ഹജ്ജ് അനുഭവിക്കുമ്പോൾ!

ഹജ്ജ് – കലർപ്പില്ലാത്ത ഏകദൈവവിശ്വാസത്തിൻ്റെ ഉറച്ച പ്രഖ്യാപനങ്ങളിലേക്കുള്ള, അതിനുവേണ്ടിയുള്ള മഹാത്യാഗങ്ങളുടെ ഓർമകളിലേക്കുള്ള പ്രയാണമാണത്. ഓരോ നിമിഷത്തെയും തൻ്റെ നിലപാടുകൾക്ക് വഴികാട്ടിയായ, തൻ്റെ ജീവിത ലക്‌ഷ്യം കലർപ്പിലാതെ നിർവചിച്ചു തന്ന പ്രവാചക ചരിത്രങ്ങളിലേക്കുള്ള തിരിച്ചുപോക്കാണത്. കരുണാവാരിധിയായ ദൈവത്തിൻ്റെ അതിഥിയായി, അവൻ്റെ വിളിക്കുള്ള ഉത്തരമാണത്. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ – അല്ലാഹുവേ നിൻ്റെ വിളിക്ക് ഞാനിതാ ഉത്തരം നൽകിയിരിക്കുന്നു!

‘ലാ ശരീക്ക ലക്ക’ – നിനക്ക് (ദൈവത്തിന്) പങ്കുകാരില്ല എന്നുള്ളതാണ് ഹജ്ജിൻ്റെ കാതൽ. ഓരോ പ്രാവശ്യം തല്ബിയത് ഉരുവിടുമ്പോഴും, അല്ലാഹുവിൻ്റെ ഏകത്വം പ്രഖ്യാപിക്കാൻ, അവൻ്റെ കല്പനകൾ ജീവിതത്തിൽ പാലിക്കാൻ നാം ചെയ്ത ത്യാഗങ്ങളുടെ ഓർമ്മകൾ കണ്ണീരാവാൻ മാത്രം ഇല്ലെങ്കിൽ, അതു ഉച്ഛരിക്കാൻ നാം ഒരിക്കലും അർഹരാവില്ല. ഇബ്‌റാഹീമിൻ്റെ, ഹാജറയുടെ, ഇസ്മാഈലിൻ്റെ മഹാത്യാഗങ്ങളുടെ ഭൂമികയിൽ നിൽക്കാനുള്ള അർഹത അവരുടെ പാത പിന്തുടരുന്നവർക്ക് മാത്രമാണ്. അതുകൊണ്ടു തന്നെ ഹജ്ജിൻ്റെ ഒരുക്കങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിതം കൊണ്ട് അതിന് അർഹരാവുക എന്നുള്ളത് തന്നെയാണ്.

ഇസ്‌ലാം പ്രയോഗവൽക്കരിക്കുന്ന സമത്വവും സാഹോദര്യവും ലാളിത്യവും അനുഭവഭേദ്യമാവുന്ന കുറച്ചു രാപ്പലുകൾ! ഇബ്‌റാഹീമിൻ്റെ, ഇസ്മാഈലിൻ്റെ, ഹാജറയുടെ, മുഹമ്മദിൻ്റെ കാലടിപ്പാതകൾ മുഴുവൻ ലോകത്തോടൊപ്പവും പിന്തുടരുമ്പോൾ ഒരു സൃഷ്ട്ടാവും തുല്ല്യ സൃഷ്ടികളും എന്നുള്ളത് നമ്മെ അത് ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും. ഒരേ വസ്ത്രം ധരിച്ച്, ഒരേ വാക്യം ഉരുവിട്ട്‌, ഒരേ കർമങ്ങൾ ചെയ്ത്, ഒരേ ലക്ഷ്യത്തിലേക്ക് നടക്കുമ്പോൾ നമ്മൾ അനേകലക്ഷങ്ങളിൽ ഒരാൾ മാത്രമാണ്. മനസ്സിൽ നാം നമുക്ക് കല്പിച്ചെടുത്തിട്ടുള്ള സകല മുൻഗണനകളെയും വലിപ്പത്തെയും അത് തകർത്തുകളയും. അല്ലാഹുവിനും അവൻ്റെ സൃഷ്ട്ടികൾക്കും മുൻപിൽ നമ്മൾ എത്ര ചെറുതും നിസ്സാരവുമാണെന്ന ബോധ്യത്തിൽ നമ്മുടെ മനസ്സുകൾ നാഥൻ്റെ മുൻപിൽ വിനീതമാവും, കൈകൾ അവനിലേക്കുയരും.

മിനായും അറഫയും മുസ്‌ദലിഫയും മക്കയും എല്ലാം ഒരുക്കിവെച്ചിട്ടുള്ള പാഠങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ ഹജ്ജിന് പൂർണത കൈവരൂ. നൂറോളം ആളുകളുടെ കൂടെ ഒരേ ടെന്റിൽ കഴിയുമ്പോൾ, ഒന്ന് തിരിയാൻ പോലും സ്ഥലം ഇല്ലാതെ ഉറങ്ങുമ്പോൾ, പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ നേരം കാത്തിരിക്കേണ്ടി വരുമ്പോൾ മിനായിലെ രാപ്പകലുകൾ നമ്മെ പഠിപ്പിക്കുന്നത് ലളിത ജീവിതത്തിൻ്റെയും സഹനത്തിൻ്റെയും സഹജീവി സ്നേഹത്തിൻ്റെയും മരണം വരെ നാം അനുവർത്തിക്കേണ്ട പാഠങ്ങളാണ്. ദുഹ്ർ മുതൽ മഗ്‌രിബ് വരെ കണ്ണീരായി ഒഴുകിയാലും തീരാത്രത്ത പാപങ്ങൾ ഏറ്റു പറഞ്ഞു അല്ലാഹുവിൻ്റെ മുൻപിൽ കൈകൾ ഉയർത്തി മാപ്പിരക്കുമ്പോൾ അറഫ നമ്മിൽ ഇനിയൊരു പ്രലോഭനങ്ങൾക്കും കീഴൊതുങ്ങാത്ത മനസ്സും ശരീരവും ബാക്കിയാക്കണം. നടന്നു തളർന്ന്, അനന്തമായ ആകാശത്ത് അല്ലാഹുവിൻ്റെ അറ്റമില്ലാത്ത സൃഷ്ടിപ്പിൽ കണ്ണും നട്ട്, വിയർത്തൊലിക്കുന്ന ചൂടിൽ, ചരൽക്കല്ലുകൾക്കുമീതെ കിടക്കുമ്പോൾ മുസ്ദലിഫ അള്ളാഹു നമുക്ക് നൽകിയ ഓരോ അനുഗ്രഹത്തിൻ്റെയും വില നമ്മെ ബോധ്യപ്പെടുത്തണം, ഓരോ അനുഗ്രഹങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്ന ബോധ്യവും അതിനനുസരിച്ചുള്ള ജീവിത ക്രമീകരണവും നമ്മിൽ ഉണ്ടാക്കണം. ദീർഘമായ നടത്തങ്ങൾ അവസാന ലക്ഷ്യത്തെയും അതിലേക്കുള്ള ജീവിത പ്രയാണത്തെയും നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കണം. ജംറയിൽ വീണ്ടും വീണ്ടും എറിയുന്ന ഓരോ കല്ലുകളും പിശാചിൻ്റെ തുടർച്ചയായുണ്ടാവുന്ന സ്വാധീനങ്ങളിൽ നിന്ന് നമ്മെ തടുക്കാൻ ആവർത്തിച്ചാവർത്തിച്ചുള്ള ജാഗ്രതയ്ക്ക് നമ്മെ സജ്ജമാക്കണം. കഅബയുടെ ചുറ്റുമുള്ള ഓരോ ത്വവാഫും, ഇബ്‌റാഹീമിൻ്റെ ഓർമകളിൽ, അല്ലാഹുവിന് യാതൊരർത്ഥത്തിലും പങ്കുകാരില്ലെന്ന് ശിഷ്ട ജീവിതത്തിലെ ആവർത്തിച്ചുള്ള സാക്ഷ്യം വഹിക്കലുകൾക്ക് നമുക്ക് പ്രചോദകമാവണം. ഒരു അടിമ സ്ത്രീയുടെ കാലടികൾ പിന്തുടരുന്ന സഫയും മർവയും ഇസ്‌ലാമിൻ്റെ സമത്വ ദർശനത്തെ തുടർന്നുള്ള ജീവിതത്തിൽ ഉൾകൊള്ളാൻ നമ്മെ പ്രാപ്തരാക്കണം, ജീവിതത്തിലെ ഏതു വലിയ പ്രതിസന്ധിയിലും അല്ലാഹുവിൻ്റെ സഹായത്തെ പ്രതീക്ഷിക്കാൻ നമ്മെ കരുത്തുള്ളവരാക്കണം. അല്ലാഹുവിന്റെ കല്പനകളാണ് തൻ്റെ താല്പര്യങ്ങളെക്കാൾ ശിഷ്ട ജീവിതത്തിൽ നമുക്കേറ്റവും ഇഷ്ട്ടമായി മാറേണ്ടതെന്ന പ്രതിജ്ഞയുടെ തുടക്കമാവണം തലയിൽ നിന്നും മുടി മുഴുവനായി കളയുമ്പോൾ നാം നിർവ്വഹിക്കേണ്ടത്.

ഹജ്ജിലൂടെ നാം ഓർമ്മിക്കുന്നത് ക്ഷമയും ത്യാഗവും ആണെങ്കിലും ഹജ്ജ് തന്നെയും ക്ഷമയും ത്യാഗവും ആണ്. ലോകം മുഴുക്കെ ഉള്ള ആളുകളുമായാണ് നാം കുറച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടേണ്ടത്. പല രീതിയിലുള്ള സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ ചുറ്റുപാടുകളിൽ നിന്നും വരുന്നവർ. എല്ലാവരുടെയും ഇല്ലെങ്കിലും ചിലരുടേയെങ്കിലും പ്രവർത്തനങ്ങൾ നമുക്ക് അരോചകമായി തോന്നാം, ബുദ്ധിമുട്ടുകളുമുണ്ടാക്കാം. നിനക്ക് പങ്കുകാരില്ലെന്നു പറയുന്നതിനൊപ്പം യാ റസൂലും യാ അലിയും മറ്റു പല പേരുകളും വിളിക്കുന്നവർ, മൗനമായി ദിക്‌റും പ്രാർത്ഥനയുമായി നടത്തേണ്ട കർമ്മങ്ങൾ ഒറ്റക്കും കൂട്ടായും എന്തെക്കൊയോ വിളിച്ചു പറഞ്ഞു അസൗകര്യം സൃഷ്ട്ടിക്കുന്നവർ, തിക്കിയും തിരക്കിയും മറ്റുള്ളവർക്ക് യാതൊരു പരിഗണയും കൊടുക്കാത്തവർ, ഹജ്ജിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ പോലും സൗജന്യമായി വിതരണം ചെയ്യുന്ന ഒരു പഴത്തിൻ്റെ പോലും പിറകെപോയി സമയം നഷ്ട്ടപ്പെടുത്തുന്നവർ, ടെന്റുകളിൽ വിതരണം ചെയ്യേണ്ട ഭക്ഷണം ഒരു നിമിഷം എങ്കിലും വൈകിയാൽ ബഹളം വെക്കുന്നവർ, നാം പഠിച്ചതിൽ നിന്നും വിഭിന്നമായി കർമങ്ങൾ ചെയ്യുന്നവർ, വൃത്തിയുടെ മാനദണ്ഡങ്ങൾ നമ്മെക്കാൾ എത്രയോ താഴെ കണക്കാക്കി നമുക്ക് ചുറ്റുപാടുകൾ വൃത്തിഹീനമാകുന്നവർ, ലിഫ്റ്റും എസ്കലേറ്ററും മറ്റു സൗകര്യങ്ങളും ഉപയോഗിക്കാനറിയാതെ, നിർദ്ദേശങ്ങൾ മനസ്സിലാവാതെ വെപ്രാളപ്പെട്ട് ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നവർ, പരസ്പര ബഹുമാനം, പരിഗണന തുടങ്ങിയ പദങ്ങൾ ഒരിക്കൽ പോലും കേട്ടിട്ടുണ്ടാവാത്തവർ, തങ്ങളുടെ ‘ഇസ്‌ലാമിനെ’ അവസരം കിട്ടിയാൽ ഹറം ഇമാമിനെ വരെ പഠിപ്പിക്കുമായിരുന്ന ഉപദേശികൾ, ആളുകളുടെ തിരക്കും അജ്ഞതയും മുതലാക്കി ചൂഷണം ചെയ്യുന്ന കച്ചവടക്കാരും ടാക്സി ഡ്രൈവർമാരും … അങ്ങേയറ്റം ക്ഷമയും വിട്ടു വീഴ്ചയും കാണിക്കേണ്ട സമയങ്ങളും ഹജ്ജിൽ കുറവല്ല. ഇത്തരം അനുഭവങ്ങൾ ഹജ്ജിൻ്റെ ഭാഗമായി ഒരു വശത്തുണ്ടെങ്കിലും, അതൊന്നും ഹജ്ജിൻ്റെ മനോഹാരിതയെ, ആത്മീയാനുഭവത്തെ ഒട്ടും കുറക്കുന്നില്ല. ഒരുപക്ഷെ ഹജ്ജിൻ്റെ പ്രധാനപ്പെട്ട പാഠങ്ങളായി ഇതും നാഥൻ കരുതിവെച്ചിട്ടുണ്ടാവാം.

ലോകത്തിലെ മുഴുവൻ ആളുകളെയും ഇസ്‌ലാം അതിൻ്റെ മൂല്യങ്ങളിൽ ഒന്നിപ്പിയ്ക്കുന്ന കാഴ്ച ഹജ്ജിനോളം മനോഹരമായി വേറെ ഒരിടത്തും കാണാൻ കഴിയും എന്ന് തോന്നുന്നില്ല. ആണും പെണ്ണും ഇടകലർന്നു ചെയ്യുന്ന ആരാധനാ കർമങ്ങളിൽ പോലും കൂടെയുള്ള സ്ത്രീകൾക്ക് മോശപ്പെട്ട യാതൊരു അനുഭവവും മറ്റുള്ളവരിൽ നിന്നും ഉണ്ടായിട്ടില്ല. യാതൊരു ആയുധവും കയ്യിലില്ലാത്ത പോലീസുകാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന ജനക്കൂട്ടം. മാന്യമായി പെരുമാറുന്ന, കരുണയോടെ എന്തു സഹായവും ചെയ്യുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ. യാതൊരു പരിചയവും ഇല്ലാത്ത, സ്വന്തം രാജ്യക്കാർ പോലും അല്ലാത്തവരുടെ വീൽചെയറുകൾ തള്ളികൊടുക്കുന്നവർ. തങ്ങൾ കൊണ്ടുവന്ന ഭക്ഷണം എല്ലായ്പ്പോഴും മറ്റുള്ളവർക്ക് കൂടി പങ്കു വെക്കണമെന്ന് നിർബന്ധം പിടിക്കുന്നവർ. നിൽക്കുന്ന സ്ത്രീകൾക്ക് ബസ്സിൽ എപ്പോഴും സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നവർ. പൊള്ളുന്ന വെയിലിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നവർ. പല മദ്ഹബുകളും വിശ്വാസ രീതികളും പിന്തുടരുന്നുണ്ടെങ്കിലും അതൊന്നും പരസ്പരമുള്ള സ്നേഹബന്ധങ്ങൾക്കും പരിഗണകൾക്കും ഒരിക്കലും തടസ്സമായി കരുതാത്തവർ. വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണെന്ന ഇസ്ലാമിൻ്റെ പ്രഖ്യാപനം, എല്ലാ വംശീയതകൾക്കും ദേശീയതകൾക്കും മുകളിൽ ഉയർന്നു നിൽക്കുന്ന മനോഹരമായ കാഴ്ച!

ഈടുറ്റ സൗഹൃദങ്ങളാണ് ഹജ്ജ് ബാക്കിയാക്കുന്ന മറ്റൊന്ന്. മുൻപ് മിക്കവാറും യാതൊരു പരിചയവും ഇല്ലാതിരുന്ന കുറച്ചാളുകൾ ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദങ്ങളുമായാണ് ഹജ്ജ് കഴിഞ്ഞു മടങ്ങുന്നത്. ഹജ്ജ് കഴിഞ്ഞു തിരിച്ചു നാട്ടിലെത്തിയിട്ടും പരസ്പരം ഫോൺ വിളികളായും മെസ്സേജുകളായും സന്ദർശനങ്ങളായും കൂട്ടായ്മകളായും പഴക്കമില്ലാതെ തുടരുന്ന നിസ്വാർത്ഥമായ ആത്മ ബന്ധങ്ങൾ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സൗഹൃദങ്ങളാണ് ബന്ധങ്ങളിൽ ഏറ്റവും ഉത്തമമായതെന്ന ദൈവിക വചനത്തിൻ്റെ നേർക്കാഴ്ചയാണിത്. ഹജ്ജിൻ്റെ അനുഭവങ്ങളിൽ മുഴുവൻ കൂട്ടായവരുമായുള്ള സൗഹൃദം, ഹജ്ജിൻ്റെ ഓർമകളെ, അതിൻ്റെ പാഠങ്ങളെ, സജീവമായി നില നിർത്താൻ നമ്മെ ജീവിതം മുഴുവൻ സഹായിച്ചു കൊണ്ടേയിരിക്കും.

സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവന് നിര്ബന്ധമാക്കപ്പെട്ടതാണ് ഹജ്ജ് . നാം അതിനൊരുങ്ങുക. അവസരം ഉണ്ടായാൽ ഹജ്ജ് എത്രയും നേരത്തെ ചെയ്യുക, നിങ്ങൾക്ക് ജീവിതത്തിൽ പിന്നീട് വല്ല ബുദ്ധിമുട്ടുകളും കാരണം അതിനൊരുങ്ങാൻ പറ്റിയില്ലെങ്കിലോ എന്നുള്ളത് പ്രവാചക വചനമാണ്. നാം ഓരോരുത്തരുടെയും ജീവിത ആസൂത്രണത്തിൻ്റെ മുൻഗണയിൽ വരേണ്ടതാണ് ഹജ്ജ്. ഹജ്ജിനായി നഷ്ടപ്പെടുത്തിയ ജീവിതത്തിലെ സുഖാസ്വാദനങ്ങൾ ബാക്കി കിടക്കാനില്ലെങ്കിൽ, എല്ലാം ഭരമേല്പിക്കാവുന്ന നാഥനിൽ മാത്രം ഭരമേല്പിച്ചു വിട്ടേച്ചു പോന്ന ജീവിത വ്യവഹാരങ്ങൾ നമ്മെ കാത്തിരിക്കുന്നില്ലെങ്കിൽ, ഒരു പിഞ്ചു കുഞ്ഞിനേയും ഉമ്മയെയും ആരോരുമില്ലാത്ത മണലാരണ്യത്തിൽ അല്ലാഹുവിനെ മാത്രം ഭരമേല്പിച്ചു തിരിഞ്ഞു നടന്ന ഇബ്രാഹീം നബിയുടെ ഓർമകളിൽ നമുക്കെങ്ങനെയാണ് പാരമ്പര്യമെടുക്കാൻ സാധിക്കുക?


പുതിയ പോസ്റ്റുകള്‍ ഈമെയിലില്‍ ലഭിക്കാന്‍ താഴെ ഇമെയില്‍ അഡ്രസ്‌ നല്‍കുക!!

*Remember to click on the link that Feedburner will send you for verification.*

No Thoughts

നിങ്ങളുടെ അഭിപ്രായങ്ങള്‍!

lnqEH0


All content © Copyright 2019 | Feel Islam
Subscribe to RSS Feed – Posts or Comments

Let us together share the BEAUTY of Islam. Help Us Grow.
Wordpress theme by Graph Paper Press
Design and Customization by Feelislam