റമദാനിലെ പരീക്ഷണങ്ങള്‍

വ്രത നാളുകളിലെ നീണ്ട നിമിഷങ്ങള്‍ വിഷമം പിടിച്ചതായിട്ടാണ് എനിക്ക് അനുഭവപ്പെടാറ്. ഇതിങ്ങനെ പറയാന്‍ പാടില്ലാത്തതാണ് എന്നറിയാം. പക്ഷെ സത്യമതാണ്: റമദാന്‍ വരുമ്പോഴേക്കും നീണ്ട ദിനങ്ങളെക്കുറിച്ചുള്ള ആധിയായിരിക്കും. അങ്ങനെ പേടിച്ചിരിക്കുംബോഴാകും പ്ധോം എന്ന് റമദാന്‍ വന്നിടിക്കുക. പക്ഷെ ആ ഇടിയില്‍ എല്ലായ്പ്പോഴും ഞാന്‍ രക്ഷപ്പെടാറുണ്ട്!

ജീവിതത്തിലെ പല പരീക്ഷണങ്ങളും ഇത് പോലെയാണ്. കാത്തിരിപ്പായിരിക്കും ഏറ്റവും ഭീതിതം. റമദാന്‍ ബുദ്ധിമുട്ടുള്ളതാണ് എന്ന കാര്യം എനിക്ക് സമ്മതിക്കേണ്ടി വന്നു; അഥവാ ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടതാണ് നോമ്പ്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു റമദാന്;അങ്ങിനെ ആയിരിക്കണമത്.വ്രതം ഒരു ശാന്തസഞ്ചാരമായിരുന്നെങ്കില്‍ അല്ലാഹു അതിന്‍റെ പ്രതിഫലദാനം സ്വന്തമായി ഏറ്റെടുക്കുമായിരുന്നോ? അവന്‍ പറയുന്നുണ്ടല്ലോ “നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിനു പ്രതിഫലം നിശ്ചയിക്കുക”

ജീവിതം പരീക്ഷണ മുഖരിതമാണ്. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും എന്ന പോലെ നോമ്പിനും പ്രയാസങ്ങളും ശേഷം എളുപ്പവും ഉണ്ട്. റമദാന്‍ നമ്മിലേക്ക്‌ കടന്നു വരികയും പിന്നെ നമ്മെ വിട്ട്‌ അകന്നു പോവുകയും ചെയ്യുന്നു. പക്ഷെ മറ്റു പരീക്ഷണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി, റമദാന്‍ നമ്മെ വിട്ട്‌ പോകുമ്പോള്‍ നമുക്ക് അതിയായ ദുഃഖവും അന്യതാ ബോധവും തോന്നുന്നു! കാരണം, റമദാന്‍ നമ്മില്‍ നിന്നും പലതും ആവശ്യപ്പെടുമ്പോഴും അത് നമുക്കേകുന്ന അനുഗ്രഹങ്ങള്‍ അപാരങ്ങളാണ്, പ്രത്യേകിച്ചും ഈ പുതുയുഗത്തില്‍.

നമ്മള്‍ അതിന്‍റെ ആഘാതം കുറയ്ക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെങ്കിലും നമ്മുടെയൊക്കെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം വിനോദ പരിപാടികളുമായി ചുറ്റിത്തിരിഞ്ഞ്കൊണ്ടിരിക്കുന്നു. സിനിമകള്‍, പരസ്യങ്ങള്‍, കമ്പ്യുട്ടര്‍ ഗെയിമുകള്‍ എന്തിനേറെ നമ്മുടെ പത്രത്താളുകള്‍ പോലും ബോളിവുഡിന്റെയും ഹോളിവുഡിന്റെയും ഒക്കെ നേരംപോക്കിലും കൊച്ചു വര്‍ത്തമാനത്തിലും മുഴുകി നില്‍ക്കുന്നു. നമുക്ക്‌ വേണമെങ്കില്‍ പ്രശ്നകലുഷിതമായ ഒരു നാടന്‍ ജീവിതത്തില്‍ നിന്നും ഫാന്ടസികളിലേക്ക് ഓടി ഒളിക്കാം. ജീവിതത്തിലെ യാഥാര്‍ത്യങ്ങളെ തല്‍ക്കാലം നിര്‍ത്തിവച്ച് റിയാലിറ്റി ശോകളുടെ ലോകത്ത് നമുക്ക് വേണമെങ്കില്‍ ജീവിക്കാം.

അങ്ങിനെയിരിക്കുമ്പോളായിരിക്കും റമദാന്‍ കയറി വന്നു യാഥാര്‍ത്ഥ്യങ്ങളുടെ ഒരു വന്‍ പ്രഹരം നമ്മുടെ പിറകില്‍ ഏല്‍പ്പിക്കുക – വിശപ്പിന്റെയും ദാഹത്തിന്റെയും പ്രഹരം! യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടുവാനല്ല ഈ മാസം നമ്മോടാവശ്യപ്പെടുന്നത്; യാഥാര്‍ത്ഥ്യങ്ങളിലേക്ക് രക്ഷപ്പെടുവാനും ലളിത സത്യങ്ങളില്‍ ശ്രധയൂന്നാനുമാണ്.. വിശപ്പും ദാഹവും മാത്രം ദിനചര്യയായ ലോകത്തിലെ പാവങ്ങളുടെ ജീവിത യാഥാര്‍ത്യങ്ങള്‍ കാണാനും അനുഭവിച്ചറിയാനുമാണ് ഈ മാസം നമ്മോടാവശ്യപ്പെടുന്നത്.

രാത്രി മുഴുവന്‍ ടിവി കണ്ടും ഗെയിം കളിച്ചും കഴിച്ചുകൂട്ടാന്‍ തീരുമാനിചിട്ടില്ലാത്തവര്‍ക്കൊക്കെ ഈ മാസം വളരെ അവശ്യമായ ഒരു വിഷമിറക്കല്‍ കൂടി ആയിരിക്കണം! അത്രയ്ക്കും സമകാലിക എന്റര്‍ടെയിന്‍മെന്റു കളുടെ പിടിയിലമര്‍ന്നിരിക്കുന്നു നമ്മളൊക്കെ. അതിപ്രസരങ്ങളില്‍ പെട്ടുപോയ നമ്മുടെ ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കി, പകരം താഴ്മയും ചുറ്റുപാടുകളെക്കുറിച്ചുള്ള ഔത്സുക്യവും നിക്ഷേപിക്കാന്‍ നമുക്കാകണം .

കുടിക്കുന്നതില്‍ നിന്നും കഴിക്കുന്നതില്‍ നിന്നും ശരീരത്തെ അകറ്റി നിര്‍ത്തുമ്പോള്‍ നാം ഉയര്‍ത്തിപ്പിടിക്കുന്നത് നമ്മുടെ സ്വത്വ ബോധത്തെയാണ്; തുടര്‍ച്ചയായ അത്യുത്തേജനങ്ങളില്‍ നിന്ന് കാതുകളെയും കണ്ണുകളെയും മാറ്റി നിര്‍ത്തുമ്പോള്‍ മാലിന്യമുക്തമായ ഒരു ലോകത്തെ അനുഭവിച്ചറിയാനാണ് നാം നമ്മെ അനുവദിക്കുന്നത്. അങ്ങിനെ, ആസ്വാദനങ്ങളുടെ അഭാവം അനുഭവിക്കുമ്പോള്‍ നമ്മള്‍ അഭാവങ്ങളുടെ ആസ്വാദനം സാധ്യമാക്കുന്നു.

നമ്മുടെ ശരീരത്തിന്മേല്‍ കായികമായ ഒരു ബലം പ്രയോഗിച്ചുകൊണ്ട്, ധൃതി പിടിച്ചോടുന്ന നമ്മോട് സാവധാനം ആവശ്യപ്പെടുന്നു റമദാന്‍. ഓരോ നിമിഷത്തെയും സാവകാശം പ്രാപിക്കുക വഴി അവയുടെ വിശദാംശങ്ങളിലൂടെ സഞ്ചരിക്കാന്‍ നമുക്കാകും. വേഗത്തില്‍ ഓടുന്ന ഒരു തീവണ്ടിയിലിരുന്ന് പുറത്തു നോക്കിയാല്‍ നമ്മള്‍ കാണുക പാഞ്ഞുമറയുന്ന നിറക്കൂട്ടുകലള്‍ മാത്രമായിരിക്കും. ഒന്ന് സാവധാനം സഞ്ചരിച്ചു നോക്കുക – കാഴ്ചകള്‍ തെളിഞ്ഞ് വ്യക്തതയുള്ളതായി വരുന്നു. കടന്നു പോകുന്ന ഭൂപ്രകൃതിയുടെ വിശദാംശങ്ങളും സങ്കീര്‍ണ്ണതകളും തെളിഞ്ഞ് വരുന്നതായി കാണാം. ആധുനിക ലോകത്ത് ലക്ഷ്യസ്ഥാനത്തെ കുറിച്ചും എങ്ങനെയും അവിടെ എത്തിച്ചേരുന്നതിനെ പറ്റിയും മാത്രം വ്യാകുലരാണ് നാം. അങ്ങനെ, യാത്രയ്ക്കിടയിലെ വിശദാംശങ്ങള്‍ നാം കാണാതെ പോവുകയും ആസ്വദിച്ചറിയാനും പഠിച്ചെടുക്കുവാനുമുള്ള ഒരു പാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും, യാത്ര തന്നെ നാം മറന്നു പോകുകയും ചെയ്യുന്നു. എന്തിനും ആന്തരികമായ ഒരു ഗര്‍ഭകാലമുണ്ട്; പക്ഷെ നമ്മുടെ ധൃതി കാരണം നാമത് തന്നിഷ്ടപ്രകാരം ഉടച്ചുകളയുന്നു .

ഇത്തരമൊരു കലുഷിതകാലത്തേക്കാണ് റമദാന്‍ കടന്നു വന്ന്, സ്വന്തത്തിനുമേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നമ്മുടെ ആഗ്രഹങ്ങളെയും മാനുഷിക ത്വരകളെയും കീഴടക്കുവാനും അവയ്ക്ക് കടിഞ്ഞാണിടാനും നമ്മോടാവശ്യപ്പെടുന്നത്. അത് വഴി നമുക്ക്‌ നമ്മെ തന്നെ കൂടുതല്‍ അറിയാന്‍ കഴിയുന്നു; ഒപ്പം, ആളുകളുമായും സമൂഹവുമായും പ്രകൃതിയുമായും ഉള്ള ബന്ധം നാം തിരിച്ചറിയുന്നു. നമ്മുടെ ഉള്‍ക്കാഴ്ച വ്യക്തതയുള്ളതും ധാരണകള്‍ ആഴത്തിലുള്ളതും കാഴ്ചപ്പാട് വിശാലമായതും ആയിത്തീരുന്നു.

നമുക്ക്‌ വേണമെങ്കില്‍ ഇതൊക്കെ നഷ്ടപ്പെടുത്താം; പകല്‍ കിടന്നുറങ്ങാം, രാത്രി മുഴുവന്‍ സദ്യയുണ്ടും ടിവി കണ്ടും ഗെയിം കളിച്ചും ഷോപ്പിങ്ങിന് പോയും സുഹൃത്തുക്കളുമായി സൊറ പറഞ്ഞും പുക വലിച്ചും കഴിയാം. രാത്രിയിലെ ഇത്തരം പരിപാടികള്‍ക്ക് ശേഷം പകല്‍ മുഴുവന്‍ ഉറങ്ങിത്തീര്‍ക്കാം – അര്‍ത്ഥത്തില്‍ ദിനചര്യ തലകീഴായി മറിക്കപ്പെടുന്നു എന്ന് മാത്രം! അപ്പോള്‍ വ്രതം കൊണ്ട് നാം നേടുന്നത്, പ്രവാചകന്‍ സൂചിപ്പിച്ചത് പോലെ, “വിശപ്പും ദാഹവും മാത്രമായിരിക്കും”.

നന്നായി കായികാരോഗ്യം നേടാന്‍ നല്ല സഹന ശേഷി വേണമല്ലോ. ഒരു ഒളിമ്പിക് അത്‌ലറ്റ്‌നോട് ചോദിക്കുക – മാസങ്ങളോളം അവര്‍ ട്രെയിനിങ്ങില്‍ ആയിരിക്കും. ഇത് പോലെ, നമ്മുടെ മനസ് സമ്പുഷ്ടമാക്കാനും നല്ല പ്രയത്നം ആവശ്യമാണ്. റമദാന്‍ ഒരു പരീക്ഷണമാണ്. എന്നെ സംബന്ധിച്ച് എല്ലാവര്‍ഷവും ഞാന്‍ പേടിക്കുന്ന ഭീമമായ പരീക്ഷണം! എന്നിട്ടും, നമ്മെ തേടിയെത്തുന്ന റമദാനെ എത്രത്തോളം നാം കെട്ടിപ്പുണരുന്നുവോ അത്രയും നാം വളരുകയാണ് ചെയ്യുക. തീര്‍ച്ചയായും നമ്മുടെ നിലനില്പ്പിന്‍റെ ആവശ്യകതയും അതാണ്‌. “മനുഷാസ്ഥിത്വത്തെയും അതിനെ സംവിധാനിച്ച രീതിയും തന്നെയണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്ഭാഗ്യമടയുകയും ചെയ്തു” (ഖുര്‍ആന്‍ 91:7-10)

അതിനാല്‍ ഭയവും ഉദ്വേഗവും ഉള്ളപ്പോള്‍ തന്നെ, അല്ലാഹുവിന്‍റെ അനുഗ്രഹവും സഹായവും നിമിത്തം ഈ വര്‍ഷവും റമദാന്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വരണേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. അവനു വേണ്ടി വ്രതമനുഷ്ടിക്കാനും അവന്‍റെ സ്മരണയില്‍ സമയം ചെലവഴിക്കാനും എന്‍റെ ജീവിതത്തിലെ കരുണാവാരിധിയുടെ സാന്നിധ്യം അനുഭവിക്കാനും എനിക്കാകണേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഓരോ വര്‍ഷവും ഒരു നല്ല മനുഷ്യനായി വളരാന്‍ ഇങ്ങനെ ഒരവസരം ഒരുക്കിയതിനു നന്ദി കാണിക്കാന്‍ എനിക്കാകണേ എന്നും.

സാറ ജോസഫ്‌
( വിവ. യഹ്‌യ പെരോത്തയില്‍ )
1988ല്‍ തന്റെ പതിനാറാം വയസ്സില്‍ ഇസ്‌ലാം ആശ്ലേഷിച്ച ബ്രിട്ടീഷ്‌ വനിതയാണ്‌ ലേഖിക. ബ്രിട്ടനിലെ മുസ്‌ലിം ലൈഫ്‌സ്റ്റൈല്‍ മാസികയായ എമെല്‍ ന്റെ പത്രാധിപയും സി ഇ ഒയുമാണ്‌..
Read the original article here

9th Jun 13. Posted in മറ്റുള്ളവ, റമദാന്‍.

View or Post Comments.