ആദര്‍ശത്തെ അതിര്‍ത്തിയാക്കുക

കൗതുകമുള്ളൊരു കാഴ്ച കണ്ടാല്‍ കണ്ണ് അതിനെ പിന്തുടരും. പരമാവധി ആസ്വദിക്കും. നല്ല ശബ്ദത്തെ ചെവി പിന്തുടരും. നല്ല രുചി നാവു കൊതിക്കും. മനസ്സിനെ മോഹിപ്പിക്കുന്നതിന്‍റെ പിറകെയെല്ലാം നമ്മളുണ്ട്. കാരണം നമ്മളെല്ലാം പച്ചമനുഷ്യരാണ്. ആഗ്രഹങ്ങളും വികാരങ്ങളും സ്വപ്നങ്ങളുമെല്ലാമുള്ള അതിസാധാരണക്കാരായ പാവം മനുഷ്യര്‍. പോരായ്മകളും വീഴ്ചകളുമെല്ലാമുള്ള ചെറിയ മനുഷ്യര്‍. ഇങ്ങനെയുള്ള നമുക്കു തന്നെ ഇതിലും വലിയ ഒരവസ്ഥയിലേക്കെത്താനും സാധിക്കുന്നു. മലക്കുകളെക്കാളും ഉന്നതമായ പദവികളിലേക്കെത്താന്‍ മനുഷ്യരില്‍ ചിലര്‍ക്ക് സാധിക്കും. പള്ളികളില്‍ ആരാധനകളില്‍ മാത്രം മുഴുകിയവര്‍ക്കും ഓലക്കൂരയില്‍ പാര്‍ക്കുന്ന അതിസാധാരണക്കാരനായ സത്യവിശ്വാസിക്കും ഈ ഔന്നത്യം ലഭിക്കും. സ്വന്തത്തെ മെരുക്കിനിര്‍ത്താനും ഉള്ളില്‍ തിളക്കുന്ന വികാരങ്ങളെ ആത്മനിയന്ത്രണം കൊണ്ട് ഒതുക്കിനിര്‍ത്താനും കഴിയണമെന്നു മാത്രം. പക്ഷേ, മറ്റെല്ലാ വിഷയങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാലും നമ്മില്‍ പലരും സ്വന്തത്തോടുള്ള പോരാട്ടത്തില്‍ അമ്പേ പരാജയപ്പെടുകയാണ്.

വിശുദ്ധ ഖുര്‍ആന്‍ 79:40 ല്‍ സ്വര്‍ഗത്തിന്നുടമകളായി സത്യവിശ്വാസികളുടെ ഗുണങ്ങള്‍ എണ്ണിപ്പറയുന്നത് നോക്കുക: “എന്നാല്‍ ആരാണോ തങ്ങളുടെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും ഇച്ഛകളില്‍ നിന്ന് സ്വന്തത്തെ തടഞ്ഞുനിര്‍ത്തുകയും ചെയ്തത്- സ്വര്‍ഗം അവരുടെ സങ്കേതമത്രെ.” അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗം ലഭിക്കാതെ സ്വന്തം മോഹങ്ങള്‍ക്കടിപ്പെട്ട് ജീവിക്കുന്നവരെക്കാള്‍ അധപ്പതിച്ചവര്‍ വേറെയാരുണ്ടെന്ന് ഖുര്‍ആന്‍ (28:50) ചോദിക്കുന്നുണ്ട്. സ്വന്തം ഇച്ഛയെ ആരാധ്യനായി സ്വീകരിച്ചവരെക്കുറിച്ചും ഖുര്‍ആന്‍ (45:23) സൂചിപ്പിക്കുന്നു.

മനസ്സിനെ മദിക്കുന്ന കാഴ്ചകളോടും ഹൃദയത്തെ ആകര്‍ഷിക്കുന്ന ആഗ്രഹങ്ങളോടും ചെറുത്തുനില്‍ക്കണമെങ്കില്‍ ചെറിയ ആത്മനിയന്ത്രണമൊന്നുമല്ല ഇക്കാലത്തു വേണ്ടത്. എന്താണ് തഖ്‌വ എന്ന് ഉമര്‍(റ) ചോദിച്ചപ്പോള്‍ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നല്കിയ മറുപടി പ്രസിദ്ധമാണല്ലോ. കല്ലും മുള്ളും കുപ്പിച്ചീളുകളുമുള്ള വഴിയിലൂടെ എങ്ങനെയാണ് ഉമറേ, താങ്കള്‍ നടക്കാറുള്ളത് എന്നായിരുന്നു ഇബ്നു അബ്ബാസിന്‍റെ മറുചോദ്യം. “വളരെ കരുതലോടെ; സൂക്ഷിച്ച്” ഉമറിന്‍റെ മറുപടി കേട്ടപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: “അതാണ് തഖ്‌വ”

പാപങ്ങള്‍ പൂത്തുനില്‍ക്കുന്ന സാഹചര്യത്തിലും കളങ്കം പറ്റാതെ ജീവിക്കലാണ് തഖ്‌വ. നമ്മള്‍ ജീവിക്കുന്ന കാലം തിന്മകളെ കൊണ്ട് പുതഞ്ഞുമൂടിയ കാലമാണ്. കാണാനും കേള്‍ക്കാനുമുള്ളതെല്ലാം തിന്മകള്‍. ആഗ്രഹിക്കുന്ന എന്തു തിന്മയും നിമിഷങ്ങള്‍കൊണ്ട് കൈവരും. നമ്മുടെ വഴിയില്‍ കല്ലും മുള്ളും കരിമ്പാറക്കൂട്ടങ്ങളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. തിന്മയുടെ ഒരു ചെറിയ കല്ലുപോലും കാലില്‍ തറയ്ക്കാതെ, ചെറിയൊരു നോവുപോലുമില്ലാതെ ജീവിക്കാന്‍ സാധിച്ചാല്‍ ജയിച്ചു. തിന്മകള്‍ ഈമാനിനെ പരിക്കേല്പിക്കുന്ന മുള്ളുകളാണ്. പാപങ്ങളുടെ മുന്നില്‍ പതറിപ്പോകുന്ന സാധാരണക്കാരാണ് നമ്മള്‍. മനസ്സിനെ മോഹിപ്പിക്കുന്നതെല്ലാം നമ്മള്‍ ചെയ്തുകൂട്ടുന്നു. അത് അറിയുന്നവനാണ് സര്‍വശക്തനായ അല്ലാഹു. അതിനാലാണ് അവന്‍ തൌബയുടെ വലിയ വാതില്‍ നമ്മുടെ മുന്നില്‍ തുറന്നുവെച്ചത്. തൌബയുടെ കണ്ണീരുകൊണ്ട് ചെയ്തുപോയതെല്ലാം കഴുകിക്കളയുക.

വ്യക്തികള്‍ ദുഷിക്കുന്നത് മിക്കപ്പോഴും സദാചാര വിഷയത്തിലാണ്. നമ്മുടെ കാലത്ത് ഇവ്വിഷയത്തിലുള്ള ദുഷിപ്പ് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈമാനിക വ്യക്തിത്വത്തിന് കളങ്കം ചാര്‍ത്തുംവിധത്തില്‍ നമ്മെ വഴിതെറ്റിക്കാന്‍ എമ്പാടും പതിയിരിക്കുന്ന പാപസാഹചര്യങ്ങള്‍!

ലൈംഗിക അച്ചടക്കം ഒരാളുടെ പക്വതയുടെ അടയാളമാണ്. നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്താന്‍ അത് അനിവാര്യമാണ്. ആത്മനിയന്ത്രണവും ആത്മശുദ്ധിയും പാലിക്കാന്‍ സാധിക്കുന്നത് പക്വമതികള്‍ക്കു മാത്രമാണ്. ലൂത്ത് നബി(അ)യുടെ സമൂഹം ലൈംഗിക അച്ചടക്കമില്ലാത്തവരായിരുന്നു. ഒരുവേള അവരോട് ലൂത്ത് (അ) ചോദിക്കുന്നത് ഇങ്ങനെ: “നിങ്ങളില്‍ വിവേകിയായ ഒരു മനുഷ്യനുമില്ലേ?” (11:78). ചോദ്യം ശ്രദ്ധിക്കുക: ‘റജുലന്‍ റശീദ് ‘എന്നാണ് പ്രയോഗിച്ചത്. റുശ്ദ് എന്ന വാക്ക് വലിയ ആശയത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. വിവേകാശാലിയായ മനുഷ്യര്‍ ചെയ്യുന്ന ഏര്‍പ്പാടല്ല അവര്‍ ചെയ്തിരുന്നതെന്നര്‍ഥം.
വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ സ•ാര്‍ഗനിഷ്ഠ നിലനിര്‍ത്തണമെന്ന് ഖുര്‍ആന്‍ പറയുന്നു (24:33). വിവാഹം കഴിച്ചവര്‍ വിവാഹത്തിലൂടെ സന്മാര്‍ഗനിഷ്ഠയിലെത്തിച്ചേര്‍ന്നുവെന്നാണല്ലോ അതിന്നര്‍ഥം. നമ്മെ അനിയന്ത്രിതരായി വിട്ട് മലിനപ്പെടുത്താന്‍ കരുണാനിധിയായ അല്ലാഹു ഉദ്ദേശിക്കുന്നില്ല എന്നു ചുരുക്കം.

ആകാശഭൂമികളെക്കാള്‍ വിശാലമായ സ്വര്‍ഗം ആര്‍ക്കുള്ളതാണ്? സൂറതു ആലുഇംറാനിലെ 133 മുതലുള്ള വചനങ്ങള്‍ നമ്മുടെ മനസ്സിന് വല്ലാത്ത ആശ്വാസമാണ് പകരുന്നത്. രഹസ്യത്തിലും പരസ്യത്തിലും ദാനധര്‍മങ്ങള്‍ നല്കുന്നവരും ദേഷ്യമടക്കി നിര്‍ത്തുന്നവരും ജനങ്ങള്‍ക്ക് മാപ്പ് നല്കുന്നവരുമാണവര്‍. പിന്നെയോ? തിന്മ വല്ലതും ചെയ്തുപോയാല്‍ അല്ലാഹുവിനെ ഓര്‍ക്കുന്നതോടെ അതില്‍ നിന്ന് പിന്തിരിയുന്നവര്‍. ചെയ്തുപോയ തെറ്റ് ആവര്‍ത്തിക്കാത്തവര്‍. തെറ്റു ചെയ്യാത്തവരല്ല; ആവര്‍ത്തിക്കാത്തവര്‍. അഥവാ നമ്മളെപ്പോലെയുള്ള പച്ച മനുഷ്യര്‍.

ഇഹലോകം സത്യവിശ്വാസിക്ക് ജയിലറയും അവിശ്വാസിക്ക് സ്വര്‍ഗതുല്യവുമാണെന്ന് നബി(സ) പറയുകയുണ്ടായി. സത്യവിശ്വാസിക്ക് സര്‍വതലങ്ങളിലും പാലിക്കാന്‍ നിയമങ്ങളുണ്ട്. അനര്‍ഥമായ ജീവിതമല്ല. അതിരിട്ട ജീവിതമാണ്. കണ്ണിന്, കാതിന്, ഹൃദയത്തിന്, നാവിന്, കൈകാലുകള്‍ക്ക്- എല്ലാം പരിമിതികളുണ്ട്. ഇന്നതേ ചെയ്യാവൂ എന്ന് നിര്‍ബന്ധമുണ്ട്. ഇന്നതൊന്നും ചെയ്യരുതെന്ന് വിലക്കുമുണ്ട്. ചെയ്തുപോയാല്‍ നമ്മുടെ ഈമാനിനെ അത് ബാധിക്കുന്നു. ചുരുക്കത്തില്‍ നാം അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്ത ആദര്‍ശമാണ് നമ്മുടെ ജീവിതത്തിന്‍റെ അതിര്‍ത്തി. അതിന്നപ്പുറത്തേക്ക് നമുക്ക് പ്രവേശനമേയില്ല.

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

Q0gh


All content © Copyright 2017 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam