കവിയട്ടെ കണ്ണുനീര്‍

പള്ളിയുടെ മുകളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു പണ്ഡിതനായ ഹസനുല്‍ ബസ്വരി. ചെയ്തു പോയ തിന്മകളെക്കുറിച്ചും പരലോകവിചാരണയെക്കുറിച്ചും ഓര്‍ത്തു ഹൃദയം ലോലമാവുകയും കണ്ണുകള്‍ നിറഞ്ഞു കവിയുകയും ചെയ്തു. ഇടയ്ക്ക് താഴേക്കൊന്ന് നോക്കിയപ്പോള്‍ ഏതാനും കണ്ണീര്‍ തുള്ളികള്‍ അടര്‍ന്നു വീണു. താഴെ നില്‍ക്കുകയായിരുന്ന ആളുടെ വസ്ത്രത്തിലാണ് അത് പതിച്ചത്. മുകളിലേക്ക് നോക്കിയ അയാള്‍ ഹസനുല്‍ ബസ്വരിയെ വിളിച്ചു ചോദിച്ചു: “സഹോദരാ, ഈ വീണത്‌ ശുദ്ധിയുള്ള വെള്ളം തന്നെയാണോ?”

“പ്രിയസഹോദരാ, പോയി വസ്ത്രം കഴുകൂ. പാപിയായ മനുഷ്യന്‍റെ കണ്ണീരാണത്” ഹസനുല്‍ ബസ്വരി മറുപടി നല്‍കി. പൊടിപടലങ്ങള്‍ പതിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്പോള്‍, വീണ്ടും വീണ്ടും കഴുകിക്കളയുമ്പോള്‍ ലഭിക്കുന്ന ഒരു സുഖമുണ്ട്. ആനന്ദകരമായ അനുഭവമാണത്. അല്ലേ? തൗബ നല്‍കുന്ന ആനന്ദമതാണ്. തിന്മകളുടെ പൊടിയും പുകയുമേറ്റ് മുഷിഞ്ഞ മനസ്സിനെയും ജീവിതത്തെയാകെയും പശ്ചാത്താപത്തിന്‍റെ തെളിജലം കൊണ്ട് കഴുകിത്തുടക്കുമ്പോള്‍ ഹൃദയത്തില്‍ തുടിക്കുന്ന ഒരു സുഖമുണ്ട്. ആ സുഖത്തിലേക്ക് അല്ലാഹു നമ്മെ നിരന്തരം ക്ഷണിക്കുന്നു.

തിന്മകള്‍ വന്നുപോവാത്തവരല്ല വിശ്വാസികള്‍.. പക്ഷെ, അവരുടെ സവിശേഷത തൗബയാണ്. ചെയ്തുപോയ തിന്മയില്‍ പിന്നീടൊരിക്കലും അകപ്പെടാതെ ജാഗ്രത്താവുന്നവരാണ് അവരെന്ന് വിശുദ്ധ ഖുര്‍ആന്‍ (3: 135) പറയുന്നുണ്ട്. അപരാധങ്ങള്‍ ആവര്‍ത്തിക്കാത്തവര്‍!, തൗബയിലൂടെ തുടരെ തെള്ളിയുന്നവരാണവര്‍.. കറകളെയും കളങ്കങ്ങളെയും തുടച്ചുവെടിപ്പാക്കി സംശുദ്ധരാകുന്നവര്‍.. മസ്ജിദുന്നബവിയില്‍ നിന്നും നമസ്ക്കരിച്ചിറങ്ങവെ, പണ്ഡിതനായ ഇബ്രാഹീമുബ്നു അദ്ഹമിനോട് ചിലര്‍ ചോദിച്ചു: “ഞങ്ങള്‍ ധാരാളമായി പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുന്നില്ല. ഇതെന്തുകൊണ്ടാണ്?”

ഇബ്രാഹീമുബ്നു അദ്ഹം പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ട്, പക്ഷെ അവന് വഴിപ്പെടുന്നില്ല. നിങ്ങള്‍ പ്രവാചകനെ അംഗീകരിക്കുന്നുണ്ട്, പക്ഷെ അവിടുത്തെ പാത പിന്തുടരുന്നില്ല. ഖുര്‍ആന്‍ ഓതുന്നുണ്ട്‌., അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. സത്കര്‍മ്മികള്‍ക്ക് സ്വര്‍ഗ്ഗമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്, അത് നേടിയെടുക്കാന്‍ പരിശ്രമിക്കുന്നില്ല. ദുഷ്കര്‍മ്മികള്‍ക്ക് നരകമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. അതില്‍ നിന്ന് മുക്തിനേടാന്‍ ശ്രമിക്കുന്നില്ല. പിശാച് മനുഷ്യന്‍റെ ശത്രുവാണെന്ന് മനസ്സിലാക്കുന്നുണ്ട്, പക്ഷെ അവനെ ശത്രുവായി കാണുന്നതിനു പകരം മിത്രമായി സ്വീകരിക്കുന്നു. മരണം സുനിശ്ചിതമാണെന്ന് അറിയുന്നുണ്ട്, പക്ഷെ അതിന്‌ വേണ്ട തയാറെടുപ്പുകള്‍ നടത്താതിരിക്കുന്നു. മരിച്ച മാതാപിതാക്കളെയും മക്കളെയുമൊക്കെ ഖബറടക്കുന്നുണ്ട്, പക്ഷെ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല. സ്വന്തം തെറ്റുകളില്‍ നിന്നും പിന്മാറാതെയും അതില്‍ പശ്ചാതപിക്കാതെയും ജീവിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ചിക്കിപ്പരതുന്നു. പറയൂ, എങ്ങനെയാണ് അല്ലാഹു നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കുക?” (ഇമാം ഇബ്നുല്‍ ജൗസി സ്വിഫാതുസ്സ്വഫ് വയില്‍ ഉദ്ധരിച്ചത്)

ഇബ്രാഹീമുബ്നു അദ്ഹമിന്‍റെ വാക്കുകള്‍ നമ്മുടെ നെഞ്ചിലും തറയ്ക്കുന്നില്ലേ? ആത്മാര്‍ഥമായി ആലോചിച്ചു നോക്കൂ. നമ്മള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ നമ്മളെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ട്? തെറ്റ് ചെയ്ത സത്യവിശ്വാസി അലസനായി ജീവിക്കില്ല. ചെയ്ത തെറ്റ് ആ മനസ്സില്‍ മുറിവായി നോവും. തീയായി പടരും. കനലായി എരിയും. കണ്ണീരണിഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് വരെ, തൗബയിലൂടെ പുതിയ വിശുദ്ധിയിലേക്കു പ്രവേശിക്കുന്നത് വരെ ആ മനസ്സ് അസ്വസ്ഥമായിരിക്കും. ഈമാന്‍ ഉള്ളിലുണ്ട് എന്നതിന്‍റെ തെളിവാണ് അത്. എന്നാല്‍ എത്ര തെറ്റ്‌ ചെയ്താലും – അത് ചെറുതാവട്ടെ വലുതാവട്ടെ- ഹൃദയം പിടയുന്നില്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥം നമ്മുടെ ഈമാന്‍ കെട്ടുപോയിരിക്കുന്നുവെന്നാണ്.

ഒരു ചെറിയ പൊടി പടലം കൊണ്ട് ദോഷമില്ലെന്ന് നാം കരുതുന്നു. അത് തൂത്തു കളയാതിരിക്കുന്നു. പൊടി പടലങ്ങള്‍ വര്‍ധിക്കുന്നു. ചെറുത്‌ വലുതായി മാറുന്നു – മനോഹരമായിരുന്ന വസ്ത്രം മുഷിയുന്നു. രോഗം തുടങ്ങുന്നു! തിന്മകള്‍ ഒന്നും നിസ്സാരമല്ല. തിന്മയുടെ നേരിയ കീറുകള്‍ പോലും മനസ്സിനെ ദുഷിപ്പിക്കാം. “അത്രയൊന്നും കാര്യമാക്കാതെ, അല്ലാഹുവിനു ദേഷ്യമുണ്ടാക്കുന്ന ഒരു വാക്കുച്ചരിക്കുന്നതിലൂടെ ഒരാള്‍ നരകത്തില്‍ പതിച്ചേക്കാം” എന്ന് നബി(സ) താക്കീത് ചെയ്യുന്നുണ്ട്. (ബുഖാരി 8: 125)

തിന്മകളോടുള്ള സമരം അങ്ങേയറ്റം ദുഷ്ക്കരമാണ്. സ്വന്തത്തെ നിയന്ത്രിക്കാനാണ് പാട്. ശീലങ്ങളെയും മോഹങ്ങളെയും അനിയന്ത്രിതമായി വിട്ടയച്ചാല്‍ പരിണാമം ഭീതിതമായിരിക്കും. കവി പാടിയത് പോലെ: “മനസ്സ് കുഞ്ഞിളം പൈതലിനെപ്പോലെയാണ്. അതിനെ അശ്രദ്ധമായി വിട്ടയച്ചാല്‍ യുവാവായാലും മുലകുടി മാറ്റില്ല. ” മനസ്സിനെയും അവയവങ്ങളെയും വരുതിയിലാക്കാന്‍ തീവ്ര ശ്രമങ്ങള്‍ തന്നെ വേണ്ടി വരും. പ്രമുഖ താബിഈയായ അബ്ദുല്ലാഹിബ്നു അബീസകരിയ്യ അല്‍ ഖുസാഈ പറയുന്നു: എന്‍റെ നാവ്‌ നേരാം വണ്ണം വഴങ്ങാനും നന്നാവാനും ഇരുപതു വര്‍ഷമായി ഞാന്‍ അദ്ധ്വാനിക്കുന്നു”. താബിഈയായ ഫാഹിദു മുഹമ്മദു മുന്കദിര്‍ പറയുന്നു. “എന്‍റെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഞാന്‍ പാടുപെടുന്നു”.

തൗബയെന്നാല്‍ മടക്കമാണ്. അലസമായി നടന്നു നീങ്ങിയ മനുഷ്യന്‍ ഖേദത്തോടെ നടത്തുന്ന തിരിച്ചു നടത്തം. പറഞ്ഞു പോയ വാക്കിന്‍റെയും ചെയ്തു പോയ ദുര്‍വൃത്തിയുടെയും പേരില്‍ കരുണാ വാരിധിയിലേക്ക് കണ്ണീരണിഞ്ഞു നടത്തുന്ന തിരിച്ചൊഴുക്ക്. തൗബ യുടെ വിശുദ്ധിയിലേക്ക് നാം നടന്നടുക്കുക. ഉള്ളും പുറവും കളങ്കരഹിതമാക്കി മുന്നേറുക. കണ്ണീരണിഞ്ഞ് പ്രാര്‍ത്ഥിക്കുക. പാപങ്ങള്‍ വന്നുപോകാം. പാപ മോചനം നല്‍കുന്നത് അല്ലാഹുവിന്‍റെ മഹത്തായ സ്വഭാവഗുണമാണ്. രാവിലും പകലിലും അവന്‍ നമ്മുടെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ കൈകള്‍ നീട്ടിയിരിക്കുന്നു. സ്നേഹത്തോടെയും അങ്ങേയറ്റത്തെ അലിവോടെയും നീട്ടിയ ആ കൈകളിലേക്ക് നമ്മുടെ തൗബ എത്തുന്നുണ്ടോ? ഉള്ളിലേക്കുണര്‍ന്ന് ആലോചിച്ചു നോക്കുക.

‘അസ്തഗ്ഫിറുല്ലാഹ്, അല്ലദീ ലാ ഇലാഹ ഇല്ലാഹുവ അല്‍ ഹയ്യുല്‍ ഖയ്യൂം വ അതൂബു ഇലൈഹി’ എന്ന് ആരെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു അവന് പാപമോചനം നല്‍കും; പാപങ്ങള്‍ കടലിലെ നുരയോളമുണ്ടായാലും (അബൂ ദാവൂദ് 2:85 തിര്‍മിദി 5:569)

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

bdca


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam