“റഈസ് എന്താണ് അല്ലാഹുവോട് പ്രാര്‍ഥിക്കാറുള്ളത്?”
അഞ്ചുവര്‍ഷമായി അനങ്ങാന്‍പോലും കഴിയാതെ കിടക്കുന്ന ആ കുട്ടിയോട് ഞങ്ങള്‍ ചോദിച്ചു. ശരീരമാകെ നിശ്ചലമായി എല്ലാ കിനാവുകളും ഒരു കട്ടിലിലൊതുക്കണ്ടിവന്ന അവന്റെ മറുപടിക്കായി ഞങ്ങള്‍ കാതോര്‍ത്തു. ആ മറുപടി ഞങ്ങളെ ആശ്ചര്യപ്പെടുത്തുംവിധമായിരുന്നു.
“ഞാനെന്താണ് പ്രാര്‍ഥിക്കാറുള്ളത് എന്ന് ഞാന്‍ പറയുന്നില്ല. അതെന്റെ സ്വകാര്യതയാണല്ലോ. എന്നാല്‍ ഞാനെന്താണ് പ്രാര്ഥിക്കാറില്ലാത്തതെന്ന് പറയാം. അത് മറ്റൊന്നുമല്ല, എന്റെ ഈ അവസ്ഥയൊന്ന് മാറ്റിത്തരണമേ എന്ന് ഞാന്‍ പ്രാര്‍ഥിക്കാറില്ല. ഒന്നനങ്ങാന്‍, ഇരിക്കാന്‍, എഴുന്നേല്‍ക്കാനുള്ള കഴിവ് തരണേ എന്നും ഇതുവരെ പ്രാര്‍ഥിച്ചിട്ടില്ല…”
“അതെന്തുകൊണ്ടാണ്?”
“ഇപ്പോഴത്തെ എന്റെ അവസ്ഥയില്‍ എനിക്ക് തൃപ്തിയില്ലെങ്കിലല്ലേ അങ്ങനെ പ്രാര്ഥിക്കേണ്ടതുള്ളൂ? എന്റെ ഈ അവസ്ഥയില്‍ എനിക്ക് പരിപൂര്‍ണ സംതൃപ്തിയാണ്. അല്ലാഹു എന്നെ ഇങ്ങനെയാക്കിയല്ലോ എന്ന ഒരു ചെറിയ പ്രയാസംപോലും എന്റെ മനസ്സിലില്ല…”
ഇത്രയും പറഞ്ഞുതീരുമ്പോഴും ആ മുഖത്ത് പുഞ്ചിരി തങ്ങിനിന്നു. ഈമാന്‍ നല്കുന്ന നിര്‍വൃതിയും ആത്മീയസുഖവും എത്ര വലുതാണെന്ന് അവന് വിശദീകരിച്ചുകൊണ്ടേയിരുന്നു. വാടിപ്പോകാത്ത മനോബലത്തിലേക്കെത്തിയത് എങ്ങനെയെന്ന് അനുഭവങ്ങളുടെ നേരില്‍ നിന്ന് അവന് പറഞ്ഞുതന്നു.
നോക്കൂ, ഈ കൂട്ടി പറയുന്നത് അവന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പരിപൂര്‍ണ സംതൃപ്തനാണ് എന്നാണ്. പരിഭവമോ പരാതിയോ ഒട്ടുമില്ലെന്ന് ഉറപ്പിച്ചുപറയുന്നു. ഇനി നമ്മളൊന്ന് ആലോചിക്കുക; നമ്മുടെ ഇപ്പോഴത്തെ ഈ അവസ്ഥകളില്‍ നാം സംതൃപ്തരാണോ? ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍, ശാരീരികാവസ്ഥയില്‍, വീട്ടില്‍, സൌകര്യങ്ങളില്‍… എല്ലാത്തിലും പരാതിയില്ലാത്ത മനസ്സ് നമുക്കുണ്ടോ? ഉണ്ടെങ്കില്‍ മാത്രമേ ഭക്തിയുടെ സുഖം അനുഭവിക്കാന്‍ കഴിയൂ.
ഇമാം മാലികുബ്നു ദീനാറിന്റെ ഒരു സംഭവമുണ്ട്. അദ്ദേഹം അക്കാലത്തെ മഹാനായ ഒരു പണ്ഡിതനെ സന്ദര്‍ശിച്ചു. വെള്ളം കുടിക്കാനും വുദ്വു എടുക്കാനുമായി വക്കുപൊട്ടിയ ഒരു കൂജ, കിടക്കാനൊരു പായ, തലവെക്കാനൊരു ഇഷ്ടികക്കഷ്ണം – ഇത്രയുമായിരുന്നു ആ പണ്ഡിതന്റെ വീട്ടിലുണ്ടായിരുന്നത്. മാലികുബ്നു ദീനാര്‍ ഈ അവസ്ഥ കണ്ട് ദു:ഖിതനായി. തനിക്ക് ധനികനായ ഒരു സുഹൃത്തുണ്ടെന്നും അയാളോട് പറഞ്ഞ് വീട്ടിലേക്ക് ആവശ്യമായതെല്ലാം വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു. ഇതു കേട്ടപ്പോള്‍ ആ പണ്ഡിതന്റെ മറുപടി ഇങ്ങനെയായിരുന്നു: “നിങ്ങള്‍ പറഞ്ഞ ധനികനെ സംരക്ഷിക്കുന്നതും എന്നെ സംരക്ഷിക്കുന്നതും രണ്ട് ദൈവങ്ങളാണോ? അല്ല. എങ്കില്‍ അല്ലാഹു എന്റെ ദാരിദ്യ്രത്തെ കാണിതിരിക്കുകയും അയാളുടെ സമ്പന്നതയെ മാത്രം ശ്രദ്ധിക്കുകയും ചെയ്യുകയാവുമോ? സത്യം പറഞ്ഞാല്‍ അല്ലാഹു ആരെയും ശ്രദ്ധിക്കാതിരിക്കുന്നില്ല. അതിനാല്‍ നാം ആരെയും അല്ലാഹുവിന് ഓര്‍മിപ്പിക്കേണ്ടതില്ല. ഓരോരുത്തര്‍ക്കും എന്താണ് കൊടുക്കേണ്ടതെന്ന് അവന് നല്ല നിശ്ചയമുണ്ട്. അതനുസരിച്ച് അവന് കൊടുക്കുന്നുമുണ്ട്” (തദ്കിറതുല്‍ ഔലിയാഅ്, ഫരീദുദ്ദീന്‍ അത്താര്‍: 79)
അല്ലാഹു വിധിച്ചതെന്തും തികഞ്ഞ സംതൃപ്തിയോടെ സ്വീകരിക്കുവാനും അവന്റെ കാരുണ്യത്തെ പ്രതീക്ഷിച്ച് മുന്നേറാനും സാധിക്കുന്നത് ജീവിതത്തിലെ മഹാഭാഗ്യമാണ്. ഈ സംതൃപ്തിയില്ലെങ്കില്‍ ഭക്തി നഷ്ടപ്പെടും. ആര്‍ത്തിയുടെ ഒരു പ്രശ്നം, അതിന് അവസാനമില്ല എന്നതാണ്. ഓരോ ആഗ്രഹങ്ങളും പൂവണിയുമ്പോഴും അടുത്തതിനായി കൊതി തുടങ്ങും. “നിങ്ങള്‍ ഖബ്റിടങ്ങളിലെത്തുവോളം” (102:2) എന്ന് ഖുര്‍ആന്‍ പറഞ്ഞപോലെ അത് തുടര്‍ന്നുകൊണ്ടിരിക്കും.
‘മിശ്കാത്തില്‍ ഉദ്ധരിച്ച ഒരു തിരുവചനം നമ്മുടെ ജീവിത വീക്ഷണമാകേണ്ടതുണ്ട്. തിരുനബി(സ) പറയുന്നു. “ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന്റെ അടുക്കല്‍ ഏറെ പ്രിയപ്പെട്ടവനുമാണ്. എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്രദമായ കാര്യത്തില്‍ അതീവ താല്പര്യം കാണിക്കുക. അല്ലാഹുവോട് സഹായം തേടുകയും ചെയ്യുക. നീ ദുര്‍ബലനാകരുത്. നിനക്ക് വല്ല വിപത്തും വന്നുഭവിച്ചാല്‍, ‘ഞാനങ്ങനെ ചെയ്തിരുന്നെങ്കില്‍’, ‘ഇങ്ങനെ ചെയ്തിരുന്നെങ്കില്‍’ എന്ന് നീ പറയരുത്. മറിച്ച്, ‘അല്ലാഹു എല്ലാം വിധിച്ചിരിക്കുന്നു, അവന് ഉദ്ദേശിച്ചത് ചെയ്യും എന്ന് നീ പറയുക.’ എന്തുകൊണ്ടെന്നാല്‍ ‘എങ്കില്‍’ എന്ന പ്രയോഗം പിശാചിന്റെ പ്രവര്‍ത്തനത്തിനുള്ള കവാടം തുറക്കുന്നു” (റാഹേ അമല്‍: 29)
ഉപദേശം തേടിയെത്തിയ സുഫ്യാനുബ്നു അബ്ദില്ലക്ക് തിരുനബി(സ) നല്കുന്ന ഉപദേശമിത്രയായിരുന്നു. “അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പ്രഖ്യാപിക്കുക: പിന്നെ അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക” ഈ ഉറച്ചു നില്‍ക്കലാണ് മനക്കരുത്തിന്റെ ആയുധം. അല്ലാഹുവിലുള്ള വിശ്വാസം എല്ലാം നിര്ഭയമാക്കിത്തീര്ക്കണം. സഹനവും സംതൃപ്തിയും കൈവരണം. മിഖ്ദാതുബ്നുല് അസ്വദില്‍ നിന്നുദ്ധരിക്കുന്ന തിരുവചനത്തില്‍ അവിടുന്ന് പറയുന്നു: “വിപത്തുകളില്‍ സുരക്ഷിതനായവന് സൌഭാഗ്യവാന് തന്നെ”. മൂന്നുപ്രാവശ്യം ഇത് ആവര്‍ത്തിച്ചു പറഞ്ഞശേഷം റസൂല്‍ പറഞ്ഞു: “പരീക്ഷണത്തിന് വിധേയമാവുകയും അതില്‍ സഹനമവലംബിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ക്കാണ് സര്‍വമംഗളങ്ങളും” വിധിയില്‍ വെറുപ്പ് കാണിക്കലാണ് മനുഷ്യന്റെ നിര്‍ഭാഗ്യമെന്നും അവിടുന്ന് പറഞ്ഞു.
തുടക്കത്തില്‍ സുചിപ്പിച്ച ബാലനെപ്പോലെ ഈമാനിന്റെ രുചിയും സുഖവും അനുഭവിക്കുന്ന കുറച്ചുപേര്‍ നമുക്കിടയിലുണ്ട്; അധികപേരില്ല. സത്യവിശ്വാസത്തെ പൂര്‍ണമായ അളവിലും അര്‍ഥത്തിലും ഉള്‍ക്കൊള്ളുകയും അല്ലാഹുവിന്റെ വിധിയെ സംബന്ധിച്ച് കൃത്യമായ ജീവിതവീക്ഷണം രൂപപ്പെടുത്തുകയും ചെയ്യുന്നവരാണവര്‍. ചിലതൊന്നും കിട്ടില്ലെന്നും ചിലതൊന്നും കിട്ടാതിരിക്കില്ലെന്നും അവര്‍ക്കറിയാം. നഷ്ടങ്ങളെ ഓര്‍ത്ത് കരഞ്ഞിരിക്കാന്‍ അവര്‍ക്കാവില്ല. പ്രതീക്ഷയുടെ പുതിയ പുലരികള്ക്കായാണ് അവരുടെ കാത്തിരിപ്പ്. ഇല്ല, അവരൊന്നിലും തോറ്റുപോകില്ല!
അബ്ദുല്‍ വദൂദിന്റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!
നിങ്ങളുടെ അഭിപ്രായങ്ങള്‍!