചനത്തില്‍ നാം കാണുന്നത്, മൂന്നും മൂന്നു തരത്തിലുള്ളതും തിന്മകള്‍ നിറഞ്ഞതുമാകുന്നു. അതിലൊന്ന് ദാഹജല നിഷേധമാണ്; അത് തന്നെയും അതിയായി അതിന് ആവശ്യമുള്ളപ്പോള്‍.. മരുഭൂമിയിലെ യാത്രക്കാരന്‍ ഏറ്റവും അധികം തനിക്കാവശ്യമായി കാണുന്നതും കരുതുന്നതും ദാഹജലമാണ്. അതുകൊണ്ടുതന്നെ അതൊരിക്കലും തടയപ്പെട്ടുകൂട. തന്‍റെ ആവശ്യം കഴിഞ്ഞു മിച്ചമുളതാണെങ്കില്‍ അതില്‍ നിന്നും മറ്റുള്ളവരെ തടയുന്നത് കൊടുംപാതകവും പാപവുമാണ്. ദാഹജലത്തിനാവശ്യമുള്ളവരാണ് നാമെല്ലാം. കൊടും വരള്‍ച്ചയും വറുതിയും ഈ വിഷയത്തില്‍ നാമനുഭവിക്കുന്നു.കടുത്ത വേനല്‍ നമ്മുടെ പ്രദേശമാകെ മരുഭൂസമാനമാക്കിയിട്ടുണ്ട്. ഇവിടെ
ദാഹജലം വേണ്ടുവോളം ഉള്ളവരും അത് തീരെ ഇല്ലാത്തവരുമുണ്ട്. ഈ നബിവചനത്തിലൂടെ നാളെ വരാനിരിക്കുന്ന കൊടിയ വിപത്തിനെക്കുറിച്ചാണ് പ്രവാചകന്‍ സൂചിപ്പിച്ചിരിക്കുന്നത്.സൂക്ഷ്മത കൈക്കൊള്ളാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ.

രണ്ടാമതായി പറഞ്ഞിരിക്കുന്നത് ഒരാള്‍ ഒരു വസ്തു മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ, വില്‍ക്കുന്നയാള്‍ തന്‍റെ സാധനത്തിനു നല്ലവില കിട്ടാനായി അല്ലാഹുവിനെ സാക്ഷിനിര്‍ത്തി നുണ പറയുകയാണ്‌:. “അല്ലാഹുവാണ് സത്യം, ഞാന്‍ ഇത് ഇത്രയിത്ര വില കൊടുത്താണ് വാങ്ങിയിരിക്കുന്നത്.” എന്നാല്‍ അയാള്‍ അത് ആ വിലക്കല്ല വാങ്ങിയിരിക്കുന്നത്. ഇവിടെ ഒരു വസ്തു ചെലവായിക്കിട്ടാന്‍ അയാള്‍ അസത്യത്തിന് അല്ലാഹുവിനെ കൂട്ടുപിടിക്കുകയാണ്. എന്നാല്‍ സത്യം പറയുകയും എനിക്കിത്ര കിട്ടണം എന്ന് ആവശ്യപ്പെടുകയും ചെയ്യാം. അതല്ലാതെ ലാഭേച്ഛയെ മുന്‍നിര്‍ത്തി നുണ പറയാവുന്നതല്ല. അതില്‍ ചതിയും വഞ്ചനയും അസത്യവും കുടികൊള്ളുന്നതോടൊപ്പം അല്ലാഹുവിനെ അതിന് വേണ്ടി സാക്ഷിയാക്കുക കൂടി ചെയ്യുന്നു. പ്രവാചകന്‍ മറ്റൊരിടത്ത്‌ ഇപ്രകാരമാണ് പറയുന്നത് : “ആവര്‍ത്തിച്ചുള്ള സത്യം ചെയ്യല്‍ ഒരു വസ്തു ചെലവാകാന്‍ സഹായകമായേക്കാം. പക്ഷെ,അത് കൊണ്ടുള്ള അനുഗ്രഹം തടയപ്പെടാന്‍ അതിടവരുത്തും.” ഒരു വിശ്വാസി തന്‍റെ വിശ്വാസ്യത പ്രകടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനെതിരു ചെയ്യുന്നത് എന്തുകൊണ്ടും കടുത്ത പാപമായാണ് അല്ലാഹു കാണുന്നത്. ആയതിനാല്‍ വല്ല വസ്തുവും വില്‍ക്കേണ്ടി വരുമ്പോള്‍ സത്യസന്ധത കൈവിടാതെ സൂക്ഷിക്കാന്‍ നാം പാടുപെട്ടു പരിശ്രമിക്കേണ്ടാതാകുന്നു. അല്ലാഹു നമ്മെ സഹായിക്കട്ടെ.

മൂന്നാമതായി പ്രവാചകന്‍((സ) പരാമര്‍ശിച്ചിരിക്കുന്നത് നേതാവിനോട് കൂറുപുലർത്താമെന്നേറ്റ ഒരാളെ സംബന്ധിച്ചാകുന്നു. അയാള്‍ ഭൗതികനേട്ടം കൈവരുമ്പോള്‍ നേതാവിന്‍റെ ഉറ്റ അനുയായിയും ഗുണകാംക്ഷിയുമായി പെരുമാറുന്നു. എന്നാല്‍ അതിലൊന്നും നേടാന്‍ സാധിക്കാതെ വരുമ്പോള്‍ നേതാവിന്നെതിരിലും ഗുണകാംക്ഷ നഷ്ടപ്പെടുത്തിയ വിധത്തിലും പെരുമാറുന്നു. എവിടെയും സ്വന്തമായ, സ്വാര്‍ഥമായ ഭൗതികനേട്ടങ്ങള്‍ മാത്രം. ഭൗതികതമാത്രം ഉന്നംവെച്ചുള്ള പിന്തുണയ്ക്കല്‍, അതിന്‍റെ ലഭ്യതയ്ക്കൊത്തുള്ള കൂറുകാണിക്കല്‍ അതൊന്നും ഒരു വിശ്വാസിക്ക് നിരക്കുന്നതായല്ല പ്രവാചകന്‍ കാണുന്നത്. അതുകൊണ്ടുതന്നെ അതിന്‍റെ അനന്തരഫലം അതികഠോരമാകുന്നു. അല്ലാഹു അവനിഷ്ടപ്പെട്ട രീതിയിലും സ്വഭാവത്തിലും അവന്‍ കാണിച്ചുതരുന്ന വഴികളിലും മുന്നോട്ടു പോകാന്‍ നമ്മെ സഹായിക്കട്ടെ. അവന്‍ പ്രവാചകനിലൂടെ കേള്‍പ്പിക്കുന്ന സദ്‌വചനങ്ങളെ അടുത്തറിഞ്ഞ് സദ്‌പ്രവര്‍ത്തിയിലൂടെ മുന്നേറാന്‍ നമുക്കവസരം നല്‍കുമാറാകട്ടെ; ആമീന്‍.

സഈദ് ഫാറൂഖി

15th May 12. Posted in സഈദ് ഫാറൂഖി, സാമൂഹ്യ ബാധ്യതകള്‍.

View or Post Comments.