പ്രതീക്ഷയെന്ന അനുഗ്രഹം

പ്രതീക്ഷകള്‍ നശിച്ചവരാണ് ജീവിതത്തില്‍ നൈരാശ്യത്തിലേക്ക്‌ വീണു പോവുന്നത്. യാതൊരു ഉത്സാഹവുമില്ലതെ, ശിഷ്ടകാലം ജീവിക്കുന്നതില്‍ തന്നെ യാതൊരു അര്‍ത്ഥവും കാണാത്തവരായിരിക്കും അവര്‍. തങ്ങളുടെ അവസ്ഥക്ക് എന്തെങ്കിലും മാറ്റം വരുത്താനുള്ള ഏതു പ്രവര്‍ത്തനവും ഒരു വൃഥാ ശ്രമമായി മാത്രമേ അവര്‍ പരിഗണിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ, ഇത്തരത്തില്‍ നിരാശയില്‍ ജീവിക്കുന്നവരില്‍ നിന്നും എന്തെങ്കിലും മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങളോ, തങ്ങളുടെ ജീവിതത്തിനു എന്തെകിലും അര്‍ത്ഥങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളോ ഒരിക്കലും ഉണ്ടാവാറില്ല. പലരും ജീവിതത്തിന്‍റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയും, വിസ്മരിക്കപ്പെട്ടു പോവുകയോ സ്വയം ജീവനൊടുക്കുകയോ ചെയ്യുന്നു. ഞാൻ വിശ്വസിക്കുന്നത് ഒരു വ്യക്തിയെ പിടികൂടുന്ന ഈ ദുരവസ്ഥ വലിയ അർത്ഥത്തിൽ സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ബാധകമാണ് എന്നാണ്. ഇവിടെയാണ് ‘പ്രതീക്ഷ’ എന്ന അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടത്.

ഒരു മതം എന്നതിലുപരി ഒരു ജീവിത വ്യവസ്ഥ ആയിട്ടാണ് ഇസ്ലാമിനെ നാം വിശേഷിപ്പിക്കാറ്. ഇതിനു ഒരു വിശേഷണം കൂടെ ചേര്‍ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്ലാം ഒരു ജീവിത കലയാണ്(Art of Living). ഞാൻ ഇതു പറയാൻ കാരണം, മതപരമായ ആചാരങ്ങളുടെയും ആരാധനയുടെയും ഉള്ളിൽ നിന്നു കൊണ്ടു തന്നെ ജീവിതത്തിന്‍റെ മനോഹാരിതകള്‍ കണ്ടെത്താനുള്ള പരിശ്രമങ്ങളെ ഇസ്ലാം അനുവദിക്കുന്നു എന്നുള്ളതു കൊണ്ടാണ്. ഈ മതത്തിന്‍റെ മുഖമുദ്രയായിക്കൊണ്ട് അല്ലാഹു നമ്മോടു ചെയ്യാൻ കൽപ്പിച്ച ഒരു ആരാധനയാണ് ‘പ്രതീക്ഷയുള്ളവരായിരിക്കുക’എന്നുള്ളത്. നമ്മിൽ പലർക്കും അത്‌ വിസ്മരിക്കപ്പെട്ടു പോയ ഒരു ആരാധന ആണെങ്കിൽ പോലും! അതെ, ‘പ്രതീക്ഷ’ ഒരു ആരാധനയാണ്. വാദിക്കാമെങ്കിൽ, പവിത്രവും അല്ലാഹുവിന്‍റെ അടുത്ത് ഉന്നതവുമായതാണ് അത്. അതുകൊണ്ടു തന്നെ വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍റെ ചര്യയിലും ‘പ്രതീക്ഷകൾ തുളുംബുന്ന’ ധാരാളം സംഭവങ്ങള്‍ നമുക്കു കാണുവാൻ സാധിക്കും.

ഖുര്‍ആൻ വളരെ ഭംഗിയായി വിവരിക്കുന്ന ‘പ്രതീക്ഷ’യുടെ ഒരു പാഠമാണ്‌ യൂസുഫ്‌(അ)ന്റേത്. സൂറത്തു യുസുഫിലെ ഒരു വചനത്തിൽ യഅകൂബ്(അ) ഈജിപ്റ്റിൽ തടഞ്ഞു വെക്കപ്പെട്ട തങ്ങളുടെ ഇളയ സഹോദരനെ തിരിച്ചു കൊണ്ടു വരാൻ വേണ്ടി തന്‍റെ മക്കളെ ഈജിപ്റ്റിലേക്കു തന്നെ തിരിച്ചയക്കുന്നതു വിവരിക്കുന്നു. അതിനും 25 വർഷങ്ങള്‍ക്ക് മുൻപാണ് അദ്ദേഹത്തിനു യുസുഫി(അ)നെ നഷ്ടപ്പെടുന്നത്. “എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച്‌ അന്വേഷിച്ച്‌ നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” (ഖുര്‍ആൻ 12:87). നോക്കൂ, കാൽ നൂറ്റാണ്ടോളം കഴിഞ്ഞിട്ടും ആ പിതാവ് യുസുഫി(അ)നെ കണ്ടെത്താനുള്ള പ്രതീക്ഷ കൈവിട്ടിരുന്നില്ല. അല്ലാഹു എന്നെങ്കിലും തന്‍റെ മകനെ തിരിച്ചു തരുമെന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നു അദ്ദേഹം. നഷ്ടങ്ങളുടെയും നിരാശകളുടെയും അവസരങ്ങലിൽ നാം ഒർത്തുവെക്കേണ്ട വളരെ വലിയ ഒരു പാഠമാണ് ഇത്. അല്ലാഹു അവന്‍റെ കാരുണ്യത്തിൽ നിന്നും നമുക്കു ഒരു വഴി കാണിച്ചു തരിക തന്നെ ചെയ്യും. തീർച്ച!

അൽ അഹ്സാബ്‌ യുദ്ധ വേളയിൽ ഖുറൈശി ഗോത്രം ഇസ്ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. അവർ മദീനയിലെ മുസ്ലിംകള്‍ക്കെതിരെ ഒരു സൈനിക സഖ്യം ഉണ്ടാക്കിയിരുനു. ഖുറൈശികളെ കൂടാതെ, മദീനയുടെ അടുത്ത് താമസിച്ചിരുന്ന ചില ജൂത ഗോത്രങ്ങളും, ഗറ്റഫാൻ പൊലെയുള്ള ശക്തരായ അറബി ഗോത്രങ്ങളും ആണ് ഉണ്ടായിരുന്നത്. പേർഷ്യക്കാരിൽ നിന്നും പഠിച്ച ഒരു യുദ്ധ തന്ത്രം നടപ്പാക്കുന്നതു വരെ മുസ്ലിംകള്‍ പരാജയം നോക്കി കാണുകയായിരുന്നു. അവർ മദീനക്കു ചുറ്റും ഒരു കിടങ്ങു നിർമ്മിക്കാൻ തീരുമാനിച്ചു. അതു വളരെ എളുപ്പമുള്ള ഒരു കാര്യം ആയിരുന്നില്ല. മുസ്ലിംകള്‍ മരുഭൂമിയിലെ രാത്രികളിലെ കഠിനനമായ തണുപ്പിലും പകലുകളിലെ ശക്തമായ ചൂടിലും ഒന്നിനെയും വകവെക്കാതെ കിടങ്ങു നിർമ്മാണത്തിൽ മുഴുകി. ഭയത്തിന്‍റെയും നിരാശയുടെയും കാലം എന്ന് ഖുര്‍ആൻ ഈ സമയത്തെ വിശേഷിപ്പിക്കുന്നുണ്ട്. തൊട്ടു ദൂരെ തന്നെ ശത്രുക്കള്‍ സർവ്വ യുദ്ധസന്നാഹങ്ങളുമായി നിൽക്കുന്നത് അവർക്കു കാണാമായിരുന്നു. ചില മുസ്ലിംകള്‍ തങ്ങളുടെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന നിർഭാഗ്യകരമായ സന്ദര്‍ഭങ്ങളും അവിടെ ഉണ്ടായി. ഒരു തണുപ്പുള്ള രാത്രിയിൽ കിടങ്ങു കുഴിച്ചുകൊണ്ടിരിക്കുന്നതിനിടെ വലരെ വലിയ ഒരു പാറ കാണുകയുണ്ടായി. അതു പൊട്ടിക്കാൻ എത്ര ശ്രമിച്ചിട്ടും സ്വഹാബിമാര്‍ക്ക് സാധിച്ചില്ല. പ്രവാചകനോട് അവർ ഉപദേശം തേടി. തന്‍റെ അനുഗ്രഹീത കരങ്ങളാൽ തിരുനബി സ്വയം ആ പാറ പൊട്ടിക്കാൻ തുടങ്ങി. ചുറ്റിക കൊണ്ടു പ്രവാചകൻ ആ പാറയെ മൂന്നു പ്രാവശ്യം അടിക്കുകയും അതു പൊടിഞ്ഞു പോവുകയും ചെയ്തു. ഓരോ അടിയിലും ഒരു തീപ്പൊരി ഉണ്ടാവുകയും, ഓരോ തീപ്പൊരിയോടൊപ്പവും പ്രവാചകൻ അല്ലാഹു അക്ബർ എന്നു പറയുകയും മുസ്ലിംകൾക്ക് ഓരോ സന്തോഷ വാർത്ത അറിയിക്കുകയും ചെയ്തു. പാറയുടെ മൂന്നിൽ ഒരു ബാഗം പൊട്ടിയപ്പോള്‍ അദ്ദേഹം പരഞ്ഞു: “അല്ലാഹു അക്ബർ, ദമസ്ക്കസിന്‍റെ താക്കോൽ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം, ദമസ്ക്കസിലെ ചുവന്ന കൊട്ടാരങ്ങള്‍ എനിക്കു ദൃശ്യമാക്കപ്പെട്ടിരിക്കുന്നു”. ചുറ്റിക കൊണ്ടു വീണ്ടും തിരുനബി ആ കല്ലിൽ അടിച്ചു. കല്ലിന്‍റെ മൂന്നിൽ ഒരു ഭാഗം വീണ്ടും പൊടിഞ്ഞു. പ്രവാചകൻ പരഞ്ഞു: “പേര്‍ഷ്യയുടെ താക്കോൽ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം, കുസ്രോയുടെ മദായിൻ പട്ടണവും അതിലെ വെളുത്ത കൊട്ടാരങ്ങളും ഞാൻ ഇപ്പോള്‍ കാണുന്നു. തിരുനബി വീണ്ടും ആ പാറയിൽ അടിച്ചു. അതിന്‍റെ ബാക്കി ഭാഗവും പൊടിഞ്ഞു. പ്രവാചകൻ പറഞ്ഞു. യമനിന്‍റെ താക്കോൽ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം, സനയുടെ വാതിലുകള്‍ എനിക്കിപ്പോള്‍ കാണാം. (മുസ്നദ്‌ ഇമം അഹമ്മദ്‌). പിന്നീട് ഉമറി(റ)ന്‍റെയും ഉസ്മാനി(റ)ന്‍റെയും കാലഘട്ടത്തില്‍ ഈ സ്ഥലങ്ങളെല്ലാം മുസ്ലിംകള്‍ക്ക് അധീനമായി. പ്രവാചകനില്‍ നിന്നുള്ള വളരെ മഹത്തായ ഒരു പാഠമാണിത്. പ്രതീക്ഷയുടെ ഒരു നൂല്‍ വെളിച്ചം പോലും ഇല്ലാതിരിക്കുമ്പോഴും അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളെക്കുറിച്ച് നാം നിരാശരാകരുത് എന്നുള്ളത്.

ഉഹ്ദ് യുദ്ധത്തിനു ശേഷം, പരാജിതരും ക്ഷീണിതരുമായാണ് മുസ്ലിംകള്‍ മടങ്ങിയത്. ഹംസ(റ)വിനെപ്പോലെയുള്ള പ്രമുഖരായ സ്വഹാബികള്‍ ഉഹ്ദില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തെ ശത്രുക്കള്‍ ക്രൂരമായി കൊലപ്പെടുത്തുകയും അംഗഭംഗം വരുത്തുകയും ചെയ്തു. മുസ്ലിംകളുടെ മനസ്സില്‍ ഇത് നിരാശയും കടുത്ത പരാജയ ബോധവും ഉണ്ടാവാന്‍ കാരണമായി. ഇത് തങ്ങളുടെ രാജ്യത്തിന്‍റെ അവസാനമായിരിക്കുമെന്നും തുടര്‍ന്ന് ഖുറൈഷികള്‍ക്കായിരിക്കും തങ്ങളുടെ മേല്‍ മേല്‍ക്കൈ എന്നും അവര്‍ ഭയപ്പെട്ടു. ആ സമയത്ത് ഒരു യുദ്ധത്തിനു മുതിരുന്നത് നല്ലതല്ലെന്ന് പ്രവാചകന് തോന്നിയിട്ട് പോലും അദ്ദേഹത്തെ ആ യുദ്ധത്തിനു പ്രേരിപ്പിച്ചതില്‍ അവര്‍ അതിയായി ഖേദിച്ചു. പ്രവാചകന് പോലും ആ യുദ്ധത്തില്‍ പരിക്കേറ്റു. മുസ്ലിംകള്‍ വളരെയധികം നിരാശപ്പെട്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് അനുഗ്രഹീതമായ ഈ വാക്കുകള്‍ അള്ളാഹു അവതരിപ്പിക്കുന്നത്‌.

“നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്‍മാര്‍ . നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്‌) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന്‌ രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.” (ഖുര്‍ആന്‍ 3:139-140)

വലിയൊരു പാഠമാണ് ഈ വചനങ്ങളിലൂടെ അള്ളാഹു നമ്മെ പഠിപ്പിക്കുന്നത്‌. സമുദായത്തിന്‍റെ താത്ക്കാലികമായ പരാജയങ്ങള്‍ , നമ്മള്‍ വിശ്വാസികളാണെങ്കില്‍ ഒരിക്കലും നമ്മുടെ മനോവീര്യം കെടുത്താന്‍ ഇട വരുത്തരുത്. പ്രതീക്ഷയാകുന്ന അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കേണ്ടവരാകുന്നു നാം.

ഇമാം അഹമദിന്‍റെ മുസ്നദില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. പ്രവാചകനോട് ആളുകള്‍ ഒരു യുവാവിനെക്കുറിച്ച് അയാള്‍ കപട വിശ്വാസി ആണെന്ന് പരാതി പറഞ്ഞു.കാരണം അയാള്‍ രാത്രി മുഴുവന്‍ നമസ്ക്കരിക്കുന്നു, പക്ഷെ നേരം പുലര്‍ന്നാല്‍ ആളുകളില്‍ നിന്നും പലതും മോഷ്ടിക്കുന്നു. തഹജ്ജുദ് നമസ്ക്കരിക്കുന്ന ഒരാളില്‍ നിന്നും ഇത്തരത്തില്‍ ഉള്ള ഒരു വലിയ പാപം അവര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. പക്ഷെ പ്രവാചകന്‍ അവിടുത്തെ മറുപടിയില്‍ പ്രതീക്ഷയുടെ ഒരു നാളം അവര്‍ക്ക് നല്‍കുകയാണ് ചെയ്തത്. “അയാളുടെ നമസ്ക്കാരം ക്രമേണ അയാളെ ഈ പാപത്തില്‍ നിന്നും അകറ്റും”, അദ്ദേഹം അവരോടു പറഞ്ഞു. നാമെല്ലാവരും മനുഷ്യരാണെന്നും പിഴവുകള്‍ വരാവുന്നവരാണെന്നുമുള്ള വലിയ ഒരു പാഠം ഈ സംഭവത്തില്‍ ഉണ്ട്. രാവും പകലും രഹസ്യമായും പരസ്യമായും നാം പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. എത്രത്തോളമെന്നു വെച്ചാല്‍ , തന്നിലുള്ള വിശ്വാസം തന്നെ നശിച്ചു അല്ലാഹുവിനോട് ഖേദിച്ചു മടങ്ങാനുള്ള പ്രതീക്ഷ പോലും നമുക്ക് ഇല്ലാതാവുന്നു. മുകളിലെ സംഭവത്തില്‍ പരാമര്‍ശിച്ച യുവാവിനെപ്പോലെ, പാപമോചനമാവുന്ന അള്ളാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തെക്കുറിച്ച പ്രതീക്ഷ ഒരിക്കലും നമ്മില്‍ നിന്നും നഷ്ടപ്പെടരുത്. അല്ലാഹുവിന്‍റെ കാരുണ്യം നമ്മുടെ പാപങ്ങളേക്കാള്‍ എത്രയോ ഉയരത്തിലാണ്.

വ്യക്തി ജീവിതത്തില്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ നമുക്ക് കരുത്താവേണ്ടത് നമ്മുടെ നല്ല പ്രതീക്ഷകളാണ്. ഇസ്ലാമിക സമുദായത്തിനു ഒരു പാട് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ ഒരു ‘ഉമ്മത്ത്’ എന്നുള്ള നിലയില്‍ നാം നല്ല പ്രതീക്ഷകള്‍ പുലര്‍ത്തേണ്ടതുണ്ട്. ഒരു സമുദായം എന്നുള്ള നിലയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും, നമ്മുടെ ചുറ്റുപാടുകള്‍ നന്നാക്കാന്‍ ശ്രമിക്കുമ്പോഴും നല്ല പ്രതീക്ഷകള്‍ നമുക്ക് കൈമോശം വന്നു പോവരുത്. ഈ പ്രതീക്ഷകളാണ് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‌ജ്ജം പകരേണ്ടത്. എങ്ങനെയാണ് വരും തലമുറയിലും നമ്മുടെ ചുറ്റുമുള്ളവരിലും നല്ല പ്രതീക്ഷകള്‍ ഉണര്‍ത്തേണ്ടത് എന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. മുസ്ലിം ഉമ്മത്തിലോ, ഇസ്ലാമിന്‍റെ വൈശിഷ്ട്യത്തിലോ പ്രയോഗത്തിലോ നമുക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെടരുത്. വ്യക്തികള്‍ എന്ന നിലയിലും സമൂഹങ്ങള്‍ എന്ന നിലയിലും നഷ്ടമാവുന്ന പ്രതീക്ഷകള്‍ നമ്മെ വലിയ നൈരാശ്യങ്ങളിലേക്ക് തള്ളിവിടും, അള്ളാഹു ഖുര്‍ആനില്‍ നമുക്ക് ഏതൊരു പദവിയാണോ നല്‍കിയിരിക്കുന്നത്, അത് നമുക്ക് നഷ്ടമാവാന്‍ ഇട വരുത്തും.

“അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി…” (ഖുര്‍ആന്‍ 2:143)

“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത്‌ കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു… “(ഖുര്‍ആന്‍ 3:110)

ഉസ്മാന്‍ മുഹമ്മദ്
(വിവ: feelislam.com)

Read original Article here

2nd Jun 13. Posted in ഇസ്ലാമിക ജീവിതം, മറ്റുള്ളവ, സംസ്ക്കരണം, സ്വഭാവ ഗുണങ്ങള്‍.

View or Post Comments.