രോഗിയെ സന്ദര്‍ശിക്കുക; അല്ലാഹുവിനെ ദര്‍ശിക്കുക

സാമൂഹിക ബാധ്യതകളാല്‍ ബന്ധിതമാണ് മനുഷ്യജീവിതം. അതില്‍ നിന്നൊഴിഞ്ഞിരിക്കുക എളുപ്പമല്ല. അതൊട്ടും അഭികാമ്യവുമല്ല. വിശ്വാസികള്‍ക്ക് ഈ വിഷയത്തില്‍ കൃത്യമായ മാര്‍ഗദര്‍ശനം നല്‍കപ്പെട്ടിട്ടുണ്ട്. നിര്‍വഹിക്കപ്പെടേണ്ട ഒട്ടേറെ സാമൂഹിക ബാധ്യതകളെ സംബന്ധിച്ച് പ്രവാചകന്‍((സ) നമുക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുറതെറ്റാതെ അത് പാലിക്കപ്പെടുമ്പോള്‍ ഒരുത്തമ സമൂഹം അതുവഴി രൂപപ്പെടുകയായി. ഇതാണല്ലോ പ്രവാചകന്‍((സ) തന്‍റെ ജീവിതം വഴി നമുക്ക് കാണിച്ചുതന്നത്.

ചെറുതും വലുതുമായ ഒട്ടേറെ സാമൂഹിക ബാധ്യതകളുണ്ട് നിര്‍വഹിക്കപ്പെടാന്‍. അതിലൊന്നാണ് രോഗികളെ സന്ദര്‍ശിക്കല്‍.. രോഗമെന്നത് ആര്‍ക്കും എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും ബാധിക്കാവുന്നതാണ്. മനുഷ്യന്‍ ഭയപ്പെടുന്ന പരീക്ഷണങ്ങളില്‍ ഒന്നാണത്. മാരകമായതും അല്ലാത്തതും ഇവയില്‍ പെടുന്നു. എന്തുതന്നെ എത്രതന്നെ ആയാലും ഏതൊരു രോഗിയും പരിഗണന അര്‍ഹിക്കുന്നവന്‍ തന്നെ. ആശ്വാസം ആശിക്കുന്നവനത്രേ രോഗി. അവനെ ആശ്വസിപ്പിക്കുക എന്നതാണ് സമൂഹത്തിന്റെ ബാധ്യത. ഇവ്വിഷയകമായ പ്രവാചക കല്പന നമുക്കിങ്ങനെ ഓര്‍ക്കാം. ബറാഉബ്നു ആസിബി(റ)ല്‍ നിന്ന്‍ നിവേദനം.അദ്ദേഹം പറഞ്ഞു: “ഏഴു കാര്യങ്ങള്‍ പ്രവാചകന്‍((സ) നമ്മോട് കല്പിച്ചു. അതിലൊന്നാമതായ് എണ്ണിയത് രോഗിയെ സന്ദര്‍ശിക്കുക എന്നതായിരുന്നു.”(ബുഖാരി 43:625)
ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഈ ഹദീസിന്‍റെ പൂര്‍ണ്ണരൂപം ഇവ്വിധമാണ്. ബറാഉബ്നു ആസിബി(റ)ല്‍ നിന്ന്‍ നിവേദനം.അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി(സ) ഞങ്ങളോട് കല്‍പ്പിച്ചു.”രോഗിയെ സന്ദര്‍ശിക്കണമെന്നും ജനാസയെ പിന്തുടരണമെന്നും തുമ്മിയവന് അനുഗ്രഹ പ്രാര്‍ത്ഥന നടത്തണമെന്നും അക്രമിക്കപ്പെട്ടവനെ സഹായിക്കണമെന്നും ക്ഷണിതാവ് ക്ഷണം സ്വീകരിക്കണമെന്നും ഓഹരി വെക്കുന്നവന്‍ നന്മ ചെയ്യണമെന്നും സലാം വ്യാപിപ്പിക്കണമെന്നും.” (മുസ്‌ലിം)

അബൂഹുറയ്റ(റ)ല്‍ നിന്ന്‍ നിവേദനം.റസൂലുല്ലാഹി(സ) പറഞ്ഞു: ഒരു മുസ്ലിമിനോട് മറ്റൊരു മുസ്ലിമിന് അഞ്ച് ബാധ്യതകളുണ്ട്. സലാം മടക്കുക,രോഗിയായാല്‍ സന്ദര്‍ശിക്കുക, ജനാസയെ പിന്തുടരുക, ക്ഷണം സ്വീകരിക്കുക, തുമ്മിയാല്‍ അനുഗ്രഹ പ്രാര്‍ത്ഥന നിര്‍വഹിക്കുക.” (ബുഖാരി,മുസ്‌ലിം).മറ്റൊരു നിവേദനത്തില്‍ ഇത് ആറെണ്ണമായിട്ടും എണ്ണിയിട്ടുണ്ട്.ഉപദേശമാരാഞ്ഞാല്‍ ഉപദേശിക്കുകയാണ് ആറാമത്തേത്.
അബൂമൂസ(റ)ല്‍ നിന്ന്‍ നിവേദനം.റസൂലുല്ലാഹി(സ) പറഞ്ഞു: “നിങ്ങള്‍ രോഗികളെ സന്ദര്‍ശിക്കുക.വിശക്കുന്നവന് ആഹാരം നല്‍കുക.”(ബുഖാരി)

ഉപരിസൂചിത തിരുവചനങ്ങളെല്ലാം ഊന്നിപ്പറയുന്ന ഒരു വിഷയം രോഗികളെ സന്ദര്‍ശിക്കണമെന്നതാണ്. അത് നമ്മുടെ സാമൂഹിക ബാധ്യതകളില്‍ പ്രഥമഗണനീയം തന്നെ.അതിനാലാകാം നാളെ പരലോകത്ത് വെച്ച്, സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കാത്തവരോടായ് അല്ലാഹു പരിഭവം പ്രകടിപ്പിക്കുമ്പോള്‍ അവിടെയും പ്രഥമപരിഗണന ഇതേ ബാധ്യതയ്ക്ക് തന്നെയാകുന്നു. അല്ലാഹു ചോദിക്കുന്നു: “ആദമിന്‍റെ മകനെ, ഞാന്‍ ഒരിക്കല്‍ രോഗിയായിരുന്നു, അപ്പോള്‍ നീ എന്ത് കൊണ്ട് എന്നെ സന്ദര്‍ശിച്ചില്ല. അയാള്‍ പറയും: എന്‍റെ നാഥാ, എങ്ങനെ നിന്നെ ഞാന്‍ രോഗ സന്ദര്‍ശനം നടത്തും! നീ സര്‍വലോകരക്ഷിതാവല്ലേ? അല്ലാഹു പറയും:അപ്പോള്‍ നീ അറിഞ്ഞില്ലേ. എന്‍റെ ഒരടിമ രോഗിയായിരുന്നു. എന്ത്കൊണ്ട് നീ അവനെ ചെന്നു കണ്ടില്ല? നീ അവനെ ചെന്ന് കണ്ടിരുന്നുവെങ്കില്‍ നിനക്ക് അവിടെ എന്നെ കാണാമായിരുന്നു.” (മുസ്‌ലിം 32:6232)

ഒട്ടേറെ പ്രതിഫലം ലഭിക്കുന്ന ഒരു ബാധ്യതാനിര്‍വഹണം കൂടിയാണിത്. ഒരിക്കല്‍ പ്രവാചകന്‍ ഇപ്രകാരമരുളി: “ഒരു മുസ്‌ലിം തന്‍റെ സഹോദരനായ മറ്റൊരു മുസ്ലിമിനെ രോഗവേളയില്‍ സന്ദര്‍ശിച്ചാല്‍ മടങ്ങി എത്തും വരേയ്ക്കും അയാള്‍ സ്വര്‍ഗീയ ഫലങ്ങളിലായിരിക്കും.”(മുസ്‌ലിം 32:6228). മറ്റൊരിക്കല്‍ പ്രവാചകന്‍ ഇവ്വിഷയകമായി അരുളിയതിപ്രകാരമാണ്:ഒരാള്‍ ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ ആകാശത്തുനിന്നും വിളിച്ചുപറയും. നീ നല്ലത് പ്രവര്‍ത്തിച്ചു. നിന്‍റെ പാദങ്ങള്‍ നന്മയിലായി. സ്വര്‍ഗത്തില്‍ നീ ഒരിടം കണ്ടെത്തി. മറ്റൊരു നിവേദനത്തില്‍ എണ്ണമറ്റ മലക്കുകളുടെ അനുഗ്രഹപ്രാര്‍ത്ഥനക്കയാള്‍ അവകാശിയാകും എന്നും വന്നിരിക്കുന്നു.

സഹോദരങ്ങളെ, രോഗം എപ്പോള്‍ നമ്മെ കീഴ്‌മേല്‍ മറിക്കും എന്ന് നമുക്കറിയില്ല. മാരകരോഗങ്ങളുടെ വാഹകരാണോ നാം? നമുക്കതറിയില്ല. ഇന്ന് നാം രോഗികളല്ല, അല്ലാഹുവിന് സ്തുതി. നാളെ നാം രോഗികളായേക്കാം. ഏതവസ്ഥയിലും അല്ലാഹുവിന് സ്തുതി. പക്ഷെ, രോഗികള്‍ നമുക്ക് ചുറ്റും ധാരാളമായിട്ടുണ്ട്. അവരെ ചെന്ന് കാണാന്‍, ആശ്വസിപ്പിക്കാന്‍, സഹായങ്ങള്‍ ചെയ്യാന്‍ ,സഹകരിക്കാന്‍ നമുക്കായാല്‍ അവിടങ്ങളില്‍ അല്ലാഹുവിനെ നമുക്ക് കാണാം. എങ്കില്‍ അവന്‍ നമ്മെ സഹായിക്കാതിരിക്കില്ല. മലക്കുകളുടെ അനുഗ്രഹ പ്രാര്‍ത്ഥന നമ്മുടെ മേല്‍ ഉണ്ടാകം. നാം സ്വര്‍ഗവഴികളിലുമാണ്. സന്മനസ്സുകളുടെ ഉടമകളാക്കി അല്ലാഹു നമ്മെ പരിവര്‍ത്തിപ്പിക്കുമാറാകട്ടെ.

സഈദ് ഫാറൂഖി

29th May 12. Posted in സഈദ് ഫാറൂഖി, സാമൂഹ്യ ബാധ്യതകള്‍, സ്വഭാവ ഗുണങ്ങള്‍.

View or Post Comments.