റമദാൻ നിലാവ്-24) കൂടെയുണ്ടൊരാൾ!

കടലാസില്‍ ഒരു ഇരുമ്പുകഷ്‌ണം വെച്ചതിനു ശേഷം മറുപുറത്തു നിന്ന്‌ കാന്തം ചലിപ്പിച്ചു നോക്കൂ. കാന്തത്തിനനുസരിച്ച്‌ ഇരുമ്പും സഞ്ചരിച്ചുകൊണ്ടിരിക്കും. ഇതുപോലെയാണ്‌ അല്ലാഹുവിലുള്ള ദൃഢവിശ്വാസം‍. നമുക്ക്‌ തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്തവിധം നമ്മെ ചലിപ്പിക്കുകയും ശക്തിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന അദൃശ്യ ശക്തിയാണത്‌. ഇരുമ്പു കഷ്‌ണത്തിന്‍റെ സഞ്ചാരവഴികള്‍ കാന്തത്തിന്നനുസരിച്ച്‌ നിയന്ത്രിക്കപ്പെടുന്നതു പോലെ, ഈമാനിന്നനുസരിച്ച്‌ നമ്മളും നിയന്ത്രിക്കപ്പെടണം. അല്ലാഹു നിശ്ചയിച്ച വഴികളിലൂടെ മാത്രം ജീവിക്കുമ്പോള്‍ ആ വഴികളില്‍ അല്ലാഹുവുണ്ടാകും. താങ്ങാനാവത്ത വേദനകളിലും ഒറ്റപ്പെടുത്തുന്ന ദു:ഖങ്ങളിലും വാത്സല്യമൂറുന്ന ആ വാക്ക്‌ നാം അനുഭവിക്കും: ‘ഞാനിവിടെയുണ്ട്‌!’

പ്രസിദ്ധ ഇംഗ്ലീഷ്‌ സാഹിത്യകാരന്‍ സ്റ്റീവന്‍സന്‍ തന്‍റെ കുട്ടിക്കാല അനുഭവം പറയുന്നു: കുസൃതിക്കാരനായിരുന്ന ആ കുട്ടി ഒരു ദിവസം വീട്ടിലെ മുറിയില്‍ കയറി കതകടച്ചു. യാദൃച്ഛികമായി വാതിലിന്‍റെ പൂട്ടു വീണു. വാതില്‍ തുറക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. നേരം കുറേ പിന്നിട്ടപ്പോള്‍ അവന്‍ ഉറക്കെ കരയാന്‍ തുടങ്ങി. പേടിച്ചു വിറച്ചു. കുറച്ചു സമയത്തിനു ശേഷം പിതാവ്‌ എത്തി. പക്ഷേ, അകത്തു നിന്ന്‌ പൂട്ടുവീണതിനാല്‍ വാതില്‍ തുറക്കാന്‍ മാര്‍ഗമില്ല. എന്തു ചെയ്യും! അദ്ദേഹം മകനെ വിളിച്ചു. പിതാവിന്‍റെ ശബ്‌ദം കേട്ടതോടെ അവന്‍ തനിക്കു പറ്റിയ അബദ്ധം വിവരിച്ചു. പിതാവ്‌ വേഗം പണിക്കാരന്‍റെയടുത്തേക്ക്‌ ആളെ വിട്ടു. അയാള്‍ വരുന്നതു വരെ വാതിലിനു പുറത്തു നിന്ന്‌ അദ്ദേഹം മകനോട്‌ സംസാരിച്ചു. “മോന്‍ കരയേണ്ട, അച്ഛനിവിടെയുണ്ട്‌” എന്ന സ്വരം അവന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ പുതുമഴയായി. പിന്നെ അവന്‍ കരഞ്ഞില്ല. പേടിക്കാനും കരയാനുമുള്ള പഴയ കാരണങ്ങള്‍ അവിടെ ഉണ്ടായിട്ടും അവനൊട്ടും പേടി തോന്നിയില്ല.

നോക്കൂ, കണ്ണുകൊണ്ടു കാണുന്നില്ലെങ്കിലും സ്വന്തം രക്ഷിതാവിന്‍റെ സാന്നിധ്യവും ആശ്വാസവാക്കുകളും ആ കുട്ടിക്ക് നിര്‍ഭയത്വം പകരുന്നു. അങ്ങനെയെങ്കില്‍ `ഞാനിവിടെയുണ്ട്‌’ എന്ന സ്വരത്താല്‍ നമുക്ക്‌ നിര്‍ഭയത്വം നല്‌കുന്ന സാക്ഷാല്‍ രക്ഷിതാവിന്‍റെ സാന്നിധ്യം എത്ര വലിയ പ്രതീക്ഷയും പ്രശാന്തിയും പകരണം!

ചെറിയ കുഞ്ഞിനെ മുകളിലിരുത്തി കൈ കാണിച്ചു നോക്കൂ. നിങ്ങളുടെ കുഞ്ഞ്‌ നിങ്ങളുടെ കൈയിലേക്ക്‌ ധൈര്യത്തോടെ ചാടും. മറ്റാരുടെയും കൈയിലേക്ക്‌ ചാടില്ല. എന്താണു കാരണം? നിങ്ങള്‍ ചതിക്കില്ലെന്നും വാക്കു പാലിക്കുമെന്നും കുഞ്ഞിന്‌ ഉറച്ച വിശ്വാസമുണ്ട്‌. നമ്മുടെ കുഞ്ഞിന്‌ നമ്മില്‍ പ്രതീക്ഷയുള്ളതു പോലെ നമുക്ക്‌ അല്ലാഹുവില്‍ പ്രതീക്ഷ വെക്കാന്‍ കഴിയുന്നുണ്ടോ?

ഖലീഫ അലി(റ)യോട്‌ ഒരാള്‍ ചോദിച്ചു: “താങ്കള്‍ ആരാധിക്കുന്ന ദൈവത്തെ താങ്കള്‍ കണ്ടിട്ടുണ്ടോ?” അറിവിന്‍റെയും ഈമാനിന്‍റെയും ആഴങ്ങളില്‍ നിന്നായിരുന്നു അലിയുടെ മറുപടി; “ഞാന്‍ കാണാത്ത ഒരു ദൈവത്തെ ഞാനിതുവരെ ആരാധിച്ചിട്ടില്ല. എന്നാല്‍ ഈ കണ്ണുകള്‍ കൊണ്ടോ ഏതെങ്കിലും ദിക്കില്‍ വെച്ചോ അല്ല. ഹൃദയത്തിന്‍റെ ദൃഷ്‌ടികൊണ്ടും എല്ലായിടത്തുനിന്നുമാണ്‌.”

കുഞ്ഞിന്‌ അമ്മയെ പേടിയുണ്ട്‌.. എന്നാല്‍ വല്ലതും കണ്ട്‌ പേടിച്ചാല്‍ ഓടിവരുന്നത്‌ അമ്മയുടെ അരികിലേക്കായിരിക്കും. അല്ലാഹുവിലുള്ള വിശ്വാസം ആത്മശാന്തിയുടെ ഉറവയാണ്‌. അവനെ ഭയപ്പെടുന്നതോടെ മറ്റെല്ലാ ഭയങ്ങളും കെട്ടടങ്ങണം. നിത്യശാന്തിയുടെ തേനരുവിയായി ഈമാന്‍ നമ്മിലൊഴുകണം. എവിടെയും തോറ്റുപോകാത്തവരായി കരുത്തുനേടണം.

കാണാത്ത അല്ലാഹുവിലുള്ള വിശ്വാസം കൊണ്ട്‌ കാണുന്നവയെക്കുറിച്ചുള്ള ഭയങ്ങള്‍ പോലും ഇല്ലാതാകുന്ന അസാധാരണ അനുഭവമാണ്‌ സത്യവിശ്വാസം‍. സംശയങ്ങളില്ലാതെ ആ വിശ്വാസത്തെ പുണരണമെന്ന്‌ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. ‘സംശയങ്ങളില്ലാത്ത ഈമാന്‍’ ഏറ്റവും മികച്ച ഔഷധമാണ്‌.. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വലിയ പ്രതിസന്ധികള്‍ക്കു മുന്നില്‍ തോറ്റുപോകുന്നവരാണ്‌ മനുഷ്യരിലധികവും. മാരക രോഗം ശരീരത്തില്‍ പടര്‍ന്നിട്ടുണ്ടെന്ന്‌ അറിയുമ്പോള്‍, പ്രിയപ്പെട്ടവര്‍ വേര്‍പെടുമ്പോള്‍, കാത്തിരുന്നിട്ടും കൈവരാതാകുമ്പോള്‍… ഇവിടെയെല്ലാം മനസ്സ്‌ തകരുന്നവരാണ്‌ കൂടുതലും. ഇവിടെ തന്നെയാണ്‌ അതിശയകരമായ മനോബലത്തോടെ പിടിച്ചുനില്‌ക്കാന്‍ `സംശയങ്ങളില്ലാത്ത ഈമാന്‍’ നമുക്ക്‌ തുണയാകേണ്ടത്‌.. എല്ലാവരും തോറ്റുപോകുന്നിടത്ത്‌ ഈമാന്‍ നമ്മെ ജീവിപ്പിക്കുന്നു.

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

CsISjj


All content © Copyright 2018 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam