തഹജ്ജുദ്: വിശ്വാസിയുടെ കരുത്ത്

എങ്ങും നിശബ്ദത!
എല്ലാ ബഹളങ്ങളും അവസാനിച്ചിരിക്കുന്നു. എല്ലാവരും നീണ്ട നിദ്രയിലേക്ക് അടങ്ങിയൊതുങ്ങിയിരിക്കുന്നു. ഒരാള്‍ തന്‍റെപുതപ്പ് നീക്കി പതുക്കെ എണീക്കുന്നു. ആരെയും ശല്യപ്പെടുത്താതെ അയാള്‍ വുദ്വൂവെടുത്ത് നമസ്കാരത്തില്‍ മുഴുകുന്നു. സൂര്യന്‍ ഉറക്കമുണരാന്‍ ഇനിയും സമയമുണ്ട്. അയാള്‍ നീണ്ട പ്രാര്‍ഥനയില്‍, നീണ്ട സുജൂദുകള്‍, റുകൂഉകള്‍, കണ്ണീരണിഞ്ഞ തൌബയുടെ സ്വരം… സ്നേഹനിധിയായ സര്‍വശക്തനോട് എല്ലാം പറയുന്നു. പുതിയൊരു പ്രഭാതത്തെ സ്വീകരിക്കുമ്പോള്‍ ആ മനസ്സും ജീവിതവും എത്ര ആഹ്ളാദകരമായിരിക്കും..!

രാത്രിനമസ്കാരം ഏറ്റവും സുപ്രധാനമായ ഒരു സുന്നത്ത് നമസ്കാരമാണ്. വിശ്വാസത്തെ ശക്തമാക്കാനും മനസ്സിനെ ഏകാഗ്രമാക്കാനും പാപങ്ങള്‍ പൊറുത്തുകിട്ടാനും ഉത്തമമായ ഒരവസരമാണ് ‘തഹജ്ജുദ്.’ നമ്മുടെയുള്ളിലെ തഖ്‌വയും ഈമാനും പോറലുകളില്ലാതെ നിലനിര്‍ത്താനും കൂടുതല്‍ വേരുറച്ചതാക്കാനും തഹജ്ജുദിലെ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും പ്രചോദനം നല്കുന്നു.

പ്രവാചകതിരുമേനി(സ) രാത്രി നമസ്കാരത്തെ ഏറെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇഹപരലോകത്തുള്ള അതിന്‍റെ ശ്രേഷ്ഠത വിവരിച്ചിരുന്നു. തിരുമേനി(സ)യുടെ പ്രബോധനത്തിന്‍റെആദ്യഘട്ടങ്ങളില്‍ രാത്രിനമസ്കാരത്തിന് കൂടുതല്‍ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. “അല്ലയോ മൂടിപ്പുതച്ചവനേ, നിശാവേളയില്‍ എഴുന്നേറ്റ് നമസ്കരിക്കൂ”, തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ രാത്രി നമസ്കാരത്തെ സംബന്ധിച്ച് പ്രവാചകതിരുമേനിക്കുള്ള നിര്‍ദേശങ്ങളായിരുന്നു.

രാത്രിനമസ്കാരത്തിന് തുല്യമായ മറ്റൊരു പാഥേയമോ സഹായമോ ഇല്ല. സത്യവിശ്വാസികളെ അത് അങ്ങേയറ്റം സഹായിക്കുന്നു. നിര്‍ണയിക്കാനോ വിഭാവനചെയ്യാനോ കഴിയാത്തത്ര സാധ്യതകളും കഴിവുകളും രാത്രി നമസ്കാരം പ്രദാനംചെയ്യുന്നു. രാത്രി എഴുന്നേല്ക്കുന്നത് ആത്മനിയന്ത്രണമാര്‍ജിക്കാന്‍ ഏറെ സഹായകവും നേരാംവണ്ണം ഖുര്‍ആന്‍ ഓതാന്‍ ഉചിതവുമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.

നബിതിരുമേനി(സ)യുടെ ഒരു വചനംനോക്കൂ: “നിങ്ങള്‍ രാത്രിനമസ്കാരത്തില്‍ നിഷ്ഠയുള്ളവരാവുക. സുകൃതവാന്മാരായ പൂര്‍വികരുടെ മാതൃകയും ദൈവസാമീപ്യം നേടിത്തരുന്നതും തി•കളെ മായ്ച്ചുകളയുന്നതും പാപത്തില്‍നിന്ന് തടയുന്നതും ശരീരസൌഖ്യം നല്കുന്നതുമാകുന്നു രാത്രി നമസ്കാരം.”(ത്വബ്റാനി, തിര്‍മിദി)

ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം ശക്തമായ പിടിവ ള്ളിയും ആശ്വാസവേളയുമാണ് തഹജ്ജുദിന്‍റെസമയം. സ്വന്തം പ്രവര്‍ത്തനങ്ങളെയും ആത്മാര്‍ഥതയെയും പരിചിന്തനം നടത്താനും വിഷമതകള്‍ പങ്കുവെക്കാനും ആ സമയം അയാള്‍ക്ക് ഉത്തമമായിത്തീരുന്നു. മനസ്സും ശരീരവും ഒട്ടും സമ്മതിക്കാത്ത ഒരു സമയത്ത്, കിനാവുകണ്ട് കിടന്നുറങ്ങുന്ന വേളയില്‍ അതെല്ലാം ഒഴിവാക്കി എഴുന്നേറ്റ് ആരാധനകളില്‍ മുഴുകുക എന്നത് ശക്തമായ ആത്മനിയന്ത്രണമുള്ളവര്‍ക്ക് മാത്രം സാധിക്കുന്നതാണ്.

ത്വബ്റാനി ഉദ്ധരിച്ച മറ്റൊരു ഹദീസ് നോക്കൂ: തിരുമേനി(സ) പറഞ്ഞു: “ഒരാള്‍ രാത്രി നമസ്കാരം നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക് വന്നുപറയും: ‘എഴുന്നേല്ക്കൂ, നേരം അതിക്രമിച്ചിരിക്കുന്നു. നമസ്കരിക്കുക, നിന്‍റെനാഥനെ സ്മരിക്കുക.’ എന്നാല്‍ അവന്‍റെയടുത്ത് പിശാച് വന്നു പറയും: ‘ഇനി നീണ്ട രാത്രിയാണ്. ഇപ്പോള്‍ ഉറങ്ങുക, പിന്നെ എഴുന്നേല്ക്കാം. ഇപ്പോള്‍ എഴുന്നേറ്റ് നമസ്കരിച്ചാല്‍ കണ്ണില്‍ ഉറക്കച്ചടവുണ്ടാവും, ശരീരം മെലിയും.’ ഈ മനുഷ്യന്‍ പിശാചിനെയാണ് അനുസരിക്കുന്നതെങ്കില്‍ നമസ്കരിക്കാതെ ഉറങ്ങുന്നു. പിശാച് അവന്‍റെചെവിയില്‍ മൂത്രമൊഴിക്കുന്നു.”

സുഹൃത്തെ, നമ്മള്‍ ഇത്ര കാലമായി ആരെയാണ് അനുസരിച്ചത്?

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

OVTu


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam