നന്മകളൊന്നും നിസ്സാരമല്ല

കുറഞ്ഞ സമയം കൊണ്ട് തീരുന്ന ചെറിയ ജീവിതമാണ് നമ്മുടേത്‌. എപ്പോള്‍ എങ്ങനെ എന്ന് നിശ്ചയമില്ലെങ്കിലും തീര്‍ച്ചയായും നമ്മുടെ തിരിച്ചുപോക്കിന് കൃത്യമായ ഒരു സമയമുണ്ട്. എല്ലാ സന്തോഷങ്ങളോടും വിട ചോദിച്ച്, എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ച്, എല്ലാ ബന്ധങ്ങളെയും തിരസ്ക്കരിച്ചു നാം പോയേ പറ്റൂ. ഇത്രയും ചെറുതും നിസ്സാരവുമായ ജീവിതത്തില്‍ നമ്മുടെ മുന്നിലുള്ളത് കുറഞ്ഞ സമയമാണ്. സെക്കന്റുകളും നിമിഷങ്ങളും! ചെയ്യാവുന്ന നല്ല കാര്യങ്ങള്‍ ചെയ്യുക. ചെയ്യുന്നവയില്‍ ആത്മാര്‍ത്ഥതയുണ്ടാവുക – ഇത്രയുമായാല്‍ ജീവിതം വിജയകരമെന്ന് തീര്‍ച്ചപ്പെടുത്താം. വലിയ കാര്യങ്ങള്‍ കുറേയുണ്ട്, അതിലേറെ ചെറിയ കാര്യങ്ങളുമുണ്ട്. നിസ്സാരമെന്നു നാം ഗണിക്കുന്ന കാര്യങ്ങള്‍ ഒരു പക്ഷെ, മികച്ച പ്രതിഫലത്തിലേക്ക്‌ നമ്മെ നയിച്ചേക്കാം. അഥവാ ഒരു കാര്യവും നിസ്സാരമല്ല.

ബുഖാരി ഉദ്ധരിച്ച ഒരു ഹദീസ്: റസൂല്‍ തിരുമേനി (സ) പറയുന്നു: “അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിനു തൃപ്തികരമായ ഒരു കാര്യം ഉച്ചരിക്കുക വഴി അല്ലാഹു ഒരാളെ പല പടികളുയര്‍ത്തും.” നേരെ തിരിച്ചുള്ള കാര്യവും റസൂല്‍ താക്കീത് ചെയ്യുന്നുണ്ട്. ” “അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിനു ദേഷ്യമുണ്ടാക്കുന്ന ഒരു കാര്യം ഉച്ചരിക്കുക വഴി ഒരാള്‍ നരകത്തില്‍ പതിക്കുകയും ചെയ്യാം” (ബുഖാരി 8/125)

‘മിസ്ഖാലുദര്‍റതിന്‍’ എന്നാണു നന്മതിന്മകളുടെ അളവിന് അടയാളപ്പെടുത്താന്‍ ഖുര്‍ആന്‍ (99:7.8) പ്രയോഗിച്ചത്. ‘കുഞ്ഞുറുമ്പിന്‍റെ കാലിന്‍റെ കഷ്ണം’ തൂക്കമുള്ള അളവാണ് ‘മിസ്ഖാലുദര്‍റതിന്‍’ എന്ന് ചില തഫ്സീറുകളില്‍ കാണാം. അഥവാ അത്രയും നിസ്സാരമായ അളവ്‌ നന്മയോ തിന്മയോ പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം അള്ളാഹു തരിക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ ഈ വചനം നമ്മെ അങ്ങേയറ്റം ജാഗരൂഗരാക്കേണ്ടതില്ലേ? നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിമിഷങ്ങളെ തിന്മകളില്‍ നിന്നൊഴിഞ്ഞും നന്മകളില്‍ കഴിഞ്ഞും ഗുണപരമായി വിനിയോഗിക്കാന്‍ നമ്മെ ഉത്സുകരാക്കേണ്ടതില്ലേ?

നന്മകളില്‍ നിന്നൊന്നിനെയും ചെറുതായി കാണാതിരിക്കല്‍ തന്നെ ഒരു നന്മയാണ്. അബൂദര്‍റില്‍ ഗിഫാരി (റ) ഒരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യമേതാണെന്ന് നബി തിരുമേനി(സ) യോട് ചോദിച്ചു: ‘അല്ലാഹുവില്‍ വിശ്വസിക്കലും അവന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യലുമാണ്’. നബി തിരുമേനി(സ) യുടെ ഈ മറുപടി കേട്ടപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു: ‘ഏത് തരത്തിലുള്ള അടിമയെ മോചിപ്പിക്കുന്നതാണ് ഉത്തമം?’ ‘വില കൂടിയതും യജമാനന്മാരുടെ മേല്‍നോട്ടത്തില്‍ ഉത്തമരുമായ അടിമകളെ’. ‘ഇത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം?’ ‘എങ്കില്‍ വല്ല ജോലിയും ചെയ്യുന്നവനെ സഹായിക്കുക, അല്ലെങ്കില്‍ തന്‍റെ ജോലി ന ന്നായി ചെയ്യാന്‍ കഴിയാത്തവന് അത് ചെയ്തു കൊടുക്കുക”ഇതും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ?’ ‘എങ്കില്‍ ആളുകളെ വിഷമിപ്പിക്കാതിരിക്കുക. അത് നിനക്ക് പ്രതിഫലം നല്‍കുന്ന ധര്‍മ്മമാണ്’. ഹദീസിന്‍റെ അവസാനം ശ്രദ്ധിക്കുക. ഒരു കര്‍മവും ചെയ്യാതിരിക്കുന്ന സമയം പോലും പ്രതിഫലാര്‍ഹമാകുന്ന സന്ദര്‍ഭം! ആര്‍ക്കും ഉപദ്രവം വരുത്താതെ ജീവിക്കുക.

‘ഒരു നന്മയെയും നിസ്സാരമാക്കരുത്’ എന്ന ആമുഖത്തോടെയാണ്, സഹോദരനെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നത് നന്മയാണ് എന്ന് റസൂല്‍ (സ) പറയുന്നത്. ‘നിന്‍റെ തൊട്ടിയിലെ വെള്ളം സഹോദരന്‍റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുന്നതും പുണ്യമാണ്’ എന്ന ഉപദേശത്തോടെയാണ് ആ ഹദീസ് അവസാനിക്കുന്നത്. ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസ്: റസൂല്‍ (സ) തിരുമേനി പറയുന്നു: ‘രണ്ടു പേര്‍ക്കിടയില്‍ നീതി കാണിക്കുന്നത് പുണ്യമാണ്. നിങ്ങളുടെ വാഹനത്തില്‍ ഒരാളെ കയറ്റുകയോ അയാളുടെ ഭാരം കയറ്റുകയോ ചെയ്യുന്നതും പുണ്യമാണ്. നമസ്ക്കാരത്തിനു വേണ്ടി നിങ്ങള്‍ നടക്കുന്ന ഓരോ കാലടിയിലും പുണ്യമുണ്ട്. വഴിയില്‍ നിന്നും ഉപദ്രവം നീക്കുന്നതും പുണ്യമാണ്’.

അത്രയൊന്നും കാര്യമാക്കാതെ നാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ക്ക് ഗുണമോ ദോഷമോ വരുത്തിയ അനുഭവങ്ങള്‍ പലതുമുണ്ടല്ലോ? ഒരു സമ്മേളനസമയത്ത് നടത്തിയ വാഹന പ്രചാരണത്തില്‍ നിന്ന് റഷീദ് എന്ന സഹോദരന് കിട്ടിയ ലഘുലേഖയാണ് കോട്ടയം ജില്ലയില്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന് കാരണമായത്‌. നമ്മള്‍ നല്‍കുന്ന ഒരു കേസറ്റ്, സിഡി, പുസ്തകം, ലഘുലേഖ എത്രയോ പേര്‍ക്ക്, അല്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും ജീവിതത്തില്‍ വലിയ മാറ്റത്തിന്‍റെ ചെറിയ കാരണമായേക്കാം.

ഈ വരികള്‍ എഴുതുമ്പോള്‍ ഞാനോര്‍ക്കുന്നു; ഞാന്‍ അറിയാത്ത, എന്നെ അറിയാത്ത പല ദിക്കുകളിലുള്ള എത്രയോ പേര്‍ ഇത് വായിക്കും. അവര്‍ക്കെല്ലാം ചെറിയ ഒരു പ്രേരണയെങ്കിലും ഈ കുറിപ്പില്‍ നിന്നും കിട്ടിയേക്കാം. അങ്ങനെ ആകണേ എന്നാണ് പ്രാര്‍ത്ഥന. നമ്മള്‍ കാണാത്ത ഫലങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അള്ളാഹു ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തന വേളയിലെ മനസ്സിന്‍റെ ഉദ്ദേശം ഏറെ പ്രധാനമാണ്. അള്ളാഹു തൂക്കി നോക്കുന്നത് അതാണ്‌. അവന്‍റെ നോട്ടം അതിലേക്കാണ്.

അബൂമൂസല്‍ അശ്അരിയില്‍ നിന്ന് മുസ്ലിം ഉദ്ദരിക്കുന്ന ഹദീസ്. റസൂല്‍ (സ) തിരുമേനി പറഞ്ഞു: “ദാനം ചെയ്യുന്നത് ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്‌”. അപ്പോള്‍ അദ്ദേഹം ചോദിച്ചു. “ഒരാളുടെ കൈയില്‍ ധനമില്ലെങ്കിലോ?” “അവന്‍ അധ്വാനിച്ചു സമ്പാദിക്കുകയും അതില്‍ നിന്ന് ഉപയോഗിക്കുകയും ദരിദ്രര്‍ക്ക് നല്‍കുകയും ചെയ്യട്ടെ”. “അയാള്‍ക്ക്‌ അതിനും കഴിയില്ലെങ്കിലോ?”- “വിഷമാവസ്ഥയില്‍ കഴിയുന്ന ഏതെങ്കിലും പാവപ്പെട്ടവനെ സഹായിക്കട്ടെ”. “അയാള്‍ക്ക്‌ അതിനും കഴിഞ്ഞില്ലെങ്കിലോ? “അവന്‍ ആളുകള്‍ക്ക് ഉപദ്രവം ചെയ്യതിരിക്കട്ടെ. അതും പുണ്യമാണ്”

ചെറിയ ജീവിതം, കുറഞ്ഞ സമയം. നന്മകള്‍ ചെയ്യാന്‍ ധാരാളം അവസരങ്ങള്‍ . തിന്മകള്‍ ചെയ്യാനും കുറെ അവസരങ്ങള്‍ . എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാം. സദ്‌കര്‍മങ്ങള്‍ കൊണ്ട് നമ്മുടെ തുലാസ് തൂങ്ങട്ടെ. ‘ജന്മം കൊണ്ടെന്തു ചെയ്തു’ എന്ന അല്ലാഹുവിന്‍റെ ചോദ്യത്തിന് ധൈര്യപൂര്‍വ്വം മറുപടി പറയാന്‍ നമുക്കെന്തെങ്കിലും വേണ്ടേ? കര്‍മങ്ങള്‍ പൂത്തുലയട്ടെ! പ്രതിഫലം കാത്തിരിക്കുന്നു.

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

One Thought

  1. sajitha nasar says:

    aameen…..jazakallahu kahir..iniyum oru padu ezuthukal pratheekshikkunnu..rabbu thuanakkatte……massalamaa

One Thought

നിങ്ങളുടെ അഭിപ്രായങ്ങള്‍!

6hCMwu


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam