ഒരു പ്രണയ കഥ!

മുഹമ്മദിനെ എല്ലാവര്‍ക്കും ഇഷ്‌ടമായിരുന്നു. ദുശ്ശീലങ്ങളില്ലാത്ത ചെറുപ്പക്കാരന്‍. പിഴച്ച കൂട്ടുകെട്ടുകളില്ല. പ്രായത്തില്‍ കവിഞ്ഞ പക്വത, കുലീനതയുള്ള പെരുമാറ്റം! വിശ്വസ്‌തനായ മുഹമ്മദിനെപ്പറ്റി കേട്ടപ്പോഴേ ഖദീജക്ക്‌ അദ്ദേഹത്തില്‍ മതിപ്പുതോന്നി. തന്‍റെ കച്ചവട
സംഘത്തെ നയിക്കാന്‍ ഒരാളെ ആവശ്യമായപ്പോള്‍ വിശ്വസ്‌തനും പ്രാപ്‌തനുമായ മുഹമ്മദിനെ തന്നെ ഖദീജ തീരുമാനിച്ചു. അടുത്തറിഞ്ഞപ്പോള്‍ മതിപ്പു വര്‍ധിച്ചു. കച്ചവട സംഘം യാത്രപോകുമ്പോള്‍ മുഹമ്മദിന്‍റെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ മൈസര്‍ എന്ന അടിമയെ ഖദീജ നിയോഗിക്കുക വരെ ചെയ്‌തു.

സ്‌നേഹധന്യയായ ഖദീജ ഒടുവില്‍ ആ യുവാവിന്‍റെ ജീവിതസഖിയായി. തന്‍റെ സര്‍വസ്വവും അവള്‍ മുഹമ്മദിന്‌ സമര്‍പ്പിച്ച്‌, പാവന പ്രണയത്തിന്‍റെ ത്യാഗസുരഭിലമായ മാതൃകയായി! സ്‌ത്രീത്വത്തിന്‍റെ എല്ലാ ഭാവങ്ങളും അവള്‍ പ്രാണനാഥന്‌ നല്‍കി. ഉമ്മയില്ലാത്ത മുഹമ്മദിന്‌ അവള്‍ ഉമ്മയായി, പെങ്ങളായി, പ്രണയിനിയായി, പുത്രിയായി… മുഹമ്മദിന്‍റെ ജീവിതത്തിന്‌ ഖദീജ പുതുവര്‍ണങ്ങളേകി. ഹിറാഗുഹയിലെ ആദ്യാനുഭവങ്ങളില്‍ വിഭ്രാന്തനായപ്പോള്‍ അവള്‍ ആശ്വാസത്തിന്‍റെ പൂമഴയായി. പ്രവാചകത്വത്തിന്‍റെ പ്രഭ പരന്നപ്പോള്‍ സത്യസാക്ഷ്യത്തിന്‍റെ പുതുമഴയായി. വെയിലില്‍ തണലായി, മഴയില്‍ കുടയായി! ഖുറൈശികളുടെ പീഡനങ്ങളില്‍ മനം മടുക്കാതെ, ഭര്‍ത്താവിനെ ഉന്മേഷവാനാക്കി. ഉണര്‍വും ഉത്തേജനവും നല്‍കി.

സ്‌ത്രീയുടെ പ്രണയാനുഭവങ്ങളെല്ലാം ഖദീജയില്‍ നിന്നാണ്‌ നബി ആദ്യം നുകര്‍ന്നത്‌. ഖദീജയ്‌ക്ക്‌ മുമ്പ്‌ നബി ഒരാളെയും പ്രണയിച്ചിട്ടില്ല. ഖദീജയുടെ ശേഷം ഒരാളെയും അത്രയധികം നബി പ്രണയിച്ചിട്ടില്ല. തിരുനബിയുടെ ജീവിതത്തില്‍ വേറെയും ഇണകള്‍ വന്നെങ്കിലും ഖദീജയുടെ ഓര്‍മകള്‍ ഹൃദയത്തില്‍ നിലാവായി നിന്നു. ഖദീജയുടെ മരണം ആ ജീവിതത്തില്‍ വലിയ ആഘാതമായി. ദുഃഖഭാരം കൊണ്ട്‌ പല ദിവസങ്ങള്‍ പുറത്തേക്കിറങ്ങിയില്ല. വീടുപരിചരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായി. ഒരു ദിവസം ഖൗല ബിന്‍ത്‌ ഹകീം എന്ന സ്‌ത്രീ റസൂലിന്‍റെ വസതിയിലെത്തി -പലപ്പോഴും അവരവിടെ വന്നിട്ടുണ്ട്‌. വീട്ടിലെ അവസ്ഥ കണ്ടപ്പോള്‍ മറ്റൊരു വിവാഹത്തിന്‌ അവര്‍ പ്രവാചകരെ നിര്‍ബന്ധിച്ചു. കണ്ണുനിറഞ്ഞ്‌ റസൂല്‍ അവരോട്‌ ചോദിച്ചു: “ഖദീജയെപ്പോലെ മറ്റാരുണ്ട്‌!”

കുടുംബങ്ങളായ ബനൂഹാശിമും ബനൂ മുത്വലിബും നബിയോട്‌ നിസ്സഹകരണം പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു. ക്രൂരമായ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ശിഅബ്‌ അബീത്വാലിബ്‌ എന്ന കുന്നിന്‍ ചെരുവില്‍ കഴിഞ്ഞുകൂടിയ കാലത്ത്‌, പച്ചിലകള്‍ മാത്രം തിന്നാന്‍ കിട്ടിയപ്പോഴും റസൂലിന്‍റെ കൈപ്പിടിച്ച്‌ ഖദീജ കൂട്ടിനുണ്ടായിരുന്നു. ദാഹവും പട്ടിണിയുംകൊണ്ട്‌ പുളഞ്ഞ കാലമായിരുന്നു അത്‌. സുഖങ്ങളില്‍ ജനിച്ച്‌, സുഖാനന്ദങ്ങളില്‍ ജീവിച്ച ഖദീജ, ഭര്‍തൃപ്രണയത്തിന്‍റെ ഉന്നത മാതൃകയായിരുന്നു.പിതൃവ്യന്‍ അബൂത്വാലിബ്‌ മരണമടഞ്ഞതിന്‍റെ മൂന്നാം നാളാണ്‌ ഖദീജയും വിടപറഞ്ഞത്‌. ആശ്വസിപ്പിക്കാനെത്തിയ അബൂബക്‌റിനെ കണ്ടപ്പോള്‍ തിരുനബി(സ) കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. “ദു:ഖവര്‍ഷ: ആയിരുന്നു അത്‌.

ആ മനസ്സിന്‍റെ ആഴങ്ങളില്‍ നിന്ന്‌ ഖദീജ മാഞ്ഞുപോയില്ല. ഒരിക്കല്‍ പത്‌നി ആഇശയോടൊത്ത്‌ സംസാരിച്ചിരിക്കുമ്പോള്‍ മുറ്റത്ത്‌ ഒരു സ്‌ത്രീയുടെ ശബ്‌ദം. “ആരിത്‌ ഹാലയോ?” അവരെ കണ്ടപ്പോള്‍ റസൂലിന്‌ സന്തോഷം. ഖദീജയുടെ ഇളയ സഹോദരിയാണ്‌ ഹാല. ഖദീജയുടെതു പോലെയാണ്‌ മുഖവും ശബ്‌ദവും. ഹാലയോട്‌ സംസാരിക്കുന്നതിനും അവരെ സ്വീകരിക്കുന്നതിനും റസൂല്‍(സ) കാണിച്ച താല്‍പര്യം ആഇശക്ക്‌ രുചിച്ചില്ല. സ്‌ത്രീ സഹജമായ അസഹ്യതയോടെ അവര്‍ പറഞ്ഞു: “മരിച്ചുപോയിട്ടും ആ കിഴവിയെ അങ്ങ്‌ ഇപ്പോഴും ഓര്‍ക്കുകയാണോ?! അവരെക്കാള്‍ മെച്ചപ്പെട്ടത്‌ അല്ലാഹു അങ്ങേക്ക്‌ പകരം തന്നിട്ടുണ്ടല്ലോ?”

ആഇശയുടെ വാക്കുകള്‍ റസൂലിന്‌ ഇഷ്‌ടപ്പെട്ടില്ല. കണ്ണുകള്‍ ചുവന്നു, മുഖം തുടുത്തു. “അല്ലാഹുവാണ്‌ സത്യം. ഖദീജയെക്കാള്‍ ഉത്തമമായത്‌ എനിക്ക്‌ കിട്ടിയിട്ടില്ല. ജനങ്ങളെല്ലാം അവിശ്വസിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍ അവള്‍ എന്നെ സംശയിച്ചില്ല. സ്വത്തുകൊണ്ടും ശരീരംകൊണ്ടും എനിക്കവള്‍ തുണയായി. അവളിലാണ്‌ അല്ലാഹു എനിക്ക്‌ മക്കളെ തന്നത്‌.” ഇനി ഒരിക്കലും അങ്ങനെ പറയരുതെന്ന്‌ ആഇശയെ ഉപദേശിച്ചു.

“ഖദീജയോടുള്ള സ്‌നേഹം എന്നില്‍ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു” എന്ന്‌ തിരുനബി(സ) പലപ്പോഴും പറയാറുണ്ടായിരുന്നു. വിശേഷവിഭവങ്ങളെല്ലാം ഖദീജയുടെ കൂട്ടുകാരികള്‍ക്കെത്തിക്കും. ഒരിക്കല്‍ ഇതേപ്പറ്റി അവിടുന്ന്‌ പറഞ്ഞു: “ഖദീജയെയും അവള്‍ സ്‌നേഹിച്ചവരെയും ഞാന്‍ സ്‌നേഹിക്കുന്നു.” ഭാര്യയായിരിക്കണം പ്രണയിനിയെന്നാണ്‌ തിരുനബിയുടെ ഈ സന്ദേശം. അവള്‍ക്കുമുമ്പോ ശേഷമോ മറ്റാര്‍ക്കും പ്രണയം കൈമാറാതിരിക്കുമ്പോള്‍ – പുതുമതീരാതെ, പൂതിതീരാതെ പരസ്‌പരം ആസ്വദിക്കാം.

ബദ്‌റില്‍ വിജയിച്ചപ്പോള്‍ ഖുറൈശികളില്‍ നിന്ന്‌ മോചനദ്രവ്യം വാങ്ങി യുദ്ധത്തടവുകാരെവിട്ടയച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു സ്വര്‍ണാഭരണം തിരുനബി(സ)യെ ആകര്‍ഷിച്ചു. വിവാഹസമയത്ത്‌ ഖദീജ അണിഞ്ഞ മാലയായിരുന്നു അത്‌. അതുണര്‍ത്തിയ വേദനയുള്ള ഓര്‍മകള്‍ ആ മനസ്സില്‍ നിറഞ്ഞുകവിഞ്ഞു. മകള്‍ സൈനബ്‌, തടവിലാക്കപ്പെട്ട ഭര്‍ത്താവിനുവേണ്ടി മോചനദ്രവ്യം നല്‍കിയതായിരുന്നു അത്‌.

നോക്കൂ, എങ്ങനെയാണ്‌ റസൂല്‍ ഖദീജയെ മറക്കുക? അന്‍പത്തിയഞ്ച്‌ വയസ്സുള്ള സാധുവായൊരു സ്‌ത്രീ! അവര്‍ക്ക്‌ മക്കളെ പരിചരിക്കണം, വീട്‌ വൃത്തിയാക്കണം, വരുമാനമുണ്ടാക്കണം – ഇതിനെല്ലാമിടയില്‍, നൂര്‍മലയിലെ ഒരു ഗുഹയിലിരിക്കുന്ന ഭര്‍ത്താവിന്‌ ഭക്ഷണമെത്തിക്കണം! കല്ലും മുള്ളും കരിമ്പാറകളും കാട്ടുമൃഗങ്ങളുമെല്ലാം ഭയപ്പെടുത്തിയപ്പോഴും ആ ഭാര്യ മടുപ്പോ മുടക്കമോ ഇല്ലാതെ അത്‌ ചെയ്‌തുപോന്നു. അതാണ്‌ ഖദീജ! നബിയിൽ വിശ്വസിച്ച ഒന്നാമത്തെ വനിത!

രണ്ടാമതൊരു വിവാഹം കഴിക്കാത്തത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ ചോദിച്ചപ്പോള്‍ ഒരു പണ്ഡിതന്‍ പറഞ്ഞതിങ്ങനെയായിരുന്നു: “എന്‍റെ ഖദീജ മരിച്ചിട്ടില്ല!”

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

cnlqnx


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam