റമദാൻ നിലാവ്-23) അല്ലാഹുവിന്‍റെ വീട്ടിൽ പാർക്കാം

അന്നവും വെള്ളവും മോഹങ്ങളും അകറ്റിനിർത്തിയ നോമ്പുകാലത്തിനൊടുവിൽ,അതിപ്രധാനമായ മൂന്ന് കാര്യങ്ങൾ കൂടി ഒഴിച്ചു നിർത്താനുള്ള പരിശീലനമാണ് ഇഅതികാഫ്. വീടും കുടുംബവും ജോലിയും. ജോലിയെന്നാൽ ജീവിക്കാനുള്ള വരുമാനമാണ്. വീടും കുടുംബവുമെന്നാൽ ജീവിതം തന്നെയാണ്. ഏറ്റവും പ്രധാനമാണ് മൂന്നുമെങ്കിലും താൽകാലികമായി അവയിൽ നിന്നകലാൻ പറയുന്നു. തീർച്ചയായും ഇവയെല്ലാം വിട്ടുപിരിയുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇഅതികാഫ്.

എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്ന പാത്രം പോലെയാണ് മനസ്സ്. ഇലകളെപ്പോലെ സദാ കൊഴിഞ്ഞുകൊണ്ടിരിക്കുന്നവയാണ് വാക്കുകൾ. മനസ്സും വാക്കും ബന്ധിക്കപ്പെടുന്ന അനുഷ്ഠാനമാണ് ഇഅതികാഫ്. ഭൌതിക കൌതുകങ്ങളെ മുഴുവൻ സ്വിച്ചോഫ് ചെയ്ത് പള്ളിമൂലയിൽ അടങ്ങിക്കഴിയുമ്പോൾ സ്വകാര്യതയുടെ ആഴങ്ങളിൽ അല്ലാഹുവുമായി ഉറ്റബന്ധം സ്ഥാപിക്കപ്പെടുക തന്നെ ചെയ്യും. സർവ ബഹളങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും തൽകാലം വിരമിച്ച് അല്ലാഹുവിന്‍റെ വീട്ടിൽ പാർക്കുമ്പോൾ അനുഭവിക്കുന്ന ആത്മീയാനുഭൂതിയും സുരക്ഷിതത്വവുമാണ് ഇഅതികാഫിന്‍റെ സമ്മാനം.

ബന്ധങ്ങളെ മറന്നും ജീവിതത്തിൽ നിന്ന് ഒളിച്ചോടിയും സമൂഹത്തെ തിരസ്കരിച്ചുമുള്ള ആത്മീയതയെ സമ്മതിക്കാത്ത മതമാണ് ഇസ്ലാം. ഓരോ വർഷത്തിലും പത്തുദിവസം ധ്യാനത്തിലിരിക്കാം. മനസ്സും ശരീരവും പുതിയൊരൂർജ്ജത്തിലേക്ക് കഴുകിയെടുക്കാൻ മാത്രമാണ് ഈ ധ്യാനം. കൂടുതൽ ആരാധകളിലൂടെയും ആത്മവിചാരത്തിലൂടെയും ദയാലുവായ രക്ഷിതാവിലേക്കടുക്കാനുള്ള അസുലഭാവസരമാണത്. ദീർഘയാത്ര ചെയ്താൽ മനസ്സും ശരീരവും മുഷിഞ്ഞുപോകും. യാത്രക്കൊടുവിൽ തണുത്ത വെള്ളത്തിലൊന്ന് മുഖം കഴുകിയാലുള്ള ആനന്ദം വിവരണാതീതമാണല്ലോ. പതിനൊന്ന് മാസത്തെ നീണ്ടയാത്രക്കൊടുവിൽ മുഷിഞ്ഞ ജീവിതവും മടുത്ത മനസ്സുമായി റമദാനിന്‍റെ കുളിർവെള്ളത്തിനരികിൽ വന്നുനിൽക്കുന്നവരാണു നമ്മൾ. ഇഅതികാഫോടെ റമദാനിലെ മുഴുവൻ നന്മയും നേടിയെടുക്കാനാകും. “ഇഅതികാഫ് അനുഷ്ഠിക്കുന്നവൻ തെറ്റുകുറ്റങ്ങൾ തടുക്കാൻ കരുത്ത് നേടുന്നു. സൽകർമങ്ങളെല്ലാം ചെയ്തവരെപ്പോലെ വിശുദ്ധി നേടുന്നുവെന്ന് തിരുനബി അരുളുന്നു.

അല്ലാഹുവിന്‍റെ നല്ല അടിമയാകാനുള്ള മികച്ച പാഠമാണ് ഇഅതികാഫ്. പല കാരണങ്ങളാൽ പലതിലും പെട്ട് നഷ്ടപ്പെടുന്നത് ആ ബോധമാണ്. ഓരോരോ ഇഷ്ട്ങ്ങളിൽ പെട്ട് രക്ഷിതാവിന്‍റെ ഇഷ്ടം നഷ്ടമാവുകയും ചെയ്യുന്നു. എന്തിനെക്കാളും പ്രധാനം കാരുണ്യവാനായ രക്ഷിതാവാണെന്ന പ്രതിജ്ഞയാണ് നോമ്പും ഇഅതികാഫും. നിസ്സാരമായ പലതും ഗൌരവമുള്ളതാണെന്ന് കരുതിപ്പോകുന്നവരാണ് മനുഷ്യർ. ഗൌരമുള്ളത് ഗൌനിക്കാതെ ലളിത സുഖങ്ങൾക്കു പിന്നാലെ ഓടുന്ന നമ്മളെ ഇഅതികാഫ് മാടിവിളിക്കുന്നു. “ഇതു തന്നെ വലുത് ഇതാണെന്‍റെ ദൈവം” എന്ന് ഇബ്രാഹിം നബി പറയുന്ന സന്ദർഭം ഖുർ ആനിലുണ്ട്. ബഹുദൈവാരാധനയുടെ അനർഥം പഠിപ്പിക്കാൻ ചെയ്തതാണത്. സൂര്യൻ അസ്തമിക്കുന്നതോടെ ‘ദൈവമില്ലാതാവുകയും’ ചെയ്തു!.

ഓരോ കാര്യങ്ങളെ നോക്കി ‘ഇതു തന്നെ വലുത്,ഇതാണെനിക്കു പ്രധാനം’ എന്ന മനുഷ്യന്‍റെ സമീപനത്തെ കൂടിയാണ് ഇബ്രാഹിം പ്രവാചകൻ കളിയാക്കുന്നത്. പണവും പ്രശസ്തിയും മക്കളും സമ്പത്തുമെല്ലാം ചില നേരത്ത് നമുക്ക് വലുതായിപ്പോകാറുണ്ട്. അല്ലാഹുവിനെക്കാളും അവന്‍റെ പ്രീതിയെക്കാളും പ്രതിഫലത്തേക്കാളും ഉയരത്തിൽ അവയൊക്കെ സ്ഥാനം പിടിച്ചുപോകുന്നു. പലതിന്‍റെയും ഉടമായാകുമ്പോൾ മനസ്സിലുണരുന്ന അഹങ്കാരത്തെയാണ് ഇഅതികാഫ് കാര്യമായി പിടികൂടുന്നത്. ഉടമയല്ല ഞാനൊരു പാവം അടിമയാണെന്ന് രാവും പകലും പള്ളിയിലിരുന്ന് നാം പ്രഖ്യാപിക്കുന്നു. സ്വന്തം ശരീരത്തിന്‍റെ പോലും ഉടമാവകാശം കയ്യിലില്ലാത്തവരാണു നമ്മൾ.

അവസരങ്ങൾ വേണ്ടുവോളം അല്ലാഹു നൽകുന്നു. നമസ്കാരവും നോമ്പും സകാതും ഹജ്ജും ഇഅതികാഫും ലൈലതുൽ ഖദറുമെല്ലാം അവസരങ്ങളാണ്. ശ്രദ്ധയോടെയും മുന്നൊരുക്കത്തോടെയും ഉപയോഗപ്പെടുത്തുന്നവർക്കുള്ളതാണ് അവസരങ്ങൾ. രണ്ട് ഹജ്ജും ഉമ്രയും നിർവഹിക്കുന്ന പോലെയാണ് ഇഅതികാഫെന്ന് തിരുനബി ഉപദേശിച്ചിട്ടുണ്ട്.

നോക്കൂ, ആദം നബിയുടേയും നൂഹ് നബിയുടേയുമൊക്കെ കാലത്ത് ജീവിച്ച വിശ്വാസികൾക്ക് ദീർഘകാലം സൽപ്രവർത്തനങ്ങൾ ചെയ്യാനുള്ള ആയുസ്സുണ്ടായിരുന്നു. വളരെ ചെറിയ ആയുഷ്കാലമേ നമുക്കുള്ളൂ. എന്നാൽ അവരൊക്കെ നിരവധി വർഷങ്ങൾ കൊണ്ട് നേടിയെടുത്ത പുണ്യം നമുക്ക് ഒരേയൊരു രാത്രി കൊണ്ട് നേടിയെടുക്കാം;അതാണ് ‘ലൈലതുൽ ഖദർ’. നമുക്ക് അവസരങ്ങളെ പ്രയോജനപ്പെടുത്താം.

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

1Beu


All content © Copyright 2018 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam