റമദാൻ നിലാവ്-27) അല്‍അമീനാകാം..!

ഇമാം അബൂഹനീഫയുടെ ഒരു സംഭവമുണ്ട്‌: ബസ്വ്‌റയില്‍ കച്ചവടം നടത്തിയ കാലത്ത്‌, ഇമാം പുറത്തുപോയ സമയം. അന്യനാട്ടുകാരനായ ഒരാള്‍ തുണി വാങ്ങാനെത്തി. കടയിലെ വേലക്കാരന്‍ അയാളില്‍ നിന്ന്‌ അധികം വില വാങ്ങി. യജമാനനെ സന്തോഷിപ്പിക്കാനാണ്‌ ചെയ്‌തത്‌. പക്ഷേ, ഇതറിഞ്ഞപ്പോള്‍ വേലക്കാരനെ ഇമാം ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. തുണി വാങ്ങിയ ആളെ കണ്ടെത്തി, അധികം വാങ്ങിയ വില തിരിച്ചുകൊടുത്താല്‍ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു. അവന്‍ നീണ്ട യാത്രക്കൊടുവില്‍ അയാളെ കണ്ടെത്തി. വീണ്ടും അവന്‍ ഇമാമിന്‍റെ ജോലിക്കാരനായി!

സത്യവിശ്വാസി സാത്വികനും മാന്യനുമായിരിക്കണം, വഞ്ചകനും മാന്യതയില്ലാത്തവനുമാകരുതെന്ന്‌ തിരുനബി പഠിപ്പിച്ചു തന്നു. ആ ജീവിതം ഇതിനെല്ലാം സാക്ഷിയുമായിരുന്നു. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുള്ള ഒരു സംഭവം: അബ്‌ദുല്ലാഹിബ്‌നു അബില്‍ ഖുമൈസ പറയുന്നു:

“അല്‍അമീനായിരുന്ന മുഹമ്മദിന്‌ ഞാന്‍ കുറച്ചു പണം കൊടുക്കാനുണ്ടായി. ഒരിടത്തുവെച്ചു കണ്ടപ്പോള്‍, പണവുമായി തിരിച്ചുവരാം എന്നു പറഞ്ഞ്‌ ഞാന്‍ പോയി. എന്നെയും കാത്ത്‌ മുഹമ്മദ്‌ അവിടെ നിന്നു. മൂന്ന്‌ ദിവസങ്ങള്‍ക്കു ശേഷം ആ വഴി പോകുമ്പോള്‍ മുഹമ്മദിനെ അവിടെ തന്നെ കണ്ടു. അപ്പോഴാണ്‌ ഞാനക്കാര്യം ഓര്‍ത്തത്‌. മുഹമ്മദ്‌ പറഞ്ഞതിത്രമാത്രം: താങ്കള്‍ എന്നെ കുറച്ചു പ്രയാസപ്പെടുത്തി. മൂന്ന്‌ ദിവസമായി ഞാന്‍ താങ്കളെ കാത്ത്‌ ഇവിടെ നില്‍ക്കുന്നു!” -അബൂദാവൂദ്‌ ഉദ്ധരിച്ച ഈ സംഭവം ആ ജീവിതത്തിന്‍റെ മഹത്വവും ഔന്നത്യവുമാണ്‌ വര്‍ണിക്കുന്നത്‌..

ഒരു ബേക്കറിക്കാരന്‍ ഉണ്ടായിരുന്നു. അടുത്ത ഗ്രാമത്തിലെ സാധുവായ കര്‍ഷകനില്‍ നിന്നായിരുന്നു റൊട്ടി നിര്‍മിക്കാനാവശ്യമായ വെണ്ണ അയാള്‍ വാങ്ങിയിരുന്നത്‌. കുറെ നാള്‍ തുടര്‍ന്നപ്പോള്‍ വെണ്ണയുടെ തൂക്കം കുറവാണെന്ന്‌ അയാള്‍ക്കൊരു സംശയം. തൂക്കി നോക്കിയപ്പോള്‍ സംശയിച്ചത്‌ സത്യമാണെന്ന്‌ ബോധ്യപ്പെട്ടു. ബേക്കറിക്കാരനെ കര്‍ഷകന്‍ കബളിപ്പിക്കുകയായിരുന്നു! അരിശവും അമര്‍ഷവും കാരണം ബേക്കറിക്കാരന്‍ കോടതിയില്‍ പരാതിപ്പെട്ടു. വിശ്വാസവഞ്ചന കാണിച്ചുവെന്നായിരുന്നു ആരോപണം.കര്‍ഷകനെ വിളിച്ചുവരുത്തി ന്യായാധിപന്‍ ചോദിച്ചു: “നിങ്ങള്‍ക്ക്‌ വെണ്ണയും മറ്റും തൂക്കാന്‍ ത്രാസ്‌ ഉണ്ടോ?”

ഇല്ല എന്നായിരുന്നു മറുപടി. “അപ്പോള്‍ എങ്ങനെയാണ്‌ ബേക്കറിക്കാരന്‌ വെണ്ണ തൂക്കിക്കൊടുത്തിരുന്നത്‌?” മറുപടി: “ബേക്കറിക്കാരന്‍ എന്‍റെ അടുക്കല്‍ നിന്ന്‌ വെണ്ണ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ എനിക്കാവശ്യമുള്ള റൊട്ടി അയാളില്‍ നിന്ന്‌ വാങ്ങാന്‍ തീരുമാനിച്ചു. ഒരു കിലോ റൊട്ടിയാണ്‌ ഞാന്‍ വാങ്ങിയിരുന്നത്‌.. ആ തൂക്കം കൃത്യമായിരിക്കുമല്ലോ എന്ന്‌ കരുതി, റൊട്ടിയുടെ തൂക്കം നോക്കിയാണ്‌ വെണ്ണ കൊടുത്തിരുന്നത്‌! -അവസാനം വാദി പ്രതിയായി, ബേക്കറിക്കാരന്‍ ചെയ്‌ത വഞ്ചന അയാളെ തന്നെ തിരിച്ചടിച്ചു!

നമ്മെ വിശ്വസിക്കുന്നവരെ ചതിക്കുന്നതാണ്‌ വലിയ അപരാധമെന്ന്‌ തിരുനബി പറയുന്നുണ്ട്‌.. വ്യക്തിത്വം ഇടിഞ്ഞു തകരുന്നതിന്‍റെ കാരണമാണത്‌.. പറ്റിച്ചും ചതിച്ചുമുള്ള ജീവിതം ആപത്ത്‌ മാത്രമല്ല, അസുഖവുമാണ്‌.. തിരുനബി ഏറെ ജാഗ്രത കാണിച്ച ജീവിതശീലമായിരുന്നു ഇത്‌.. വിശ്വാസ്യത തകര്‍ന്നുപോകുന്ന നിസ്സാര കര്‍മങ്ങള്‍ പോലും അവിടുന്ന്‌ അനുവര്‍ത്തിക്കുകയോ അനുവദിക്കുകയോ ചെയ്‌തില്ല.

അസത്യമാര്‍ഗത്തിലൂടെ പുരോഗതിപ്പെടാനാവില്ല. താല്‍ക്കാലിക വിജയം ലഭിച്ചേക്കാമെങ്കിലും, അതിലേറെ വലിയ ദുരന്തങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും. കള്ളസത്യത്തിലൂടെ വസ്‌തുക്കള്‍ വിറ്റഴിച്ചവരെ പരലോകത്ത്‌ അല്ലാഹു സംരക്ഷിക്കില്ലെന്നും ഏറ്റവും വലിയ നഷ്‌ടക്കാരായിരിക്കും അവരെന്നും റസൂല്‍ മുന്നറിയിപ്പ്‌ നല്‌കി. കള്ളസാക്ഷ്യത്തെ വന്‍ പാപമായി പോലും അവിടുന്ന്‌ വിവരിച്ചിട്ടുണ്ട്‌.

എത്ര ചെറുതാണെങ്കിലും സ്വന്തം ജീവിതത്തില്‍ സംതൃപ്‌തമാകലാണ്‌ മഹാഭാഗ്യം. അന്യരുടേത്‌ ആഗ്രഹിക്കാതെയും, ആരെയും ദ്രോഹിക്കാതെയും ജീവിക്കലാണ്‌ സത്യമുള്ള വഴി. ഓര്‍ക്കുക, ‘കുറച്ചാളുകളെ എല്ലാ കാലത്തേക്കും എല്ലാ ആളുകളെയും കുറച്ചുകാലത്തേക്കും വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, എല്ലാവരെയും എല്ലാ കാലത്തേക്കും വഞ്ചിക്കാനാവില്ല’

അബ്ദുല്‍ വദൂദ്

അബ്ദുല്‍ വദൂദിന്‍റെ ഏറ്റവും പുതിയ ലേഖനം ഇവിടെ വായിക്കാം!


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

k72297


All content © Copyright 2018 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam