വ്യക്തിത്വ വളര്‍ച്ചക്ക് ജൗസിയുടെ പാഠങ്ങള്‍

ഇമാം ഇബ്നുല്‍ജൌസി(റ)യുടെ പ്രസിദ്ധ രചനയാണ് സയ്ദുല്‍ഖാതിര്‍ . വിവിധ വിഭവങ്ങള്‍ സമാഹരിച്ച സഞ്ചിപോലെയാണത്. തന്‍റെ വിചാരങ്ങളും ചിന്തകളും വീഴ്ചകളുമെല്ലാം തുറന്നെഴുതിയ മഹാഗ്രന്ഥമാണിത്. സ്വയം വിശകലനങ്ങളും ചോദ്യോത്തരങ്ങളും ബന്ധങ്ങളിലുള്ള അനുഭവങ്ങളുമെല്ലാം ഇതില്‍ സമാഹരിച്ചിരിക്കുന്നു. ചെറിയ സംഭവങ്ങളില്‍ നിന്നും ദിനേനയുള്ള അനുഭവങ്ങളില്‍ നിന്നും കണ്ടെടുക്കുന്ന ദര്‍ശനങ്ങളുടെ സമാഹരണമാണ് ഇമാം നിര്‍വഹിച്ചിരിക്കുന്നത്. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും ചിന്തകള്‍ :

“രണ്ടു തൊഴിലാളികള്‍ ഒരു വലിയ ഭാരം വഹിച്ചുകൊണ്ടു പോവുന്നത് ഞാന്‍ കണ്ടു. രണ്ടുപേരും എന്തോ പാടിക്കൊണ്ടിരിക്കുന്നു. ഒരാള്‍ കുറച്ചുപാടും, മറ്റെയാള്‍ പൂര്‍ത്തിയാക്കും. അവരുടെ ഈ പ്രവര്‍ത്തനം ചിന്തിച്ചപ്പോള്‍ എനിക്കതിന്‍റെ കാര്യം പിടികിട്ടി. പാടാനും മറുപടി പാടാനുമുള്ള ചിന്തയില്‍ അവരുടെ ജോലിഭാരം കുറഞ്ഞുകിട്ടും. അങ്ങനെയായപ്പോള്‍ എന്‍റെ ചിന്ത, ശരീരത്തിന്‍റെ വലിയ ഭാരം വഹിച്ചുനടക്കുന്ന മനുഷ്യരിലേക്കു തിരിഞ്ഞു. അല്ലാഹുവിന് കോപമുണ്ടാക്കുന്ന മനോവ്യാപാരങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും താല്പര്യമില്ലാത്ത കര്‍മങ്ങളില്‍ ഉറച്ചുനില്‍ക്കലുമാണ് ഏറ്റവും വലിയ ഭാരം. സഹനത്തിന്‍റെ ഈ പാത ആശ്വാസത്തിന്‍റെ പാട്ടുകള്‍ പാടി മുറിച്ചുകടക്കാന്‍ സാധിക്കും.”

“ശരീരത്തിനും സ്വഭാവത്തിനുമിടയില്‍ പ്രത്യേക ബന്ധമുണ്ട്. ശരീരം മയമായിരുന്നാല്‍ മനസ്സും മയമായിരിക്കും. അല്ലാഹു വിശ്വാസവും വിവേകവും നല്കിയ വ്യക്തി, അത് ലഭിച്ചിട്ടില്ലാത്തവരോട് വിരോധം പുലര്‍ത്തില്ല. തിരിച്ച് ആര്‍ അസൂയ കാണിച്ചാലും അവര്‍ അസൂയ കാണിക്കില്ല. കാരണം ഇരുകൂട്ടരും രണ്ടു സ്ഥാനത്താണ്. ഒരാള്‍ ദുന്‍യാവിന് വേണ്ടി അസൂയ കാണിക്കുന്നു. മറ്റെയാള്‍ ആഖിറത്തിനു വേണ്ടി പരിശ്രമിക്കുന്നു.”

“എനിക്ക് ഒരിക്കല്‍ ഒരു പ്രത്യേക ആവശ്യമുണ്ടായപ്പോള്‍, ഒരു മഹാനോടൊപ്പമിരുന്ന് ഞാന്‍ പ്രാര്‍ഥിച്ചു. പ്രാര്‍ഥനയുടെ ഫലങ്ങള്‍ പ്രകടമായപ്പോള്‍ എന്‍റെ മനസ്സു പറഞ്ഞു: ഇത് ആ മഹാന്‍റെ പ്രാര്‍ഥനയുടെ ഫലമാണ്. ഞാന്‍ പറഞ്ഞു: ഞാന്‍ എന്‍റെ തെറ്റുകുറ്റങ്ങള്‍ സമ്മതിക്കുന്നു. പക്ഷേ, എന്‍റെ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടാല്‍ അത്ഭുതമെന്നുമില്ല. കാരണം, അദ്ദേഹം തെറ്റുകുറ്റങ്ങളില്‍ നിന്നു മുക്തനാണെങ്കിലും പാപങ്ങളെക്കുറിച്ച ദുഖം കൂടുതല്‍ പ്രയോജനപ്പെടുന്നതാണ്. ഞാന്‍ ഇപ്രകാരമാണ് പ്രാര്‍ഥിച്ചത്: അല്ലാഹുവേ, ഞാന്‍ ഒന്നുമില്ലാത്തവനാണ്. ദുഖിതനാണ്. എന്‍റെ ദുഖം നീ വര്‍ധിപ്പിക്കരുതേ,. ഞാന്‍ വലിയ ആവശ്യക്കാരനാണ്. എന്‍റെ ആവശ്യം നീ പൂര്‍ത്തീകരിക്കേണമേ. നന്മ മാത്രം ചെയ്യുന്നവര്‍ ഇങ്ങനെ പ്രാര്‍ഥിക്കില്ല. അല്ലാഹു അദ്ദേഹത്തിന്‍റെ നന്മയില്‍ ഐശ്വര്യം വര്‍ധിപ്പിക്കട്ടെ. പക്ഷേ, എന്‍റെ വിനയവണക്കങ്ങളും കണക്കിലെടുക്കണം.”

“ഒരിക്കല്‍ അനിസ്ലാമികമായ ഒരു കാര്യവുമായി ബന്ധപ്പെടാന്‍ സാഹചര്യം എന്നെ നിര്‍ബനധിച്ചു. മനസ്സ് കുറെ വ്യാഖ്യാനങ്ങള്‍ നടത്തുകയും അനിസ്ലാമികമാണെന്ന കാര്യം എന്നില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, തീര്‍ച്ചയായും അക്കാര്യം അനിസ്ലാമികം തന്നെയായിരുന്നു. ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു; പ്രശ്നം ദൂരീകരിക്കാന്‍ അപേക്ഷിച്ചു. ഞാന്‍ ഖുര്‍ആന്‍ എടുത്തു. അന്ന് സൂറത്തുയൂസുഫ് പഠിപ്പിക്കാനുള്ളതുകൊണ്ട് അത് ഓതാന്‍ തുടങ്ങി. യൂസുഫിനെ(അ) സലീഖ മോശകൃത്യത്തിലേക്ക് വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “അല്ലാഹു കാക്കട്ടെ, എന്‍റെ ഉടമ എനിക്ക് താമസസ്ഥലം സുന്ദരമാക്കിത്തന്ന വ്യക്തിയാണ്.” ഈ ആയത്ത് എത്തിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒറ്റയടിക്ക് ഞാന്‍ ഉണര്‍ന്നു. എന്‍റെ മനസ്സില്‍നിന്ന് മൂടുപടം നീങ്ങി. യൂസുഫ്(അ) സ്വതന്ത്രനായിരുന്നു. അക്രമമായി അടിമയാക്കപ്പെട്ട ആളാണ്. എന്നിട്ടും അദ്ദേഹം ഉപകാരത്തെ അംഗീകരിക്കുകയും ഉപകാരിയെ ഉടമയെന്നു വിളിക്കുകയും ചെയ്യുന്നു. ഞാനെന്‍റെ മനസ്സിനോടു പറഞ്ഞു: “ഇനി നീയൊന്ന് ആലോചിക്കുക. നീ യഥാര്‍ഥത്തില്‍ ഒരു അടിമയാണ്. നിന്‍റെ ഉടമ നിന്‍റെ ജനനം മുതല്‍ നിനക്ക് ഉപകാരങ്ങള്‍ ചെയ്യുന്നു. ആരോഗ്യമുള്ള ശരീരവും സുരക്ഷിതമായ ദീനും നിരവധി കഴിവുകളും നിനക്ക് നല്കി. അല്ലാഹു നിനക്ക് നല്കിയതിനൊന്നും കൈയും കണക്കുമില്ല. എന്നിട്ടും അവന്‍റെ ഇഷ്ടങ്ങള്‍ക്കെതിരെ ഒരു കാര്യം ചെയ്യാന്‍ നീ ഒരുങ്ങുന്നത് എത്ര മോശമാണ്!”

നിരവധി മഹാഗുണങ്ങളുടെ സംഗമമായിരുന്നു ഇമാമിന്‍റെ ജീവിതം. ആഴ്ചയില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിയിരുന്നു. സംശയാസ്പദമായ ആഹാരങ്ങള്‍ കഴിച്ചിരുന്നില്ല. രാത്രിയില്‍ മിക്കനേരവും പ്രാര്‍ഥനയോടെ കരിഞ്ഞിരിക്കുമായിരുന്നുവെന്ന് പുത്രന്‍ അബുല്‍ മുസഫ്ഫര്‍ പിതാവിനെപ്പറ്റി പറയുന്നു. സമയം നഷ്ടപ്പെടുത്തിയിരുന്നില്ല. ഉന്നതമായ മനക്കരുത്തായിരുന്നു അദ്ദേഹത്തിന്‍റെ വലിയ സമ്പാദ്യം. ഹദീസുകള്‍ പഠിക്കുന്നതിലും എഴുതുന്നതിലും നിരന്തരം ശ്രദ്ധ പുലര്‍ത്തി. വായനയായിരുന്നു ഇമാമിന്‍റെ ജീവിതവ്രതം. പുതിയ ഗ്രന്ഥങ്ങള്‍ നിധിപോലെയാണ് എന്നദ്ദേഹം എഴുതി. വിദ്യാര്‍ഥിജീവിത കാലത്തുതന്നെ 20,000 ഗ്രന്ഥങ്ങള്‍ വായിച്ചുവത്രെ. “മുന്‍ഗാമികളുടെ മഹദ്ഗുണങ്ങള്‍ എനിക്ക് മനസ്സിലായത് അവരുടെ ഗ്രന്ഥങ്ങളില്‍ നിന്നാണ്; കൂട്ടത്തില്‍ ഞാനൊന്നുമല്ലെന്നും എനിക്ക് മനസ്സിലായി.” ഹിജ്റ 508 ല്‍ ബാഗ്ദാദില്‍ ജനിച്ച ഇബ്നുല്‍ ജൌസി 597 ല്‍ അന്തരിച്ചു.

അബ്ദുല്‍ വദൂദ് 

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

-->

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

OGXMQ


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam