ഈ പ്രണയത്തിന് നിറം കൊടുക്കാം!

അമേരിക്കയിലെ ബിൽക്കീൻ എന്ന കാർട്ടൂണിസ്റ്റ് മനോഹരമായൊരു ചിത്രം വരച്ചു. ആഴവും അർത്ഥവുമുള്ള സ്നേഹത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ആ ചിത്രം. ബിൽക്കീനിന്‍റെ കുടുംബത്തിന്‍റെ ചിത്രം തന്നെയായിരുന്നു അത്. സ്നേഹം നിറച്ചുവെച്ച ഒരു പൂന്തോപ്പായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ തെൽമ. വലിയ പ്രായ വ്യത്യാസമില്ലാത്ത നാലു ചെറിയ കുഞ്ഞുങ്ങളായിരുന്നു അവർക്ക്. സന്തോഷവും ഇഷ്ടവും നിറഞ്ഞുതുളുമ്പിയ വീടും കുടുംബവുമായിരുന്നു അത്. ബിൽക്കീൻ വരച്ച ചിത്രത്തിൽ യുവതിയായ ഒരമ്മയും അവളുടെ നാലു കുഞ്ഞുങ്ങളും! അമ്മയുടെ ഒരു കയ്യിൽ പച്ചക്കറി നിറച്ച സഞ്ചി. മറ്റേ കയ്യിൽ ബാഗ്,ചുറ്റും നാലു കുഞ്ഞുങ്ങളും! ആ കാഴ്ച കണ്ട് സംശയത്തോടെ ഒരു പരിഷ്കാരി സ്ത്രീ ചോദിക്കുന്നു; “ഹോ! നിങ്ങളെങ്ങനെയാ ഈ നാലു കുട്ടികൾക്കായി സ്നേഹം വിഭജിച്ചു കൊടുക്കുന്നത്,കഷ്ടം!“ . ധീരയായ ആ അമ്മയുടെ മറുപടി പക്ഷേ ഇങ്ങനെയായിരുന്നു; “I don’t divide it, I multiply it.”

സ്നേഹത്തിന്‍റെ പങ്കുവെക്കൽ എത്ര ഹൃദ്യമാകണമെന്ന് എന്തു മനോഹരമായാണ് ചിത്രകാരൻ പറഞ്ഞുതരുന്നത് ! കൊടുക്കും തോറും കൂടിവരുന്ന ഇഷ്ടത്തിന്‍റെ ആഴങ്ങളിലേക്കാണ് ഈ വാക്ക് നമ്മെ കൊണ്ടുപോകുന്നത്. ഒരുപാട് അവകാശികളുള്ള നിധിയാണ് നമ്മുടെയുള്ളിലെ സ്നേഹം. ഒരാൾക്കും കുറയാതെ ഒരിടത്തും പിശുക്കാതെ ആ നിധിയെ പങ്കുവെക്കുമ്പോൾ പിന്നെയും ആ നിധിക്കൂമ്പാരം നമുക്കുള്ളിൽ കുന്നുകൂടുന്നു. മഴവില്ലു പോലെ നിറഭേദങ്ങളുള്ള അപൂർവ സൌഭാഗ്യമാണ് സ്നേഹം. മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹമല്ല,മക്കൾക്ക് തിരിച്ചുള്ളത്. ഇണകൾക്ക് പരസ്പരം തോന്നുന്ന സ്നേഹം മറ്റൊന്നാണ്. കുടുംബത്തോടുള്ള സ്നേഹമല്ല കൂട്ടുകാരോടുള്ളത്..അങ്ങനെയങ്ങനെ എത്ര വർണങ്ങളുണ്ട് ഈ സ്നേഹമഴയ്ക്ക് !

സ്നേഹവർണങ്ങളിൽ ഏറ്റവും സവിശേഷമായത് ഏതായിരിക്കും? ഒന്നും ഒളിച്ചുവെക്കാതെ,ഒന്നിലും മറയില്ലാതെ ഏറ്റവും ആഴവും അഴകുമുള്ള സ്നേഹബന്ധം ഏതായിരിക്കും? ഒരു സംശയവുമില്ല,അത് പ്രണയമാണ്. അഥവാ ഇണകൾക്കിടയിൽ അന്യോന്യം ഉണ്ടാകേണ്ട അനുരാഗ സുഗന്ധമാണത്. ഓരോ വാക്കിലും നോക്കിലും കാഴ്ചയിലും സ്പർശത്തിലും കരുതിവെക്കുന്ന പ്രണയഹർഷമാണത്. ഒരുമിച്ചിരുന്നാലും എത്ര സംസാരിച്ചാലും കൊതി തീരാത്ത ആത്മസൌഹൃദമാണത്. സന്തോഷത്തിലും സങ്കടത്തിലും കൂടെത്തന്നെ വേണമെന്ന് കരുതുന്ന ചങ്ങാത്തമാണത്. എത്ര അകന്നാലും അടുത്തു തന്നെയുള്ള ഓർമയുടെ സുഖമുള്ള വേദനയാണത്. രണ്ടു ശരീരത്തിൽ ഒരു മനസ്സ് പാർക്കുന്ന അനിതരമായ അതിശയമാണത്. അഥവാ അങ്ങനെയാകുമ്പോൾ മാത്രമാണ് ഇണകൾക്കിടയിലെ ബന്ധം വർണിക്കാനാകാത്ത പ്രണയപ്പുഴയാകുന്നത്. വ്യക്തി ബന്ധമോ രക്തബന്ധമോ അല്ലെങ്കിലും അതിലേറെ അടുപ്പവും ആനന്ദവും തീവ്രതയും നൽകുന്ന വിവാഹബന്ധം ഈ ലോകത്തെ ഏറ്റവും വലിയ അതിശയങ്ങളിലൊന്നു തന്നെയാണ്. ‘അല്ലാഹുവിന്‍റെ അടയാള’മെന്ന് വിവാഹത്തെ ഖുർആൻ വിശേഷിപ്പിച്ചത് അതുകൊണ്ട് തന്നെയാണല്ലോ. ജീവിതം പങ്കുവെക്കാൻ ഒരു കൂട്ടുകാരി വരുന്നതോടെ ജീവിതത്തിലുണ്ടാകുന്ന അപൂർവമായ ആശ്ചര്യങ്ങൾ കാണുമ്പോൾ ‘അല്ലാഹുവിന്‍റെ അടയാളം’ എത്ര അർഥവത്താണെന്ന് ഓർക്കുന്നു. വിവാഹത്തോടെ ആരംഭിക്കുന്ന പ്രണയത്തെക്കുറിച്ചാണ് ഖുർ ആൻ പറഞ്ഞുതന്നതും സ്നേഹറസൂൽ പകർത്തിത്തന്നതും. വിവാഹത്തോടെ തീരുന്ന പ്രണയത്തേയും വിവാഹത്തിനപ്പുറം നീളുന്ന പ്രണയത്തേയും വേണ്ടെന്ന് പറയുകയും ചെയ്തു. ‘പ്രണയദിനം’ അല്ല ‘പ്രണയജീവിത‘മാണ് ഇണകൾക്കു വേണ്ടതെന്ന് ഇസ്‌ലാം തീർച്ചപ്പെടുത്തുന്നു.

“നിങ്ങൾ അന്യോന്യം ഉടുപ്പുകളാണ്” എന്നൊരു വാക്കിൽ ഖുർ ആൻ ഉള്ളടക്കം ചെയ്ത ജീവിതദർശനം എത്ര പ്രധാനമാണെന്ന് ഇക്കാലത്തും നമ്മളനുഭവിക്കുന്നു. ഒന്നും ഒളിപ്പിച്ചുവെക്കാത്ത ആത്മബന്ധമാണ് തമ്മിലുണ്ടാകേണ്ടതെന്ന് ‘ഉടുപ്പ്’ എന്ന പ്രയോഗത്തിലുണ്ട്. നമ്മളണിയുന്ന ഉടുപ്പിൽ നിന്ന് നമുക്കെന്തെങ്കിലും ഒളിപ്പിക്കാനുണ്ടോ,ഇല്ല. എങ്കിൽ ജീവിതം പകുത്തുനൽകിയ ഇണ അറിയാത്തതൊന്നും തമ്മിലുണ്ടാകരുതെന്നാണ് ആ പ്രയോഗത്തിലുള്ളത്. തന്‍റെ മൊബൈൽ ഫോൺ ഭാര്യയെ ഏൽ‌പ്പിക്കാൻ ധൈര്യമുള്ള ഭർത്താക്കൾ കുറഞ്ഞുപോയ നമ്മുടെ കാലത്ത്,തന്‍റെ ഫേസ്ബുക്കിന്‍റെ പാസ്‌വേർഡ് ഭർത്താവിനു നൽകാൻ ധൈര്യമില്ലാതായ ഭാര്യമാരുള്ളൊരു കാലത്ത് ‘ഉടുപ്പ്’ എന്ന ആഹ്വാനത്തിന്‍റെ വ്യാപ്തിയൊന്ന് ആലോചിച്ചുനോക്കൂ.

നമ്മുടെ ബന്ധങ്ങളിൽ പ്രണയം പൂക്കട്ടെ. എത്ര തിരക്കിലും അവളോടൊത്ത് കഴിഞ്ഞും,സംസാരിച്ചിരുന്നും,യാത്ര ചെയ്തും,സമ്മാനങ്ങൾ നൽകിയും,പ്രശംസകൾ ചൊരിഞ്ഞും,പ്രണയമൊഴികൾ മെസ്സേജുകളായ് കൈമാറിയും,‘നീ പറയൂ,കേട്ടിരിക്കാൻ ഞാനുണ്ടെ’ന്ന് മൊഴിഞ്ഞും,തൊട്ടും തലോടിയും തമാശ പറഞ്ഞും നമുക്കീ പ്രണയത്തിന് നിറം കൊടുക്കാം.

13th Feb 14. Posted in കുടുംബം, ബന്ധങ്ങള്‍.

View or Post Comments.