റമദാൻ നിലാവ്-25) ഇത്രയെളുപ്പമാണ് ആത്മീയത

ഇരുപത് വർഷത്തെ ഗുരുകുല വാസത്തിനു ശേഷം തിരിച്ചെത്തിയ ശിഷ്യനോട് ഗുരു ചോദിച്ചു: “എത്ര പഠിച്ചു?”
“ഗുരോ, ഞാൻ കുറേ പഠിച്ചു. എനിക്കിപ്പോൾ വെള്ളത്തിനു മുകളിലൂടെ നടക്കാൻ വരെ സിദ്ധിയുണ്ട്.”
“ഹോ! ഇരുപത് പൈസ കടത്തുകാരന് കൊടുത്താൽ നടക്കുന്ന കാര്യത്തിനാണോ ഇരുപത് വർഷം തുലച്ചത്, കഷ്ടം!”

ആത്മീയ ജ്ഞാനത്തെ കുറിച്ചുള്ള മനോഹരമായ നിർവചനമാണ് ഗുരുവിന്‍റെ വചനം. ഭൌതികാനുഭവങ്ങളുടെ അതിർത്തിക്കപ്പുറം മറ്റേതോ ലോകത്തുള്ളതാണ് ആത്മീയത എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. സാധാരണ മനുഷ്യർക്ക് എത്താൻ സാധിക്കാത്തത്ര ഉയരത്തിലുള്ള ആത്മീയജ്ഞാനത്തെക്കുറിച്ചല്ല ഇസ്‌ലാം പറയുന്നത്. ഏത് സാധാരണ മനുഷ്യന്‍റെയും ജീവിത സന്ദർഭങ്ങളെയെല്ലാം സ്വാധീനിക്കുകയും സുന്ദരമാക്കുകയും ചെയ്യുന്ന വിശിഷ്‌ടമായൊരു അനുഭൂതിയെന്നവിധമാണ് ആത്മീയതയെ ഇസ്‌ലാം മനുഷ്യനിലെത്തിക്കുന്നത്.

അല്ലാഹുവെ പറ്റിയുള്ള വിവരണങ്ങൾ പോലും മനുഷ്യരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വിധമാണ് ഖുർ‌ആനിലുള്ളത്. പാപികളെ ശിക്ഷിക്കാൻ കൊതിച്ചിരിക്കുന്നവൻ എന്ന നിലയ്ക്കല്ല ഖുർ‌ആൻ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. മറിച്ച്, ആർകും എത്രയും പൊറുത്തുകൊടുക്കാൻ സദാസന്നദ്ധനായ ദയാലുവായ രക്ഷിതാവാണ് അല്ലാഹു. മറയോ മധ്യസ്ഥരോ ഇല്ലാതെ അവനിലേക്കടുക്കാം. മനുഷ്യനെ അകറ്റുകയോ, മനുഷ്യനിൽ നിന്നകലുകയോ ചെയ്യുന്ന ആത്മീയത നിഷിദ്ധമാണെന്ന് പഠിപ്പിക്കുക പോലും ചെയ്യുന്നു. ഏതുമനുഷ്യനും ഏതവസ്ഥയിലും പാലിച്ചു ജീവിക്കാൻ സാധിക്കുന്ന മതനിയമങ്ങളാണ് ഇസ്‌ലാമിന്റേത്. ചുറ്റുമുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെയുള്ള ആത്മീയതയോ, ആത്മീയതയില്ലാത്ത സാമൂഹ്യപ്രതിബദ്ധതയോ ഇസ്‌ലാമിലില്ല. രണ്ടും സമ്മേളിക്കുമ്പോൾ മാത്രമാണ് ഒരാൾ പൂർണ മുസ്‌ലിമാകുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളിലൊന്നും കരയാത്ത കരുത്തുള്ളവരും, അല്ലാഹുവിന്‍റെ തിരുമുമ്പിൽ നമസ്കരിക്കുമ്പോൾ കരയുന്ന കുഞ്ഞാകുന്നവരുമാണ് ഇസ്‌ലാമിലെ ആത്മീയ ജ്ഞാനികൾ. ഏത് മനുഷ്യനും എത്തിച്ചേരാവുന്ന പദവിയാണിത്. നമുക്ക് ശ്വാസമുണ്ട് എന്നുറപ്പുള്ളതു പോലെ സത്യമാണ് അല്ലാഹുവിന്‍റെ സാന്നിധ്യം. ആ മഹാ സാന്നിധ്യത്തെ ഗൌരവപൂർവം ഉൾക്കൊള്ളുകയും ഭയക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ ഒരാൾ ആത്മീയ പുരുഷനായി. സർവചരാചരങ്ങൾക്കും സ്‌നേഹവും കരുണയും കൈമാറുമ്പോൾ ജീവിതം ആത്മീയ പ്രഭയുള്ളതുമായി.

അല്ലാഹു എന്ന ഓർമയും ചിന്തയും ഹൃദയത്തിൽ വേരുറക്കേണ്ട നിമിഷങ്ങളിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഭക്ഷണം, വെള്ളം, മോഹങ്ങൾ തുടങ്ങിയ ചിന്തകൾക്കെല്ലാം അവധി നൽകി, അവയുടെ സ്ഥാനത്ത് ദയാലുവായ ലോക നാഥന്‍റെ നനുത്ത ഓർമകൾ പച്ചപിടിക്കേണ്ട കാലം.

സൂറത്തുൽ ബഖറ, വചനം 177: “നിങ്ങളുടെ മുഖങ്ങൾ കിഴക്കോ പടിഞ്ഞാറോ തിരിക്കുന്നതിലല്ല പുണ്യം. അല്ലാഹുവിലും പ്രതിഫലദിനത്തിലും മലക്കുകളിലും വേദങ്ങളിലും ദൂതൻ‌മാരിലും സത്യവിശ്വാസം കൈക്കൊള്ളുകയും, സ്വത്തിനോട് പ്രിയമുള്ളപ്പോഴും ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും യാത്രികനും യാചകർക്കും അടിമവിമോചനത്തിനുമായി നൽകുകയും പ്രാർഥന ചിട്ടയൊത്ത് നിർവഹിച്ച് സകാത്ത് നൽകി കരാറുകൾ പാലിച്ച് ദുരിതങ്ങളിലും യുദ്ധരംഗത്തും അടിപതറാതെ നിൽക്കുന്നവരാണ് പുണ്യവാൻ‌മാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാണ് ദോഷത്തെ അകറ്റി സൂക്ഷ്മത പാലിച്ചവർ.”

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

6Wdbzl


All content © Copyright 2018 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam