അക്കൗണ്ടില്‍ ഹറാമുണ്ടോ?

അപരിചിതനായ ഒരാള്‍ വീട്ടിലേക്ക്‌ വന്നു. പരിചയപ്പെടുത്തുന്നതിനും മുമ്പേ അയാള്‍ പറഞ്ഞു തുടങ്ങി: “നിങ്ങള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു കല്യാണത്തിന്‌ മാംസം വാങ്ങിയ കടയുടെ ഉടമസ്ഥനാണ്‌ ഞാന്‍.. കഴിഞ്ഞ മാസമാണ്‌ ഞങ്ങള്‍ ആ തുലാസ്‌ പരിശോധിച്ചത്‌.. അത്‌ നൂറുഗ്രാം കുറവായിട്ടാണ്‌ കാണിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക്‌ വലിയനിഷ്‌ടം സംഭവിച്ചിട്ടുണ്ടാകും. ആ പണം തിരിച്ചുതരാന്‍ വന്നതാണ്‌ ഞാന്‍.” മറുത്തൊന്നും പറയാന്‍ സമയംതരാതെ ഒരു കെട്ട്‌ സംഖ്യ കൈയില്‍ തന്ന്‌ അയാള്‍ നടന്നകന്നു. പിന്നെയാണ്‌ അറിഞ്ഞത്‌, മാംസം വാങ്ങിയ എല്ലാ വീടുകളിലും അയാള്‍ പണം തിരികെ എത്തിച്ച്‌, പിറ്റേ ദിവസം അയാള്‍ മരണപ്പെട്ടുവെന്ന്‌.

എത്ര സുന്ദരമായ മരണം! ഹറാമിന്‍റെ ഒരു കലര്‍പ്പുമില്ലാതെ സ്വയം ശുദ്ധീകരിച്ച്‌ നാഥനിലേക്ക്‌ തിരിച്ചു പോകുന്ന ആനന്ദകരമായ യാത്ര!

നിരന്തരം ശുദ്ധീകരിച്ച്‌, അഴുക്കെല്ലാം അളക്കിക്കളഞ്ഞ്‌ ജീവിക്കാനാണ്‌ അല്ലാഹുവിന്‍റെ കല്‌പന. കേടുകളൊന്നും ബാക്കിയാവാതെ ആത്മശുദ്ധിയോടെ ജീവിച്ച്‌ അവസാനം അത്ര തന്നെ ശുദ്ധിയോടെ തിരിച്ചുപോക്കുമാണ്‌ നാഥന്‍ നിര്‍ദേശിക്കുന്നത്‌. കൂടുതല്‍ തിന്മ വരാവുന്നതിനെ നാം കൂടുതല്‍ ശ്രദ്ധിക്കണം. “അറിയുക, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങള്‍ക്കൊരു പരീക്ഷണവസ്‌തു മാത്രമാണ്‌.. അല്ലാഹുവിങ്കലുള്ളതത്രെ ഏറ്റവും മഹത്തായ പ്രതിഫലം” (അന്‍ഫാല്‍ 28). പണം കൊണ്ട്‌ കേടുവന്നവര്‍ എത്രയുണ്ട്‌!? വേഗം ദുഷിപ്പിക്കുന്ന മാര്‍ഗമാണത്‌., അതിനാലാണ്‌. തിരുനബി(സ്വ) ഇങ്ങനെ താക്കീത്‌ ചെയ്‌തത്‌:, “നിശ്ചയം, എല്ലാ സമൂഹങ്ങള്‍ക്കും ഓരോ പരീക്ഷണ വസ്‌തുവുണ്ട്‌.. എന്‍റെ സമുദായത്തിന്‍റെ പരീക്ഷണ വസ്‌തു സമ്പത്താകുന്നു” (ഹാകിം 4:318).

വിശ്വാസത്തെയും ധാര്‍മിക ജീവിതത്തെയും നശിപ്പിച്ച്‌, അപകടത്തിലെത്തിക്കാന്‍ പണത്തിനു കഴിയും. ദാരിദ്ര്യത്തിന്‌ അങ്ങനെ കഴിയില്ല. അതിനാലാണ്‌ തിരുനബി(സ) ഇത്രകൂടി പറഞ്ഞത്‌. “അല്ലാഹു സത്യം, നിങ്ങള്‍ക്ക്‌ ദാരിദ്ര്യം വരുമോ എന്നല്ല ഞാന്‍ ഭയപ്പെടുന്നത്‌. നിങ്ങളുടെ മുന്‍ഗാമികള്‍ക്കുണ്ടായതുപോലുള്ള സാമ്പത്തിക അഭിവൃദ്ധി നിങ്ങള്‍ക്കുണ്ടാകുന്നതാണ്‌ എന്‍റെ ഭയം. അങ്ങനെ അവര്‍ പരസ്‌പരം മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കും. അവര്‍ നശിച്ചതു പോലെ നിങ്ങളും നശിക്കും” (മുസ്‌ലിം 42:7065).

മുസ്‌ലിം സൈന്യം ഇറാഖ്‌ ജയിച്ചടക്കിയ ശേഷം കുറേ സ്വര്‍ണാഭരണങ്ങലും പണപ്പെട്ടികളും ഖലീഫ ഉമറി(റ)ന്‍റെ മുന്നിലെത്തി. അദ്ദേഹം വിതുമ്പിക്കരയാന്‍ തുടങ്ങി. “അമീറുല്‍ മുഅ്‌മിനീന്‍, താങ്കളെന്തിനാണ്‌ കരയുന്നത്‌? അല്ലാഹു താങ്കള്‍ക്ക്‌ വിജയം നല്‍കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും അതുവഴി താങ്കളുടെ കണ്‍കുളിര്‍പ്പിക്കുകയുമല്ലേ ചെയ്‌തത്‌?” ഉമറി(റ)ന്‍റെ മറുപടി ഒരു താക്കീതായിരുന്നു. “പ്രവാചകന്‍((സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌., “ഏതൊരു സമൂഹത്തിനും ഐഹികലോകം തുറക്കപ്പെടുന്നുവോ, അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരേക്കും നീണ്ടുനില്‍ക്കുന്ന ശത്രുതയും പിണക്കവും ഉണ്ടാവാതിരിക്കില്ല. നമ്മുടെ കാര്യത്തില്‍ റസൂലി(സ)ന്‍റെ ഈ പ്രവചനം സത്യമായി പുലരുമോയെന്ന്‌ ഞാന്‍ ഭയപ്പെടുന്നു” (അഹ്‌മദ്‌ 1:116).

പണം കൊണ്ട്‌ ദുഷിക്കാത്ത ഒരാളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്‌, മിസ്‌അബുബ്‌നു ഉമൈര്‍((റ). ഇസ്‌ലാമിന്‍റെ വെളിച്ചം കണ്ടപ്പോള്‍, പണക്കൂമ്പാരങ്ങളെ പുറംകാലുകൊണ്ട്‌ തട്ടിമാറ്റി മഹത്വത്തിന്‍റെ മഹാചരിത്രം ബാക്കിയാക്കിയ മിസ്‌അബ്‌.)(റ)! സുഖത്തി##ന്റെ പുളകങ്ങളില്‍ നിന്ന്‌ ഭക്തിയുടെ ഔന്നിത്യങ്ങളിലേക്ക്‌! ഉഹ്‌ദില്‍ രക്തസാക്ഷിയായി കിടക്കുന്ന മിസ്‌അബിന്‍റെ ശരീരംനോക്കി, വിതുമ്പുന്ന ഹൃദയത്തോടെ തിരുനബി(സ) പറഞ്ഞു: “അല്ലയോ മിസ്‌അബ്‌, മക്കയില്‍വെച്ച്‌ നിന്നെ ഞാന്‍ കണ്ടിട്ടുണ്ട്‌., നിന്നെക്കാള്‍ മിനുസമുള്ള വസ്‌ത്രം ധരിക്കുന്നവരോ നിന്നെക്കാള്‍ മനോഹരമായ തലമുടിയുള്ളവരോ മക്കയില്‍ വേറെയുണ്ടായിരുന്നില്ല. ആ നീയാണിപ്പോള്‍ ഒരു പുതപ്പിനുള്ളില്‍ ജടകെട്ടിയ മുടിയുമായി കിടക്കുന്നത്‌!” (രിജാലുഹൗലര്‍റസൂല്‍ 53).

അബൂബക്‌ര്‍(((റ)ന്‌ ഭക്ഷണമെത്തിക്കുന്ന ഒരു ഭൃത്യനുണ്ടായിരുന്നു. അയാള്‍ ഒരു രാത്രി ഭക്ഷണവുമായി വന്നപ്പോള്‍, വേഗം അതുവാങ്ങി അബൂബക്‌ര്‍(((റ) ഭക്ഷിച്ചു. പിന്നെയാണ്‌ അയാള്‍ വിശദീകരിച്ചത്‌, ജാഹിലിയ്യാ കാലത്ത്‌ മന്ത്രിച്ചൂതികൊടുത്തതിന്‌ ഒരാള്‍ തന്ന സമ്മാനം ആയിരുന്നു ആ ഭക്ഷണമെന്ന്‌!(. ഇതുകേട്ടപ്പോള്‍ ഉടനെ കൈ വിരലുകള്‍ വായിലേക്കിട്ട്‌ കഴിച്ചതെല്ലാം പ്രയാസത്തോടെ ഛര്‍ദിച്ചുകളഞ്ഞശേഷം തിരുനബിയുടെ പ്രിയശിഷ്യന്‍ അബൂബക്‌ര്‍ സ്വിദ്ദീഖ്‌(((റ) പറഞ്ഞു: “എന്‍റെ ജീവന്‍ നഷ്‌ടപ്പെട്ടാലും എന്‍റെ വയറ്റില്‍നിന്ന്‌ ഈ ഹറാമായ ഭക്ഷണം ഞാന്‍ പുറത്ത്‌ കളയുകതന്നെ ചെയ്യും. ഈ ഭക്ഷണം കഴിച്ചത്‌ കാരണം ഞാന്‍ നരകാവകാശിയായിത്തീരുമോ എന്ന്‌ ഞാന്‍ പേടിക്കുന്നു!” (ഹില്‍യതുല്‍ ഔലിയാ 194)
നോക്കൂ. എത്രയായിരുന്നു അവരുടെ സൂക്ഷ്‌മത!

“കുറ്റകരമായ രീതിയില്‍ ഒരാള്‍ പണം സമ്പാദിക്കുകയും എന്നിട്ട്‌ അതുപയോഗിച്ച്‌ കുടുംബബന്ധം ചേര്‍ക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്‌താല്‍പോലും അന്ത്യനാളില്‍ അതെല്ലാം ഒരുമിച്ചുകൂട്ടി അല്ലാഹു അയാളെ നരകത്തിലെറിയും!” (അബൂദാവൂദ്‌, മറാസീല്‍ 117). ഈ മുന്നറിയിപ്പ്‌ നമ്മെ പേടിപ്പെടുത്തുന്നില്ലേ? നമ്മെ ആരൊക്കെ വഞ്ചിച്ചാലും നാമൊരാളെയും വഞ്ചിക്കരുത്‌.. (. വഞ്ചിച്ചും ചതിച്ചും നേടുന്ന പണം എത്ര ചെറുതാണെങ്കിലും അത്‌ നമ്മുടെ വരുമാനത്തില്‍ കലരരുത്‌.(. അതുകൊണ്ട്‌ നമ്മുടെ കുടുംബം പുലരരുത്‌-(. ഇതാണ്‌ തിരുറസൂലി(സ)ന്‍റെ ആഹ്വാനം. മുപ്പത്തിയാറു പ്രാവശ്യം വ്യഭിചാരത്തിലേര്‍പ്പെടുന്നതുപോലെ ഗൗരവമുള്ള തിന്മയാണ്‌ പലിശയിലൂടെ ലഭിക്കുന്ന ചെറിയപണം പോലുമെന്ന്‌ റസൂല്‍(((സ) പറഞ്ഞിട്ടുണ്ട്‌.(( ബൈഹക്വി, ശുഅബുഈമാന്‍ 5523)

പലിശയടക്കമുള്ള അവിഹിത വഴികള്‍ നരകത്തിലേക്കുള്ള എളുപ്പവഴിയാണ്‌(. അക്കൗണ്ടില്‍ ഹറാമുകള്‍ വരാതെ എല്ലാം ശുദ്ധമാക്കുക. കറകള്‍ കലരാതെ ജീവിക്കുക – എങ്കില്‍ നമുക്കുള്ളതാണ്‌ വിജയം.

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

kjDa


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam