പലസ്തീനിനു വേണ്ടി ഒരു ജൂത വനിതയുടെ പോരാട്ടം…

ഏപ്രില്‍ 19, 2002- ജെന്നിഫെര്‍ ലോവേന്‍സ്റ്റീനിനു ഞെട്ടിയുണര്‍ത്തുന്ന ഭീകര സ്വപ്നം ആയിരുന്നു അത്! അവിശ്വസീനതയോടെ, ഭീതിയോടെ, നിശബ്ദമായി ആ ക്യാമ്പിന്‍റെ ഒരു മൂലയില്‍ അവള്‍ നിന്നു. വിലാപങ്ങളുടെ അലയൊലികള്‍ ശ്രവിച്ചുകൊണ്ട് , മെഡിക്കല്‍ പ്രവര്‍ത്തകര്‍ പുതപ്പിച്ചു കിടത്തുന്ന മൃതശരീരങ്ങളെ നോക്കി അങ്ങനെ. വെള്ളപുതപ്പിച്ച മൃതശരീരങ്ങള്‍ ഒരു പിക്കപ്പ് ട്രക്കില്‍ നിറച്ചുകൊണ്ടിരിക്കുന്നു. “ഒരിക്കലും മറക്കില്ല ഞാന്‍ ആ ദിവസം”, ലോവേന്‍സ്റ്റീന്‍ ഓര്‍മ്മിക്കുന്നു. “രണ്ടു ദിനങ്ങള്‍ ഞാന്‍ ആ ക്യാമ്പില്‍ ചിലവഴിച്ചു. ഒരു കൂട്ടം ആളുകളുടെ പൂര്‍വ്വജീവിതത്തിന്‍റെ നഷ്ടാവശിഷ്ഠങ്ങളിലൂടെ, ദുര്യോഗത്തില്‍ നശിക്കാതെ എന്തെങ്കിലും ശേഷിപ്പുണ്ടോ എന്ന് തിരഞ്ഞു നടക്കുന്ന കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ !

വടക്കേ പലസ്തീന്‍ പട്ടണമായ ജെനിനില്‍ ആയിരുന്നു ലോവേന്‍സ്റ്റീന്‍.

അതിനു മുമ്പുള്ള രണ്ടു വര്‍ഷക്കാലം, ഗാസയിലെ മനുഷ്യാവകാശ സംഘടനയായ മീസനില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്നു അവര്‍ . ആ കാലത്ത് റാഫയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന സുഹൃത്തുക്കളെ അവര്‍ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിച്ചു കൊണ്ടിരുന്നു. അക്കാലത്താണ് റഫാ ക്യാമ്പിനെ കൂടുതല്‍ അടുത്തറിയാന്‍ അവര്‍ക്ക് സാധിച്ചത്. തുടര്‍ന്ന് 2002 വര്ഷം ഡിസംബര്‍ മാസത്തില്‍ ‘മാഡിസണ്‍ – റാഫ സിസ്റ്റര്‍ സിറ്റി പ്രൊജക്റ്റ്‌’ ആരഭിക്കുകയും ചെയ്തു.

എന്നാല്‍ , പലസ്തീന്‍ ജനതയുടെ ദൗര്‍ഭാഗ്യാവസ്ഥയില്‍ സഹായഹസ്തമാകാനുള്ള ലോവേന്‍സ്റ്റീനിന്‍റെ തീരുമാനം അത്ര നിഷ്‌പ്രയാസം സാധ്യമാകുന്ന ഒന്നായിരുന്നില്ല. ‘ഭീകരവാദികളുടെ രക്ഷക’, ‘സ്വയം വെറുക്കുന്ന ജൂത’ (മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കുന്നതിന്‍റെ പേരില്‍ സ്വയം വെറുക്കുന്ന ഒരു മനുഷ്യന്‍ എന്ന് വിളിക്കുന്നത്‌ പോലെ പരിഹാസ്യമായ ഒരു പദ പ്രയോഗമായിട്ടേ അവര്‍ ഇതിനെ കാണുന്നുള്ളൂ) എന്നൊക്കെ മുദ്രകുത്തി അന്ന് തൊട്ട് സ്വന്തം സമുദായം അവരെ ഒറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട്, ഒരു വേള സ്വയം തിരിച്ചറിയാതെ പോയിരുന്ന അനീതിക്കെതിരെയുള്ള അവരുടെ സമരം തുടര്‍ന്നുകൊണ്ടിരുന്നു.

“വളരെ വര്‍ഷങ്ങളോളം, പലസ്തീന്‍ നിവാസികളുടെ നിര്‍ഭാഗ്യകരമായ ജീവിതത്തെക്കുറിച്ച് അജ്ഞയായിരുന്നു ഞാന്‍ ”
ലോവേന്‍സ്റ്റീന്‍ പറയുന്നു.
“ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയില്‍ ബിരുദത്തിനു ചേരുന്നതു വരെ, അറബികളെക്കുറിച്ച് ഇസ്രയേല്‍ ഞങ്ങളെ പഠിപ്പിച്ച അറിവിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ മുതിര്‍ന്നിരുന്നില്ല.”

ഒരു മതേതര ജൂത കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും, വളരെ ചെറുപ്പത്തിലേ ഇസ്രായേല്‍ അനുഭാവം അവരുടെ മനസ്സില്‍ വേരുറപ്പിച്ചിരുന്നു. അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു ആ ദിവസം. അവര്‍ക്കേറ്റവും പ്രിയപ്പെട്ട വസ്ത്രം, ഇസ്രായേലിലെ ബന്ധുവിന് വേണ്ടി ഒരു മടിയും കൂടാതെ ദാനമായി അയച്ചു കൊടുത്തത്. വെറും ആറ് വയസ്സായിരുന്നു അവരുടെ അപ്പോഴത്തെ പ്രായം.

അവരുടെ മാതാപിതാക്കള്‍ ‘തികഞ്ഞ സയണിസ്റ്റുകള്‍ ‘ ആയിരുന്നില്ലെങ്കിലും അവരുടെ ഇസ്രയേല്‍ ഭക്തി വളരെ ശക്തം തന്നെയായിരുന്നു. എന്നിരുന്നാലും യഹൂദമതത്തിനോടോ ഇസ്രായേലിനോടോ ഉള്ളതിനേക്കാള്‍ എത്രയോ മടങ്ങ്‌ ‘സമാധാനത്തോട്‌ ‘ ആയിരുന്നു അവര്‍ക്ക് പ്രതിപത്തി.

“ഒരിക്കല്‍ ക്രിസ്മസ് / ഹനുക്ക ഉത്സവ സമയത്ത് ഞങ്ങള്‍ രണ്ടും ആഘോഷിക്കാതെ മാറിനിന്നു.” ലോവേന്‍സ്റ്റീന്‍ ഓര്‍ക്കുന്നു. പകരം ‘സമാധാന വൃക്ഷം’ ഉണ്ടാക്കി ഞങ്ങള്‍ ‘സമാധാനത്തിനു വേണ്ടിയുള്ള പ്രതീക്ഷ’ ആഘോഷിച്ചു.

സമാധാനത്തിനായുള്ള അവരുടെ അമ്മയുടെ സ്വപ്നത്തിനു പ്രതീക്ഷ നല്‍കുന്നതായിരുന്നു പൗരാവകാശത്തിനായുള്ള അവരുടെ പോരാട്ടങ്ങള്‍ . മാര്‍ട്ടിന്‍ ലുതെര്‍കിംഗ് വധിക്കപ്പെട്ട ദിനം ലോവേന്‍സ്റ്റീനിനെ സംബന്ധിച്ചെടത്തോളം ഒരിക്കലും മറക്കാനാവാത്തതാണ്. കാരണം ലോവേന്‍സ്റ്റീനിന്‍റെ അമ്മക്ക് വളരെയധികം മനഃക്ലേശം ഉണ്ടാക്കിയ സംഭവമായിരുന്നു അത്. വളരെ ചെറുപ്പത്തിലേ ഉണ്ടായ ഈ പൗരാവകാശ അവബോധമാണ് ലോവേന്‍സ്റ്റീന്‍ തന്‍റെ കൗമാരത്തിലേക്കും തുടര്‍ന്ന് ജെറൂസലേമിലേക്കും കൂടെ കൂട്ടിയത്.

1981ല്‍ ഒരു സെമെസ്റ്റര്‍ നീടുനില്‍ക്കുന്ന വിദേശ പഠന പ്രോഗ്രാമിനായി അവര്‍ ഇസ്രയേലില്‍ എത്തി. ഈ കാലയളവിലാണ്, അവര്‍ അതുവരെ അറിഞ്ഞതില്‍ നിന്നും വിഭിന്നമായ ഒരു ലോകം അവര്‍ക്ക് മുമ്പില്‍ അനാച്ഛാദനം ചെയ്യപ്പെട്ടത്‌. ഒരു ദിവസം, ഗാസയിലേക്കുള്ള യാത്രക്കിടെ ടൂര്‍ ഗൈടിന്‍റെ വിവരണങ്ങള്‍ക്കു കാതോര്‍ക്കാതെ, അവര്‍ ബസിന്‍റെ പിന്‍സീറ്റിലിരുന്നു പുറം കാഴ്ചകള്‍ വീക്ഷിച്ചു. “ആയിരക്കണക്കിനു ജനങ്ങള്‍ കൂടാരങ്ങളിലും താല്‍ക്കാലിക കുടിലുകളിലും ജീവിക്കുന്നത്” നിറഞ്ഞ വിസ്മയത്തോടെ അവര്‍ കണ്ടെത്തി.

“ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഞാന്‍ ദാരിദ്ര്യത്തിന്‍റെ ഇത്രയും ദയനീയമായ കാഴ്ച്ചകള്‍ കാണുന്നത്. ജീവിതത്തില്‍ ആദ്യമായി അധിനിവേശം എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ഞാന്‍ ഉള്ളറിഞ്ഞ് മനസ്സിലാക്കി.”

“മൂന്നു കുഞ്ഞുങ്ങളുടെ കൂടെ തലയില്‍ ഒരു പാത്രം നിറയെ വെള്ളവുമേന്തി നടന്നു പോകുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു. അവളെയും കുഞ്ഞുങ്ങളെയും സാകൂതം നിരീക്ഷിക്കുന്ന ഒരു പട്ടാളക്കാരനും. അയാളുടെ തോളില്‍ തൂങ്ങിയാടുന്ന ഒരു തോക്കും ഉണ്ടായിരുന്നു.”

ആ നിമിഷത്തിലാണ് ‘അതിദാരുണമായ ഏതോ അന്യായം’ അവിടെ നടക്കുന്നുണ്ടെന്ന് ലോവേന്‍സ്റ്റീന്‍ ആദ്യമായി തിരിച്ചറിഞ്ഞത്. പക്ഷെ ഇതൊന്നും 2002 ഏപ്രില്‍ മാസം മുന്നില്‍ കാണേണ്ടിവന്ന ദുരന്തത്തെ നേരിടാന്‍ അവരെ സജ്ജമാക്കിയിരുന്നില്ല. ഇസ്രയേല്‍ കൊള്ളയുടെ പിറ്റേന്നാള്‍ ജെനിന്‍ മേഖലയിലെ തകര്‍ന്നടിഞ്ഞ റഫാ അഭയാര്‍ഥി ക്യാമ്പില്‍ എത്താന്‍ കഴിഞ്ഞ അപൂര്‍വ്വം ചിലരില്‍ – വിരലില്‍ എണ്ണാവുന്ന അമേരിക്കക്കാരില്‍ – ഒരാളെത്രേ ലോവേന്‍സ്റ്റീന്‍.

“ക്യാമ്പിലേക്ക് എത്തപ്പെട്ട എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. ഞാന്‍ ആകെ തകര്‍ന്നു പോയി. പതിമൂവ്വായിരം ആളുകള്‍ക്ക് അവരുടെ പാര്‍പ്പിടം നഷ്ടപ്പെട്ടിരിക്കുന്നു.” ലോവേന്‍സ്റ്റീന്‍ വിശദീകരിക്കുന്നു. “തിരിച്ചറിയാന്‍ പറ്റാത്തവിധം ആ ക്യാമ്പ്‌ നശിപ്പിച്ചിരിക്കുന്നു. പൊടിയും ചരലുമാകുന്ന ഒരു ചെറിയ കൂമ്പാരമായി ആ പ്രദേശം നിരത്തപ്പെട്ടിരുന്നു. മരണത്തിന്‍റെ ഗന്ധമായിരുന്നു എല്ലായിടത്തും.”

അവരെ സംബന്ധിച്ചെടത്തോളം ഏറ്റവും ഹൃദയഭേദകമായ തിരിച്ചറിവ് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും നിരായുധരായ സാധാരണ പൗരന്മാര്‍ ആയിരുന്നു എന്ന സത്യമാണ്. “മരിച്ചവര്‍ എല്ലാവരും പോരാളികള്‍ ആയിരുന്നില്ല”. ലോവേന്‍സ്റ്റീന്‍ പറയുന്നു “വൃദ്ധരും, സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും അവരില്‍ ഉണ്ടായിരുന്നു.”

ലോവേന്‍സ്റ്റീന്‍ അനുഭവിച്ചറിഞ്ഞ ബീഭത്സത അവരുടെ പോരാട്ടങ്ങള്‍ക്ക് – ജൂത വനിതയായല്ല, മറിച്ച് ഒരു മനുഷ്യ സ്ത്രീയായി അവര്‍ മല്ലടിക്കുന്ന ഒരു യജ്ഞത്തിന്‍റെ- വേഗം കൂട്ടുകയാണ് ചെയ്തത്!

യാസ്മിന്‍ മുജാഹിദ്
(വിവ: feelislam.com)

Read original Article here


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

One Thought

  1. [ലോവേന്‍സ്റ്റീന്‍ അനുഭവിച്ചറിഞ്ഞ ബീഭത്സത അവരുടെ പോരാട്ടങ്ങള്‍ക്ക് – ജൂത വനിതയായല്ല, മറിച്ച് ഒരു മനുഷ്യ സ്ത്രീയായി അവര്‍ മല്ലടിക്കുന്ന ഒരു യജ്ഞത്തിന്‍റെ- വേഗം കൂട്ടുകയാണ് ചെയ്തത്!]……sss….nammalilulla manushyare nam thanne mannittu moodunnu..pinnenghane namukku nalla manushyaravan pattum…..kuthi novikkan ulla manassum ,,,,kuttam cheyyan prerippikkunna manassumayi..nam kalathinelkkal vegathil kuthichu kondirikkunnu……ellam maranama..athinu nam maranam….rabbu thanakkatte,,,,,,,,,,,,,,,,fee amnillahhhhh….

One Thought

നിങ്ങളുടെ അഭിപ്രായങ്ങള്‍!

KcXJbA


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam