ഖുര്‍ആന്‍ കൊണ്ട് സന്തോഷിക്കുക…

മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു). പറയുക:അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. (ഖുര്‍ആന്‍ (10 : 57, 58)

വിവിധങ്ങളായ അനുഗ്രഹങ്ങള്‍ നമുക്ക് അനുഭവപ്പെടുന്നു. നാം സന്തോഷിക്കുന്നു, ആഹ്ലാദിക്കുന്നു, അതില്‍ ആനന്ദം കണ്ടെത്തുന്നു. നേട്ടങ്ങള്‍ കൈവരുമ്പോള്‍, രോഗ മുക്തി വരുമ്പോള്‍, വിജയ വാര്‍ത്ത അറിയുമ്പോള്‍, വിവാഹ വേളകള്‍, ആഘോഷവേളകള്‍ അങ്ങനെ പലതു കൊണ്ടും…

സന്തോഷത്തിന്‍റെ ഒരു അവസരവും നാം നഷ്ടപ്പെടുത്താറില്ല. പരമാവധി ഉത്സാഹത്തോടെ നാം അതിനെ വരവേല്‍ക്കുന്നു. തികഞ്ഞ ആഹ്ലാദത്തോടെ നാം അതിനെ സ്വീകരിക്കുന്നു. അല്ലാഹുവിനു നന്ദി പറയുന്നു.
എന്നാല്‍ മുകളില്‍ പറഞ്ഞ സൂക്തങ്ങള്‍ വഴി നാം അനുഭവിക്കേണ്ട സന്തോഷം നമുക്കനുഭവപ്പെട്ടുവോ? പരിശുദ്ധ ഖുര്‍ആന്‍ വഴി നമുക്കനുഭപ്പെടെണ്ട ആനന്ദമാണത്; നമ്മുടെ നാഥന്‍റെ ഉപദേശം കേള്‍ക്കുക വഴി, നമ്മുടെ ഹൃദയങ്ങള്‍ക്ക് അനുഭവപ്പെടുന്ന ശമനശാന്തി വഴി, നമുക്കുള്ള കാരുണ്യവും സന്മാര്‍ഗവും വഴി, സര്‍വോപരി സകല സമ്പാദ്യങ്ങലെക്കളും ഉത്തമമായ സമ്പാദ്യം വഴി. ഇതിലൂടെ കൈവരുന്ന ആനന്ദാനുഭൂതി അര്‍ത്ഥപൂര്‍ണ്ണമാണ്.

അതിനെ കണ്ടെത്തുന്ന മനസ്സുകള്‍ ജ്ഞാനാസ്വാദനത്തിന്‍റെ പാരമ്യതയനുഭവിക്കും. വിജ്ഞാനകുതുകികള്‍ക്കനുഭവപ്പെടുന്ന ഈ ആഹ്ലാദതലം സകല സമ്പാദ്യങ്ങളെക്കാളും ഉത്തമമെത്രേ. ഇതിനെ പ്രബലപ്പെടുത്തുന്ന ഒരു നബി വചനം ഇപ്രകാരമാണ്: “നിങ്ങള്‍ സന്തോഷിച്ചു കൊള്ളുക. തീര്‍ച്ചയായും ഈ ഖുര്‍ആനിന്‍റെ ഒരറ്റം അല്ലാഹുവിന്‍റെ കൈയിലാകുന്നു. മറുതല നിങ്ങളുടെ കയ്യിലും ആണ്. നിങ്ങളതിനെ മുറുകെപ്പിടിക്കുക. നിങ്ങള്‍ വഴി പിഴച്ചു പോവുകയില്ല. (ത്വബ്റാനി)

ഖുര്‍ആനിനെ മുറുകെ പിടിക്കുക വഴി, അതിനെ പഠിക്കുക വഴി, ആനന്ദാനുഭൂതി അനുഭവിക്കാന്‍ പരമകാരുണ്യകന്‍ നമ്മെ അനുഗ്രഹിക്കട്ടെ. അവന്‍റെ ഔദാര്യവും കാരുണ്യവും നല്‍കി അവന്‍ നമ്മെ ഇഹത്തിലും പരത്തിലും സന്തോഷിപ്പിക്കുമാറാകട്ടെ.

സഈദ് ഫാറൂഖി


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

mfbOLb


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam