മുരടിക്കുന്നവരോ പടരുന്നവരോ?

ബോണ്‍സായി വൃക്ഷങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? സ്വീകരണമുറിയില്‍ അലങ്കാര വസ്‌തുക്കളായി സൂക്ഷിക്കുന്ന ഇത്തരം വൃക്ഷങ്ങള്‍ അത്ഭുതകരമാണ്‌. മാവ്‌, പ്ലാവ്‌, ആല്‍മരം തുടങ്ങിയ ഏത്‌ വൃക്ഷമായാലും അതിന്‍റെ വളര്‍ച്ച പതിനഞ്ചോ പതിനെട്ടോ ഇഞ്ച്‌ മാത്രമായി പരിമിതപ്പെടുത്തി ഒരു ചട്ടിയില്‍ വളര്‍ത്തുന്നു. ചെറിയ വലുപ്പത്തില്‍ കുറിയ വൃക്ഷങ്ങളായി നില്‍ക്കുന്ന കാഴ്‌ച കൗതുകമുണര്‍ത്തുന്നതാണ്‌. വൃക്ഷത്തൈകളെപ്പോലെ തോന്നിക്കുന്ന ഇവ നിരവധി പ്രായമുള്ള മരങ്ങളാണ്‌. വൃക്ഷങ്ങളിലെ കുള്ളന്മാര്‍

എങ്ങനെയാണ്‌ ഇവയുടെ വളര്‍ച്ച മുരടിക്കുന്നത്‌? ഏത്‌ വൃക്ഷത്തിന്‍റെ തായാലും ഇളംതൈ ആയിരിക്കുമ്പോള്‍ പറിച്ചെടുത്ത്‌ തായ്‌വേരും പറ്റുവേരുകളും വെട്ടിമുറിക്കുന്നു. അതോടെ അതിന്‍റെ വളര്‍ച്ച നിയന്ത്രിക്കപ്പെടുന്നു!

ഭീമാകാരമായി വളര്‍ന്നു പന്തലിക്കുന്ന മരങ്ങളും ലോകത്തുണ്ട്‌. സെക്കോഇയാ വൃക്ഷങ്ങള്‍ 80 അടി ചുറ്റളവിലും 300 അടി ഉയരത്തിലും ഉയര്‍ന്നു പന്തലിക്കുന്ന വൃക്ഷമാണ്‌. അത്‌ മുറിച്ചെടുത്താല്‍ മുപ്പത്തഞ്ച്‌ മുറികള്‍ വീതമുള്ള പല വീടുകള്‍ക്ക്‌ ഫര്‍ണിച്ചറുകള്‍ പണിയാം. നോക്കൂ, ഈ വൃക്ഷത്തിന്‍റെ യും തുടക്കം ബോണ്‍സായി വൃക്ഷത്തിന്‍റെ പോലെ ഒരു ചെറിയ വിത്തില്‍ നിന്നാണ്‌. പക്ഷേ, വളര്‍ച്ച മുരടിക്കാതെ സെക്കോഇയാ ആകാശത്തേക്ക്‌ ഉയര്‍ന്നുപടര്‍ന്നു!

വൃക്ഷങ്ങളെപ്പോലെയാണ്‌ വ്യക്തികളും. മുരടിക്കുന്നവരും പടരുന്നവരുമുണ്ട്‌. അവനവന്‍റെ ചെറിയ ചുറ്റളവില്‍ നിന്ന്‌ അന്യരുടെ ഹൃദയങ്ങളിലേക്ക്‌ പടരേണ്ടവരാണ്‌ സത്യവിശ്വാസികള്‍ , സ്വാര്‍ഥതയുടെ അഴുക്ക്‌ കലരാതെ, ഒഴുകിക്കൊണ്ടേയിരിക്കേണ്ട തളിര്‍ജലമാണവര്‍ , കെട്ടി നിന്നാല്‍ വെള്ളം ദുഷിക്കും. പരന്നൊഴുകുമ്പോഴാണ്‌ ശുദ്ധമാവുക!

അബൂമൂസല്‍ അശ്‌അരിയില്‍ നിന്ന്‌ ഉദ്ധരിക്കുന്ന ഒരു തിരുവചനമുണ്ട്‌. തിരുനബി ഇങ്ങനെ പറഞ്ഞു: ദാനം ചെയ്യല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്‌. അശ്‌അരിയുടെ ചോദ്യം: ഒരാളുടെ കൈയില്‍ പണമില്ലെങ്കിലോ? തിരുനബി: അവന്‍ അധ്വാനിച്ച്‌ പണമുണ്ടാക്കുകയും സ്വയം ഉപയോഗിക്കുകയും ദരിദ്രര്‍ക്ക്‌ നല്‌കുകയും ചെയ്യട്ടെ. അതിനും കഴിയില്ലെങ്കിലോ? വിഷമാവസ്ഥയില്‍ കഴിയുന്ന ഏതെങ്കിലും പാവപ്പെട്ടവനെ സഹായിക്കട്ടെ. അതിനും കഴിഞ്ഞില്ലെങ്കിലോ? എങ്കില്‍ ജനങ്ങളോട്‌ നല്ലത്‌ പറയട്ടെ. അതിനും കഴിഞ്ഞില്ലെങ്കിലോ? എങ്കില്‍ ഇത്ര മതി, ആര്‍ക്കും ഉപദ്രവം ചെയ്യാതിരിക്കുക!

ആര്‍ക്കൊക്കെ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും അടങ്ങിയിരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ്‌ തിരുനബി ചെയ്യുന്നത്‌. ഉള്ളതുകൊണ്ട്‌ അന്യരിലേക്ക്‌ ഇറങ്ങിയേ മതിയാവൂ. സ്വന്തത്തിന്‍റെയും കുടുംബത്തിന്‍റെയും സുഖ സൗകര്യങ്ങളെപ്പറ്റി വേവലാതിപ്പെടാതെ, നമ്മുടെ വിജയത്തെക്കുറിച്ച്‌ വേവലാതിപ്പെടുക. വിജയം വരിക്കണമെങ്കില്‍ മറ്റുള്ളവരിലേക്ക്‌ ഇറങ്ങിയേ പറ്റൂ. സഹായങ്ങളുടെ വശങ്ങള്‍ വിശാലമാണ്‌. തിരുനബി ഇത്രവരെ പറഞ്ഞു: രണ്ടു പേര്‍ക്കിടയില്‍ നീതി കാണിക്കുന്നത്‌ പുണ്യമാണ്‌. നിങ്ങളുടെ വാഹനത്തില്‍ ഒരാളെ കയറ്റുകയോ അയാളുടെ ചുമട്‌ കയറ്റുകയോ ചെയ്യുന്നതും പുണ്യമാണ്‌. നല്ല വാക്ക്‌ പുണ്യമാണ്‌. നമസ്‌കാരത്തിന്നായുള്ള ഓരോ ചുവടും പുണ്യമാണ്‌. വഴിയില്‍ നിന്ന്‌ ഉപദ്രവങ്ങള്‍ നീക്കുന്നതും പുണ്യമാണ്‌.

“പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക്‌ നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ” എന്ന്‌ ഇബ്‌റാഹീം നബി പ്രാര്‍ഥിക്കുന്നുണ്ട്‌.,(വി.ഖു 26:84). സല്‍കീര്‍ത്തിയുടെ അടിസ്ഥാനം സല്‍വൃത്തികളാണ്‌. എത്ര ആയുഷ്‌കാലം ഇവിടെ കഴിഞ്ഞു എന്നതല്ല, ഉള്ള കാലം എന്തുചെയ്‌തു എന്നതാണ്‌ കാര്യം. ജീവിതമെന്ന ചെറിയ പ്രതിഭാസത്തെ വലിയ പ്രതിഭാസമാക്കുന്നത്‌ യഥാര്‍ഥത്തില്‍ സല്‍കര്‍മങ്ങളാണ്‌. കാലഭേദങ്ങളില്ലാതെ കായ്‌കനികള്‍ നല്‌കുന്ന നല്ലൊരു മരംപോലെയാണ്‌ നല്ല വചനത്തിന്‍റെ ഉപമ. (14:24,25).

നല്ല വചനം ഉള്‍ക്കൊണ്ടവനും ഇങ്ങനെയാകേണ്ടതാണ്‌. എപ്പോഴും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവര്‍! വരാനിരിക്കുന്നത്‌ ജൂണ്‍ മാസമാണ്‌. സഹായങ്ങള്‍ പെരുകേണ്ട കാലം. ഓര്‍മയില്‍ ഇതൊക്കെ ഉണ്ടാകട്ടെ.

തീരത്തേക്ക്‌ അടിച്ചുവരുന്ന തിരമാലകളില്‍ പെട്ട്‌ കടല്‍ക്കരയില്‍ വന്നടിയുന്ന ചെറിയ മത്സ്യങ്ങളുണ്ട്‌. വെയിലേറ്റാല്‍ അവ ചൂടേറ്റ്‌ ചത്തുപോവും. പ്രഭാതസവാരിക്കിറങ്ങുന്ന ഒരാള്‍ സ്ഥിരമായി ഇവയെ കടലിലേക്കെറിഞ്ഞ്‌ രക്ഷപ്പെടുത്തുന്നു. ഇത്‌ കാണുന്ന ഒരാള്‍ ചോദിച്ചു: സുഹൃത്തേ എന്താണ്‌ നിങ്ങള്‍ ചെയ്യുന്നത്‌? നൂറുകണക്കിന്‌ മത്സ്യങ്ങളുണ്ട്‌ ഈ കടല്‍ക്കരയില്‍. ഇവയില്‍ എത്രയെണ്ണത്തെ നിങ്ങള്‍ക്ക്‌ രക്ഷിക്കാനാവും? എന്തു വ്യത്യാസം വരുത്താന്‍ കഴിയും? അയാള്‍ ഉത്തരമൊന്നും പറഞ്ഞില്ല. തന്‍റെ മുന്നില്‍ കണ്ട ഒരു മത്സ്യത്തെക്കൂടി കുനിഞ്ഞെടുത്ത്‌ കടലിലേക്കെറിഞ്ഞ്‌ ഇത്രമാത്രം പറഞ്ഞു: “ഈയൊരു മത്സ്യത്തിനെങ്കിലും വലിയ വ്യത്യാസം വരുമല്ലോ!”

ഈ മനോഭാവമാണ്‌ നമ്മിലും വളരേണ്ടത്‌. വലിയ പ്രവര്‍ത്തനങ്ങള്‍ എന്നതിനെക്കാള്‍ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ്‌ നമ്മിലുണ്ടാവേണ്ടത്‌. തിരുനബി ഉണര്‍ത്തുന്നു: ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്‌. പുഞ്ചിരിയാല്‍ നിന്‍റെ സഹോദരനെ അഭിമുഖീകരിക്കുന്നതും പുണ്യമാണ്‌. നിന്‍റെ തൊപ്പിയിലെ വെള്ളം സഹോദരന്‍റെ പാത്രത്തില്‍ ഒഴിച്ചുകൊടുക്കുന്നതും പുണ്യമാണ്‌.

വളര്‍ച്ച മുരടിച്ച്‌ കുനിഞ്ഞുപോകാതെ, ചെറുതും വലുതുമായ നല്ല കര്‍മങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച്‌ സകലരിലേക്കുമെത്തുക. നല്ല മരം എങ്ങോട്ടും നീങ്ങുന്നില്ല. അതിനെത്തേടി എല്ലാവരും ഇങ്ങോട്ടെത്തുന്നു. നാം കുറച്ചുകാലം ഇവിടെ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവാണ്‌ നമ്മുടെ പ്രവര്‍ത്തികള്‍ നാളേക്കുള്ളതും മറ്റെന്താണ്‌?

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

LQ9Y8C


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam