റമദാൻ നിലാവ്-26) ഒരേയൊരു പ്രതീക്ഷ

തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിൽ കുറേയാളുകൾ നിരാഹാരമിരിക്കാറുണ്ട്. അന്നവും വെള്ളവുമെല്ലാം ഒഴിവാക്കിയുള്ള പ്രതിഷേധമാണ് അവരുടേത്. റമദാനിൽ നോമ്പനുഷ്ഠിക്കുന്നവരും അന്നവും വെള്ളവും ഒഴിവാക്കുന്നവരാണ്. പക്ഷേ നിരാഹാരമിരിക്കുന്നവർക്ക് ലഭിക്കാത്ത ഒരു ഗുണം നോമ്പുകാർക്ക് വൈകുന്നേരമായാൽ കിട്ടണം. എന്താണത്? കുറച്ചുകൂടി ഭക്തിയുള്ള മനസ്സും ജീവിതവുമാണത്.

നോമ്പ് അനുഷ്ഠിക്കുന്നതിന്‍റെ ഫലം പറയുന്നിടത്ത് ‘നിങ്ങൾ സൂക്ഷ്മതയുള്ളവരായേക്കാം’ എന്നാണ് ഖുർ ആൻ പ്രയോഗിച്ചത്. നോമ്പനുഷ്ഠിക്കുന്നവരെല്ലാം തീർച്ചയായും ഭക്തിയുടെ വഴിയിൽ പ്രവേശിക്കുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് ഈ പ്രയോഗത്തിൽ നിന്ന് വ്യക്തമാണെന്ന് മാത്രമല്ല അതു തന്നെയാണ് നമ്മുടെയൊക്കെ അനുഭവവും.

ഒരു സ്വഫ്‌ഫില്‍ പത്ത്‌ ആളുകള്‍ നമസ്‌കരിക്കുന്നു. അവരെല്ലാം ചെയ്യുന്നത്‌ ഒരേ പ്രവര്‍ത്തനം. ഒരേ പ്രാര്‍ഥനകള്‍, ഒരേ കര്‍മങ്ങള്‍… ചെയ്യുന്ന പ്രവൃത്തി ഒരേപോലെയാണെങ്കിലും കിട്ടുന്ന പ്രതിഫലം ഒരേ പോലെയാണോ? അല്ല. പത്തുപേര്‍ക്കും പത്തുവിധം പ്രതിഫലം! കാരണമെന്താ? ചെയ്യുന്ന പ്രവൃത്തിക്കല്ല, ചെയ്യുമ്പോഴുള്ള മനസ്സിനാണ്‌ പ്രതിഫലം. നമസ്‌കാരത്തില്‍ മാത്രമാണോ? അല്ല, എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്‍റെ നോട്ടം നമ്മുടെ ഹൃദയവിചാരങ്ങളിലേക്കാണ്‌. ഉന്നതമായ കര്‍മങ്ങളാണ്‌ നാം ചെയ്യുന്നതെങ്കിലും അല്ലാഹുവിങ്കല്‍ അത്‌ തൃപ്‌തിയോടെ സ്വീകരിക്കപ്പെടണമെങ്കില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമ്പൂര്‍ണമായും സംസ്‌കരിക്കപ്പെടണം.

നമസ്‌കാരത്തിനു ശേഷം പ്രവാചക ശിഷ്യൻ ശദ്ദാദ്‌ബ്‌നു ഔസ് ഇരിപ്പിടത്തിലിരുന്ന്‌ കരയുന്നു. കരച്ചിലിന്‍റെ കാരണമെന്താണെന്ന്‌ ആരോ ചോദിച്ചു. അദ്ദേഹത്തിന്‍റെ മറുപടി അതിശക്തമായൊരു താക്കീതായിരുന്നു. “അല്ലാഹുവിന്‍റെ റസൂലില്‍ നിന്നു കേട്ട ഒരു വചനം ഓര്‍ത്തപ്പോഴാണ്‌ ഞാന്‍ കരഞ്ഞുപോയത്‌. അവിടുന്ന്‌ പറഞ്ഞിട്ടുണ്ട്‌: “എനിക്കു ശേഷം എന്‍റെ സമുദായത്തില്‍ ഞാനേറ്റവും ഭയക്കുന്നത്‌, അവര്‍ ശിര്‍ക്കില്‍ അകപ്പെട്ടുപോവുമോ എന്നാണ്‌.” ഞാന്‍ ചോദിച്ചു: “അല്ലാഹുവിന്‍റെ റസൂലേ, താങ്കളുടെ കാലശേഷം അവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാകുമെന്നാണോ അങ്ങ്‌ പറയുന്നത്‌?” അവിടുന്ന്‌ പറഞ്ഞു: “അല്ലയോ ശദ്ദാദ്‌, അവര്‍ സൂര്യനെയോ ചന്ദ്രനെയോ കല്ലുകളെയോ വിഗ്രഹങ്ങളെയോ ആരാധിക്കുമെന്നല്ല ഞാനുദ്ദേശിക്കുന്നത്‌., അവര്‍ ജനങ്ങളെ കാണിക്കാന്‍ പ്രവര്‍ത്തിക്കുന്നവരായിത്തീരുന്നതാണ്‌ എന്‍റെ ഭയം.”

ഖലീഫ ഉമര്‍ പള്ളിയില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍, അതാ മുആദുബ്‌നു ജബല് തിരുനബി(സ)യുടെ ഖബ്‌റിന്നരികിലിരുന്ന്‌ കരയുന്നു. ഉമര് കാരണമന്വേഷിച്ചു. മുആദ്‌ പറഞ്ഞു: “തിരുനബിയില്‍ നിന്നു കേട്ട ഒരു വചനമാണെന്നെ കരയിച്ചത്‌. അവിടുന്ന്‌ എന്നോടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്‌: ആളുകളെ കാണിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിസ്സാരമായതു പോലും ശിര്‍ക്കാണ്. അല്ലാഹുവിന്‌ ഇഷ്‌ടമുള്ളവരോട്‌ ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവര്‍ അല്ലാഹുവിനോട്‌ യുദ്ധ പ്രഖ്യാപനം നടത്തുന്നവരാണ്‌. തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നത്‌ കാണാമറയത്ത്‌ കര്‍മനിരതരാകുന്നവരെയാണ്‌., അങ്ങനെയുള്ളവര്‍ ഒരു സദസ്സിലെത്തിയാല്‍ ആരും അവരെ തിരിച്ചറിയില്ല. വന്നില്ലെങ്കില്‍ ആരും അന്വേഷിക്കുകയുമില്ല. അവരുടെ ഹൃദയങ്ങള്‍ സന്മാര്‍ഗത്തിന്‍റെ ദീപശിഖകളാവുന്നു.”

ആത്മാര്‍ഥതയുള്ളവര്‍ക്ക്‌ കുറച്ചു കര്‍മങ്ങള്‍ മതി എന്ന്‌ ആഇശ ബീവി പറഞ്ഞിട്ടുണ്ട്‌. പ്രതിഫലമോഹത്തോടെയുള്ള കുറച്ചു പ്രവര്‍ത്തനങ്ങളാണ്‌, ആത്മാര്‍ഥതയില്ലാത്ത കുറെ പ്രവര്‍ത്തനങ്ങളെക്കാള്‍ അല്ലാഹുവിന്നിഷ്‌ടം. പക്ഷേ, വീര്‍ത്തുനില്‌ക്കുന്ന ബലൂണ്‍ പൊട്ടിച്ചു കളഞ്ഞാല്‍ ശൂന്യമാകുന്നതുപോലെ, അകത്ത്‌ ആത്മാര്‍ഥതയില്ലാത്ത അമലുകള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുകയില്ലെന്ന്‌ തിരുനബി പഠിപ്പിക്കുന്നു. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നവരെ പ്രത്യേകിച്ചും ഉണര്‍ത്തേണ്ട കാര്യമാണിത്. തികഞ്ഞ ആത്മാര്‍ഥതയോടെയാണ്‌ ചെയ്യുന്നതെങ്കില്‍ ഓരോ സെക്കന്റിലും പ്രതിഫലം ലഭിക്കുന്ന കര്‍മമാണ്‌ അല്ലാഹുവിന്‍റെ ദീനിന്‍റെ വഴിയിലുള്ള കര്‍മങ്ങള്‍. ആത്മാര്‍ഥതയ്‌ക്ക്‌ അല്‌പമെങ്കിലും ഉലച്ചില്‍ സംഭവിച്ചാല്‍ എല്ലാം വിഫലമാവുകയും ചെയ്യും. പബ്ലിസിറ്റിയും പത്രശ്രദ്ധയും മോഹിച്ചാല്‍ അതു മാത്രമേ ലഭിക്കൂ.

രഹസ്യമായി കര്‍മങ്ങള്‍ ചെയ്യാനാണ്‌ തിരുനബി പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌.. പരസ്യമായി ചെയ്യേണ്ടതാണ്‌ നമസ്‌കാരം. പക്ഷേ, ആ നമസ്‌കാരത്തെക്കുറിച്ച്‌ നിരവധി മുന്നറിയിപ്പുകള്‍ നല്‌കുകയും ചെയ്‌തു. അന്യരെ കാണിക്കാന്‍ നമസ്‌കാരത്തിന്‌ ഭംഗി വര്‍ധിപ്പിക്കുന്നതിനെ അതീവ ഗൗരവത്തില്‍ താക്കീതു ചെയ്‌തു. `നിഗൂഢമായ ശിര്‍ക്ക്‌’ എന്ന്‌ അതിനെ വിളിക്കുകയും ചെയ്‌തു.

മനുഷ്യരിലാരും അറിയണമെന്ന് കൊതിക്കാതെ,പ്രശസ്‌തി മോഹമില്ലാതെ, സ്ഥാനമാനങ്ങളോ ബഹുമതിയോ കൊതിക്കാതെ കര്‍മനിരതരാകാനാണ്‌ നമ്മോടുള്ള നിര്‍ദേശം. സ്വന്തം നേട്ടങ്ങളെപ്പറ്റി ആലോചിക്കുന്നവര്‍ക്ക്‌ കൂടുതല്‍ മുന്നോട്ടു പോകാനാവില്ല. ആത്മാര്‍ഥതയില്ലാത്തവര്‍ക്ക്‌ ഇടവേളകള്‍ വര്‍ദ്ധിക്കും. അതീവ രഹസ്യമായും കർമങ്ങളിൽ മുഴുകാനുള്ള തീവ്രശ്രമമാണ് നോമ്പിലൂടെ ആർജ്ജിക്കുന്നത്.

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

aVQa


All content © Copyright 2018 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam