രോഗത്തെ മറക്കുക

“പത്തുവര്‍ഷം മുമ്പാണ്‌. ഞാന്‍ നല്ല ആരോഗ്യവാനാണ്‌ എന്ന്‌ എനിക്ക്‌ തോന്നിയിരുന്ന കാലമായിരുന്നു അത്‌. ഒരു ദിവസം കണ്ണാടിയിലേക്ക്‌ നോക്കിയപ്പോള്‍ എന്‍റെ കഴുത്തിന്‍റെ ഒരു ഭാഗം തടിച്ചിരിക്കുന്നതു പോലെ തോന്നി. ആ ആഴ്‌ച തന്നെ ബയോപ്‌സിക്കും സി ടി സ്‌കാനിനും വിധേയനാക്കപ്പെട്ടു. അടുത്തയാഴ്‌ച മജ്ജ പരിശോധനയും നടത്തി. വിധി വന്നു; മാരകമായ കാന്‍സര്‍…!”

പത്രപ്രവര്‍ത്തകനായ ആര്‍ എം ലാലയുടെ Celebration of the cells എന്ന പുസ്‌തകം ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. മാരകരോഗം പിടിപെട്ട അദ്ദേഹം ശാരീരകമായും മാനസികമായും കരകയറിയതിന്‍റെ അനുഭവസാക്ഷ്യമാണ്‌ ഗ്രന്ഥത്തില്‍ നിറയെ. കരുത്തുറ്റ ദൈവവിശ്വാസം കൊണ്ടും പക്വമായ ജീവിതവീക്ഷണം കൊണ്ടും ഏതു പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാമെന്ന്‌ തെളിയിക്കുന്ന ജീവിതമാണ്‌ ലാലയുടേത്‌. 70 വര്‍ഷത്തെ ജീവിതത്തില്‍ നിന്ന്‌ പഠിച്ചതിലേറെ പത്തുവര്‍ഷത്തെ രോഗത്തില്‍ നിന്ന്‌ പഠിച്ചുവെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ആ പാഠങ്ങള്‍ ഗ്രന്ഥത്തില്‍ പലയിടത്തുമായി ചിതറിക്കിടക്കുന്നുണ്ട്‌. അവയില്‍ ചിലത്‌ ഇങ്ങനെ:

– ആശുപത്രിയിലേക്കുള്ള യാത്രകള്‍ ദുരിതമായി കാണരുത്‌. ആഘോഷമായി കാണണം. നല്ല പുസ്‌തകങ്ങള്‍ കൂടെയുണ്ടാവണം.

– ചെറിയ കാര്യങ്ങള്‍ നിങ്ങളെ വിഷമിപ്പിക്കാന്‍ അനുവദിക്കരുത്‌.

– നിങ്ങളെ എന്തിനാണ്‌ ദൈവം നിയോഗിച്ചിരിക്കുന്നതെന്ന്‌ സ്വയം ചോദിക്കുക. നമുക്ക്‌ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക്‌ മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ധാരാളമുണ്ട്‌. ദൈവത്തിന്‌ ചില ഉദ്ദേശ്യങ്ങളുണ്ട്‌. അതില്‍ നിങ്ങള്‍ക്കും ഒരു പങ്ക്‌ തീര്‍ച്ചയായുമുണ്ട്‌.

– ദൈവത്തിന്‌ നന്ദി. എന്‍റെ ബലഹീനതകള്‍ക്കുമപ്പുറം, അത്യുന്നതങ്ങളില്‍ വിശ്വസിക്കാനുള്ള ശക്തി അവന്‍ എനിക്കു നല്‌കി. ദൈവത്തെ അറിഞ്ഞതില്‍ പിന്നെ, ഞാന്‍ ഒന്നുരണ്ട്‌ വിരലുകളില്‍ പിടി വിട്ടാലും ബാക്കി വിരലുകളില്‍ ദൈവം മുറുകെ പിടിച്ചിരിക്കും. കാരണം അത്രയും സാനേഹപൂര്‍വമായിരുന്നു ഞങ്ങളുടെ കൈകോര്‍ക്കല്‍.

– ആരോഗ്യപ്രശനങ്ങള്‍ എന്‍റെ ജീവിതത്തിന്‌ ഒരര്‍ഥവും മൂര്‍ച്ചയും തിടുക്കവും നല്‌കി.

– ദൈവമേ, എനിക്കത്ഭുതമായി തോന്നുന്നു. എനിക്ക്‌ ജീവിതത്തില്‍ ചെറിയ നഷ്‌ടങ്ങള്‍ വരുത്തിയ നീ നിന്‍റെ സ്‌നേഹവും ദയയും കൊണ്ട്‌ എന്നെ സുഖപ്പെടുത്തി. ഏറെ നേട്ടങ്ങള്‍ നല്‌കി. ദൈവത്തിന്‍റെ കൈകളില്‍ വിശ്രമിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ കൈയിലെ കുഞ്ഞിനെപ്പോലെയാണ്‌. ദൈവമേ, ഞാന്‍ അങ്ങയില്‍ നിന്നുള്ളവന്‍.

– എപ്പോഴും സന്തോഷമായിരിക്കുക. എപ്പോഴും പ്രാര്‍ഥിക്കുക. എല്ലാ സന്ദര്‍ഭങ്ങളിലും നന്ദിയുണ്ടാവുക. നിനക്കുള്ളതിനെല്ലാം നീ കണക്കു പറയേണ്ടതുണ്ട്‌.

– ദൈവമേ നന്ദി; ഇന്നത്തെ ഈ പ്രഭാതത്തിന്‌, ഈ ബാല്‍ക്കണിക്കു താഴെ പൂത്തുലഞ്ഞു നില്‍ക്കുന്ന വാകമരം കാണാന്‍ സാധിച്ചതിന്‌. ഒരു പുഷ്‌പത്തിന്‌ എന്നെ സന്തോഷിപ്പിക്കാന്‍ കഴിയും. നീ എനിക്ക്‌ ആരോഗ്യം തന്നു. നീ ആഗ്രഹിക്കുന്നത്ര ജീവിതവും തരും. നിന്നെ അനുസരിക്കലാണ്‌ എന്‍റെ ജോലി. നീ നല്ലതെന്ന്‌ പറഞ്ഞത്‌ മാത്രം ഞാന്‍ ചെയ്യും. നീ എന്നെ തുണക്കേണമേ.

– എന്‍റെ മനസ്സാക്ഷി എന്നോട്‌ പറയുന്നു; നിന്‍റെ ഭാര്യയെ ഒരിക്കലും വേദനിപ്പിക്കരുത്‌. സുഖമില്ലാത്തപ്പോള്‍ അവളോട്‌ ക്രൂരമായി ഞാന്‍ പെരുമാറിയിട്ടുണ്ട്‌.

– കാന്‍സറിനെക്കാള്‍ വലുതാണ്‌ ജീവിതം. ഈ രോഗത്തെ ആദ്യമൊക്കെ ഒരു ശല്യമായാണ്‌ ഞന്‍ കണ്ടത്‌ എന്നാല്‍ ഈ ശല്യം എന്നെ ഒരുപാട്‌ കാര്യങ്ങള്‍ പഠിപ്പിച്ചു. നിമിഷംതോറും ഞാന്‍ ദൈവത്തിലേക്ക്‌ അടുക്കുന്നു. ഒരായിരം പ്രഭാഷണങ്ങള്‍ക്ക്‌ സാധിക്കാത്ത വിപ്ലവമണ്‌ ഈ രോഗം എന്‍റെ ജീവിതത്തിലുണ്ടാക്കിയത്‌.

– ദൈവമേ, എനിക്ക്‌ നീ മാത്രമാണ്‌ ആശ്വാസം. കാരണം ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. നിന്നെ അത്യധികം സ്‌നേഹിക്കുന്നു.

– ഞാന്‍ ചികിത്സിക്കുന്നു. ദൈവം സുഖപ്പെടുത്തുന്നു.

ആര്‍ എം ലാലയുടെ വാക്കുകള്‍ ആവേശവും ആശ്വാസം നിറയ്‌ക്കുന്നതുമാണ്‌. രോഗത്തിന്‌ മുന്നില്‍ ചിലര്‍ തോല്‍ക്കുന്നു. വളരെ കുറച്ചുപേര്‍ വിജയിക്കുന്നു.


ഭാരമുള്ള ചിറകുകള്‍ ഹൃദയത്തോട്‌ ചേര്‍ത്തുപിടിക്കുമ്പോള്‍ മാത്രമേ പക്ഷികള്‍ക്ക്‌ പറയുന്നയരാന്‍ കഴിയൂ. അതേപോലെ രോഗങ്ങളെയും പ്രതിസന്ധികളെയും യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നവര്‍ മാത്രമേ ഉന്നതമായ വിജയങ്ങളിലേക്കെത്തൂ.
ഒരു സംഗീതജ്ഞനു ഏറ്റവും ആവശ്യം കേള്‍വിശക്തിയല്ല. ലോക പ്രശസ്‌തനായ സംഗീതജ്ഞന്‍ ബീഥോവന്‌ കേള്‍വി ശക്തിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെ: I will take life by throat. -ജീവിതത്തെ കണ്‌ഠനാളം കൊണ്ട്‌ നേരിടുമെന്ന്‌!

ഈയിടെയുണ്ടായ രണ്ട്‌ അനുഭവങ്ങള്‍ കൂടി പറയാം: ഗുരുതരരോഗം പിടിപെട്ട കുട്ടിയെ ആശുപത്രിയിലാക്കിയ സുഹൃത്തിനോട്‌ കുട്ടിയുടെ രോഗവിവരം ചോദിച്ചു. അയാള്‍ പറഞ്ഞതിങ്ങനെ: 99 ശതമാനവും രക്ഷയില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. പിന്നെയുള്ളത്‌ ഒരു ശതമാനമല്ലേ. അത്‌ അല്ലാഹുവിന്‌ വിടാം. നോക്കൂ. ഇയാള്‍ അല്ലാഹുവിന്‌ നല്‌കുന്നത്‌ എത്ര ശതമാനമാണ്‌? ഒരു ശതമാനം! എന്നാല്‍ മറ്റൊരു സംഭവം: ഗര്‍ഭിണിയായിരിക്കെ അവസാനത്തെ സ്‌കാനിംഗില്‍ കുട്ടിയുടെ കിടത്തം അപകടകരമാണ്‌ എന്ന്‌ അറിഞ്ഞപ്പോള്‍ ഒരു സഹോദരിയുടെ പ്രതികരണം ഇങ്ങനെ: ആകാശഭൂമികളെ തിരിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിന്‌ എന്‍റെ കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിടത്താന്‍ കഴിയും.

അതെ, ഇങ്ങനെ പറഞ്ഞവര്‍ക്ക്‌ ആ അല്ലാഹുവിന്‍റെ സഹായം കൂട്ടിനെത്തി; അത്ഭുതകരമായി ആ കുഞ്ഞ്‌ അവരിലേക്കെത്തി. ഇനി ആലോചിക്കാം; പ്രതിസന്ധികളില്‍ എന്താണ്‌ നമ്മുടെ നിലപാട്‌? എങ്ങനെയാണ്‌ നാം അല്ലാഹുവെപ്പറ്റി സംസാരിക്കുന്നത്‌? ഏറെ സൂക്ഷിക്കേണ്ട വിഷയമാണിത്‌. ആര്‍ എം ലാല പറഞ്ഞതുപോലെ രോഗത്തെ മറക്കുക, അല്ലാഹുവിനെ ഓര്‍ക്കുക!

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


20th Feb 14. Posted in മറ്റുള്ളവ.

View or Post Comments.