ഉള്ളില്‍ കൊള്ളുന്ന ഉപദേശങ്ങള്‍

സലമതുബ്നു ദീനാര്‍ മഹാനായ പണ്ഡിതനും മദീനയിലെ ഇമാമുമായിരുന്നു. അബൂഹാസിം എന്നറിയപ്പെട്ട അദ്ദേഹം മുടന്തനായിരുന്നു. ‘നാവിന്‍തുമ്പത്ത് വിജ്ഞാനമുള്ളയാള്‍ ‘ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഉന്നതരായ പല സ്വഹാബികളില്‍ നിന്നും വിജ്ഞാനം നേടിയ താബിഈ ആയിരുന്നു അബൂഹാസിം. ഭക്തിയും വിജ്ഞാനവും തുളുമ്പി നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ ചിന്തനീയമാണ്. ഹിജ്റ 97ല്‍ മദീന സന്ദര്‍ശിച്ച ഖലീഫ സുലൈമാനുബ്നു അബ്ദില്‍മലിക്, അബൂഹാസിമിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. “ഓര്‍മിപ്പിക്കാനും തുടച്ചുമിനുക്കാനും പറ്റുന്ന അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ കിട്ടിയില്ലെങ്കില്‍ ലോഹങ്ങളെപ്പോലെ മനസ്സും തുരുമ്പുപിടിക്കും” -ഇതായിരുന്നു ഖലീഫയുടെ അഭിപ്രായം. ഖലീഫയും ഇമാമും തമ്മില്‍ നടന്ന സംസാരത്തില്‍നിന്ന്

“നാം മരണത്തെ വെറുക്കുന്നു, കാരണം?”
“ദുനിയാവ് പണിയുകയും പരലോകം നശിപ്പിക്കുകയും ചെയ്തതുകൊണ്ട്. നല്ല കെട്ടിടത്തില്‍ നിന്ന് തകര്‍ന്ന കെട്ടിടത്തിലേക്ക് താമസം മാറാന്‍ മടിയുണ്ടാകും.”

“നാളെ അല്ലാഹുവിന്‍റെ അടുത്ത് എനിക്ക് എന്താണുള്ളത് എന്നറിയാന്‍ എന്താണ് വഴി?”
“താങ്കളുടെ പ്രവൃത്തികളെ ഖുര്‍ആനുമായി തട്ടിച്ചുനോക്കിയാല്‍ അതറിയാന്‍ കഴിയും.”

“ഖുര്‍ആനില്‍ എവിടെയാണ് അതുള്ളത്?”
“പുണ്യവാന്മാര്‍ തീര്‍ച്ചയായും സുഖത്തിലാണ്. തെമ്മാടികള്‍ തീര്‍ച്ചയായും നരകത്തിലാണ്.”

“നാളെ എങ്ങനെ അല്ലാഹുവിന്‍റെ അടുത്തു ചെല്ലും?”
“നന്മ ചെയ്തവര്‍, കുടുംബത്തിലേക്ക് യാത്രപോകുന്ന പ്രവാസിയെപ്പോലെ. തിന്മ ചെയ്തവര്‍, യജമാനന്‍റെ അടുക്കലേക്ക് നയിക്കപ്പെടുന്ന ഒളിച്ചോടിയ അടിമയെപ്പോലെ.”

“ബുദ്ധിമാനായ മനുഷ്യന്‍ ആരാണ്?”
“അല്ലാഹുവിന്‍റെ മാര്‍ഗം അറിയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യുന്നവന്‍.”

“ബുദ്ധി ശൂന്യനായ മനുഷ്യനോ?”
“അന്യന്‍റെ ഇഹലോകത്തിനുവേണ്ടി സ്വന്തം പരലോകം വിറ്റു കളയുന്നവന്‍.”

മറ്റൊരിക്കല്‍ അബ്ദുര്‍റഹ്മാനിബ്നു ജരീറും മകനും അബൂഹാസിമിനെ സന്ദര്‍ശിച്ചു. ഇബ്നുജരീറിന്‍റെ ചോദ്യങ്ങളും അബൂഹാസിമിന്‍റെ മറുപടികളും:

“ഹൃദയമുണരാന്‍ നാമെന്തു ചെയ്യണം?”
“പാപങ്ങള്‍ ഒഴിവാക്കാന്‍ ദൃഢനിശ്ചയം ചെയ്താല്‍ ഹൃദയം ഉണരും. അല്ലാഹുവോട് അടുപ്പിക്കാത്ത ഏത് അനുഗ്രഹവും പാപമാണ്.”

“അങ്ങ് എപ്പോഴും ഉപദേശിക്കുന്ന നന്ദിയുടെ പൊരുള്‍ എന്താണ്?'”
“ഓരോ അവയവത്തിനും നന്ദിയുണ്ട്. നന്മ കണ്ടാല്‍ പരസ്യപ്പെടുത്തുക. തിന്മ കണ്ടാല്‍ മറച്ചുവെക്കുക – ഇതാണ് കണ്ണുകളുടെ നന്ദി. നല്ലത് കേട്ടാല്‍ ഉള്‍ക്കൊള്ളുക. ചീത്തയായത് അവഗണിക്കുകയും -ഇതാണ് കാതിന്‍റെ നന്ദി. സ്വന്തത്തിന്‍റെന്തല്ലാത്തത് കൈവശം വെക്കരുത്. അവകാശങ്ങള്‍ തടയരുത് – ഇതാണ് കൈകളുടെ നന്ദി.”

അബൂഹാസിമിന്‍റെ പ്രസിദ്ധമായ ഒരുപദേശം: “പരലോകത്ത് എന്തുണ്ടാകണമെന്ന് നോക്കി ഇഹലോകത്ത് അതിന് പരിശ്രമിക്കുക. പരലോകത്ത് ആവശ്യമില്ലാത്തത് ഈ ലോകത്തും ഒഴിവാക്കുക. അസത്യത്തിന്നാണ് താങ്കളുടെ മനസ്സില്‍ സ്ഥാനമെങ്കില്‍ ദുര്‍ജനങ്ങളും കപടരും താങ്കളെ വന്നുപൊതിയും. സത്യത്തിന്നാണ് സ്ഥാനമെങ്കില്‍ സജ്ജനങ്ങളെ കൂട്ടിനുകിട്ടും. അക്കാര്യത്തില്‍ അവരുടെ സഹായവും കിട്ടും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.”

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

kWFpAd


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam